മലയാളിയുടെ പായ് വഞ്ചി എത്ര ദൂരം പോകും?

മലയാളിയുടെ പായ് വഞ്ചി എത്ര ദൂരം പോകും?

കായലിന് അക്കരനിന്നു മഴ ആരംഭിച്ച് ഇക്കരയിലേക്കു വരികയാണ്. ആകാശവിശാലതയില്‍ പെട്ടെന്ന് ഇടിമിന്നല്‍. മഹാചിത്രകാരനായ ദൈവം തന്‍റെ കൈയിലെ ബ്രഷ് ഒന്നോടിച്ചതുപോലൊരു അനുഭവം. കായലിലൂടെ ഒരു പായ് വഞ്ചി പോകുന്നുണ്ട്. മഴയും കാറ്റും ഇടിയും മിന്നലുമെല്ലാം ഉണ്ടെങ്കിലും ജീവിതത്തിന്‍റെ പായ് വഞ്ചിക്കു മുന്നോട്ടു പോകാതെ കഴിയില്ലല്ലോ.

മഴ പ്രകൃതിയാലെ വളരെ കാ ല്പനികമായ അനുഭവമാണ്. മഴ ദൈവാനുഗ്രഹമാണ്. സങ്കീര്‍ത്തകന്‍ പാടുന്നു:

"അവിടുന്നു ഭൂമിയെ സന്ദര്‍ശിച്ച് അതിനെ നനയ്ക്കുന്നു,
അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു;
ദൈവത്തിന്‍റെ നദി നിറഞ്ഞൊഴുകുന്നു;
അവിടുന്നു ഭൂമിയെ ഒരുക്കി അവര്‍ക്കു ധാന്യം നല്കുന്നു.
അവിടുന്നു അതിന്‍റെ ഉഴവുചാലുകളെ സമൃദ്ധമായി നനയ്ക്കുന്നു;
കട്ടയുടച്ചു നിരത്തുകയും മഴ വര്‍ഷിച്ച് അതിനെ കുതിര്‍ക്കുകയും ചെയ്യുന്നു." (സങ്കീ. 65:9-10).

മഴ പ്രകൃതിയുടെ ചോദനകളെ ഉണര്‍ത്തുന്നു. മഴ ഭൂമിയില്‍ മുകുളങ്ങള്‍ ജനിപ്പിക്കുകയും അവയെ പുളകങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. വരള്‍ച്ച ശിക്ഷയും മഴ അനുഗ്രഹവുമാകുന്നത് അങ്ങനെയാണ്. അനുഗ്രഹം ദൈവപ്രീതിയുടെ ഫലമാണ്.

മഴ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അനുഗ്രഹമാണോ, ശിക്ഷയാണോ? കുടിവെളളം കിട്ടാനും വൈദ്യുതി ലഭിക്കാനും മഴ വേണം. പിന്നെയോ, പലവിധ രോഗങ്ങളും പകര്‍ച്ചവ്യാധികളുമായി മഴ ശിക്ഷയായി മാറുന്നു. കുഴപ്പം മഴയുടെയല്ല. മഴയെ ശിക്ഷയായി മാറ്റത്തക്ക രീതിയില്‍ ഭൂമിയെ മാലിന്യക്കൂമ്പാരമാക്കിയിരിക്കുന്ന മനുഷ്യന്‍റെയാണ്.

ആദ്യമഴ മണ്ണില്‍ പതിച്ചാല്‍ ഈയാംപാറ്റകളോടൊപ്പം ചിറകുവച്ചു പറയുന്നുയരുന്നതു പലവിധ രോഗങ്ങളാണ്. അവ മലയാളിയു ടെ ശരീരത്തില്‍ കൂടുകൂട്ടി പെറ്റുപെരുകുന്നതിനു കാരണം അവന്‍റെ ശരീരത്തിന്‍റെ പ്രതിരോധശേഷിക്കുറവാണ്. ഭക്ഷണശീലം മുതല്‍ അവന്‍റെ ദുശ്ശീലങ്ങള്‍ അനേകമാണെന്നു സമ്മതിക്കാതെ വയ്യ. വേണ്ടത്ര മലിനജല നിര്‍ഗമന മാര്‍ഗങ്ങളില്ലാതെയുള്ള ഫ്ളാറ്റ് നിര്‍മാണ രീതികളും സ്ഥലം നികത്തുന്നതുപോലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്താണെന്നതിനെക്കുറിച്ചുള്ള അജ്ഞതയും നാളത്തെ തലമുറയോടുള്ള പ്രതിബദ്ധതയില്ലായ്മയും മറ്റും മലയാളിയെ ഭീകരനാക്കിയിരിക്കുന്നു.

ഭീകരമായ ഈ സാഹചര്യത്തില്‍ മഴയ്ക്കും ഭീകരമുഖം കൈ വന്നിരിക്കുന്നു. മഴ പെയ്തു തുടങ്ങിയതോടെ ഡെങ്കിപ്പനിമരണങ്ങളായും അപകടദുരന്തങ്ങളായും മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ മഴയുടെ ഭീകരമുഖത്തെ ഏറെ ഇരുണ്ടതാക്കിയിരിക്കുന്നു.

