പരിഹരിക്കാം: പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ്സ് ഡിസോര്‍ഡര്‍

പരിഹരിക്കാം: പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ്സ് ഡിസോര്‍ഡര്‍
Published on
കഴിഞ്ഞ അപകടം ഒരു ഫ്ളാഷ്ബാക്ക് പോലെ ആഴ്ചകള്‍ക്കുശേഷവും ബെന്‍സനെ വേട്ടയാടുകയാണ്. വീട്ടിലേക്ക് ഭാര്യയുടെയും സുഹൃത്തിന്റെയും കൂടെ മടങ്ങുംവഴിയാണ് അത് സംഭവിച്ചത്. ഹൈവേയില്‍ വച്ച് ഒരു ടാങ്കര്‍ലോറി കാറിന്റെ പുറകില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നുവെങ്കിലും വളരെ നിസ്സാരമായ പരിക്കുകളോടെ ബെന്‍സനും സുഹൃത്തും രക്ഷപ്പെട്ടു. എന്നാല്‍ ബെന്‍സന്റെ പ്രിയപ്പെട്ട ഭാര്യ അപകടത്തില്‍ മരിച്ചു. ഈ അപകടം ബെന്‍സന്റെ മനസ്സിന് ഏല്പ്പിച്ച ആഘാതം വലുതായിരുന്നു. ഇപ്പോള്‍ അവന് ഉറക്കം കിട്ടുന്നില്ല, ഉറക്കത്തിന്റെ ഇടയില്‍ ഞെട്ടിയുണര്‍ന്ന് അന്ന് അപകടസ്ഥലത്ത് നടന്നതും ആശുപത്രിയില്‍ എത്തിയപ്പോള്‍ ഉണ്ടായ കാര്യങ്ങളും പലതവണ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. കൂടാതെ അപകടത്തില്‍ ഭാര്യ മരിച്ചുപോയി എന്ന തോന്നലും കുറ്റബോധവും മനസ്സിനെ വല്ലാതെ മതിക്കുന്നു. ഇത്തരം ചിന്തകള്‍ അവന്റെ മനസ്സില്‍ വിഷാദവും അമിതമായ ടെന്‍ഷനും നിറച്ച് ജീവിതത്തെ വീര്‍പ്പുമുട്ടിക്കുന്നു.

അസാധാരണ തീവ്രതയുള്ള ഒരു ആഘാതം നേരിടേണ്ടിവരുന്നവരില്‍, രണ്ടു തരത്തിലുള്ള സമ്മര്‍ദ സാഹചര്യങ്ങള്‍ ഉണ്ടാകാം. ടൈപ്പ് ഒന്നില്‍, ട്രോമ ചുരുങ്ങിയ സമയം നീണ്ടുനില്‍ക്കുന്ന, അപകടകരവും അസാധാരണവുമായ പെട്ടെന്നുണ്ടാകുന്ന സംഭവമാണ്. ടൈപ്പ് രണ്ടില്‍ ട്രോമ ആവര്‍ത്തിച്ചുവരുന്ന അഥവാ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ക്ഷതാനുഭവമാണ്.

ട്രോമകള്‍ നേരിട്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രത്യക്ഷപ്പെടുന്ന മാനസികാസ്വാസ്ഥ്യ ലക്ഷണങ്ങളെ തീക്ഷണസമ്മര്‍ദ പ്രതികരണം എന്നു പറയാം. പ്രകൃതിക്ഷോഭം, വാഹനാപകടം, മര്‍ദനം, തീവയ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നവരിലാണ് ഇതു കാണുന്നത്. ക്ഷതാനുഭവം ഉണ്ടായി നാലാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുന്ന ലക്ഷണങ്ങള്‍ രണ്ടു ദിവസം മുതല്‍ നാലാഴ്ചവരെ നീണ്ടുനില്‍ക്കാം. തുടക്കത്തില്‍ അത്ഭുതാവസ്ഥയായിരിക്കുമുണ്ടാകുക. പിന്നീട് കടുത്ത സങ്കടം, ഉല്‍ക്കണ്ഠ, ദേഷ്യം, നിരാശ തുടങ്ങിയവ മാറി വരാം. ആളുകളെ നേരിടാന്‍ പ്രയാസം. ശ്രദ്ധക്കുറവ്, നിരാശ, ശാരീരിക അവശതകള്‍ എന്നിവയും ഉണ്ടാകാം. അസാമാന്യസമ്മര്‍ദം നേരിടേണ്ടിവരുന്നവരില്‍ 20% പേരില്‍ ഈ പ്രശ്‌നമുണ്ടാകാം. സമ്മര്‍ദസാഹചര്യം മാറിക്കഴിഞ്ഞാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ മാറും.

