Latest News
|^| Home -> Pangthi -> കിളിവാതിലിലൂടെ -> മുലപ്പാലില്‍ വിഷം കലര്‍ത്തുന്നവര്‍

മുലപ്പാലില്‍ വിഷം കലര്‍ത്തുന്നവര്‍

മാണി പയസ്

മലയാള സിനിമ കണ്ട ഏറ്റവും സുന്ദരനായ താരമാണു പ്രേംനസീര്‍. ഏത് ആംഗിളില്‍ നോക്കിയാലും അദ്ദേഹം സുന്ദരനായിരുനനു. തന്‍റെ നിത്യഹരിതസൗന്ദര്യത്തിനുള്ള ഒരു കാരണം. താന്‍ കുടിച്ച മുലപ്പാലാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നസീര്‍ എന്ന അബ്ദുള്‍ ഖാദറിനെ പ്രസവിച്ചപ്പോള്‍ ഉമ്മയ്ക്കു മുലപ്പാല്‍ കുറവായിരുന്നു. വിശപ്പു തീരാതെ കുഞ്ഞു വാവിട്ടു കരയുമ്പോള്‍ ഉമ്മ നിസ്സഹായയായി നോക്കിനില്ക്കും. വൈകാതെ അയല്‍പക്കങ്ങളില്‍ ഈ വിവരമെത്തി. മുലപ്പാലുള്ള അമ്മമാര്‍ ഒന്നൊന്നായി വന്നു ദീര്‍ഘകാലം കുഞ്ഞിനെ മുലയൂട്ടി. അവരില്‍ മുസ്ലീങ്ങള്‍ മാത്രമല്ല മറ്റു മതക്കാരും വിവിധ ജാതിക്കാരുമുണ്ടായിരുന്നു. അവര്‍ കുട്ടിയെ മുലയൂട്ടുന്നത് ആരും തടസ്സപ്പെടുത്തിയില്ല, മാതൃസ്നേഹത്തെ ജാതി, മത വര്‍ഗ, വര്‍ണ വ്യത്യാസങ്ങള്‍കൊണ്ടു മലിനപ്പെടുത്തുവാന്‍ അന്ന് ആര്‍ക്കും കഴിയുമായിരുന്നില്ല. എന്നാല്‍, ഇന്ന് ഇങ്ങനെയൊന്നു സംഭവിക്കുകയില്ലെന്നതു സത്യം. വൃത്തിയെപ്പറ്റിയുള്ള ആശങ്ക, ജാതിപരിഗണന, ഉള്ളവനും ഇല്ലാത്തവും തമ്മിലുള്ള അന്തരം, മതവ്യത്യാസം തുടങ്ങിയവ ഇന്നു പ്രശ്നമാകും. മുസ്ലീം കുട്ടി ഹിന്ദു സ്ത്രീയുടെ മുലപ്പാല്‍ കുടിക്കുന്നതും ഹിന്ദുകുട്ടി മുസ്ലീം സ്ത്രീയുടെ മുലപ്പാല്‍ കുടിക്കുന്നതും ഇന്നു നിഷ്പ്രയാസം സംഭവിക്കുന്ന കാര്യമല്ല. നമ്മുടെ നാട് അത്രകണ്ടു മാറിപ്പോയിരിക്കുന്നു.

