സൂക്ഷിച്ച് ചുമയ്ക്കുക; ആളുകള്‍ അടുത്തുണ്ട്

ഫാഷന്‍ പരേഡിനെന്നോണം അണിയിച്ചൊരുക്കിയ കൊച്ചു മകനെയുംകൊണ്ടു അപ്പാപ്പന്‍ പള്ളിയിലെത്തി. ബെഞ്ചിലിരുന്നശേഷം ചെക്കനെ അടുത്തു പ്രതിഷ്ഠിച്ചു. ആ നിമിഷം മുതല്‍ ചെക്കന്‍ ചുമയ്ക്കാന്‍ തുടങ്ങി. കുട്ടിയല്ലേ, വായ പൊത്തിയൊന്നുമല്ല ചുമയ്ക്കുന്നത്. പളളി നിറയെ ആളുകളാണ്. എത്ര പേര്‍ക്ക് അവനില്‍ നിന്ന് അണുബാധ കിട്ടിക്കാണും? സ്നേഹം കാണിക്കാന്‍ ചുമയുളള പയ്യനെയുംകൊണ്ടു പള്ളിയില്‍ വരേണ്ടതുണ്ടോ? സമൂഹജീവിതത്തില്‍ മിനിമം പാലിക്കേണ്ട മര്യാദകളും മുന്‍കരുതലുകളും മലയാളി ഗൗരവമായി കാണുന്നില്ല.

പണ്ടു വീട്ടില്‍ കുട്ടികള്‍ക്ക് പനിയോ ജലദോഷമോ വന്നാല്‍ അപ്പന്‍ പറയും, ഇന്നു സ്കൂളില്‍ പോകണ്ട. ദിവസവും പള്ളിയില്‍ പോകുന്ന കുട്ടിയാണെങ്കില്‍ പറയും,ഇന്നു പള്ളിയില്‍ പോകണ്ട. കുട്ടിക്കു വിശ്രമം കിട്ടാന്‍ മാത്രമല്ല, മറ്റു കുട്ടികള്‍ക്ക് അസുഖം വരാതിരിക്കാനുമാണ് ഈ നി രോധനാജ്ഞ. ഇന്നു മാാതാ പിതാക്കള്‍ കുട്ടിയെ എങ്ങനെയെങ്കിലും സ്കൂളില്‍ പറഞ്ഞയയ്ക്കുകയാണു ചെയ്യുക. ഒരു ദിവസത്തെ ക്ലാസ്സ് പോയാല്‍ റാങ്ക് താഴെപ്പോയാലോ എന്നാണു ഭയം. മറ്റുള്ള കുട്ടികളെക്കുറിച്ചോ സ്വന്തം കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ചോ അല്പവും ആശങ്കയില്ല.

അങ്ങനെയുള്ളവരാണല്ലോ കോവിഡ് 19 രോഗവുമായി ഇറ്റലിയില്‍ നിന്നു വന്നു റാന്നിയില്‍ ഒളിച്ചുകളിച്ചു കേരളീയ സമൂഹത്തെ ഭയാശങ്കയിലാക്കിയവര്‍. പത്തനംതിട്ടയിലും മംഗലാപുരത്തും നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടു പേര്‍ ചാടിപ്പോയതിനു കാരണവും സമൂഹത്തെക്കുറിച്ചുള്ള പരിഗണനയില്ലായ്മയാണ്. ഇറ്റലിയില്‍ നിന്നു നാലു വര്‍ഷത്തിനുശേഷമാണു റാന്നി ഐത്തല സ്വദേശികള്‍ നാട്ടിലെത്തിയത്. അതാഘോഷിക്കണമെന്ന ചിന്ത മാത്രമായിരുന്നു അവരുടെ മനസ്സില്‍.

പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നവര്‍ അതു മാറുന്നുതവരെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് അകന്നു താമസിക്കുന്ന രീതി എല്ലാ സംസ്കാരങ്ങളിലും പണ്ടുകാലം മുതലുണ്ട്. കുഷ്ഠരോഗികളോടു മനുഷ്യത്വഹീനമായ പെരുമാറ്റത്തിനുവരെ ഇതിട നല്കി. സിറിയന്‍ സൈന്യാധിപനായിരുന്ന കുഷ്ഠരോഗിയായ നാമാന്‍ ഇതിനപവാദമാണ്. രാജാവിനും കര്‍ത്താവിനും അയാളെ ഇഷ്ടമായിരുന്നു. കുഷ്ഠരോഗം മാറാന്‍ നാമാന്‍ പ്രവാചകനായ ഏലീഷായെ കാണാന്‍ വന്നു. ഏലീഷാ നാമാനെ കാണാന്‍ കൂട്ടാക്കിയില്ല. പക്ഷേ, കുഷ്ഠം മാറാനുള്ള മാര്‍ഗം ഉപദേശിച്ചു. യോര്‍ദ്ദാനില്‍ പോയി ഏഴു പ്രാവശ്യം കുളിക്കുക; നീ ശുദ്ധനാകും.

ഏലീഷാ തന്നെ കാണാന്‍ തയ്യാറാകാതിരുന്നതിനാല്‍ കുപിതനായ നാമാന്‍ കുളിക്കാതെ പോകാന്‍ തീരുമാനിച്ചെങ്കിലും പിന്നീടു മനസ്സ് മാറ്റി. യോര്‍ദ്ദാനില്‍ ഏഴു തവണ കുളിച്ചപ്പോള്‍ അവന്‍റെ കുഷ്ഠം പോയി. നമ്മുടെ സംസ്കാരത്തില്‍ രോഗം സുഖപ്പെട്ടശേഷമാണു കുളിക്കുന്നത്. രോഗം മാറാതെ കുളിച്ചു സെന്‍റ് പൂശി നടന്നവരാണു റാന്നിയില്‍ വില്ലന്മാരായത്.

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവരെപ്പോലെ പത്തനംതിട്ടയില്‍ വേറെയും വില്ലന്മാരുണ്ടായി, മെഡിക്കല്‍ഷോപ്പ് ഉടമകള്‍. ജില്ലയില്‍ കോവിഡ് 19 ഭീതി പരന്നപ്പോള്‍ മാസ്കുകള്‍ക്ക് ആവശ്യക്കാര്‍ വളരെ വര്‍ദ്ധിച്ചു. ഡിമാന്‍റ് കൂടിയപ്പോള്‍ കടക്കാര്‍ മാസ്കുകളുടെ വില തോന്നുംപടി കൂട്ടി; നാലിരട്ടിവരെ വില കൂട്ടിവിറ്റവരുണ്ട്.

മാസ്കുകളെ സംബന്ധിച്ചു ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ കച്ചവടക്കാര്‍ക്ക് ഗുണം ചെയ്തു. മാസ്ക് മുഖ്യമായും ധരിക്കേണ്ടവര്‍ രോഗികളാണ്. അവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങള്‍ മറ്റുള്ളവരുടെ ശരീരത്തിലും ചുറ്റുപാടുമുള്ള വസ്തുക്കളിലും പറ്റാതിരിക്കാനാണിത്. അതേസമയം ഈ സ്രവങ്ങള്‍ രോഗങ്ങളില്ലാത്തവരുടെ മുഖത്തു പതിക്കാതിരിക്കാന്‍ മാസ്ക് ഉപകരിക്കും. എന്നാല്‍ പൊടിയെയും മറ്റും തടഞ്ഞുനിര്‍ത്തുന്നതുപോലെ കോവിഡ്-19 ന് കാരണമായ വൈറസിനെ എന്നല്ല ഒരു വൈറസിനെയും പ്രതിരോധിക്കുവാന്‍ മാസ്കുകള്‍ക്കാവില്ല. മാസ്കുണ്ടല്ലോ, ഇനി കോവിഡ്-19 നെ പേടിക്കണ്ട എന്ന മട്ടില്‍ പെരുമാറരുതെന്നു ചുരുക്കം.

ബാക്ടീരിയകളെ അപേക്ഷിച്ചു വളരെ അപകടകാരികളാണു വൈറസുകള്‍. ആര്‍എന്‍എ വൈറസുകള്‍ക്ക് അതിന്‍റെ സ്വഭാവം പെട്ടെന്നു മാറ്റാന്‍ കഴിയും. അങ്ങനെയുള്ള ഒന്നാണു കോവിഡ്-19-നു കാരണമായ കൊറോണ വൈറസ്. മനുഷ്യന്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം ശക്തമാക്കിയും മറ്റു മുന്‍കരുതലുകളെടുത്തും ആരോഗ്യവകുപ്പു മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചും മുന്നേറണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org