ട്രോമകള്‍ ഉണ്ടായി ആറുമാസത്തിനുള്ളില്‍ പ്രത്യക്ഷപ്പെടു ലക്ഷണങ്ങളെയാണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ്സ് ഡിസോര്‍ഡര്‍ എന്നു പറയുന്നത്. ഒരു ട്രോമ ഉണ്ടായിട്ടുള്ള സ്ത്രീകളില്‍ മുപ്പത് ശതമാനം പേര്‍ക്കും പുരുഷന്മാരില്‍ പതിമൂന്നു ശതമാനം പേര്‍ക്കും ഇതുണ്ടാകാം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഇത് രണ്ടുമടങ്ങ് കൂടുതലാണ്.

  • ലക്ഷണങ്ങള്‍

കഴിഞ്ഞുപോയ ട്രോമ അനുഭവത്തിന്റെ ആവര്‍ത്തിച്ചുള്ള അസുഖകരമായ ഓര്‍മ്മകള്‍. ആ സാഹചര്യത്തിലുണ്ടായ അതേ വൈകാരികാവസ്ഥ ആവര്‍ത്തിച്ചുവരിക. ട്രോമയെ സംബന്ധിച്ച ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കാണുക. കഴിഞ്ഞുപോയ ട്രോമകള്‍ ആവര്‍ത്തിക്കുന്നതായി തോന്നുക. ട്രോമാനുഭവത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന എന്തെങ്കിലും വാര്‍ത്തകളോ ദൃശ്യങ്ങളോ കണ്ടാല്‍ കടുത്ത മാനസികാസ്വാസ്ഥ്യം ഉണ്ടാക്കുക. അത്തരം സംഗതികള്‍ ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുക. ക്ഷതാനുഭവത്തിന്റെ പ്രധാന വിശദാംശങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പ്രയാസം. മറ്റുള്ളവരില്‍ നിന്നും അകന്നുനില്‍ക്കാന്‍ പ്രയാസപ്പെടുക.

  • കാരണങ്ങള്‍

തീവ്ര വൈകാരിക പ്രാധാന്യമുള്ള ഓര്‍മ്മകളെ നിര്‍ദ്ധാരണം ചെയ്യുന്ന അമിഗ്ഡല എന്ന മസ്തിഷക ഭാഗം അമിതമായി പ്രവര്‍ത്തിക്കുകയും, അമിഗ്ഡലയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കേണ്ട മീഡിയല്‍ പ്രീഫ്രോണ്ടല്‍ കോര്‍ടെക്‌സ് എന്ന ഭാഗം വേണ്ടത്ര പ്രവര്‍ത്തിക്കാതിരിക്കുന്നതുമായ ഒരു അവസ്ഥയാണ് മസ്തിഷ്‌ക്കത്തിലുണ്ടാവുക. വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നോക്കാവസ്ഥ അനുഭവിക്കുന്നവര്‍, ആത്മവിശ്വാസം കുറവുള്ളവര്‍, കുടുംബത്തില്‍ മാനസികരോഗ പാരമ്പര്യം ഉള്ളവര്‍, കുട്ടിക്കാലം മുതല്‍ പീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ ക്ഷതാനുഭവത്തിലൂടെ കടന്നുപോയാല്‍ ഈ പ്രശ്‌നം വരാന്‍ സാധ്യത കൂടുതലാണ്.

  • ചികിത്സാമാര്‍ഗങ്ങള്‍

എക്‌സ്‌പോഷര്‍ തെറാപ്പിയിലൂടെ ഭാവനയില്‍ ആഘാത സംഭവത്തിലൂടെ വീണ്ടും കടത്തികൊണ്ടുവന്ന് അതിന്റെ തീവ്രത കുറയ്ക്കുവാന്‍ സഹായിക്കുന്നു.

  • കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി

അസുഖത്തിന്റെ സ്വഭാവത്തെക്കുറിച്ച് രോഗിയെ ബോദ്ധ്യപ്പെടുത്തികൊണ്ട്, ഉല്‍ക്കണ്ഠ കുറയ്ക്കാനുള്ള പരിശീലനം നല്‍കുന്നു, ദേഷ്യനിയന്ത്രണം, ചിന്താവൈകല്യങ്ങള്‍ മാറ്റുക എന്നിവ ഇതിന്റെ ഭാഗമാണ്. അതുപോലെ

  • ഐ മൂവ്‌മെന്റ് ഡീസെന്‍സിറ്റെസേഷന്‍ ആന്റ് റീ പ്രോസസ്സിങ്ങ്:

ചിന്തകളെ വ്യത്യാസപ്പെടുത്താതെതന്നെ, ക്രമമായി നേത്രങ്ങളടെ സവിശേഷചലനങ്ങളിലൂടെ ഉല്‍ക്കണ്ഠ കുറയ്ക്കാനുള്ള പുതിയൊരു ചികിത്സാരീതി സ്വീകരിക്കാവുന്നതാണ്. അമിത ഉല്‍ക്കണ്ഠയും, വിഷാദ ലക്ഷണങ്ങളും ഉള്ളവര്‍ക്ക് മനോരോഗ വിദഗ്ധന്റെ സഹായവും ആവശ്യമായിവരും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org