ചരിത്രം ചരിത്രമായി നില്‍ക്കട്ടെ

ചരിത്രം ചരിത്രമായി നില്‍ക്കട്ടെ

ലിറ്റി ചാക്കോ

ലിറ്റി ചാക്കോ
ലിറ്റി ചാക്കോ

ചരിത്രം നമ്മെ എല്ലാകാലത്തും ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്? ചരിത്രത്തിന് പ്രിയങ്ങളും അപ്രിയങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്? ചിലരുടെ ചരിത്രം നമ്മെ നിരന്തരം അലോസരപ്പെടുത്താന്‍ കാരണമെന്താണ്? ഇത്തരം ചോദ്യങ്ങളെക്കുറിച്ചുള്ള ഒരു അന്വേഷണം എത്തിനില്‍ക്കുന്നത്, സമകാലിക സംഭവങ്ങളുടെ വിശകലനങ്ങളിലാണ്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ചരിത്രത്തിന്റെ കഥപറയുന്ന പുസ്തകമാണ് ഐവറി ത്രോണ്‍. ശ്രീ. മനു എസ്. പിള്ള എഴുതിയ ദന്തസിംഹാസനം. അന്നു വരെയും അറിയപ്പെട്ട ഒരു ചരിത്രത്തിന് വ്യത്യസ്ത മാനം നല്‍കുന്ന ഒരു പുസ്തകമായിരുന്നു ഐവറി ത്രോണ്‍. രാജകുടുംബങ്ങളുടെ ചരിത്രങ്ങളും അധികാരിവര്‍ഗ്ഗങ്ങളുടെ ചരിത്രങ്ങളും എല്ലാം തന്നെയും കൃത്യമായ സമവാക്യങ്ങളിലൂടെ മാത്രം പുറത്തുവന്ന ഘട്ടത്തില്‍ ശരിയും തെറ്റും വിവേചിച്ചറിയാന്‍ മറ്റ് അവസരങ്ങള്‍ ഇല്ലാതിരുന്ന ഒരു ഘട്ടത്തില്‍ മനു പിള്ളയുടെ ഐവറി ത്രോണ്‍ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടു. ലോകമെമ്പാടും ഈ പുസ്തകം ചര്‍ച്ച ചെയ്യപ്പെടുന്നതിന് മറ്റൊരു മാനദണ്ഡം കൂടി ഉണ്ടായിരുന്നു. കാരണം അത് ഒരു ശുദ്ധമായ അക്കാദമിക് വര്‍ക്കാണ്. എഴുത്തിന്റെ പ്രക്രിയകള്‍ അഥവാ പ്രോസസ്സ് ഓഫ് ഹിസ്റ്ററി എന്താണ് എന്ന് വളരെ വ്യക്തമായി കാണിച്ചു തരുന്ന പുസ്തകമാണ് ഇത്. ഡോക്യുമെന്റ് അനാലിസിസ് എന്ന ടൂള്‍ ഉപയോഗിച്ച് വളരെ മനോഹരമായി ഫിക്ഷന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും ഉദ്യേഗജനകമായ അതിര്‍വരമ്പുകളില്‍ നമ്മെ നിര്‍ത്തിക്കൊണ്ട് രചിച്ചിരിക്കുന്ന പുസ്തകമാണിത്.

