കടന്നുപോയ കാലമേ, നീയെത്ര സുന്ദരി

വര്‍ത്തമാനകാലം ആശ്വാസം പകരുന്നില്ലെങ്കില്‍ ഭൂതകാലത്തില്‍ അഭയം തേടുക മനുഷ്യരുടെ പൊതുവായ രീതിയാണ്. കോവിഡ് 19- നെ സംബന്ധിച്ച വാര്‍ത്തകള്‍ ശുഭദായകമല്ലാത്തതിനാല്‍ ലോകമെമ്പാടുമുള്ള മനുഷ്യര്‍ ഭൂതകാലത്തിന്‍റെ പച്ചപ്പില്‍ അഭിരമിക്കേണ്ട അവസ്ഥയിലാണ്.

"കൊറോണ വൈറസിനെ പെട്ടെന്നൊന്നും തുരത്താനാവുമെന്നു പ്രതീക്ഷിക്കണ്ട. ചിലപ്പോള്‍ അതൊരിക്കലും പോയില്ലെന്നും വരാം" എന്ന മുന്നറിയിപ്പു നല്കിയിരിക്കുന്നതു ലോകാരോഗ്യസംഘടനയുടെ അടിയന്തിരകാര്യ വിഭാഗം മേധാവി ഡോ. മൈക്ക് റയാനാണ്. മാനവസമൂഹത്തിനു ഭീതി ജനിപ്പിക്കുന്ന മുന്നറിയിപ്പാണിത്.

കൊറോണഭീതി അവസാനിക്കുന്നില്ലെങ്കില്‍ മനുഷ്യരുടെ ജീവിതം ലോകത്തൊരിടത്തും പഴയതുപോലെയാകില്ലെന്നുറപ്പ്. എപ്പോഴും മാസ്ക് ധരിക്കണം, ഇടയ്ക്കിടയ് ക്കു കൈകള്‍ കഴുകണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, ഒരു പരിധിയില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചുകൂടാന്‍ പാടില്ല എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ സിനിമാനിര്‍മാണംപോലുള്ള പല വ്യവസായങ്ങളുടെയും അടിത്തറയിളക്കും. തിയ്യറ്ററുകളില്‍ പോയി സിനിമ കാണാന്‍ സാധിക്കാതെ വരുമ്പോള്‍ തിയ്യറ്റര്‍ ഉടമകള്‍ തകരും. ഇങ്ങനെ ഓരോരോ പ്രതിസന്ധികള്‍ ലോകം ഒന്നാകെ അഭിമുഖീകരിക്കേണ്ടി വരും.

മനുഷ്യനു സമൂഹജീവിതം നഷ്ടമാകും. സന്തോഷം ഇല്ലാതെയാകും. ഒറ്റപ്പെടലിന്‍റെ ദുരവസ്ഥ അനേകരെ മനോരോഗികളാക്കും. എന്തിന് ഇങ്ങനെയൊരു ജീവിതമെന്ന് ആളുകള്‍ ചിന്തിച്ചാലും അത്ഭുതമില്ല. മൂല്യസങ്കല്പങ്ങള്‍ക്ക് ഇടിവു തട്ടും. മനുഷ്യരുടെ അദ്ധ്വാനശേഷി കുറയും. സമ്പദ്വ്യവസ്ഥകളിലും രാഷ്ട്രീയ വ്യവസ്ഥകളിലും മാറ്റങ്ങളുണ്ടാകും. ഒന്നു സത്യം, കൊറോണ വൈറസിനെ പിടിച്ചുകെട്ടിയില്ലെങ്കില്‍ ലോകം ഒരിക്കലും പഴയതുപോലെ ആകില്ല.

അപകടകാരിയായ ഈ വൈറസിന് എതിരായ വാക്സിന്‍ കണ്ടെത്താന്‍ ലോകമെമ്പാടും ശാസ്ത്രജ്ഞന്മാര്‍ പരിശ്രമിക്കുകയാണ്. അവരുടെ ശ്രമം എത്രയും പെട്ടെന്നു വിജയത്തിലെത്തിയാല്‍ അത്രയും നല്ലത്.

കൊറോണ വൈറസിനെക്കുറിച്ചുള്ള ഭീതി മനുഷ്യരെ പഠിപ്പിച്ച നല്ല ശീലങ്ങളില്‍ ഒന്നാണു ശാസ്ത്രീമായ രീതിയില്‍ കൈ കഴുകുക എന്നത്. വൈറസ് ഭീതി അകന്നാലും ഈ ശീലം കൈവിടാതിരിക്കണം. പുറത്തു പോയി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ കൈകള്‍ കഴുകണം. ആശുപത്രിയില്‍ പോയി വന്നാലും രോഗികളെ പരിചരിച്ചാലും കൈകള്‍ കഴുകണം. മലമൂത്രവിസര്‍ജ്ജനത്തിനുശേഷവും ആഹാരം കഴിക്കുന്നതിനുമുമ്പും പിമ്പും ആഹാരം പാകം ചെയ്യുന്നതിനുമുമ്പും കൈകള്‍ കഴുകണം. മുറിവുകളില്‍ സ്പര്‍ശിക്കുന്നതിനു മുമ്പും പിമ്പും മൃഗങ്ങളെ സ്പര്‍ശിച്ചശേഷവും കൈകള്‍ കഴുകണം. മാസ്ക് ധരിക്കുന്നതിനുമുമ്പും അത് ഊരിമാറ്റി വേസ്റ്റ് ബോക്സില്‍ ഇട്ടതിനുശേഷവും കൈകള്‍ കഴുകണം. 20 മുതല്‍ 30 സെക്കന്‍ഡ് വരെ കഴുകണമെന്നാണു ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇങ്ങനെ ചെയ്താല്‍ കോവിഡ് 19-നെ മാത്രമല്ല മറ്റു പല രോഗങ്ങളെയും അകറ്റിനിര്‍ത്താനാകും. വയറിളക്കം, ജലദോഷം, വയറ്റിലെ അസുഖങ്ങള്‍ തുടങ്ങിയവയെ.

