Latest News
|^| Home -> Pangthi -> കിളിവാതിലിലൂടെ -> അപ്പന്‍റെ ബ്രാണ്ടിക്കുപ്പിയും മക്കളുടെ കണ്ണുരുട്ടലും

അപ്പന്‍റെ ബ്രാണ്ടിക്കുപ്പിയും മക്കളുടെ കണ്ണുരുട്ടലും

Sathyadeepam

മാണി പയസ്

രചനയുടെ വഴികളില്‍ അത്ഭുതപ്പെടുത്തുന്ന എഴുത്തുകാരനാണ് എം. മുകുന്ദന്‍. ആവിഷ്കരിക്കുന്ന വിഷയങ്ങളുടെ വൈവിദ്ധ്യമാണ് മുഖ്യകാരണം. അപ്രതീക്ഷിതമായ ഇടങ്ങളില്‍ നിന്നു വിഷയം കണ്ടെത്തുന്ന അദ്ദേഹം രചനയെ ലീലയാക്കി മാറ്റുമ്പോള്‍ പോലും പുതിയ ഉള്‍ക്കാഴ്ചകള്‍ പകരുന്നു.

വിദ്യാലയങ്ങളില്‍ കുട്ടികളുടെ അവകാശങ്ങള്‍, വീടുകളില്‍ മക്കളുടെ അവകാശങ്ങള്‍, സമൂഹത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍, ആവിഷ്കാരത്തില്‍ എഴുത്തുകാരന്‍റെ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ വളരെ സങ്കീര്‍ണവും വൈകാരികവുമായ രീതിയില്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അതോടൊപ്പം ചര്‍ച്ച ആവശ്യമുള്ള വിഷയമായി മാതാപിതാക്കളുടെ അവകാശങ്ങള്‍ മാറിയിരിക്കുന്നുവെന്നു മുകുന്ദന്‍റെ ഏറ്റവും പുതിയ കഥയായ ‘അപ്പന്‍റെ ബ്രാണ്ടിക്കുപ്പി’ സൂചിപ്പിക്കുന്നു (മാതൃഭൂമി ആഴ്ചപതിപ്പ്, 2018, ജൂണ്‍ 24). ഏക മകളുടെ ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്ന പിതാവാണ് ഇതിലെ ദുരന്ത കഥാപാത്രം. ന്യൂ ജനറേഷന്‍ കുട്ടികള്‍ കുടുംബത്തിലെ അധികാരശ്രേണിയെ അട്ടിമറിക്കുന്നു. പരമ്പരാഗതമായ പിതൃസങ്കല്പത്തെ തകര്‍ക്കുന്നു. അപ്പൂപ്പന്‍ അവര്‍ക്കു വിവരദോഷിയായ വയസ്സനാണ്.

ഈ കഥ എന്നെ ആകര്‍ഷിക്കുവാന്‍ പ്രധാന കാരണം അടുത്ത സുഹൃത്തിന്‍റെ അനുഭവവുമായുള്ള ഇഴയടുപ്പമാണ്. ഒരേയൊരു മകള്‍ അന്യമതസ്ഥനോടൊപ്പം ഒളിച്ചോടി വിവാഹിതയായതിന്‍റെ ആഘാതത്തില്‍ നിന്നു മോചിതനാവാതെ കഴിയുകയാണയാള്‍. ജാതിയോ മതമോ സാമ്പത്തികാന്തരമോ അല്ല; പൊലീസിന്‍റെ ലിസ്റ്റിലുള്ള ക്രിമിനലാണു മകളുടെ ഭര്‍ത്താവ് എന്ന ദാരുണയാഥാര്‍ത്ഥ്യമാണു സുഹൃത്തിനെ വിഷമിപ്പിക്കുന്നത്. പ്രണയത്തില്‍ ധാര്‍മികമൂല്യങ്ങള്‍ക്കു സ്ഥാനമില്ലാതാകുന്നതു ഭയാനകമാണെന്ന് ആ പിതാവ് പറയുന്നു.