ഒരു കുടുംബം ട്രെയിനില്‍ യാത്ര ചെയ്യുകയാണ്. ചെറുപ്പക്കാരായ അച്ഛനും അമ്മയും രണ്ടു കുഞ്ഞുങ്ങളും. ഒന്നു കൈക്കുഞ്ഞാണ്. സന്തോഷത്തോടെ കൈകാലിട്ടടിച്ചു കളിച്ചിരുന്ന കുഞ്ഞു പെട്ടെന്നാണു കരയാന്‍ തുടങ്ങിയത്. രാരാരോ പാടിയും തുടയില്‍ താളം പിടിച്ചും ഊഞ്ഞാലാട്ടിയും മറ്റും കുഞ്ഞിന്‍റെ കരച്ചില്‍ മാറ്റാന്‍ ശ്രമിച്ചിട്ടു സാധിച്ചില്ല. കുഞ്ഞു കരയുന്നതു വിശന്നിട്ടാമെന്ന് അമ്മയ്ക്കു മനസ്സിലായി. ചെറുപ്പക്കാരിയായതിനാല്‍ നാണംകൊണ്ടാവണം അമ്മ കുഞ്ഞിനു മുല കൊടുക്കാന്‍ അമാന്തിച്ചു. പിന്നീടു ഭര്‍ത്താവിന്‍റെ നേര്‍ക്കു സമ്മതത്തിനായി നോക്കി. അയാളുടെ കണ്ണില്‍ വായിച്ചെടുത്ത സമ്മതത്തോടെ സാരികൊണ്ടു ശരീരം മറച്ചിട്ട് അമ്മ കുഞ്ഞിനു മുലകൊടുക്കാന്‍ തുടങ്ങി. വലതുവശത്തെ മാറിടത്തിലേക്കു ചായ്ച്ച് കിടത്തിയിട്ടും കുഞ്ഞിന്‍റെ കരച്ചില്‍ നിലയ്ക്കുന്നില്ല. അപ്പോള്‍ അമ്മ കുഞ്ഞിനെ ഇടത്തെ മാറിടത്തിലേക്കു ചേര്‍ത്തുപിടിച്ചു. അതോടെ കുഞ്ഞു കരച്ചില്‍ നിര്‍ത്തി ശാന്തമായി പാല്‍ കുടിക്കാനും പിന്നീട് ഉറങ്ങാനും തുടങ്ങി.

എന്താവാം ഈ മാറ്റത്തിനു കാരണം. നെഞ്ചോടു ചേര്‍ത്തു പിടിച്ചപ്പോള്‍ മുലപ്പാലിനൊപ്പം അമ്മയുടെ നെഞ്ചിടിപ്പും കുഞ്ഞിന്‍റെ കാതുകളിലെത്തി. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉരുവായ നാള്‍ മുതല്‍ അവനു പരിചിതമായ മിടിപ്പാണത്. അവനു ചിരപരിചതമായ ഹൃദയതാളം. സുരക്ഷിതത്വബോധവും സമാധാനവും പകരുന്ന താളം.

“ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ ആരാണ്? യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെ മദ്ധ്യേ നിര്‍ത്തിക്കൊണ്ട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ടു ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ വലിയവന്‍” (മത്താ. 18:1-4). അമ്മയുടെ നെഞ്ചോടു ചേര്‍ന്ന് ആ ഹൃദയമിടിപ്പില്‍ അഭയം കണ്ടെത്തുന്ന ശിശുവിനെപ്പോലെ ദൈവത്തില്‍ ആശ്രയിക്കാന്‍ ഓരോ മനുഷ്യനും കഴിയണം. പരിപൂര്‍ണമായും ദൈവശക്തിക്കു കീഴ്പ്പെട്ട്, സ്വയം ശൂന്യനാക്കി ജീവിക്കുന്നവര്‍ ഈ ഭൂമിയിലും സ്വര്‍ഗീയഭാഗ്യം അനുഭവിക്കും.

