Latest News
|^| Home -> Pangthi -> കിളിവാതിലിലൂടെ -> പ്രളയം: തകഴിയുടെ കഥയും പാഠഭേദവും

പ്രളയം: തകഴിയുടെ കഥയും പാഠഭേദവും

മാണി പയസ്

ലോകത്തിലെ എല്ലാ പ്രാചീന സംസ്കാരങ്ങളിലും പ്രളയത്തെക്കുറിച്ചുള്ള കഥകളുണ്ട്. ദൈവകോപം മനഷ്യരെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കുന്നതും മനുഷ്യവംശത്തിന്‍റെ പ്രതിനിധിയായ വിശുദ്ധ മനസ്സുള്ള ഒരാളും അദ്ദേഹത്തിന്‍റെ കുടുംബവും ജീവജാലങ്ങളുടെ പ്രതിനിധികളും രക്ഷപ്പെടുന്നതുമായ കഥകള്‍. അവയില്‍ ഏറ്റവും പ്രശസ്തമായതു ബൈബിള്‍ പഴയ നിയമത്തിലെ നോഹയുടെ ചരിത്രമാണ്.

ദക്ഷിണ ചിലിയിലെ ഇന്‍ക ആദിവാസികളുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു കഥയുണ്ട്. ദൈവം വലിയ കല്ലുകള്‍കൊണ്ടു ഭീമാകാരരായ മനുഷ്യരെ സൃഷ്ടിച്ചു. അവര്‍ ദൈവത്തിന്‍റെ നിയന്ത്രണത്തില്‍ നില്ക്കാതെ തന്നിഷ്ടത്തോടെ പെരുമാറിയപ്പോള്‍ പ്രളയമുണ്ടാക്കി സര്‍വരെയും നശിപ്പിച്ചു. പിന്നീടു ദൈവം ചെറിയ കല്ലുകളില്‍ നിന്ന് ഇന്നുള്ള മനുഷ്യരെ സൃഷ്ടിച്ചു.

വലിയ ലോകത്തില്‍ ചെറിയ മനുഷ്യര്‍
സുമേറിയയില്‍ പ്രചാരത്തിലുള്ള പ്രളയകഥയാണു ലോകത്ത് ഏറ്റവും പഴക്കമുള്ളതെന്നു കരുതപ്പെടുന്നു. മനുഷ്യരുണ്ടാക്കുന്ന ശബ്ദമലിനീകരണംമൂലം ദേവന്മാരുടെ ഉറക്കം തടസ്സപ്പെട്ടു. കുപിതരായ അവര്‍ പ്രളയം സൃഷ്ടിച്ചു മനുഷ്യവംശത്തെ നശിപ്പിക്കാന്‍ നിശ്ചയിച്ചു. എന്‍കി ദേവന്‍ ശിസുദ്ര എന്ന മനുഷ്യന് ഇതേക്കുറിച്ചു മുന്നറിയിപ്പ് നല്കി. ഒരു പെട്ടകം പണിത് അതില്‍ താമസിച്ച ശിസുദ്രയ്ക്കു പ്രളയത്തില്‍ ജീവഹാനി സംഭവിച്ചില്ല.

ഗ്രീസിലും ഫിന്‍ലന്‍ഡിലും ന്യൂസിലന്‍ഡിലും ദക്ഷിണ അമേരിക്കയിലും കാമറൂണിലും ചൈനയിലും കൊറിയയിലും എസ്കിമോകളുടെ ഇടയിലും മറ്റും പ്രളയത്തെക്കുറിച്ചുള്ള കഥകളുണ്ട്. കഥകള്‍ എന്നതിനേക്കാള്‍ മിത്തുകളാണവ. സമൂഹമനസ്സ് അനേകമനേകം നൂറ്റാണ്ടുകളിലൂടെ കൂടെ കൊണ്ടുനടക്കുന്ന കഥകള്‍.