പ്ലസ് ടുവിനു പഠിക്കുമ്പോള്‍ത്തന്നെ മകള്‍ക്ക് ഈ ചെറുപ്പക്കാരനുമായുള്ള ബന്ധം മനസ്സിലാക്കിയ സുഹൃത്ത് അതില്‍ നിന്നു പിന്തിരിപ്പിക്കുവാന്‍ ആവതെല്ലാം ചെയ്തിരുന്നു. പിന്‍വാങ്ങിയെന്നു മകള്‍ പിതാവിനെ ബോദ്ധ്യപ്പെടുത്തുകയുമുണ്ടായി. എന്നിട്ടാണ് അഞ്ചു വര്‍ഷത്തിനുശേഷം ഒളിച്ചോടിയത്. സ്നേഹവും വാത്സല്യവും ആഗ്രഹസാഫല്യങ്ങളും നല്കി വളര്‍ത്തിയ മകള്‍ കാണിച്ചതു കൊടുംചതിയാണെന്ന സങ്കടത്തില്‍ നിന്ന് ആ പിതാവിനെ വിമോചിപ്പിക്കുവാന്‍ ഏതു ചിന്താപദ്ധതികള്‍ക്കാണു കഴിയുക? ‘ആത്മഹത്യയ്ക്കും കൊലയ്ക്കും ഇടയിലൂടെ ആര്‍ത്തനാദംപോലെ പായുന്ന’ ഒന്നായി അയാളുടെ ജീവിതം മാറാത്തതിനു കാരണം ഭാര്യയുടെ സ്നേഹമാണ്.

മുകുന്ദന്‍റെ കഥയിലെ മകള്‍ക്കു ‘പോക്കറ്റ് മണി’ വേണം. അച്ഛനതു കൊടുത്തില്ലെങ്കില്‍ ‘തൂങ്ങിച്ചാകു’മെന്നു ഭീഷണിപ്പെടുത്തുന്നു. പിന്നീടവള്‍ കസവുകരയുള്ള പാവാടയും ബ്ലൗസും വേണമെന്നു പറഞ്ഞു വാശി പിടിച്ചു. അച്ഛന്‍ അതു കൊണ്ടുവരാതെ വന്നപ്പോള്‍ അവള്‍ ബഹളമുണ്ടാക്കി. തൊണ്ട കീറി അലറി: “ഞാനിപ്പം തൂങ്ങിച്ചാകും.”

പഠിക്കാന്‍ വളരെ മിടുക്കിയാണു മകള്‍. പ്രസംഗകലയില്‍ നിപുണ. ‘അധികപ്രസംഗിയാണ് ഓള്’ എന്നാണ് അമ്മയുടെ വിമര്‍ശനം. അച്ഛന്‍റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാത്ത മകളോട് അമ്മയ്ക്കു കഠിനമായ ദേഷ്യമുണ്ട്. മകള്‍ക്കാകട്ടെ അമ്മയെ തരിമ്പും വകയില്ല.

എന്താവശ്യപ്പെട്ടാലും മുന്നില്‍ നിരത്തിവയ്ക്കുന്ന ‘കുടുക്ക’യാവണം അച്ഛനെന്നു മകള്‍ സങ്കല്പിക്കുന്നു. ‘ഇടു കുടുക്കേ, ഇടു കുടുക്കേ’ എന്ന് അവള്‍ ശഠിക്കുന്തോറും അച്ഛന്‍ കുടുക്കിലാവുന്നു. ഒടുവില്‍ കയര്‍കുടുക്കില്‍ കഴുത്തര്‍പ്പിച്ച് എല്ലാ സമ്മര്‍ദ്ദങ്ങളില്‍നിന്നും മോചിതനാകുന്നു.