തിരുവിതാംകൂറിന്റെ മഹാറാണി ആയിരുന്ന റാണി സേതു ലക്ഷ്മി ഭായിയുടെ ജീവിതത്തിന്റെ കഥ പറയുന്ന ഈ പുസ്തകം, തിരുവിതാംകൂറിന്റെ മാത്രമല്ല കേരള സംസ്ഥാനത്തിന്റെ തന്നെയും തെക്കേ ഇന്ത്യയുടെ തന്നെയും ചരിത്രത്തിന് ഒരു പുതുമാനം നല്‍കുകയുണ്ടായി. സ്വന്തം നാട്ടില്‍ നിന്നും അധികാര സ്ഥാനങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടപ്പോഴും, ആരാലും തിരിച്ചറിയപ്പെടാതെ ജനാധിപത്യത്തിന്റെ പുതിയ സോപാനങ്ങളില്‍ സംതൃപ്തിയോടെ വിരാജിച്ചു കൊണ്ടിരിക്കുന്ന ഒരു പുതിയ തലമുറയെ വരച്ചിട്ടുകൊണ്ടാണ് ഐവറി ത്രോണ്‍ അവസാനിക്കുന്നത്. സാധാരണക്കാരനില്ലാത്ത സൗഭാഗ്യങ്ങളും സമ്പത്തും എല്ലാം വേണ്ടെന്നു വയ്ക്കുകയും രാജകീയചിഹ്നങ്ങളെല്ലാം ഉപേക്ഷിച്ച് കുടുംബബന്ധങ്ങളുടെ സ്വസ്ഥതയുടെ തീരങ്ങള്‍ തേടി ഒരു താവഴി അപ്പാടെ പുതു ജീവിതം കരുപ്പിടിപ്പിക്കുന്ന ഒരു ചരിത്രമാണത്. തികച്ചും സ്വാഭാവികമായും ഇതിനൊരു എതിര്‍പക്ഷമുണ്ട്. അധികാര കേന്ദ്രങ്ങളില്‍ കടിച്ചുതൂങ്ങുകയും അധികാരത്തിനു വേണ്ടി കുതിരക്കച്ചവടങ്ങള്‍ നടത്തുകയും ചെയ്ത മറ്റൊരു താവഴി ഇതിന്റെ ഇപ്പുറത്തെ തലക്കല്‍ നില്‍ക്കുന്നുണ്ട്. അവരാകട്ടെ, സമകാലിക കേരളീയ സമൂഹത്തില്‍ വിശുദ്ധിയുടെയും പവിത്രതയുടെയും രാജപാരമ്പര്യത്തിന്റെ അവസാനത്തെ കണ്ണി എന്ന നിലയില്‍ ഏറെ ആദരവും ബഹുമാനവും പിടിച്ചുവാങ്ങിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരുമാണ്. ഇവരെ എല്ലാവരെയും നമ്മുടെ പത്രമാധ്യമങ്ങളും പൊതുസമൂഹവും അധികാര കേന്ദ്രങ്ങളും എല്ലാം തിരുമനസ്സ് എന്നും തമ്പുരാട്ടി തമ്പുരാന്‍ എന്നും സദാ അഭിസംബോധന ചെയ്തു കൊണ്ടിരിക്കുന്നു. നേരത്തെ പറഞ്ഞ വിഭാഗം അധികാരത്തിന്റെ ഒരു അടയാളങ്ങളും ബാക്കി വയ്ക്കാനിഷ്ടപ്പെടാതെ, തമ്പുരാന്‍ തിരുമനസ്സ് എന്ന പദങ്ങള്‍ എല്ലാം കേള്‍ക്കുമ്പോള്‍ പുഞ്ചിരിച്ചു കൊണ്ട്, ജനാധിപത്യം എന്ന ഒരു പ്രക്രിയയില്‍ മാത്രം ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട്, ആരുടേയും ശ്രദ്ധാകേന്ദ്രമാകാന്‍ താല്പര്യപ്പെടാതെ, ആള്‍ക്കൂട്ടത്തിലെ ഒരാളായി മാത്രം ജീവിക്കുവാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഈയൊരു കൃതി പുറത്തുവന്നതിനു ശേഷം പൊതു സമൂഹത്തില്‍ ഒരു തിരിച്ചറിവുണ്ടാകുന്നു. ഇന്ന് പ്രതാപം കൈയാളുന്നവരാകട്ടെ, ഏതാണ്ട് ഒരു പരിധിവരെയും ഒരു പ്രതിപ്പട്ടികയുടെ സ്ഥാനത്തേക്ക് മാറുകയും ചെയ്തിരിക്കുന്നു. ഇതിനു ബദലായി അവര്‍ കൊണ്ടു വരുന്നതാണ് ഹിസ്റ്ററി ലിബറേറ്റഡ് എന്ന പുസ്തകം. ഒരു പുസ്തകം കൊണ്ടു നഷ്ടപ്പെട്ടത്, മറ്റൊരു പുസ്തകം കൊണ്ട് നേടാന്‍ ശ്രമിക്കുന്ന ദുരവസ്ഥയാണ് ഈ പുസ്തകം കാണിച്ചുതരുന്നത്. ഒരു ചരിത്ര കൃതിയെ മറ്റൊരു കൃതി കൊണ്ട് സ്ഥാപിതതാല്പര്യങ്ങള്‍ വച്ച് എതിര്‍ക്കുന്ന ഒരു രീതിയാണിത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അക്ഷരങ്ങള്‍ കൊണ്ട് ആഹ്വാനം ചെയ്യുന്ന ഒരു യുദ്ധം തന്നെ.

