ദൈവം നിങ്ങളെ സ്‌നേഹിക്കാന്‍ അനുവദിക്കുക

ദൈവം നിങ്ങളെ സ്‌നേഹിക്കാന്‍ അനുവദിക്കുക

വിശ്വാസം ബലഹീനമായിട്ടുണ്ടോ? അതിനെ പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍, ആരാധന നടത്തുക, കുമ്പസാരത്തില്‍ സ്വയം പൊറുക്കപ്പെടാന്‍ അനുവദിക്കുക, ക്രൂശിതന്റെ മുമ്പില്‍ നില്‍ക്കുക. ചുരുക്കത്തില്‍, ദൈവം നിങ്ങളെ സ്‌നേഹിക്കാന്‍ അനുവദിക്കുക. ഇതാണ് വിശ്വാസത്തിന്റെ തുടക്കം. പിതാവായ ദൈവത്താല്‍ സ്‌നേഹിക്കപ്പെടാന്‍ സ്വയം വിട്ടുകൊടുക്കുക.
നിത്യജീവന്‍ സ്വന്തമാക്കാന്‍ എന്തു ചെയ്യണമെന്നു ചോദിച്ച സുവിശേഷത്തിലെ ധനികയുവാവില്‍ എല്ലാവര്‍ക്കും തന്നെത്തന്നെ കാണാവുന്നതാണ്. കാരണം, സുവിശേഷത്തില്‍ അയാള്‍ക്കു പേരില്ല. യുവാവിന്റെ ചോദ്യത്തില്‍ മതാത്മകതയാണു നാം കാണുന്നത്. അതു ദൈവവുമായുള്ള ഒരു വാണിജ്യബന്ധമാണ്. എനിക്കാവശ്യമുള്ളതു കിട്ടാന്‍ ഞാനെന്തു കൊടുക്കേണ്ടി വരും എന്ന ചോദ്യം. വിശ്വാസമാകട്ടെ യാന്ത്രികമായ ഒരു ആചാരമല്ല. അതു സ്വാതന്ത്ര്യത്തിന്റെയും സ്‌നേഹത്തിന്റെയും കാര്യമാണ്. ദൈവവുമായി വിലപേശലിനുള്ള ഒരു കടമയായിട്ടാണോ വിശ്വാസത്തെ കാണുന്നതെന്നു നാം പരിശോധിക്കണം. പിതാവ് എന്നതിനു പകരം കണക്കു സൂക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ദൈവത്തെ കുറിച്ചുള്ള തെറ്റായ ചിത്രമുണ്ടാക്കുന്ന വാണിജ്യ-യാന്ത്രിക വിശ്വാസത്തില്‍ നിന്നു നാം സ്വയം മുക്തരാകുക എന്നതാണ് ആദ്യത്തെ കാര്യം.
യേശു ആ ധനികയുവാവിനെ സ്‌നേഹത്തോടെ നോക്കി എന്നു സുവിശേഷം പറയുന്നു. ഇവിടെയാണു വിശ്വാസം ജനിക്കുന്നതും പുനഃജനിക്കുന്നതും. കടമയില്‍ നിന്നോ പകരം കൊടുക്കേണ്ടതില്‍ നിന്നോ അല്ല, മറിച്ച്, സ്‌നേഹത്തിന്റെ നോട്ടത്തില്‍ നിന്നാണ്. നമ്മുടെ കഴിവുകളിലും പദ്ധതികളിലും അല്ല അത് അധിഷ്ഠിതമായിരിക്കുന്നത്, മറിച്ച് ദൈവത്തിന്റെ നോട്ടത്തിലാണ്. ഉദാരമായി നല്‍കാനും യേശു ആവശ്യപ്പെടുന്നു. നാം പരമാവധി കുറഞ്ഞ അളവില്‍ കടമ ചെയ്യുന്നവരാണ്. യേശുവാകട്ടെ, പരമാവധി കൂടിയ അളവില്‍ ചെയ്യാനാവശ്യപ്പെടുന്നു.
(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കു ശേഷം നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org