മുട്ടത്ത് വര്‍ക്കിയും ഞാനും

മുട്ടത്ത് വര്‍ക്കിയും ഞാനും
Published on

എന്റെ ആദ്യകാല നാടകങ്ങളിലൊന്നായ നക്ഷത്ര വിളക്ക് പ്രസിദ്ധീകരിച്ചതു 1961-ലാണ്. പല പതിപ്പുകളിറങ്ങിയതും നൂറു കണക്കിനു വേദികളില്‍ അരങ്ങേറിയതും പരസഹസ്രം പ്രേക്ഷകര്‍ കണ്ടാസ്വദിച്ചതുമായ നക്ഷത്രവിളക്കിന് അവതാരികയുടെ നെയ്ത്തിരി കൊളുത്തിയത് അക്കാലത്തെ ജനപ്രിയ നോവലിസ്റ്റായ മുട്ടത്തുവര്‍ക്കിയാണ്. അദ്ദേഹം 1989-ല്‍ അന്തരിച്ചുപോയെങ്കിലും ഇക്കാലത്തും അദ്ദേഹം നോവല്‍ വായനക്കാര്‍ക്ക് പ്രിയങ്കരനാണ്.

അദ്ദേഹത്തിന്റെ ആദ്യനോവലായ 'ഇണപ്രാവുകളും' രണ്ടാമത്തെ നോവലായ 'പാടാത്ത പൈങ്കിളി'യും ഇറങ്ങിയ കാലം മുതല്‍ തന്നെ ഞാനദ്ദേഹത്തിന്റെ വായനക്കാരനാണ്. പ്രായം കൊണ്ടു ഏറെ അന്തരമുണ്ടെങ്കിലും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു.

മലയോരകര്‍ഷകരുടെ കണ്ണിലുണ്ണിയും രാഷ്ട്രീയരംഗത്തെ ഒരു കൊടുങ്കാറ്റും സുപ്രസിദ്ധ വാഗ്മിയുമായിരുന്ന ഫാദര്‍ വടക്കന്റെ 'തൊഴിലാളി' തൃശൂരില്‍ നിന്നു ആരംഭിക്കുന്ന കാലം. പത്രപ്രവര്‍ത്തന രംഗത്തു ചിരപരിചയമുള്ള ഒരാളുടെ സേവനം ആവശ്യപ്പെട്ടു കോട്ടയത്തെ ദീപികയെ സമീപിച്ചപ്പോള്‍, അവിടന്നു കുറച്ചു നാളത്തേക്കു പറഞ്ഞുവിട്ടത് സമര്‍ത്ഥനും ദീപികയുടെ പത്രാധിപ സമിതിയംഗവുമായ മുട്ടത്തുവര്‍ക്കിയെ ആയിരുന്നു. തൃശ്ശൂരിലെ വാസത്തിനിടയില്‍ ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്തു, സുഹൃത്തുക്കളായി. ആ സ്‌നേഹസൗഹൃദം അദ്ദേഹത്തിന്റെ അന്ത്യം വരെ നിലനിന്നു.

ദീപികയില്‍ നീണ്ട ഇരുപത്താറു വര്‍ഷം പത്രാധിപ സമിതി അംഗമായി സേവനം ചെയ്ത അതേ കാലയളവില്‍ തന്നെയാണ് അദ്ദേഹത്തിന്റെ തൂലിക മലയാളി വായനക്കാരെ ഹരം കൊള്ളിക്കുകയും രസാനുഭൂതിയുടെ ഉന്നതിലേക്കുയര്‍ത്തുകയും ചെയ്ത നിരവധി ഈടുറ്റ നോവലുകള്‍ കാഴ്ചവച്ചത്. ഇണപ്രാവുകള്‍, പാടാത്ത പൈങ്കിളി, മറിയക്കുട്ടി, കരകാണാക്കടല്‍, മയിലാടുംകുന്ന്, ഒരു കുടയും കുഞ്ഞുപെങ്ങളും, വെളുത്ത കത്രീന, പട്ടു തൂവാല, അക്കരപ്പച്ച - നോവലുകളുടെ നിര അങ്ങനെ നീണ്ടു പോകുന്നു. അദ്ദേഹത്തിന്റെ മുപ്പതോളം നോലുകള്‍ ചലച്ചിത്രങ്ങളായി. ആ ഭാഗ്യം കേരളത്തിലെ മറ്റൊരെഴുത്തുകാരനും ലഭിച്ചിട്ടില്ല. ഇവയ്ക്കു പുറമെ ഏതാനും ചെറുകഥാ സമാഹാരങ്ങളും ഒരു ഡസന്‍ നാടകങ്ങളും 'ഡോക്ടര്‍ ഷിവാഗോ' അടക്കം പതിനേഴു വിവര്‍ത്തനങ്ങളും അഞ്ചു ജീവചരിത്രഗ്രന്ഥങ്ങളും കൈരളിക്ക് കാഴ്ചവച്ചു.