തനിക്ക് മുന്‍പുണ്ടായിരുന്ന ഒരു തലമുറയില്‍ സംഭവിച്ചിരിക്കുന്ന തെറ്റുകുറ്റങ്ങളെയും കെട്ടുപാടുകളെയും പൊതിഞ്ഞു വെക്കുവാനോ മറച്ചുവെക്കുവാനോ ആരും മനപ്പൂര്‍വ്വം ചരിത്ര നിര്‍മ്മിതി നടത്തേണ്ടതില്ല. അതെല്ലാം അതാതു കാലഘട്ടത്തിനു ചേര്‍ന്ന ചോദ്യങ്ങള്‍ കൊണ്ട് ഉത്തരങ്ങള്‍ കണ്ടെത്തുകയും വിശദീകരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യേണ്ട സംഗതികളാണ്. എന്തുകൊണ്ട് ഇത് സംഭവിച്ചു? എങ്ങനെയത് ഉണ്ടായി തുടങ്ങിയ വിശകലനങ്ങള്‍ക്ക് വേണ്ടി ഏതു ചരിത്രവും അങ്ങനെതന്നെ നില്‍ക്കുകയാണ് വേണ്ടത്.

മേല്‍ പറഞ്ഞതെല്ലാം ഒരു ചെറിയ ഉദാഹരണം മാത്രമാണ്. രാജ്യത്തിന്റെ ചരിത്രമെടുത്താലും സംസ്ഥാനങ്ങളുടെ ചരിത്രമെടുത്താലും സമൂഹങ്ങളുടെ ചരിത്രമെടുത്താലും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കുടുംബങ്ങളുടെയും എല്ലാം ചരിത്രം എടുക്കുമ്പോഴും ഇത്തരത്തിലുള്ള നിര്‍മ്മിതികള്‍ സംഭവിക്കുന്നുണ്ട്. ഈ ചരിത്ര നിര്‍മിതികള്‍ എന്തിനെ ആധാരമാക്കുന്നു അല്ലെങ്കില്‍ എന്തിനെയാണ് ആധാരമാക്കേണ്ടത് എന്നതിനെക്കുറിച്ചാണ് നാം ഇവിടെ ശ്രദ്ധിക്കേണ്ടത്. ഈ കുഞ്ഞുലേഖനം അടിവരയിട്ട് പറയാന്‍ ആഗ്രഹിക്കുന്ന ഒരു സംഗതി, മറ്റൊന്നിനെയുമല്ല, കണ്ണില്‍ തെളിച്ചത്തോടെ തെളിഞ്ഞു നില്‍ക്കുന്ന ഡോക്യുമെന്റുകളുടെ തെളിവുകളുടെ അടിസ്ഥാനത്തിലാവണം ചരിത്ര നിര്‍മ്മിതി എന്നതാണ്. ഒരിക്കലും സെന്റിമെന്‍സുകളുടെയും വൈകാരികതകളുടെയും പുറത്താകരുത് ചരിത്രം രചിക്കപ്പെടേണ്ടത്.
മലയാളത്തില്‍ നാരായന്‍ എന്ന ഒരു എഴുത്തുകാരനുണ്ട്. അയാള്‍ ഒരു പുസ്തകത്തില്‍ ഇങ്ങനെ പറഞ്ഞു വയ്ക്കുന്നുണ്ട്. 'പിതാക്കന്മാരെ കഴുവേറ്റിയ കഴുമരങ്ങള്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അവ തകര്‍ക്കപ്പെടുകയല്ല വേണ്ടത് എന്തിനതു ചെയ്തു എന്ന ചോദ്യത്തിനുത്തരമായി അവ സംരക്ഷിക്കപ്പെടുകയാണ് വേണ്ടത്.'