ചലച്ചിത്രങ്ങളിലും സാഹിത്യസൃഷ്ടികളിലും ചിത്രകലയിലും മറ്റും ചിത്രീകരിക്കപ്പെടുന്ന മഴ ഉള്ളടക്കത്തോടും പശ്ചാത്തലത്തോടും ബന്ധപ്പെട്ടു വിവിധ പ്രതീകഭംഗികളാണ് ആര്‍ജ്ജിക്കുന്നത്. മഴ സൂര്യപ്രകാശം കുറയ്ക്കുന്നതിനാല്‍ ദുഃഖം, നിരാശ, തിരസ്കാരം എന്നിവയുടെ പ്രതീകമായി മഴയെ അവതരിപ്പിക്കാനാണു കൂടുതല്‍ ശ്രമം നടന്നിട്ടുള്ളതെന്നു ചിലര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്തായാലും കേരളത്തിന്‍റെ ആരോഗ്യരംഗത്തെ സംബന്ധിച്ചിടത്തോളം മഴ ദുഃഖപ്രതീകമാണ്. ഹാസ്യത്തെയും പ്രതിഷേധ സ്വഭാവത്തെയും പുനര്‍ജനിയെയും മറ്റും മഴ പ്രതീകവത്കരിക്കുന്നുണ്ടെന്നു പറയാറുണ്ടെങ്കിലും കേരളത്തില്‍ ഇന്നു മഴ പഴയ നാളുകളിലേതുപോലെ പ്രസന്ന മുഖമുള്ള കാമുകിയല്ല.

പോര്‍ച്ചുഗീസുകാര്‍ കുരുമുളുകൊടികള്‍ തങ്ങളുടെ നാട്ടിലേക്കു കൊണ്ടുപോയ വാര്‍ത്തയറിഞ്ഞ് അന്നത്തെ സാമൂതിരി പ്രതികരിച്ചതിങ്ങനെ: "നമ്മുടെ ഞാറ്റുവേല കൊണ്ടുപോകാനാവില്ലല്ലോ." മഴയുടെ അനുകൂല സാഹചര്യങ്ങളുണ്ടെങ്കിലേ കൊടി കുരുമുളകുചെടിയായി വളര്‍ത്തി കറുത്ത പൊന്നു വിളയൂ എന്നു സൂചിപ്പിക്കുകയായിരുന്നു സാമൂതിരി. ഇന്നു ഞാറ്റുവേല എന്നു പറഞ്ഞാല്‍ എന്താണെന്നു നമ്മുടെ എത്ര കുട്ടികള്‍ക്കറിയാം? അതിനു കാരണക്കാര്‍ കുട്ടികളല്ല മുതിര്‍ന്നവാണ്. മഴയുടെ മഹത്ത്വംപോലും വരുംതലമുറയ്ക്കു പറഞ്ഞുകൊടുക്കാന്‍ കഴിയാത്ത വിധത്തില്‍ മലീമസമായിരിക്കുന്നു നമ്മുടെ മനസ്സും മണ്ണും.
തൊഴില്‍ സംരക്ഷണത്തിനു സര്‍ക്കാര്‍ നല്കുന്ന തുകയ്ക്കുവേണ്ടി പണിയെടുക്കാന്‍ നിയുക്തരായിട്ടുള്ളവരാണവര്‍. കാനയും വഴികളുമൊക്കെ വൃത്തിയാക്കേണ്ട അവര്‍ ആ സമയം സ്വന്തം വീട്ടിലേക്കു വേണ്ട വിറകു ശേഖരിക്കാനാണ് ഉത്സാഹം കാണിക്കുന്നത്. കാന കൂനയായും വഴി വിഴുപ്പുസംഭരണിയായും നിലകൊള്ളുന്നു; അവരുടെ മനസ്സുകള്‍പോലെ. മാലിന്യക്കൂമ്പാരങ്ങള്‍ പെരുകുന്നു. അവിടെ പെരുകുന്ന കൊതുകുകള്‍ അവരെയും കടിക്കുന്നു. പലതരം പനികള്‍, ആശുപത്രിവാസം, ആരോഗ്യനഷ്ടം, നിര്‍ ഭാഗ്യവശാല്‍ ജീവഹാനിയും. ഒടുവില്‍ ഭീകരമുദ്ര ചാര്‍ത്തിക്കിട്ടുന്നതു കൊതുകിന്. കൃത്യമായി ജോലി ചെയ്യാതെ പണം മേടിച്ചവരല്ലേ യഥാര്‍ത്ഥ ഭീകരര്‍? ഒന്നു ചോദിക്കട്ടെ, മലയാളിയുടെ ജീവിതമാകുന്ന പായ് വഞ്ചി ഇങ്ങനെ എത്ര ദൂരം പോകും?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org