ജലം ജീവന്‍റെയും പുതജന്മത്തിന്‍റെയും വളര്‍ച്ചയുടെയും പ്രതീകമാണ്. ജ്ഞാനസ്നാനത്തില്‍ ജലത്തിന്‍റെ പ്രാധാന്യം സൂചിപ്പിക്കുന്നത് അതാണ്. പാപങ്ങള്‍ കഴുകിക്കളഞ്ഞു വ്യക്തി ശുദ്ധമാക്കപ്പെടുന്നു. മഴയും പുതുജന്മത്തിന്‍റെയും പുനര്‍ജീവന്‍റെയും പ്രതീകമാണ്. എന്നാല്‍ പ്രളയം ദൈവത്തിന്‍റെയും പ്രകൃതിയുടെയും കോപം ഇടിച്ചിറങ്ങുന്നതാണ്.

സാഹിത്യത്തില്‍ മനുഷ്യന്‍റെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും പ്രകൃതിയുടെ ഭാവമാറ്റങ്ങളോടു ബന്ധപ്പെടുത്തി അവതരിപ്പിക്കാറുണ്ട്. “അവന്‍ കൊടുങ്കാറ്റു പോലെ അകത്തേയ്ക്കു പാഞ്ഞുവന്നു,” ഇടിമുഴക്കംപോലെയായിരുന്നു അയാളുടെ സ്വരം, കാറ്റു കുപിതനായി പുറത്ത് അലഞ്ഞുനടന്നു, അവളുടെ സാന്ത്വനത്തില്‍ അവന്‍റെ കുറ്റബോധം ഒഴുകിപ്പോയി എന്നിങ്ങനെ എഴുതാറുണ്ട്. എന്നാല്‍ സ്നേഹം അവന്‍റെയുള്ളില്‍ പ്രളയമായി വളര്‍ന്നു എന്നൊന്നും എഴുതാറില്ല. പ്രളയത്തിന്‍റെ അസാധാരണത്വവും നശീകരണസ്വഭാവവുമാകാം കാരണം.

കേരളത്തിനു പ്രളയം അസാധാരണമായ കാര്യമല്ല. പണ്ടു പുഴകളില്‍ വെള്ളപ്പൊക്കം സാധാരണ സംഭവമായിരുന്നു. പഴമക്കാര്‍ സംഭവങ്ങളെ വെള്ളപ്പൊക്കവുമായി ബന്ധപ്പെടുത്തിയാണ് ഓര്‍ത്തുവച്ചിരുന്നത്. വെള്ളപ്പൊക്കം പ്രളയത്തിനു വഴിമാറുമ്പോള്‍ ചരിത്രവും മാറുന്നു. ഏ.ഡി. 1341-ലെ പ്രളയം കേരളത്തിന്‍റെ ചരിത്രം മാറ്റി. ക്രിസ്തുവിനു മുമ്പേ ലോകത്തിലെ പ്രമുഖ വാണിജ്യകേന്ദ്രങ്ങളില്‍ ഒന്നായിരുന്ന മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖ പട്ടണം ആ പ്രളയത്തില്‍ ഇല്ലാതായി. കൊച്ചിയില്‍ പുതിയ തുറമുഖം രൂപപ്പെട്ടു. പ്രളയംമൂലം കപ്പല്‍ചാനലുകളില്‍ മണ്ണടിഞ്ഞതാണു കൊടുങ്ങല്ലൂരിനെ തകര്‍ത്തത്.

’99-ലെ വെള്ളപ്പൊക്കം എന്നു പരാമര്‍ശിക്കപ്പെടുന്ന കൊല്ലവര്‍ഷം 1099 (1924)-ലെ പ്രളയം കേരളത്തില്‍ വ്യാപകമായ നാശം വിതച്ചു. അതിനു 42 വര്‍ഷം മുമ്പ് കൊല്ലവര്‍ഷം 1057-ലും വെള്ളപ്പൊക്കമുണ്ടായി.