മലയാള സാഹിത്യത്തിന് ഇത്രയേറെ വിലപ്പെട്ട സംഭാവനകള്‍ നല്കിയ, 1989-ല്‍ 76-ാം വയസ്സില്‍ അന്തരിച്ച മുട്ടത്തുവര്‍ക്കിക്ക് കേരള സാഹിത്യ അക്കാദമി ഒരു അവാര്‍ഡുപോലും കൊടുത്തില്ല എന്നതു ഞെട്ടിപ്പിക്കുന്ന സത്യമാണ്.

കേരളത്തിലെ ഗ്രാമീണ ജീവിതത്തിന്റെ ലാവണ്യവും ലാളിത്യവും അദ്ദേഹത്തിന്റെ കൃതികളില്‍ തുടിച്ചു നില്‍ക്കുന്നതു കാണാം. നാട്ടിന്‍പുറങ്ങളിലെ നിഷ്‌ക്കളങ്ക പ്രണയത്തെ ഇത്രമാത്രം കാവ്യസുന്ദരമായി ചിത്രീകരിച്ച, തന്മയത്വത്തോടെ വിവരിച്ച നോവലുകള്‍ മലയാളത്തില്‍ കുറവാണ്.

മുട്ടത്തുവര്‍ക്കി മലയാള വായനക്കാരില്‍ ചിരപ്രതിഷ്ഠ നേടിയ കഥാകാരനാണെന്നതില്‍ രണ്ടു പക്ഷമില്ല. സാധാരണക്കാരില്‍ വായനാശീലം വളര്‍ത്തുകയും സാഹിത്യാഭിരുചി വര്‍ധിപ്പിക്കുകയും വായനയുടെ നിഗൂഢസൗന്ദര്യവും രസാനുഭൂതിയും മലയാളിക്കു പകര്‍ന്നു കൊടുക്കുകയും ചെയ്ത പ്രതിഭാവല്ലഭനാണദ്ദേഹം. നാനാജാതി മതസ്ഥരായ കഥാപാത്രങ്ങളെയും കേരളീയ ക്രൈസ്തവ ജീവിതത്തെയും അവയുടെ എല്ലാ കുറവോടും നിറവോടും കൂടി മുട്ടത്തുവര്‍ക്കി വരച്ചുവെച്ചിരിക്കുന്നു. അദ്ദേഹം വായനക്കാരില്‍ ചെലുത്തിയ സ്വാധീനം ചില്ലറയല്ല.

മുട്ടത്തുവര്‍ക്കിയുടെ കഴിവുകള്‍ നിഷ്പക്ഷമായി വിലയിരുത്തിയ നിരൂപകശ്രേഷ്ഠനായ എം പി പോള്‍ എഴുതി: ''മുട്ടത്തുവര്‍ക്കിയുടെ കഥകളില്‍ അനശ്വരമായ കലാസൗന്ദര്യം തിങ്ങി നില്‍ക്കുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ രസസ്പര്‍ശത്താല്‍ ദീപ്രവും സരിത്പ്രവാഹം പോലെ സ്വച്ഛവും അക്ലിഷ്ടസുന്ദരവുമാണ്.'' തീര്‍ന്നില്ല. പ്രസിദ്ധ സാഹിത്യവിമര്‍ശകനായ കേസരി ബാലകൃഷ്ണപിള്ള കുറിച്ചിരിക്കുന്നത് ഇങ്ങനെ: ''മുട്ടത്തുവര്‍ക്കി ഭാഷാ ചെറുകഥാകാരന്മാരുടെ മുന്നണിയില്‍ വിശേഷമായൊരു സ്ഥാനം കൈക്കലാക്കിയിരിക്കുന്നു.'' കാവ്യരംഗത്തു മഹാകവി ചങ്ങമ്പുഴയ്ക്കുള്ള സ്ഥാനമാണ് നോവല്‍ രംഗത്തു മുട്ടത്തുവര്‍ക്കിയ്ക്കുള്ളത്.