തനിക്ക് മുന്‍പുണ്ടായിരുന്ന ഒരു തലമുറയില്‍ സംഭവിച്ചിരിക്കുന്ന തെറ്റുകുറ്റങ്ങളെയും കെട്ടുപാടുകളെയും പൊതിഞ്ഞു വെക്കുവാനോ മറച്ചുവെക്കുവാനോ ആരും മനപ്പൂര്‍വ്വം ചരിത്ര നിര്‍മ്മിതി നടത്തേണ്ടതില്ല. അതെല്ലാം അതാതു കാലഘട്ടത്തിനു ചേര്‍ന്ന ചോദ്യങ്ങള്‍ കൊണ്ട് ഉത്തരങ്ങള്‍ കണ്ടെത്തുകയും വിശദീകരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യേണ്ട സംഗതികളാണ്. എന്തുകൊണ്ട് ഇത് സംഭവിച്ചു? എങ്ങനെയത് ഉണ്ടായി തുടങ്ങിയ വിശകലനങ്ങള്‍ക്ക് വേണ്ടി ഏതു ചരിത്രവും അങ്ങനെതന്നെ നില്‍ക്കുകയാണ് വേണ്ടത്.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രണ്ടായിരാമാണ്ടില്‍ വിലാപത്തിന്‍ കോട്ടയില്‍ വന്നു മാപ്പ് യാചിച്ച രംഗങ്ങളാണ് ഇപ്പോള്‍ ഓര്‍മിക്കുന്നത്. മദ്ധ്യകാലനൂറ്റാണ്ടുകളില്‍ സഭ ചെയ്തു പോയിട്ടുള്ള എല്ലാ തെറ്റുകള്‍ക്കും മാപ്പ് മാപ്പ് മാപ്പ് എന്ന് കത്തോലിക്കാസഭയുടെ പരമോന്നത അധ്യക്ഷന്‍ നടത്തിയ മാപ്പു യാചന ചരിത്രമാണ്. അപ്രമാദിത്വമുണ്ട് എന്ന് വി ശ്വസിക്കുന്ന, ഒരിക്കലും തെറ്റുപറ്റില്ല എന്ന് വിശ്വസിക്കുന്ന സഭയ്ക്ക് പതിനാറാം നൂറ്റാണ്ടില്‍ തെറ്റുപറ്റിയതായി വിലയിരുത്തി, മാര്‍പാപ്പ മാപ്പ് യാചിച്ചത്. ഇത് ഒരു ഉദാത്തമായ മാതൃകയാണ്. ഇത് സ്ഥാപനങ്ങളുടെ നാടുകളുടെയും രാജ്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും സമൂഹങ്ങളുടെയും സ്ഥാപനങ്ങളുടെയും കാര്യത്തില്‍ മാത്രമല്ല, വ്യക്തികളുടെ കാര്യത്തില്‍ കൂടിയും പ്രസക്തമാണ് എന്ന് മാത്രം ഇവിടെ നമുക്കുമോര്‍മ്മിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org