1924-ലെ വെള്ളപ്പൊക്കത്തെപ്പറ്റി 1924 ജൂലൈ 19-ലെ മലയാള മനോരമ പത്രത്തില്‍ എറണാകുളത്തെ സ്വന്തം ലേഖകന്‍ എഴുതിയ ‘ഭയങ്കരമായ വെള്ളപ്പൊക്കം’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തിനു മണലിപ്പുഴയും കുറുമാലിപ്പുഴയം കവിഞ്ഞൊഴുകി റോഡില്‍ക്കൂടെ കാളവണ്ടിയില്‍ പോയിരുന്ന ഒരു കത്തനാരും വ ണ്ടിയും വണ്ടിക്കാരനും കാളയുംകൂടെ ഒഴുകിപ്പോകുകയും കത്തനാര്‍ മാത്രം രാത്രി മുഴുവന്‍ വെള്ളത്തില്‍ കിടന്നു തുഴഞ്ഞു മൃതപ്രായനായശേഷം അടുത്തുള്ള അമ്പലത്തിലെ ശാന്തിക്കാരനാല്‍ രക്ഷപ്പെടുത്തപ്പെടുകയുമുണ്ടായി.” പ്രളയത്തില്‍ മതത്തിന്‍റെ അതിരുകള്‍ ഇടിഞ്ഞുവീണതിന്‍റെ വിവരണവും കൂടിയാണിത്.

1924-ലെ പ്രളയത്തില്‍ തീണ്ടലും തൊടീലും കുറച്ചുകാലത്തേക്കെങ്കിലും ഒലിച്ചുപോയതിനെക്കുറിച്ചു ദീപിക റിപ്പോര്‍ട്ടുകളും വെളിപ്പെടുത്തുന്നുണ്ട്. കാലടി തലയാറ്റുംപള്ളി മനയ്ക്കല്‍ നിന്നു കൊണ്ടുപോയ ചെമ്പില്‍ അരി വേവിച്ചാണു അഭയകേന്ദ്രമായ മറ്റൂര്‍ കുന്നിലെ സകല ജാതിക്കാര്‍ക്കും ചോറു കൊടുത്തതെന്നു ദീപിക റിപ്പോര്‍ട്ട് ചെയ്തു. ആദിശങ്കരന്‍റെ ജന്മനാടായ കാലടിയാണു സൂചിതസ്ഥലം. ഇപ്പോഴത്തെ പ്രളയത്തിലും ജാതിബോധവും മതചിന്തയും ഒലിച്ചുപോയിട്ടുണ്ടെങ്കിലും വെള്ളം ഇറങ്ങുന്ന വേഗതയില്‍ അവ തിരിച്ചെത്തുമെന്നതു സത്യം.

