Latest News
|^| Home -> Pangthi -> കിളിവാതിലിലൂടെ -> ബ്രേക്ക്ഡൗണ്‍ ആയ ബസിലെ ഡ്രൈവറും യാത്രക്കാരും

ബ്രേക്ക്ഡൗണ്‍ ആയ ബസിലെ ഡ്രൈവറും യാത്രക്കാരും

മാണി പയസ്

ഏറെ ദൂരം പിന്നിട്ട് മലമുകളിലെ അധികാരമന്ദിരത്തില്‍ എത്തേണ്ട ബസാണ്. രണ്ടു മൂന്നു തവണ ഡ്രൈവറിറങ്ങി ചില പരിശോധനകളൊക്കെ നടത്തി യാത്ര തുടര്‍ന്നു. പിന്നീട് ഒരു കാനനപാതയിലൂടെയായി യാത്ര. പെട്ടെന്നാണു ബസ് നിന്നത്. ഡ്രൈവര്‍ ഇറങ്ങി പലതും ചെയ്തെങ്കിലും ബസ് അനങ്ങിയില്ല. തുടര്‍ന്നു നിരാശനായ ഡ്രൈവര്‍ ആരോടും ഒന്നും മിണ്ടാതെ ബസ് ഉപേക്ഷിച്ച് എവിടേക്കോ നടന്നു നീങ്ങി. യാത്രക്കാരുടെ പിന്‍വിളികള്‍ അയാള്‍ ഗൗനിച്ചതേയില്ല.

പരമ്പരാഗത ശത്രുരാജാക്കന്മാരുടെ സൈന്യങ്ങള്‍ തമ്മില്‍ കനത്ത പോരാട്ടം നടക്കുകയാണ്. പെട്ടെന്നാണ് ആനപ്പുറത്തിരുന്നു യുദ്ധം നയിച്ചിരുന്ന ഒരു രാജാവിനെ കാണാതായത്, കൊടിക്കൂറയും കാണാനില്ല. ഇതോടെ ആ രാജാവിന്‍റെ സൈന്യം പരിഭ്രാന്തരായി പല വഴിക്ക് ഓടിപ്പോയി.

ദേശീയ പാര്‍ട്ടിയെന്ന് അഭിമാനിക്കുന്ന കോണ്‍ഗ്രസ്സിന്‍റെ ഇന്നത്തെ അവസ്ഥയെ ലളിതമായ ഈ ഉപമകളിലൂടെ വ്യക്തമാക്കാനാകും. ഡ്രൈവര്‍ ഉപേക്ഷിച്ച ബസിലെ യാത്രക്കാര്‍ക്കു പിന്നാലെ വരുന്ന വാഹനങ്ങള്‍ക്കു കൈ കാണിക്കാം. നിര്‍ത്തിയാല്‍ കയറിപ്പോകാം. ഇല്ലെങ്കില്‍ ഫോണ്‍ വിളിച്ചു ബന്ധുക്കളുടെ സഹായം തേടാം. അവര്‍ വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാം. അതുമല്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിനു പോകാം.

നേതാവ് ഇല്ലാതായ കോണ്‍ഗ്രസ്സുകാരെ നേതാവുള്ള ബിജെപി വലയിലാക്കാന്‍ ശ്രമിക്കുന്നതില്‍ അത്ഭുതമില്ല. ഒരു വണ്ടി നിറയെ നാനാവിധ പ്രലോഭനങ്ങളുമായി എത്തിയാല്‍ വഴിയാധാരമായ കോണ്‍ഗ്രസ്സുകാര്‍ക്ക് അതില്‍ വീഴാതെ മാര്‍ഗമില്ല. എംഎല്‍എമാര്‍ക്കാണെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ടിക്കറ്റ് കിട്ടുമെന്നോ കിട്ടിയാല്‍ത്തന്നെ ജയിക്കുമെന്നോ യാതൊരു ഉറപ്പുമില്ല. പ്രായോഗിക രാഷ്ട്രീയമെന്നതു സാഹചര്യങ്ങളുടെ സൃഷ്ടികൂടിയാണ്. വിലപേശാന്‍ കിട്ടുന്ന ഇപ്പോഴത്തെ അവസരം ഉപയോഗപ്പെടുത്തിയശേഷം കലങ്ങിയ കുളത്തിന്‍റെ കരയ്ക്കു കയറിയിരിക്കാമെന്ന കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ വിചാരിക്കുന്നതിലും അത്ഭുതമില്ല.

ജനതാപാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കുശേഷം അതിലുണ്ടായിരുന്ന ജനസംഘക്കാര്‍ രൂപംകൊടുത്ത ഭാരതീയ ജനതാപാര്‍ട്ടിയുടെ ചരിത്രത്തില്‍ മൂന്നു ഘട്ടങ്ങളുണ്ടെന്നു മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി പറഞ്ഞിട്ടുണ്ട്. ഷഹബാനു കേസുമായി ബന്ധപ്പെട്ടുവരുന്നതാണ് ആദ്യഘട്ടം. കോണ്‍ഗ്രസ്സ് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി കാണിച്ച വലിയ മണ്ടത്തരത്തിലൂടെ ബിജെപിക്കു പുതുജീവിതത്തിനുള്ള അവസരം വീണുകിട്ടുകയായിരുന്നു. ഷഹബാനുവിനു ഭര്‍ത്താവ് ജീവനാംശം കൊടുക്കണമെന്ന സുപ്രീംകോടതി വിധിയെ, മുസ്ലീം വോട്ട് ലക്ഷ്യമാക്കി, പുതിയ നിയമം പാസ്സാക്കിക്കൊണ്ടു രാജീവ് സര്‍ക്കാര്‍ അട്ടിമറിച്ചു (The Muslim Women (Protection of Rights on Divoce) Act പ്രകാരം ഷഹബാനുവിനു ജീവനാംശം നിഷേധിക്കപ്പെട്ടു. ബിജെപി ഇതിനെ കോണ്‍ഗ്രസ്സിനെതിരെ ആയുധമാക്കി ഭൂരിപക്ഷ ഹൈന്ദവവികാരം ജ്വലിപ്പിച്ചു. 1985 മുതല്‍ 1996 വരെ 11 വര്‍ഷം നീണ്ടുനിന്നതാണ് ഈ ആദ്യഘട്ടം. ബിജെപി 1996-ല്‍ ഒരു വര്‍ഷം ഭരിച്ചതും പിന്നീടു ഭരണത്തില്‍ അഞ്ചു വര്‍ഷം കാലാവധി തികച്ചതും ഉള്‍പ്പെടുന്നതാണ് രണ്ടാംഘട്ടം. 2004 മുതല്‍ ആരംഭിച്ച അനിശ്ചിതത്വത്തിന്‍റെ മൂന്നാം ഘട്ടത്തിന് അറുതിവരുന്നത് 2014-ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതോടെയാണ്. നാലാംഘട്ടത്തെപ്പറ്റി കൂടുതല്‍ പറയാന്‍ അദ്വാനി ആഗ്രഹിക്കുന്നില്ല. കാരണം അതു തന്നെ മൂലയ്ക്കിരുത്തിയ മോദിയുടെ കാലഘട്ടമാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തെ എക്കാലവും നിയന്ത്രിച്ചിട്ടുള്ളതു പണവും അധികാരവുമാണ്. അത് ഇന്നത്തെപ്പോലെ നഗ്നമായി ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നു മാത്രം; ഒളിവും മറവുമൊക്കെ ഉണ്ടായിരുന്നു. അധികാരം നിലനിര്‍ത്താനും തട്ടിയെടുക്കാനുമുള്ള കളികള്‍ക്കിടയില്‍ രാഷ്ട്രത്തിന്‍റെ താത്പര്യവും ഭരണഘടനയുടെ അന്തസ്സത്തയും ഇന്നു ബലി കഴിക്കപ്പെടുന്നു. മുമ്പു ചില നേതാക്കളെങ്കിലും ഇതിനെതിരെ രംഗത്ത് എത്തുമായിരുന്നു. തകരുന്ന കോണ്‍ഗ്രസ്സില്‍നിന്നോ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടതുപാര്‍ട്ടികളില്‍ നിന്നോ ഓന്തുപോലെ നിറം മാറുന്ന പ്രാദേശിക പാര്‍ട്ടികളില്‍ നിന്നോ ദേശീയമുഖവും അഴിമതിരഹിത പാരമ്പര്യവുമുള്ള ഒരു നേതാവ് ഉയര്‍ന്നുവരുമെന്നു പ്രത്യാശിച്ചാല്‍ ചിരി വരുമോ?