മക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്കു മുന്നില്‍ രക്തം വിയര്‍ക്കുന്ന മാതാപിതാക്കള്‍ കേരളത്തിലെ യാഥാര്‍ത്ഥ്യമാണ്. ഒറ്റയോ ഇരട്ടയോ മക്കള്‍. തങ്ങള്‍ക്കു കിട്ടാതിരുന്നതു മക്കള്‍ക്കു കൊടുക്കണമെന്ന മാതാപിതാക്കളുടെ ദുര്‍വാശി. പരസ്യങ്ങളിലും ഉപഭോക്തൃതൃഷ്ണകളിലും സ്വയം മറക്കുന്ന കുട്ടികള്‍. പ്രശ്നങ്ങള്‍ക്കു കാരണങ്ങള്‍ നിരവധിയാണ്.

പണ്ടത്തെ കുട്ടികള്‍ തങ്ങളുടേതായ ഇടങ്ങളില്‍ സംതൃപ്തി കണ്ടെത്തിയിരുന്നു. നല്ല പോലെ പഠിക്കുന്ന കുട്ടി ആ കഴിവിലാണ് അഭിമാനിച്ചിരുന്നത്. വില കൂടിയ വസ്ത്രം ധരിച്ചു വിലസണമെന്ന് അവന്‍ ആഗ്രഹിക്കാറില്ല. ആ ഗ്ലാമര്‍ ഇല്ലാതെതന്നെ സ്കൂളില്‍ സഹപാഠികളുടെയും അദ്ധ്യാപകരുടെയും അംഗീകാരമുണ്ടവന്.

മികച്ച പാട്ടുകാരനായ കുട്ടി ആ സര്‍ഗവാസനയില്‍ അഭിമാനിച്ചിരുന്നു. പഠനത്തില്‍ മുമ്പിലല്ലാത്തതില്‍ അവന്‍ ഖേദിച്ചിരുന്നില്ല. തന്‍റെ പാട്ടിന് ഏറെ ആസ്വാദകരുണ്ടെന്ന് അവനറിയാം. നല്ല അത്ലറ്റായ കുട്ടി സ്വന്തം കായികശേഷിയില്‍ അഭിമാനിച്ചിരുന്നു. സ്വര്‍ണമാലയും തിളങ്ങുന്ന ഷര്‍ട്ടും ഇട്ടാലേ ശ്രദ്ധ കിട്ടൂവെന്ന് അവന്‍ കരുതിയിരുന്നില്ല. ഇന്നങ്ങനെയല്ല, ഓരോ കുട്ടിക്കും എല്ലാമാകണം. പഠിക്കുന്നതിലും പാടുന്നതിലും ഓടുന്നതിലുമെല്ലാം ഓരോരുത്തര്‍ക്കും ഒന്നാമനാകണം. ബൈക്ക് വേണം, സ്വര്‍ണമാല വേണം; മറ്റൊരാള്‍ക്ക് ഇടം അനുവദിച്ചുകൊടുക്കാന്‍ മനസ്സില്ല. നിറഞ്ഞിരിക്കുന്ന ബിസ്കറ്റ് പാത്രം അങ്ങനെതന്നെ കുട്ടിയുടെ മുന്നിലേക്കു നീക്കിവച്ചു പഠിപ്പിച്ച മാതാപിതാക്കള്‍ തന്നെയാണ് ഈ അവസ്ഥയ്ക്കു വിത്തിട്ടവര്‍. മുഴുവന്‍ തീര്‍ത്തിട്ടേ അവന്‍ അഥവാ അവള്‍ അവിടെനിന്ന് എഴുന്നേല്ക്കൂ.