മലയാള സാഹിത്യത്തിന് ഇത്രയേറെ വിലപ്പെട്ട സംഭാവനകള്‍ നല്കിയ, 1989-ല്‍ 76-ാം വയസ്സില്‍ അന്തരിച്ച മുട്ടത്തുവര്‍ക്കിക്ക് കേരള സാഹിത്യ അക്കാദമി ഒരു അവാര്‍ഡുപോലും കൊടുത്തില്ല എന്നതു ഞെട്ടിപ്പിക്കുന്ന സത്യമാണ്. ഇങ്ങനെ സാഹിത്യരംഗത്തു ജൈത്രയാത്ര നടത്തിയ ഒരെഴുത്തുകാരനെ അക്കാദമി ഭരിച്ച അക്കാലത്തെ സാഹിത്യ പ്രമാണികളുടെ തിമിരക്കണ്ണുകള്‍ കണ്ടില്ല. അതിന്റെ നാണക്കേടു മുട്ടത്തുവര്‍ക്കിക്കല്ല, കേരള സാഹിത്യ അക്കാദമിക്കാണ്.

2013 മുട്ടത്തുവര്‍ക്കിയുടെ ജന്മശതാബ്ദി വര്‍ഷമായിരുന്നു. കേരളത്തിലെ പല ഭാഗങ്ങളിലും അനുസ്മരണ സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിച്ചു. അതു ഭംഗിയായി കൊണ്ടാടി. സാഹിത്യ അക്കാദമിയുടെ അപ്പോഴത്തെ പ്രസിഡന്റും നോവലിസ്റ്റുമായ പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തില്‍ കോട്ടയത്തുവച്ചു മുട്ടത്തുവര്‍ക്കിയെ അനുസ്മരിച്ചുകൊണ്ട് ഒരു സെമിനാര്‍ നടത്തിയത് എന്തുകൊണ്ടും ഉചിതവും ശ്ലാഘനീയവുമായി. അങ്ങനെ ഒരാദരം വര്‍ക്കി സാറിനുവേണ്ടി ചെയ്തതില്‍ പെരുമ്പടവത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. വര്‍ക്കി സാറിനോട് സാംസ്‌കാരിക കേരളം കാട്ടിയ നന്ദികേടിനു അത്രയെങ്കിലും ഒരു പരിഹാരമാവട്ടെ.

ഒരവാര്‍ഡ് കൊടുക്കാതിരിക്കാന്‍ മാത്രം എന്തായിരുന്നു മുട്ടത്തുവര്‍ക്കിയുടെ കുറവ്? അദ്ദേഹം ഒരു ക്രിസ്ത്യാനിയായിരുന്നതോ? വൈദികര്‍ നടത്തുന്ന ദീപികയിലെ എഡിറ്റര്‍മാരില്‍ ഒരാളായിരുന്നതോ? അവാര്‍ഡുകള്‍ക്കും ആനുകൂല്യങ്ങള്‍ക്കുംവേണ്ടി ആരുടെ മുമ്പിലും കൈനീട്ടാതിരുന്നതോ? സാഹിത്യരംഗത്തെ ക്ലിക്കുകളിലും ഗ്രൂപ്പുകളിലും ഉപചാപകവൃന്ദങ്ങളിലും പെടാതെ ഒറ്റയാനായി നിന്നതോ? തന്റെ കൃതികളില്‍ മുദ്രവാക്യങ്ങളും സമരങ്ങളും ഉള്‍പ്പെടുത്താതിരുന്നതോ?