മുതിര്‍ന്ന ഒരു കോണ്‍ഗ്രസ്സ് നേതാവ് പറഞ്ഞതു തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നതിനെതിരെ കോണ്‍ഗ്രസ്സ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നാണ്. വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു വ്യാപകമായി കൃത്രിമം നടത്തിയാണു ബിജെപി അധികാരത്തില്‍ വന്നതെന്നാണ് അദ്ദേഹത്തിന്‍റെ ഭാഷ്യം. പഴയ രീതിയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പു മതി. അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുത, ലോക്സഭാ ഇലക്ഷനുശേഷം കര്‍ണാടകത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്സ് നേടിയ വന്‍ വിജയമാണ്. ജനതാദള്‍ (എസ്) രണ്ടാംസ്ഥാനത്തു വന്നപ്പോള്‍ ബിജെപിക്കു മൂന്നാം സ്ഥാനമാണു കിട്ടിയത്. “ഇതെങ്ങനെ സംഭവിച്ചു? ഏതാനും ദിവസംമുമ്പു നടന്ന ലോക്സഭാ ഇലക്ഷനില്‍ ബജെപിക്കു വന്‍ഭൂരിപക്ഷം നേടിക്കൊടുത്ത ജനങ്ങള്‍ പെട്ടെന്നു കോണ്‍ഗ്രസ്സിനെ ആശ്ലേഷിച്ചു എന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.” ആദ്യത്തേത് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പും രണ്ടാമതു ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടെടുപ്പുമാണെന്നു പറഞ്ഞുകൊണ്ട്, വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നിരിക്കാമെന്നു സൂചിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ്സ് നേതാവ്. ഈ യുക്തി കര്‍ണാടകത്തിലെ കോണ്‍ഗ്രസ്സ് എംഎല്‍എമാരായ കുറച്ചു പേര്‍ക്കെങ്കിലും ബോദ്ധ്യമായിട്ടില്ല എന്നതിന്‍റെ തെളിവാണ് അവര്‍ ബിജെപി പക്ഷത്തേയ്ക്കു കൂറുമാറിയത്.

ആനപ്പുറത്തിരുന്നു രാഷ്ട്രീയ പടക്കളത്തില്‍ തങ്ങളെ നയിക്കാന്‍ ഗാന്ധികുടുംബത്തിലെ ഒരംഗംതന്നെ വേണമെന്നു കോണ്‍ഗ്രസ്സുകാര്‍ ആഗ്രഹിക്കുന്നതിനു ചരിത്രപരമായ കാരണങ്ങളുമുണ്ട്. അങ്ങനെയൊരാള്‍ ഇല്ലെങ്കില്‍ കോണ്‍ഗ്രസ്സ് ഛിന്നഭിന്നമാകുമെന്നു സീതാറാം കേസരി കോണ്‍ഗ്രസ്സ് പ്രസിഡന്‍റായിരുന്ന കാലത്തെ അനുഭവം ചൂണ്ടിക്കാട്ടി അവര്‍ പറയുന്നു. സോണിയഗാന്ധി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തിരുന്നില്ലെങ്കില്‍ പാര്‍ട്ടി അന്നേ അസ്തമിച്ചേനെയെന്നാണ് അവരുടെ അഭിപ്രായം. ഇതു സമ്മതിച്ചാല്‍ ഗാന്ധികുടുംബം മുഴുവന്‍ നേതൃത്വത്തിലിരുന്നിട്ടും, പ്രചാരണം നടത്തിയിട്ടും പാര്‍ട്ടി രക്ഷപ്പെടാത്തതിനെ ഏതു രീതിയില്‍ വ്യാഖ്യാനിക്കുമെന്ന പ്രശ്നം ഉദിക്കും.