മുകുന്ദന്‍റെ കഥയില്‍ ഒരാള്‍ കഥാനായകനെ ഉപദേശിക്കുന്നു: “പെമ്മക്കളെ മ്മള് അധികം ലാളിക്കരുത്. ലാളിച്ചാല്‍ ഓല് മ്മളെ തലേല് കേറി ഇരിക്കും. പിന്ന ഓലെ പിടിച്ചാല് കിട്ടൂല്ല്യ. അതോണ്ട് പെമ്മക്കളെ എപ്പോം നിലക്ക് നിര്‍ത്തണം. ഓലെ മ്മക്ക് സ്നേഹിക്കാം. ഓലിക്ക് വേണ്ടതെല്ലാം മേടിച്ചു കൊടുക്കാം. പക്ഷേങ്കില് ഓലെ മ്മളെ തലേല് വച്ച് നടക്കരുത്. അത് ഓലിക്കും മ്മക്കും നല്ലതല്ല.”

ഈ വരികള്‍ ചൂണ്ടിക്കാട്ടി മുകുന്ദന്‍ സ്ത്രീസമത്വത്തിനെതിരായ നിലപാടുകാരനാണെന്നു വിമര്‍ശിച്ചാല്‍ ശരിയാവില്ല. സാഹചര്യങ്ങളില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന അധികപ്പറ്റ് വിമര്‍ശനമാണത്. ഒരു പ്രത്യേക ലക്ഷ്യത്തോടെ രചന നിര്‍വഹിക്കുമ്പോഴും അതിനെതിരായ വസ്തുത ശ്രദ്ധ നേടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. പാശ്ചാത്യസമൂഹത്തില്‍ സ്ത്രീവിമോചനചിന്തകള്‍ക്ക് ആക്കം പകര്‍ന്ന മാര്‍ഗരറ്റ് അറ്റ്വുഡിന്‍റെ The Edible Woman (1969) എന്ന നോവലില്‍ അങ്ങനെയുള്ള സന്ദര്‍ഭമുണ്ട്. അവിവാഹിതയായ ഐന്‍സ്ലിക്ക് അമ്മയാകണം. വിവാഹവും ഭര്‍ത്താവുമൊന്നും അതിനാവശ്യമായ ഘടകങ്ങളാണെന്ന് അവള്‍ കരുതുന്നില്ല. അവളുടെ അഭിനയത്തിലും നിഷ്കളങ്കതയുടെ മണി കിലുങ്ങുന്ന സംഭാഷണങ്ങളിലും ഒരു ചെറുപ്പക്കാരന്‍ വീണുപോകുന്നു. തന്നെ അവള്‍ ഉപയോഗിക്കുകയായിരുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ്, പൗരുഷത്തിനു മുറിവേറ്റ അയാള്‍ വാക്പയറ്റ് നടത്തുന്നു. ആ വാക്കുകള്‍ക്കൊന്നും ഐന്‍സ്ലിയെ മുറിവേല്പിക്കാനായില്ല. എന്നാല്‍ കുട്ടിയുടെ സമ്പൂര്‍ണമായ വളര്‍ച്ചയ്ക്ക് ഒരു പിതൃസാന്നിദ്ധ്യം അനിവാര്യമാണെന്ന കൗണ്‍സലിംഗ് അവളുടെ നിലപാടു മാറ്റുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് അവള്‍ ആവശ്യപ്പെടുമ്പോള്‍ ചെറുപ്പക്കാരന്‍ ഓടിരക്ഷപ്പെടുകയാണ്. സ്ത്രീവിമോചനവുമായി ചേര്‍ന്നുപോകുന്ന നിലപാടുകളും ഐന്‍സിലിയുടെ ഈ സമീപനവും ഒരേ പാത്രത്തില്‍ അടച്ചുവയ്ക്കാവുന്നവയല്ല, വിരുദ്ധ ഭക്ഷണങ്ങളാണ്. പുരുഷനെ സ്നേഹംകൊണ്ടല്ല, ഭീഷണികൊണ്ടു കീഴടക്കാനാണു ശ്രമം. പില്‍ക്കാലത്ത് സ്ത്രീവിമോചനക്കാരുടെ പൊതുവായ ആയുധമായി ഭീഷണി മാറുന്നു. നിലവിലുള്ള എല്ലാറ്റിനെയും തകര്‍ക്കുക എന്നതു നല്ല സമീപനമല്ല. ചീത്തയെ തകര്‍ക്കാം, വലിച്ചെറിയാം. നല്ലതു നിലനില്ക്കട്ടെ. ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ ഭാഗമായി വിലയിരുത്തപ്പെടേണ്ട പ്രധാന കാര്യമാണ് എന്താണ് ആ വിഷ്കരിക്കുന്നതെന്നത്.