ഒരിക്കല്‍ കോട്ടയത്തുവച്ചു അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. ''വര്‍ക്കിസാറിനെ പൈങ്കിളി സാഹിത്യകാരന്‍ എന്നു വിളിക്കുന്നുണ്ടല്ലൊ?'' ഉടനെ വന്നു മറുപടി. ''മുഖ്യമായും അങ്ങനെ വിളിക്കുന്നത് ഏതാനും പൈങ്കിളി സാഹിത്യകാരന്മാരും അവരുടെ കൂട്ടാളികളുമാണ്. അങ്ങനെയെങ്കിലും പറഞ്ഞ് അവര്‍ സംതൃപ്തിയടയട്ടെ.''

മുട്ടത്തുവര്‍ക്കി ജീവിച്ചിരുന്നപ്പോള്‍ പ്രശംസിച്ചു ഒരു നല്ല വാക്കു പറയാത്ത സാഹിത്യത്തമ്പുരാക്കന്മാര്‍, നിരൂപക പ്രമാണികള്‍, കൂറ്റന്‍ നോവലിസ്റ്റുകള്‍, പെരുംകവികള്‍, അദ്ദേഹം അന്തരിച്ചപ്പോള്‍ പ്രശംസകളുടെ പ്രവാഹമാണ് നടത്തിയത്. മരിച്ചു പിറ്റേന്നു മലയാള മനോരമയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും എം മുകുന്ദനും പ്രശംസ കോരിച്ചൊരിഞ്ഞതു ഞാന്‍ വായിച്ചതാണ്.

പിന്നീട് അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ വര്‍ഷംതോറും 33,333 രൂപയുടെ അവാര്‍ഡ് അദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തി. 'മുട്ടത്തുവര്‍ക്കി അവാര്‍ഡ്' ആദ്യം നല്കിയത് ഒ വി വിജയന്. നന്നായി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തില്‍ നായകനായ രവി യാത്രയ്ക്കു പുറപ്പെടുമ്പോള്‍ തന്റെ സഞ്ചിയില്‍ മുട്ടത്തുവര്‍ക്കിയുടെ ഒരു നോവലും എടുത്തു വച്ചു എന്ന് പരോക്ഷ പരിഹാസത്തോടെ എഴുതിയ വിജയനു തന്നെ ആദ്യത്തെ അവാര്‍ഡ് - 33,333 രൂപ! യാദൃശ്ചികമായി വന്നുഭവിച്ചതാണെങ്കിലും ഇതു മധുരമുള്ള ഒരു പ്രതികാരം പോലെയായി.

വിജയനു ശേഷം അവാര്‍ഡു വാങ്ങിയവര്‍ വൈക്കം മുഹമ്മദ് ബഷീര്‍, എം ടി, കോവിലന്‍, കാക്കനാടന്‍, വി കെ എന്‍, മുകുന്ദന്‍, പുനത്തില്‍, ആനന്ദ്, സേതു, എന്‍ എസ് മാധുവന്‍, കെ ജെ ബേബി, സി വി ബാലകൃഷ്ണന്‍ ടി പത്മനാഭന്‍ - ഇങ്ങനെ പോകുന്നു. (കുറച്ചു കാലമായിട്ട് ഈ അവാര്‍ഡ് നിന്നുപോയി).

മുട്ടത്തുവര്‍ക്കി ഇതെല്ലാം കണ്ടുകൊണ്ടു പരലോകത്തിരുന്നു ചിരിക്കുന്നുണ്ടാവും. പൈങ്കിളി സാഹിത്യകാരന്‍ എന്ന് ആക്ഷേപിച്ചവരുടെ കൃതികള്‍ വില്പനയില്ലാതെ കെട്ടിക്കിടക്കുമ്പോള്‍, മരിച്ചു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മുട്ടത്തുവര്‍ക്കിയുടെ നോവലുകള്‍ ഇപ്പോഴും ധാരാളം വിറ്റുപോകുന്നു. കാലങ്ങള്‍ കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഏതാനും നോവലുകള്‍ ദീര്‍ഘായുസ്സോടെ നിലനില്‍ക്കും. വായനക്കാരുടെ വലിയ തമ്പുരാന് പ്രണാമം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org