ഹാ, എത്ര ഉദാത്തം ഈ അനുഭവം

1968 ഡിസംബര്‍ 24-ന് വില്യം ആന്‍ഡേഴ്സണ്‍ അപ്പോളോ-8 എന്ന ബഹിരാകാശവാഹ നത്തില്‍ ചന്ദ്രനെ വലംവയ്ക്കുന്നതിനിടയില്‍ ചരിത്രപ്രധാനമായ ഒരു ഫോട്ടോയെടുത്തു. മനുഷ്യന്‍ ആദ്യമായി ചന്ദ്രനെ പ്രദക്ഷിണം വച്ച് ആ യാത്രയ്ക്കിടയില്‍ ഭൂമി ചക്രവാളസീമയില്‍ നിന്ന് ഉയര്‍ന്നുവരുന്നതു ചന്ദ്രോപരിതലത്തില്‍നിന്നു കാണുന്നതിന്‍റെ ആദ്യത്തെ ബഹുവര്‍ണ ഫോട്ടോയായിരുന്നു അത്. 'ഭൗമോദയം' എന്നു പേരിട്ട ആ ചിത്രം ഉണര്‍ത്തിയ വികാരം മനുഷ്യഭാഷകൊണ്ടു വിവരിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു. ദശാബ്ദങ്ങള്‍ കഴിഞ്ഞ് ആന്‍ഡേഴ്സണ്‍ പറഞ്ഞു, "ഞങ്ങള്‍ ചന്ദ്രനെക്കുറിച്ച് അറിയാനാണു പുറപ്പെട്ടത്. പക്ഷേ, കണ്ടെത്തിയതു ഭൂമിയെയാണ്." മഹത്തായ ഒന്നിനുവേണ്ടി ശ്രമിക്കുമ്പോള്‍ അതിനോടൊപ്പം ഉത്കൃഷ്ടമായ മറ്റൊന്നുകൂടി കരഗതമാകുന്ന ഉദാത്തമായ അനുഭവമായിരുന്നു അത്.

മഹാന്മാരായ ശാസ്ത്രജ്ഞന്മാര്‍ക്ക് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ ഒരു ദിവസം ഐസക് ന്യൂട്ടന്‍റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ ഗുരുത്വാകര്‍ഷണനിയമത്തിന്‍റെ മിഴി തുറന്നുവെന്നതു സാധാരണ പറയാറുള്ള കാര്യമാണ്. ആപ്പിള്‍ വീണതിനെക്കുറിച്ചുള്ള ആലോചന ഗുരുത്വാകര്‍ഷണ നിയമത്തിലേക്കു മാത്രമല്ല ചലനം സംബന്ധിച്ച മൂന്നു നിയമങ്ങളിലേക്കും (laws of motion) ന്യൂട്ടനെ നയിച്ചു. യഥാര്‍ത്ഥത്തില്‍ ന്യൂട്ടന്‍റെ തലയിലേക്ക് ആപ്പിള്‍ വീണിരുന്നില്ല. തോട്ടത്തില്‍ വീണുകിടക്കുന്ന ആപ്പിളുകള്‍ താഴേക്കു മാത്രം വീഴാന്‍ കാരണമെന്തെന്ന ചിന്തയാണ് അദ്ദേഹത്തെ പ്രകൃതി രഹസ്യമാക്കി വച്ചിരുന്ന നിയമങ്ങളുടെ പൂട്ടു തുറക്കാന്‍ ശക്തനാക്കിയത്. ആപ്പിള്‍ തലയില്‍ വീണു എന്ന കഥ ന്യൂട്ടന്‍റെ കണ്ടെത്തലിനു നാടകീയ ഭംഗി നല്കി.

