യേശുവിന്‍റെ തോളിലെ കുഞ്ഞാട്

Published on

കുഞ്ഞാടിനെ തോളില്‍ വഹിച്ചുനില്ക്കുന്ന യേശുവിന്‍റെചിത്രം കോടിക്കണക്കിനു വിശ്വാസികള്‍ക്കു പ്രിയപ്പെട്ടതാണ്. നടക്കാന്‍ പ്രയാസമുള്ള ആട്ടിന്‍കുട്ടിയെയാണു യേശു വഹിച്ചു നില്ക്കുന്നതെന്ന വ്യാഖ്യാനം എവിടെയോ വായിച്ചു.

യഹൂദരുടെ ഇടയില്‍ ഒരു മിത്തുണ്ട്. കൂട്ടംതെറ്റി അലയുകയും അപകടങ്ങളിലേക്കു ചാടിപ്പോവുകയും ചെയ്യുന്ന, അച്ചടക്കമില്ലാത്ത ആടിന്‍റെ കാല്‍ ഇടയന്‍ ഒടിക്കുമത്രേ. തുടര്‍ന്ന് ഇടയന്‍ തന്നെ ആ കാല്‍ സുഖപ്പെടുത്താനുള്ള ശുശ്രൂഷകള്‍ നല്കും. അങ്ങനെ ഇടയന്‍റെ സ്നേഹവും നന്മയും അയാള്‍ പകരുന്ന സമാധാനവും സുരക്ഷിതത്വവുമെല്ലാം ആട് തിരിച്ചറിയുന്നു. അതിനാല്‍ കാല്‍ സുഖപ്പെട്ടു പഴയപടി നടക്കാനും ഓടാനും കഴിഞ്ഞാലും ആട് ഇടയനെ വിട്ടുപോകില്ല.

വിവിധ വ്യാഖ്യാനങ്ങള്‍ക്ക് ഇടം തരുന്നതാണ് ഈ മിത്ത്. രോഗങ്ങളും അപകടങ്ങളും കഷ്ടപ്പാടുകളും ദൈവം തരുന്നതു മനുഷ്യന്‍ തന്നിലേക്കു തിരിയാനും തന്‍റെ അരികിലായിരിക്കാനും വേണ്ടിയാണെന്നത് ഏറ്റവും ലളിതമായ വ്യാഖ്യാനമാണ്. എന്നാല്‍ വൈകല്യത്തോടെ ജനിക്കുന്ന, അഥവാ ജന്മനാതന്നെ ഭിന്നശേഷിക്കാരായ മനുഷ്യരുടെ കാര്യം എങ്ങനെ വിശദീകരിക്കും? ദൈവം അവരെ തോളിലേറ്റുന്നുണ്ടാവാം, എന്നാല്‍ സമൂഹമോ…?

സമൂഹത്തിന്‍റെ ചിന്തകളുടെ പ്രതിഫലനം വലിയൊരളവോളം സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സാഹിത്യത്തില്‍ സാധാരണ കഥാപാത്രങ്ങള്‍ക്കു കൈവരുന്ന പ്രാധാന്യം ഭിന്നശേഷിക്കാരായ കഥാപാത്രങ്ങള്‍ക്കു ലഭിക്കാറില്ല. സാധാരണ കഥാപാത്രങ്ങളുടെ ലോകത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലേ ഇവര്‍ക്കു സ്ഥാനമുള്ളൂ. മുഖ്യ കഥാപാത്രങ്ങളുടെ സഹായികളോ വില്ലന്മാരോ ആയിരിക്കും ഇവര്‍. പലപ്പോഴും പൈശാചികതയോടു ബന്ധപ്പെടുത്തിയും നെഗറ്റീവ് രൂപത്തിലുമാണ് ഇക്കൂട്ടരെ അവതരിപ്പിക്കാറ്.