പൂര്‍ണമായി വിശ്വസിച്ചു നെഞ്ചില്‍ പറ്റിച്ചേര്‍ന്നുകിടക്കുന്ന ശിശുവിനെ ദ്രോഹിക്കുന്ന മനുഷ്യരെ എന്തു പേരിട്ടാണു വിളിക്കേണ്ടത്. മൃഗങ്ങളെന്നോ… ആ വിളി മൃഗങ്ങള്‍ക്കുപോലും അപമാനകരമാകും. മാതൃത്വത്തിന്‍റെ അപാരമായ വാത്സല്യം ചുരത്തിക്കൊടുക്കുന്നവരാണു മൃഗങ്ങള്‍. സ്വന്തം ജീവന്‍ അപകടപ്പെടുത്തിക്കൊണ്ടു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ജീവികള്‍. ഒറാങ്ങുറ്റാന്‍ – അമ്മയും കുഞ്ഞും തമ്മിലുള്ള ദൃഢബന്ധം വളരെ മാതൃകാപരമാണ്. രണ്ടു വയസ്സാകുവോളം കുഞ്ഞു ഭക്ഷണത്തിനും സഞ്ചാരത്തിനും അമ്മയെ ആശ്രയിക്കുന്നു. ഹിമക്കരടി കുഞ്ഞുങ്ങളും രണ്ടു വയസ്സാകുവോളം അമ്മയെ ആശ്രയിച്ചാണു ജീവിക്കുന്നത്. മാതാവിനു പ്രാധാന്യമുള്ളതാണ് ആനകളുടെ സമൂഹം. കുഞ്ഞിനെ സംരക്ഷിക്കുകയെന്നതു പ്രസവിച്ച അമ്മയുടെ മാത്രം ഉത്തരവാദിത്വമല്ല. മറ്റ് അമ്മമാരും ശ്രദ്ധിക്കുന്നു. ശീറ്റ അതിന്‍റെ കുഞ്ഞുങ്ങളെ നാലു ദിവസം കൂടുമ്പോള്‍ വീതം സ്ഥലം മാറ്റുന്നു, മണം കിട്ടി ഇരപിടിയന്മാര്‍ എത്താതിരിക്കാനാണ്.

മൃഗങ്ങള്‍ ഇങ്ങനെ കുഞ്ഞുങ്ങളെ സംരക്ഷിക്കുമ്പോള്‍ മനുഷ്യര്‍ നടത്തുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ കുഞ്ഞുങ്ങളെ പുതിയ മരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും പരീക്ഷണശാലകളാക്കി മാറ്റുന്നു. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ഇന്ത്യന്‍ വിഭാഗം മാര്‍ക്കറ്റില്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന, മുലപ്പാലിനു പകരമായ ഉത്പന്നം അഞ്ച് ആശുപത്രികളില്‍ മാസം തികയും മുമ്പു പ്രസവിച്ച 75 കുഞ്ഞുങ്ങളിലാണു പരീക്ഷിച്ചത്!! നിയമവിരുദ്ധമായ ഈ നടപടി കണ്ടെത്തിയതു Breastfeeding Promotion Network of India (BPNI) ആണ്. ആഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ ലോകമെമ്പാടും മുലയൂട്ടല്‍ വാരം ആചരിക്കുമ്പോഴാണു ശിശുക്കളോടുള്ള ഈ ക്രൂരത പുറംലോകം അറിഞ്ഞത്. ജനിച്ച് ആദ്യത്തെ ആറു മാസംവരെ കുഞ്ഞുങ്ങള്‍ക്കു മുലപ്പാല്‍ മാത്രമേ കൊടുക്കാവൂ എന്നാണു വൈദ്യശാസ്ത്രം അനുശാസിക്കുന്നത്. പിന്നീടു മുലപ്പാലിനൊപ്പം അനുയോജ്യമായ മറ്റ് ആഹാരസാധനങ്ങളും കൊടുക്കാം. തലച്ചോറിന്‍റെ വളര്‍ച്ചയുടെ 90 ശതമാനവും സംഭവിക്കുന്നതു ഗര്‍ഭാവസ്ഥയിലുള്ള ഒമ്പതു മാസവും പിന്നീടുള്ള രണ്ടു വര്‍ഷവുമാണ്. ഈ കാലഘട്ടത്തില്‍ മുലപ്പാല്‍ പ്രകൃതി നല്‍കുന്ന സിദ്ധൗഷധമാണ്. ഇതൊക്കെ മറന്നുകൊണ്ടു ലാഭം മാത്രം ലക്ഷ്യമാക്കി മുലപ്പാലിനു പകരമുള്ള ഉത്പന്നം പരീക്ഷിച്ചു വിപണിയിലിറക്കാനുള്ള ശ്രമം എത്രയോ ക്രൂരമാണ്.

യഥാര്‍ത്ഥ അമ്മ കുഞ്ഞിനു ദോഷകരമാകുന്ന ഒന്നിനും കൂട്ടുനില്ക്കുകയില്ല. നല്ല അമ്മ മുലപ്പാലിനും പകരം മറ്റെന്തെങ്കിലും കുഞ്ഞിനു കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയേയില്ല.