എഴുത്തിലേക്കു വരുമ്പോള്‍ ദൈവസങ്കല്പങ്ങളെയും മതപരമായ ചിഹ്നങ്ങളെയും വിശ്വാസികളുടെ വികാരങ്ങളെയും വ്രണപ്പെടുത്താതെ രചന നിര്‍വഹിക്കാന്‍ കഴിയില്ലേ? ബഹുസ്വരതയുള്ള ഒരു സമൂഹത്തിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവര്‍ക്കും ബാദ്ധ്യതയില്ലേ? എഴുത്തുകാരന്‍റെയും കലാകാരന്‍റെയും ദര്‍ശനമല്ല ബാലിശമായ എഴുത്തും ആവിഷ്കാരവുമാണു മിക്കപ്പോഴും വിവാദത്തിനു കാരണമാകുന്നത്. മൂന്നാമതൊരു വായനയില്‍ വെട്ടിക്കളയാവുന്ന പരാമര്‍ശങ്ങളാണു പ്രശ്നമുണ്ടാക്കുന്നതെങ്കില്‍ നല്ല ലിറ്റററി എഡിറ്ററുടെ അഭാവമാണു പ്രതിയെന്നു തിരിച്ചറിയണം.

മുകുന്ദന്‍റെ ‘അപ്പന്‍റെ ബ്രാണ്ടിക്കുപ്പി’ എന്ന കഥയില്‍ ബ്രാണ്ടിക്കുപ്പി പ്രത്യേക പ്രാധാന്യമുള്ള പ്ലോട്ട് പ്രോപ്പര്‍ട്ടിയല്ല. കഥാനായിക പാടിയ ഒരു സിനിമാപ്പാട്ടിലെ വരികളാണ്: “എന്‍റപ്പന്‍റെ ബ്രാണ്ടിക്കുപ്പി, എന്‍റമ്മ കുടിച്ചുതീര്‍ത്തേ.” അതില്‍ നിന്നു നര്‍മ്മം ജനിപ്പിക്കാന്‍ ശ്രമിക്കുന്ന മുകുന്ദന്‍ ആ വരികളില്‍ നിന്നു പേരും തപ്പിയെടുത്തപ്പോള്‍ കഥ പെട്ടെന്നു ശ്രദ്ധിക്കപ്പെടാനുള്ള തന്ത്രമാണതെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ഇങ്ങനെ ബോദ്ധ്യപ്പെടാനുള്ള വഴി തെളിച്ചിടുന്ന എഴുത്ത് വിവാദമാകാനുള്ള സാദ്ധ്യത കുറവാണ്. ഒരു വിവരദോഷിക്കും അതിന്മേല്‍ ഊഞ്ഞാലാടാനാവില്ല. ആകാശം മേഘാവൃതമായാല്‍പ്പോലും മഴ പെയ്യില്ല. അച്ഛനു ലഹരിയായ മകള്‍, ഉന്മാദമാകുന്ന ഏതു ലഹരിയും നാശകാരണമാകും എന്നിങ്ങനെ കഥാനാമത്തെ വ്യാഖ്യാനിക്കാനാവും. സാഹിത്യജീവിതം കയ്യാളുന്നവര്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ ലഹരിക്കൊപ്പം ജീവിതത്തെയും രചനയെയും യാഥാര്‍ത്ഥ്യബോധത്തോടെ നോക്കിക്കാണണം.

Leave a Comment

*
*