ഏകാന്തതയും നിരാശയും ബാധിച്ചവര്‍ പരിശുദ്ധാത്മാവിനോടു തുറവിയുള്ളവരാകുക

ഏകാന്തതയും നിരാശയും ബാധിച്ചവര്‍ പരിശുദ്ധാത്മാവിനോടു തുറവിയുള്ളവരാകുക

ഏകാന്തതയുടെയും നിരാശയുടെയും വേദനയുടെയും തടവിലായവര്‍ തങ്ങളെത്തന്നെ പരിശുദ്ധാത്മാവിലേയ്ക്കു തുറക്കുക. പരിശുദ്ധാത്മാവിനെ വിളിച്ചു വരുത്തിക്കൊണ്ട് യഥാര്‍ത്ഥസമാശ്വാസം കണ്ടെത്താന്‍ അവര്‍ക്കു സാധിക്കും. നിങ്ങളുടെ ഹൃദയത്തില്‍ ഉണങ്ങാത്ത ഒരു മുറിവുണ്ടെങ്കില്‍, പുറത്തേക്കുള്ള വഴി നിങ്ങള്‍ കാണുന്നില്ലെങ്കില്‍ നിങ്ങളുടെ ഹൃദയം പരിശുദ്ധാത്മാവിലേക്കു തുറക്കുക.

ബൈബിളില്‍ ഉപയോഗിച്ച പാറക്ലേറ്റ എന്ന വാക്കിനു പല അര്‍ത്ഥങ്ങളുള്ളതിനാല്‍ പരിഭാഷപ്പെടുത്തുക ദുഷ്‌കരമായിരുന്നു. പ്രധാനമായും അതിന്റെ അര്‍ത്ഥം ആശ്വസിപ്പിക്കുന്നവന്‍ എന്നാണ്. പരിശുദ്ധാത്മാവു നല്‍കുന്ന സമാശ്വാസം ലോകം നല്‍കുന്ന സമാശ്വാസത്തില്‍ നിന്നു വ്യത്യസ്തമാണ്. ലോകത്തിന്റെ ആശ്വാസം വേദനാസംഹാരി പോലെയാണ്. അതു താത്കാലികമായ ആശ്വാസം നല്‍കും. പക്ഷേ രോഗം സുഖപ്പെടുകയില്ല.

പരീക്ഷണങ്ങള്‍ ദുഷ്‌കരമാണെങ്കില്‍ അവന്‍ തരുന്ന ആശ്വാസവും വലുതായിരിക്കുമെന്നു പതിമൂന്നാം നൂറ്റാണ്ടിലെ ഫ്രാന്‍സിസ്‌കന്‍ ദൈവശാസ്ത്രജ്ഞനായ വി. ബോനവെഞ്ചുര പറഞ്ഞു. ലോകമാകട്ടെ കാര്യങ്ങള്‍ നന്നായി പോകുമ്പോള്‍ നമ്മെ സുഖിപ്പിക്കുന്നു, മോശമാകുമ്പോള്‍ കൈവിടുകയും ചെയ്യുന്നു. ഇതാണു ലോകം ചെയ്യുന്നത്, അഥവാ, സാത്താന്‍ ചെയ്യുന്നത്. ആദ്യം അവന്‍ നമ്മെ വാഴ്ത്തുന്നു, നമ്മിലെ പൊങ്ങച്ചത്തെ പോറ്റുന്നു, പിന്നെ വലിച്ചു താഴെയിടുകയും നമ്മള്‍ തോല്‍വികളാണെന്നു തോന്നിപ്പിക്കുകയും ചെയ്യുന്നു. അവന്‍ നമ്മെ കളിപ്പിക്കുന്നു. നമ്മെ വീഴ്ത്താനുള്ള വഴികളെല്ലാം നോക്കുന്നു. ഉത്ഥിതനായ കര്‍ത്താവിന്റെ പരിശുദ്ധാത്മാവാകട്ടെ നമ്മെ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നു. യേശുവിനൊപ്പം ചിലവഴിച്ച വര്‍ഷങ്ങള്‍ അപ്പസ്‌തോലന്മാരെ പരിവര്‍ത്തിപ്പിച്ചില്ല. എന്നാല്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചതോടെ അവര്‍ ആകെ മാറി. അവര്‍ ഭയമില്ലാത്തവരായി. പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നവര്‍ക്കു സ്വയം മറ്റുള്ളവര്‍ക്ക് ആശ്വാസമേകുന്നവരായി മാറണം. ആശ്വാസമേകുന്നതിനുള്ള സമയം ഇന്ന് ആണ് എന്നു പരിശുദ്ധാത്മാവു സഭയോടു പറയുന്നു. സുവിശേഷം സന്തോഷപൂര്‍വം പ്രഘോഷിക്കാനുള്ള സമയമാണിത്.

(പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ ദിവ്യബലിയര്‍പ്പിച്ചു നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org