കര്‍ണാടകത്തിലെ കോണ്‍ഗ്രസ്സ് എംഎല്‍എമാരുടെ രാജിപ്രശ്നം ലോക്സഭയില്‍ കോണ്‍ഗ്രസ്സ് എം.പി.മാര്‍ ഉന്നയിച്ചപ്പോള്‍ മന്ത്രി രാജ്നാഥ്സിംഗ് പരിഹാസരൂപത്തില്‍ പറഞ്ഞത്, രാജി തുടങ്ങിയതു രാഹുല്‍ഗാന്ധിയാണെന്നാണ്. അതു ശരിയുമാണല്ലോ. അതുകൊണ്ടു ചരിത്രമറിയുന്നവര്‍ ചോദിക്കുന്നു, ബിജെപിക്ക് ഇത്തവണ 303 സീറ്റ് കിട്ടി, എന്നാല്‍ 1984-ല്‍ അവര്‍ക്കു രണ്ടേരണ്ടു എംപിമാരേ ജയിച്ചുകിട്ടിയുള്ളൂ. അന്ന് അവരുടെ നേതാക്കള്‍ രാജിവച്ച് ഓടിപ്പോയിരുന്നെങ്കില്‍ ആ പാര്‍ട്ടി ഇന്നത്തെ നിലയില്‍ എത്തുമായിരുന്നോ?

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതതന്ത്രങ്ങള്‍ക്കു സ്വീകാര്യത കിട്ടിത്തുടങ്ങിയതു പ്രധാനമന്ത്രി രാജീവ്ഗാന്ധി 1985-ല്‍ രാമജന്മഭൂമി ബാബ്റി മസ്ജിദ് പ്രശ്നത്തില്‍ കൈക്കൊണ്ട ഒരു തീരുമാനത്തില്‍ നിന്നാണ്. തര്‍ക്കമന്ദിരത്തിന്‍റെ താഴ് നീക്കം ചെയ്യുവാന്‍ അദ്ദേഹം ഉത്തരവായി. പണ്ടോറയുടെ പെട്ടി തുറന്നതുപോലെയായി ഈ നടപടി. പടിപടിയായി അതിന്‍റെ നേട്ടം കൊയ്തതു ബിജെപിയും. മോദി കൈവരിച്ച രണ്ടു വിജയങ്ങളിലും ആ നടപടിയുടെ നിഴലുണ്ട്. ആ വിജയങ്ങളിലൂടെ തകര്‍ന്നടിഞ്ഞിരിക്കുന്നതു രാജീവിന്‍റെ മകന്‍ രാഹുലിന്‍റെ രാഷ്ട്രീയമോഹങ്ങളാണ്. ജവഹര്‍ലാല്‍ നെഹ്റു പ്രകടമായല്ലാതെ പിന്തുണച്ച രാഷ്ട്രീയ പിന്തുടര്‍ച്ചയുടെ നീണ്ട യുഗത്തിനു തിരശ്ശീല വീഴുകയാണെന്നു തോന്നുന്നു.
– manipius59@gmail.com

Leave a Comment

*
*