രാമായണത്തിലെ മന്ഥരയും മഹാഭാരതത്തിലെ ശകുനിയും വ്യക്തമായ ഉദാഹരണങ്ങളാണ്. കൂനിയായ മന്ഥര എന്ന ദാസിയാണു കൈകേയില്‍ അസൂയ ജനിപ്പിച്ചു രാമനെ വനവാസത്തിന് അയയ്ക്കാന്‍ കാരണമാകുന്നത്. സ്വാര്‍ത്ഥ, ബുദ്ധിശൂന്യ, സങ്കുചിത മനഃസ്ഥിതിക്കാരി തുടങ്ങിയ അര്‍ത്ഥങ്ങള്‍ മന്ഥര എന്ന വാക്കിനോടു ചേര്‍ന്നു നില്ക്കുന്നുണ്ട്. മുടന്തുള്ള ശകുനി കുരുട്ടുബുദ്ധിക്കാരനും കാര്യങ്ങള്‍ വളച്ചൊടിക്കുന്നതില്‍ മിടുക്കനുമാണ്. വിക്ടര്‍ ഹ്യൂഗോയുടെ 'നോത്രദാമിലെ കൂനനി'ലെ വില്ലനെ ഓര്‍മിക്കുക. ഈ ചിത്രീകരണങ്ങളെ മറികടന്ന്, ഭിന്നശേഷിയുള്ളവരോടു കാരുണ്യം കാണിക്കേണ്ടതാണെന്ന സത്യം വര്‍ത്തമാനകാല സമൂഹം ഉള്‍ക്കൊണ്ടുവരുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജോലികളില്‍ മൂന്നു ശതമാനത്തില്‍ കുറയാത്ത സംവരണം നല്കുവാന്‍ നിയമം മൂലം ഇന്നു ബാദ്ധ്യസ്ഥരാണ് (Section 33 of  the persons with Disabilities Act, 1995).

വൈകല്യങ്ങളുടെ പരിമിതികള്‍ മറികടന്നു ചരിത്രമെഴുതിയവരാണു ബീഥോവന്‍, ലോഡ് ബൈറണ്‍, ജോണ്‍ മില്‍ട്ടണ്‍, ഹെലന്‍ കെല്ലര്‍, ഗോയ, ജോര്‍ജ് വാഷിംഗ്ടണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിംഗ്, ജോണ്‍ നാഷ് തുടങ്ങിയവര്‍. മില്‍ട്ടന്‍റെയും ബൈറന്‍റെയും ഉന്നതമായ നിരയുടെ അനേകം പ്രകാശവര്‍ഷം താഴെയാണെങ്കിലും Waves within എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിലൂടെ മലയാളിയായ ഡോ. ആഗ്നസമ്മ ജേക്കബ് തന്‍റെ ശബ്ദം പുറംലോകത്തെ കേള്‍പ്പിച്ചിരിക്കുന്നു. പരാജയപ്പെട്ട ഒരു ഓപ്പറേഷനും പില്‍ക്കാലത്തുണ്ടായ അപകടവും ആ ജീവിതത്തെ ഭിന്നശേഷിക്കാരുടെ നിരയിലേക്കു തള്ളിവിട്ടെങ്കിലും തകര്‍ക്കാന്‍ പറ്റാത്ത ആത്മവിശ്വാസം പ്രഗത്ഭയായ പത്തോളജിസ്റ്റ്, മികച്ച വൈദ്യശാസ്ത്ര അദ്ധ്യാപിക തുടങ്ങിയ ഉന്നതമായ നിലകളിലേക്കു ഡോ. ആഗ്നസമ്മയെ വളര്‍ത്തി. ഇപ്പോഴിതാ എഴുത്തുകാരിയും ആയിരിക്കുന്നു. കേള്‍വിശക്തിക്കു കുറവും നിരന്തരം ചലിക്കുന്ന ശിരസ്സിന്‍റെ അസ്വസ്ഥതയും ശാരീരിക ദൗര്‍ബല്യവും പരിമിതികള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ആഗ്നസമ്മ ധൈര്യപൂര്‍വം മുന്നേറുന്നു.

പത്തോളജിയില്‍ എംഡിയുള്ള എഴുപത്തിരണ്ടുകാരിയായ ആഗ്നസമ്മ കേരള സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസിലും തൃശൂരിലെ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും നൈജീരിയയിലെ ടീച്ചിംഗ് ഹോസ്പിറ്റലിലും പ്രവര്‍ത്തിച്ചു. 45 വര്‍ഷത്തെ അദ്ധ്യാപന ജീവിതത്തില്‍ 30 വര്‍ഷം ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളുടെ അദ്ധ്യാപികയായിരുന്നു. കേരള സര്‍ക്കാര്‍ സര്‍വീസില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ വാര്‍ദ്ധക്യം, പത്തോളജി, ആത്മീയം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ എഴുത്തുകാരിയുടെ ആദ്യകവിതാസമാഹാരമാണു Waves within.