മുമ്പത്തെ പ്രളയങ്ങളിലുണ്ടായ കെടുതികളെപ്പോലെ ഇപ്പോഴത്തെ നാശനഷ്ടങ്ങളും മലയാളി മറക്കും. വില്ക്കാനും വാങ്ങാനുമുള്ള സാധനം മാത്രമായി ഭൂമിയെ കൈകാര്യം ചെയ്യാനും തുടങ്ങും. സ്വന്തം അഹംബോധത്തെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നത്ര പുഴയോടു ചേര്‍ന്നുതന്നെ വമ്പന്‍ വീടു പണിയും. 50 കോടി രൂപയോളം മുടക്കി പുഴക്കരയില്‍ ബഹുനിലകളുള്ള വീടു പണിത പ്രവാസി വ്യവസായി ഈ പ്രളയത്തില്‍ തന്‍റെയും കുടുംബാംഗങ്ങളുടെയും ജീവന്‍ രക്ഷിക്കാന്‍ കേഴുകയായിരുന്നു. ഇപ്പോള്‍ ഈ വീട്ടില്‍ താമസിക്കുവാന്‍ അദ്ദേഹം ഭയപ്പെടുന്നു. കഥയല്ലിത്. പ്രളയം മലയാളിയുടെ മുന്നില്‍ തുറന്നുവച്ച ഒരു ജീവിത യാഥാര്‍ത്ഥ്യമാണ്. ‘വെള്ളപ്പൊക്കത്തില്‍’ എന്ന പേരില്‍ തകഴി ശിവശങ്കരപിള്ളയുടെ ഒരു കഥയുണ്ട്. ജി. മധുസൂദനന്‍ കഥയും പരിസ്ഥിതിയും എന്ന കൃതിയില്‍ ഈ കഥയെക്കുറിച്ചു വിവരിക്കുന്നുണ്ട്: “ഭൂമിയെ പയോധിനിയാക്കി മാറ്റുന്ന പ്രകൃതിയുടെ ശൗര്യമായ പ്രളയത്തിനു മുന്നില്‍ ആദിമ നിസ്സഹായതയിലേക്കു പിന്മാറേണ്ടി വന്ന സമസ്ത ചരാചരങ്ങളുടെയും കഥയാണത്. തവളയും മത്സ്യവും, കാകനും പച്ചക്കിളിയും, നീര്‍ക്കോലിയും പശുവും പോത്തും മുതല്‍ ഉഗ്രനായ നക്രംവരെ ഇക്കഥയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നാട്ടിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്തു നിലകൊള്ളുന്ന മാളികപ്പുറത്തു മുതിര്‍ന്നവരും കുട്ടികളും പട്ടിയും പൂച്ച യും ആടും കോഴികളുമെല്ലാം ശണ്ഠയില്ലാതെ ഐകമത്യമായി കഴിയുന്നതു വര്‍ണിച്ചുകൊണ്ടാണു തകഴി കഥ തുടങ്ങുന്നത്. പെരുമഴയില്‍ കുട്ടനാടു മുഴുവന്‍ വെള്ളത്തിനടിയിലായി. സ്വന്തം പുരപ്പുറത്ത് അഭയം തേടിയ ചേന്നപ്പറയനും കുടുംബവും ഒരു വള്ളത്തില്‍ കയറി രക്ഷപ്പെട്ടു. വള്ളത്തില്‍ കയറ്റാന്‍ മറന്ന ചേന്നന്‍റെ നായ് പുരപ്പുറത്തുനിന്നു മോങ്ങി. ജലപ്പരപ്പിലൂടെ ഒഴുകിപ്പോകുന്ന ജന്തുക്കളുടെ ശവശരീരങ്ങളും നോക്കി മഴയില്‍ നനഞ്ഞു വിശന്നു തളര്‍ന്ന് അവനിരുന്നു. വള്ളങ്ങളില്‍ നടന്നു സര്‍വത്ര മോഷണം നടത്തുന്ന മനുഷ്യര്‍ അവനെ രക്ഷിച്ചില്ല. യജമാനന്‍റെ വീട്ടുവളപ്പിലുള്ളതൊക്കെ സംരക്ഷിക്കാന്‍ അവന്‍ ശ്രദ്ധിച്ചു. വിശന്നു വലഞ്ഞപ്പോള്‍ ഒഴുകിവന്ന പശുവിന്‍റെ ജഡം തിന്ന അവനെ മുതല ആക്രമിച്ചു. വെള്ളം ഇറങ്ങി തുടങ്ങിയപ്പോള്‍ നായയെ അന്വേഷിച്ചു നീന്തിത്തുടിച്ചെത്തിയ ചേന്നന്‍ കണ്ടത് അവന്‍റെ അഴുകിയ ശവമാണ്….”

കാക്കനാടന്‍റെ ‘ഒറോത’ എന്ന നോവലിലെ നായിക വെള്ളപ്പൊക്കത്തില്‍ ഒഴുകിവന്നതാണ്. ‘ഒറോത’ പക്ഷേ, പ്രളയത്തെക്കുറിച്ചുള്ള കഥയല്ല. തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥയ്ക്ക് അതേപേരില്‍ത്തന്നെ എസ്.വി. വേണുഗോപന്‍നായര്‍ ഒരു പാഠഭേദം കഥ രചിച്ചിട്ടുണ്ട്. ഇതിലെ നായകനായ വൃദ്ധന്‍ വീടു വെള്ളത്തില്‍ മുങ്ങിയിട്ടും മേല്‍ക്കൂരയിലെ ഓലയിളക്കി നനഞ്ഞുനിന്നു മഴ കണ്ടു. പ്രളയജലത്തില്‍ ഒഴുകിവന്ന മലമ്പാമ്പിനെ അയാള്‍ സ്വാഗതം ചെയ്യുന്നു. രക്ഷാപ്രവര്‍ത്തകര്‍ വന്നു വിളിച്ചിട്ടും സുരക്ഷിത സ്ഥാനത്തേയ്ക്കു പോകുവാന്‍ തയ്യാറായില്ല. മഴ അയാള്‍ക്കു ശത്രുവല്ല; പ്രളയത്തെ പേടിയുമില്ല.