ഒരു കുട്ടിയുടെ മേല്‍ അവകാശം ഉന്നയിച്ചു സോളമന്‍ രാജാവിനെ സമീപിച്ച രണ്ടു വേശ്യകളുടെ കഥ ബൈബിള്‍ പഴയനിയമത്തിലുണ്ട് (രാജാ. 3;16-28). രണ്ടു സ്ത്രീകളും ഒരുപോലെ തങ്ങളുടെ അവകാശവാദത്തില്‍ ഉറച്ചുനിന്നപ്പോള്‍ ജീവനുള്ള കുഞ്ഞിനെ പകുത്ത് ഇരുവര്‍ക്കും കൊടുക്കുവാന്‍ രാജാവ് കല്പിച്ചു. അങ്ങനെ ചെയ്താല്‍ കുഞ്ഞു കൊല്ലപ്പെടുമെന്ന് അറിയാവുന്ന യഥാര്‍ത്ഥ അമ്മ, കുട്ടിയെ ജീവനോടെ അപരയ്ക്കു കൊടുത്തുകൊള്ളുവാന്‍ പറഞ്ഞു. കള്ളിയമ്മ പറഞ്ഞത്, “കുട്ടിയെ എനിക്കും വേണ്ട, നിനക്കും വേണ്ട, അവനെ ജീവനോടെ വിഭജിക്കുക എന്നാണ്.” ഈ രണ്ടു പ്രതികരണങ്ങളില്‍ നിന്നും യഥാര്‍ത്ഥ അമ്മയെ തിരിച്ചറിഞ്ഞ സോളമന്‍ രാജാവു കുട്ടിയെ അവള്‍ക്കു കൊടുത്തു. തനിക്കു കിട്ടിയില്ലെങ്കിലും വേണ്ട, കുട്ടി ജീവനോടെയിരുന്നാല്‍ മതിയെന്നാണു യഥാര്‍ത്ഥ അമ്മ ആഗ്രഹിച്ചത്. രോഗികളോടു മാതൃവാത്സല്യത്തോടെ പെരുമാറേണ്ട ബാദ്ധ്യതയുള്ളവരാണു ഡോക്ടര്‍മാരും ആരോഗ്യരംഗത്തെ പ്രവര്‍ത്തകരും. ഒപ്പം മരുന്നുകമ്പനികളും. എന്നാല്‍ ഇന്ത്യയിലെ പ്രമുഖങ്ങളായ മരുന്നുകമ്പനികളെക്കുറിച്ചുപോലും നല്ല വാര്‍ത്തകളല്ല വരുന്നത്. ജനറിക് മെഡിസിന്‍റെ ഗുണമേന്മ സംബന്ധിച്ച പ്രശ്നങ്ങള്‍ ഒന്നിനൊന്നു കൂടുന്നതല്ലാതെ കുറയുന്നില്ല. ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളിലെ ശതകോടിക്കണക്കിനു ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണിത്. 2013 മേയ് മാസത്തില്‍ ഇന്ത്യയിലെ ഒരു പ്രമുഖ മരുന്നുകമ്പനി മായം ചേര്‍ത്ത മരുന്നുകള്‍ വിറ്റതായി അമേരിക്കന്‍ കോടതി മുമ്പാകെ സമ്മതിച്ചു. അമേരിക്കയില്‍ അങ്ങനെ ചെയ്ത കമ്പനി ഇന്ത്യയില്‍ എത്രമാത്രം മായം ചേര്‍ത്ത മരുന്നുകള്‍ വിറ്റുകാണും! ഇപ്പോഴും വില്ക്കുന്നുണ്ടാകും. മനുഷ്യനെ പച്ചയ്ക്കു കൊല്ലുന്നതിനു പകരം ഇഞ്ചിഞ്ചായി കൊല്ലുകയാണ് ഈ കാശുപിശാചുക്കള്‍. ഇതിനു തടയിടേണ്ട അധികാരകേന്ദ്രങ്ങള്‍ ദല്ലാളുകളാവുകയാണ്.

Leave a Comment

*
*