ഒരു കണ്ടുപിടുത്തത്തിനായുള്ള അന്വേഷണം മറ്റൊന്നിലേക്കും മറ്റു പലതിലേക്കും നയിച്ച അനുഭവമാണു തോമസ് അല്‍വ എഡിസന്‍റേത്. പ്രായോഗികാനുഭവങ്ങളില്‍ നിന്നാണ് എഡിസണ്‍ അടിസ്ഥാന തത്ത്വങ്ങളിലേക്ക് എത്തിയിരുന്നത്. ആകസ്മികമെന്നു പറയാവുന്ന രീതിയിലായിരുന്നു അവ. ഒരു കണ്ടുപിടുത്തം നടത്തുമ്പോള്‍ കിട്ടുന്ന സംതൃപ്തിയേക്കാള്‍ വലുതായിരുന്നു ഈ നാടകീയത പകര്‍ന്നിരുന്ന രസം. എഡിസനു കേള്‍വിക്കുറവുണ്ടായിരുന്നു. അത് ഏകാന്തതയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ പ്രേരണയായി. നിശ്ശബ്ദതയില്‍ അദ്ദേഹത്തിന്‍റെ പ്രതിഭ സ്വാതന്ത്ര്യത്തോടെ പാറിനടന്നു. ഏകാന്തത, ആത്മീയതയ്ക്കു മാത്രമല്ല, ശാസ്ത്രത്തിനും വളരാന്‍ ആവശ്യമായ മണ്ണാണ്. ഏകാന്തത തേടിയാണു യേശു മലമുകളിലേക്കു പോയിരുന്നത്. പിതാവായ ദൈവവുമായി നടത്തുന്ന നിശ്ശബ്ദ സംഭാഷണായിരുന്നു യേശുവിന്‍റെ പ്രാര്‍ത്ഥന.

അത് ആത്മീയമായ കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും യേശുവിനു നല്കി. പ്രാര്‍ത്ഥന കഴിഞ്ഞു മലമകുളില്‍നിന്ന് ഇറങ്ങിവരുന്ന യേശു കൂടുതല്‍ ഊര്‍ജ്ജസ്വലനായിരുന്നു. മനുഷ്യനും ദൈവവുമായ യേശുവില്‍ ദൈവികത കൂടുതല്‍ ജ്വലിച്ചിരുന്ന സന്ദര്‍ഭങ്ങളായിരുന്നു അവ. പ്രാര്‍ത്ഥനയ്ക്കുശേഷമാണു യേശു പന്ത്രണ്ടു ശിഷ്യന്മാരെ കണ്ടു പിടിച്ചത്. തിരഞ്ഞെടുപ്പ് എന്നതിനേക്കാള്‍ അതു കണ്ടുപിടുത്തമായിരുന്നു. മെച്ചപ്പെട്ടതു തിരഞ്ഞെടുക്കാന്‍ അവരില്‍ പ്രത്യേകിച്ച് ഒന്നുമുണ്ടായിരുന്നില്ല. നിരക്ഷരരായ മത്സ്യത്തൊഴിലാളികള്‍. പക്ഷേ, യേശു അവരില്‍ തനിക്ക് ആവശ്യമുള്ളതു കണ്ടുപിടിച്ചു. തനിക്ക് ആവശ്യമുള്ള രീതിയില്‍ അവരെ പരിവര്‍ത്തിപ്പിക്കാമെന്നു കണ്ടെത്തി.