മനുഷ്യനു ഭീഷണിയായി പുതിയ പുതിയ വൈറസുകള്‍ പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ടാണെന്നു വൈകിയാണെങ്കിലും ശാസ്ത്രലോകം അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കാര്യം മനസ്സിലാക്കി പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ വൈറസ് ഭീഷണിയില്‍ നിന്നു ലോകത്തിനു രക്ഷപ്പെടാന്‍ കഴിയും. അതിനു കാലമേറെ വേണ്ടിവന്നേക്കാം.

ബാക്ടീരിയകളേക്കാള്‍ ചെറുതാണു വൈറസുകള്‍. ഇവ പ്രധാനമായും ബാക്ടിരിയകളെയാണ് ആക്രമിക്കുന്നത്. പതിനായിരക്കണക്കിനു വൈറസുകളെ തിരിച്ചറിഞ്ഞിട്ടുള്ളതില്‍ മനുഷ്യരെ ബാധിക്കുന്നതു 300-ല്‍ താഴെ ഇനങ്ങളാണത്രേ. എങ്കിലെന്താ, കൊറോണ വൈറസ് പോലുള്ള ഒരു വൈറസ് മതിയല്ലോ ലോകം മുഴുവനെയും മുള്‍മുനയില്‍ നിര്‍ത്താന്‍.

ആകാശച്ചെരുവിലെ മഴവില്ലുപോലെ ചില നല്ല വാര്‍ത്തകളുമുണ്ട്. ഇസ്രായേല്‍, ഇറ്റലി എന്നീ രാജ്യങ്ങളിലെയും ഓക്സഫോര്‍ഡ് സര്‍വകലാശാലയിലെയും ഗവേഷകര്‍ കോവിഡ് 19-നെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വാക്സിന്‍ രൂപപ്പെടുത്തുന്നതില്‍ വലിയ പരിധിവരെ വിജയിച്ചിട്ടുണ്ടത്രേ. വിപുലമായ രീതിയില്‍ പരീക്ഷിച്ചശേഷമേ ഇവയെ ലോകസമക്ഷം അവതരിപ്പിക്കൂ.

ഇവിടെ ഒരു ആശയക്കുഴപ്പം സംഭവിക്കുന്നുണ്ട്. വാക്സിന്‍ കണ്ടെത്താന്‍ ഇനിയും ഏറെ വൈകുമെന്നു ലോകാരോഗ്യസംഘടനയുടെ അടിയന്തിരകാര്യ വിഭാഗം മേധാവി പറയുന്നു. അതേസമയം വാക്സിന്‍ വൈകാതെ ഉണ്ടാകുമെന്നു മറ്റു ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ മനുഷ്യര്‍ക്കു നല്ലതു വാക്സിന്‍ ഉടന്‍ ഉണ്ടാകുമെന്നു വിശ്വസിക്കുകയാണ്.

അശുഭകരങ്ങളായ യാഥാര്‍ത്ഥ്യങ്ങളുടെ കാലത്തു മനുഷ്യനു ജീവിക്കണമെങ്കില്‍ ശുഭകരങ്ങളായ എന്തെങ്കിലും ചിന്തകള്‍ വേണം. അങ്ങനെയാണു വാര്‍ദ്ധക്യത്തിന്‍റെ കെടുതികളില്‍ വലയുന്ന മനുഷ്യര്‍ ബാല്യകാല ഓര്‍മകളില്‍ അഭയം തേടുന്നത്. അത്തരം ഒരാളെയാണു പിറകോട്ടു നടന്നുനടന്ന് എന്ന കഥയില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 29) പ്രശസ്ത സാഹിത്യകാരനായ സേതു അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യവംശം തന്നെ ഇന്നലെയുടെ നന്മയിലും മൂല്യങ്ങളിലും കൂടുതലായി അഭിരമിക്കേണ്ട അവസ്ഥയിലാണെന്നാണു കഥാകാരന്‍ സൂചിപ്പിക്കുന്നത്. കടന്നുപോയ കാലം എത്ര മനോഹരമായിരുന്നുവെന്നു വിലപിക്കേണ്ട അവസ്ഥ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org