ക്രിസ്തുവിനു സമര്‍പ്പിച്ചിട്ടുള്ള ജീവിതമാണു ഡോ. ആഗ്നസമ്മയുടേത്. ഡോക്ടറായതിനാല്‍ ആ സമര്‍പ്പണം സന്ന്യാസിനിയുടേതില്‍നിന്നു വ്യത്യസ്തമാണ്. ദൈവത്തിനായി സമര്‍പ്പിച്ചിട്ടുളള ജീവിതത്തിന്‍റെ ആന്തരനിയമവും ആത്യന്തിക ഫലവുമാണ് മിസ്റ്റിസിസം. മിസ്റ്റിസിസത്തിന്‍റെ സര്‍ഗാത്മക പ്രകാശനങ്ങളാണ് ഈ പുസ്തകത്തിലെ കവിതകള്‍. ദൈവത്തെക്കുറിച്ച് അറിയുന്നതും ദൈവത്തെ അറിയുന്നതും രണ്ടാണ്. ആദ്യത്തെ അറിവ് വസ്തുനിഷ്ഠവും അനുമാനജന്യവുമാണ്. രണ്ടാമത്തേത് അനുഭൂതിജന്യവും ആത്മസ്ഥിതവുമാണ്. രണ്ടാമത്തെ അറിവാണു സര്‍ഗാത്മക സൃഷ്ടികള്‍ക്കു മുഖ്യപ്രചോദനമാകുന്നത്. ഡോ. ആഗ്നസമ്മയുടെ കവിതകള്‍ ആ അറിവുകളുടെ ആവിഷ്കാരങ്ങളാണ്.

ഡോ. ആഗ്നസമ്മയെ ക്രിസ്ത്യന്‍ മിസ്റ്റിക് എന്നു വിശേഷിപ്പിക്കാം. യേശുവിന്‍റെ മിസ്റ്ററികളില്‍; അതായത് മനുഷ്യവതാരത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും മിസ്റ്ററികളില്‍; പങ്കെടുത്തും അവയെ സ്വന്തം ജീവിതത്തില്‍ പ്രതിഫലിപ്പിച്ചും ജീവിക്കുന്ന വ്യക്തിയാണു ക്രിസ്ത്യന്‍ മിസ്റ്റിക്. അങ്ങനെയുള്ള ആഗ്നസമ്മ ഈശോ തന്നെ തോളിലേറ്റി നടക്കുന്നത് ആത്മാവില്‍ അറിയുന്നു.

ഹാര്‍പര്‍ ലീയുടെ പ്രശസ്തമാ യ നോവലാണു To Kill a Mocking˛ bird. നീണ്ട വാലും ചാരനിറവുമുള്ള ഈ പക്ഷികള്‍ നന്നായി പാടും, ഒരു ഡസനോളം മറ്റു പക്ഷികളുടെ സ്വരങ്ങള്‍ അനുകരിക്കും. സംഗീതത്തിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള ജീവിതമാണ് അവയുടേത്. ഈ ലോകത്തിന്‍റെ തിന്മകള്‍ നിഷ്കളങ്കതയെ നശിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആ കൃതി വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു സംശയം തോന്നി, ഈ പക്ഷികളില്‍ പാടാന്‍ പറ്റാത്ത രീതിയില്‍ വൈകല്യമുള്ളവ ജന്മം കൊള്ളുമോ? ജനിച്ചശേഷം പക്ഷേ, ജീവിതംതന്നെയാകേണ്ട സംഗീതത്തില്‍ മുഴുകാനാകാതെ ജീവിക്കേണ്ടി വരുമോ? ജനറ്റിക് പിഴവിലൂടെ അപ്രകാരം സംഭവിച്ചാല്‍ വല്ലാത്ത ദുരന്തമാകും. പാടുക, നൃത്തം ചെയ്യുക എന്നിങ്ങനെയുള്ള ഏതെങ്കിലുമൊരു കാര്യത്തിനായി മാത്രം ജന്മമെടുക്കുന്നവരല്ല മനുഷ്യര്‍. അതിനാല്‍ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കു ജീവിതത്തിന്‍റെ ലക്ഷ്യം സ്വ യം നിര്‍വചിച്ചെടുക്കാനാകും. ആത്മീയരായ മനുഷ്യര്‍ ദൈവത്തിങ്കലേക്കു മടങ്ങിയെത്തുകയാണ് ജീവിതലക്ഷ്യമെന്നു തിരിച്ചറിഞ്ഞവരാണ്. അവരുടെ ജീവിതം ആത്മീയതയുടെ സംഗീതവും കവിതയും മറ്റു സര്‍ഗാത്മക ആവിഷ്കാരങ്ങളും തുളുമ്പിനില്ക്കുന്നതായിരിക്കും. ഡോ. ആഗ്നസമ്മയുടെ ജീവിതം അപ്രകാരമുള്ളതാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org