തെറ്റായ ഒരു ധാരണയുണ്ട്, കണ്ടുപിടുത്തം എന്നതു ശാസ്ത്രവുമായി മാത്രം ബന്ധപ്പെട്ട കാര്യമാണെന്ന്. ആത്മീയ അന്വേഷണങ്ങളുടെ ഫലമായി കണ്ടെത്തുന്നതും കണ്ടുപിടുത്തങ്ങളുടെ കുടുംബത്തില്‍ ഉള്‍പ്പെട്ടതാണ്. ആത്മീയാചാര്യന്മാരുടെ കണ്ടെത്തലുകള്‍ ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍പോലെ ലോകത്തെ മാറ്റിമറിച്ചിട്ടുണ്ട്. ദൈവത്തെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും കൂടെ സ്നേഹിക്കുക, നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക (വി. മത്താ. 22: 37-40) എന്ന യേശുവിന്‍റെ ഉദ്ബോധനം ഏതു കാലത്തും ലോകത്തെ സ്വാധീനിക്കുന്നു. മാറ്റിമറിക്കാനും ശക്തിയുള്ളതാണ്. ശാസ്ത്രസത്യംപോലെ അതിനും കാലമോ കാലാവസ്ഥയോ രാഷ്ട്രീയസാഹചര്യമോ ഒന്നും പ്രശ്നമല്ല. അതു പക്ഷേ, വിപണിയില്‍നിന്നു ബള്‍ബ് വാങ്ങിക്കൊണ്ടു വന്നു വീട്ടില്‍ വെളിച്ചമുണ്ടാക്കുന്നതുപോലെ എളുപ്പമല്ല. ആദ്യം വ്യക്തിയുടെ മനസ്സില്‍ വെളിച്ചമുണ്ടാകണം. അതിനുശേഷമേ വീട്ടിലും നാട്ടിലും വെളിച്ചം പടര്‍ത്താനാകൂ. യേശു ഉപമകളിലൂടെയാണു സംസാരിച്ചത്. ശാസ്ത്രത്തിന്‍റെ പ്രത്യേകമായ ഭാഷപോലെ യേശുവിന്‍റെ ദര്‍ശനങ്ങളുടെ സുവിശേഷം ഭാഷയായിരുന്നു അത് (മര്‍ക്കോ. 4:11). നിലവിലുള്ള ഭാഷയുടെ പരിമിതികള്‍ മറികടക്കാന്‍ പുതിയൊരു രീതി രൂപപ്പെടുത്തുകയായിരുന്നു യേശു

ശരിയായ പ്രാര്‍ത്ഥന അതിനാല്‍ത്തന്നെ മഹത്തായ അനുഭവമാണ്. അതോടൊപ്പം കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും സംഭവിക്കുമ്പോള്‍ ഉത്കൃഷ്ടമായ മറ്റൊന്നുകൂടി സംഭവിക്കുകയാണ്. ദൈവികമാണത്.

ചൈനീസ് സെന്‍ഗുരു ജോഷു പറഞ്ഞു: "മണ്‍ബുദ്ധനു നദി കടക്കാനാവില്ല, വെങ്കലബുദ്ധനു ചൂളയെ കടക്കാനാവില്ല, മരബുദ്ധന് അഗ്നിയെ കടക്കാനുമാവില്ല." ബുദ്ധന്‍റെ യഥാര്‍ത്ഥ സത്ത മണ്ണും വെങ്കലവും മരവുമല്ല. യേശു പഠിപ്പിച്ചവയുടെ ശക്തിയും അതുതന്നെ. അതിനാല്‍ അതിനു വെള്ളത്തെയും അഗ്നിയെയും വരള്‍ച്ചയെയും മറികടക്കാന്‍ കഴിയുന്നു. കഴിഞ്ഞ രണ്ടായിരത്തിലേറെ വര്‍ഷത്തെ ചരിത്രം അതാണ്.

യേശു ആരുടെയും സ്വകാര്യഭണ്ഡാരമല്ല. യേശുവിന്‍റെ കുത്തകക്കാരായി നടിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്. പാരമ്പര്യങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും സ്വര്‍ണപാത്രങ്ങളില്‍ മുഖം മറച്ചിരിക്കുന്നതല്ല യേശുവിന്‍റെ ഉദ് ബോധനങ്ങള്‍. അതുകൊണ്ടാണു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്, "ഒരാള്‍ യേശുവിനെ വേണമെന്നു പറയുമ്പോള്‍ അതു നിഷേധിക്കുവാന്‍ ഞാനാരാണ്?"

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org