പ്രളയം വിഴുങ്ങിയ ഭൂമിക്ക് അതിരും വരമ്പുമില്ല. അത് ആരുടെയും ആധാരസ്വത്തല്ല. പ്രളയകാലത്തു പണ്ടു നടത്തിയിരുന്ന ധീരസാഹസികകൃത്യങ്ങള്‍ വൃദ്ധന്‍ ഓര്‍ക്കുന്നു: “വള്ളത്തിക്കേറി ചെറുബാല്യക്കാര് ഞങ്ങള് ഊരുചുറ്റും. വാഴക്കൊലയും കൊലകൊലയായി തേങ്ങയും പാക്കും വെട്ടി വള്ളത്തിലിടും.”

പ്രകൃതിയുടെ സംഹാരതാണ്ഡവമായല്ല, ദേവേന്ദ്രന്‍റെ നടനമായാണു വൃദ്ധന്‍ മഴയെയും പ്രളയത്തെയും കാണുന്നത്. പെട്ടെന്നു വീശിയ മിന്നല്‍പ്പിണരിനെ നോക്കി അയാള്‍ പറയുന്നു: “ബലേഭേഷെടാ, ദേവേന്ദ്രാ, ബലേ. ഇതുപോലെ ഒന്നുകൂടി ഇങ്ങ് പോരട്ട്… ഒന്നുകൂടി. ആ വാളെടുത്ത് ആഞ്ഞൊന്ന് വീശൂട്. ചൊണ കാണട്ട്…” ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ച പ്രളയത്തെ നോക്കി ഒരു കഥാകൃത്തിനും ഇങ്ങനെയൊരു കഥയോ സംഭഷണോ എഴുതാനാകില്ല. കാരണം നാശനഷ്ടങ്ങള്‍ അത്രയ്ക്കു ഭയങ്കരമാണ്. കേരളത്തില്‍ ആര്‍ക്കും അതിന്‍റെ ആഘാതം ഉള്‍ക്കൊള്ളാതെ സംസാരിക്കാനാവില്ല.

കേരളത്തില്‍ ഓരോ പ്രളയത്തിലും നാശനഷ്ടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. പ്രളയത്തിന്‍റെ ശക്തി വര്‍ദ്ധിക്കുന്നതുകൊണ്ടും കുറച്ചു സ്ഥലത്തു കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതുകൊണ്ടും ഡിസാസ്റ്റര്‍ മാനേജുമെന്‍റ് സംവിധാനം കാര്യക്ഷമമല്ലാത്തതുകൊണ്ടും മറ്റു പല കാരണങ്ങള്‍ മൂലവുമാണ് ഇങ്ങനെ സംഭവിക്കുന്നത്. ദുരന്തം ഉണ്ടായശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മഹത്ത്വം നിസ്സാര കാര്യമല്ല. പക്ഷേ, ദുരന്തം ഉണ്ടാകാതിരിക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കുക എന്നതാണു കൂടുതല്‍ മഹത്ത്വമാര്‍ന്ന പ്രവൃത്തി. ബുദ്ധിമാനായ മനുഷ്യന്‍ മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുന്നു. സാധാരണക്കാരനായ വ്യക്തി സ്വന്തം അനുഭവങ്ങളില്‍ നിന്നും പഠിക്കുന്നു. വിഡ്ഢിയാകട്ടെ ഒന്നില്‍ നിന്നും ഒന്നും പഠിക്കുന്നില്ല. കേരളീയര്‍ ഇതില്‍ ഏതു വിഭാഗത്തില്‍ പെടുന്നുവെന്നത് ആത്മവിചാരണയിലൂടെ മനസ്സിലാക്കണം.

-manipius59@gmail.com

Leave a Comment

*
*