പണ്ടത്തെ നാടകങ്ങളെപ്പറ്റി

പണ്ടത്തെ നാടകങ്ങളെപ്പറ്റി
Published on

അന്നത്തെ പ്രൊഫഷണല്‍ നാടകങ്ങള്‍ മിക്കവയും അച്ചടിച്ച കൃതികളെ ആസ്പദമാക്കിയുള്ളവയായിരുന്നില്ല. അതാതു കാലത്തെ ആവശ്യത്തിനുവേണ്ടി, അന്നത്തെ പ്രേക്ഷകരുടെ ആസ്വാദനശീലത്തിനനുസൃതമായി രചിക്കപ്പെട്ടവയാണ്. രചിച്ചവര്‍ ലബ്ധപ്രതിഷ്ഠരായ സാഹിത്യകാരന്മാരല്ല. നാടകപ്രേമികളുടെ നാടകകൗതുകത്തെ തൃപ്തിപ്പടുത്താന്‍ വേണ്ടിമാത്രം നാടകമെഴുതിയവര്‍. നാടക സാഹിത്യചരിത്രത്തില്‍ ഒരുപക്ഷെ, അവരുടെ നാമധേയങ്ങള്‍ കാണില്ല. പേരെടുത്ത സാഹിത്യകാരന്മാരായിരുന്നില്ലെങ്കിലും മലയാള നാടകവേദിക്കു പേരുണ്ടാക്കിക്കൊടുത്തവരായിരുന്നു അവര്‍. ഒരു കാലഘട്ടത്തെ വിസ്മയം കൊള്ളിക്കുകയും പ്രേക്ഷക സഹസ്രങ്ങളെ ആവേശഭരിതരാക്കുകയും ചെയ്ത മണ്‍മറഞ്ഞുപോയ ആ എഴുത്തുകാരെ അകമഴിഞ്ഞ നന്ദിയോടും അതിരറ്റ ആദരവോടുംകൂടി മാത്രമേ സ്മരിക്കാനാവൂ.

ഞാന്‍ അക്കാലത്തു (ഏകദേശം 1946 മുതല്‍) കണ്ടതായ നാടകങ്ങളുടെ രചയിതാക്കളില്‍ ചിലരുടെ പേരുകള്‍ ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്. സ്വാമി ബ്രഹ്മവ്രതന്‍, ശാസ്ത്രി ജി എന്‍ പണിക്കര്‍, മുന്‍ഷി പരമുപിള്ള, വി എസ് ആന്‍ഡ്രൂസ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ഡോക്ടര്‍ പി എസ് നായര്‍, മുതുകുളം രാഘവന്‍പിള്ള തുടങ്ങിയവരാണവര്‍. (ഈ രംഗത്തു വിലപ്പെട്ട് സേവനം കാഴ്ചവച്ച വേറെയും പല നാടകകൃത്തുകളുണ്ട്.) നാടക നടനും സിനിമാതാരവുമൊക്കെയായിരുന്ന മുതുകുളം നൂറ്റമ്പതോളം നാടകങ്ങള്‍ എഴുതിയിട്ടുണ്ടത്രെ. സ്വാമി ബ്രഹ്മവ്രതന്‍ അമ്പതോളവും. തമിഴ് സംഗീത നാടകങ്ങള്‍ അടക്കിഭരിച്ചിരുന്ന കേരളക്കരയില്‍ മലയാള സംഗീതനാടകങ്ങള്‍ എഴുതി അവതരിപ്പിക്കുകയും വിജയക്കൊടി നാട്ടുകയും ചെയ്ത പ്രതിഭാസമ്പന്നരാണിവര്‍. അങ്ങനെ, നമ്മുടെ നാടകവേദിയിലെ തമിഴ്‌മേധാവിത്വത്തെ തകര്‍ക്കുകയും തൂത്തെറിയുകയും ചെയ്തുവെന്ന ചരിത്രപരമായ മഹത്ത്വം ഇവര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്.

അന്നത്തെ നാടകങ്ങളില്‍ ഞാന്‍ കണ്ടതായ പ്രശസ്ത നടീനടന്മാരില്‍ ഏറെപ്പേരെ എന്റെ ഓര്‍മ്മയുടെ മണിച്ചെപ്പില്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഷെവലിയര്‍ ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്‍ (ഇദ്ദേഹത്തിന്റെ മിശിഹാചരിത്രം നാടകവും അതില്‍ ഇദ്ദേഹത്തിന്റ ക്രിസ്തുവിന്റെ വേഷവും ഏറെ പ്രസിദ്ധമാണ്), സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, അഗസ്റ്റിന്‍ ജോസഫ് (യേശുദാസിന്റെ പിതാവ്), വൈക്കം മണി, വൈക്കം വാസുദേവന്‍ നായര്‍, അദ്ദേഹത്തിന്റെ പത്‌നി തങ്കം വാസുദേവന്‍ നായര്‍, ഓച്ചിറ വേലുക്കുട്ടി, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, സെബാസ്റ്റ്യന്‍ ജോസഫ്, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, കാലായ്ക്കല്‍ കുമാരന്‍, ഞാറയ്ക്കല്‍ ശ്രീധരന്‍ ഭാഗവതര്‍, ചേര്‍ത്തല വാസുദേവക്കുറുപ്പ്, എസ് പി പിള്ള, കണ്ടിയൂര്‍ പരമേശ്വരന്‍കുട്ടി, തുമ്പമണ്‍ പത്മനാഭന്‍കുട്ടി, എസ് ജെ ദേവ് (സിനിമാ നടന്‍ രാജന്‍ പി ദേവിന്റെ പിതാവ്), ശ്രീമതി സി കെ രാജം, ഓമല്ലൂര്‍ ചെല്ലമ്മ, മാവേലിക്കര പൊന്നമ്മ, അമ്പലപ്പുഴ മീനാക്ഷി അമ്മ, സി കെ സുമതിക്കുട്ടി അമ്മ, കൊടുങ്ങല്ലൂര്‍ അമ്മിണി അമ്മ തുടങ്ങിയ ഒട്ടേറെ അഭിനേതാക്കള്‍ അന്നത്തെ നാടകങ്ങളില്‍ നിറഞ്ഞു നിന്നവരാണ്. ഇക്കൂട്ടത്തില്‍ സി എം പാപ്പുകുട്ടി ഭാഗവതര്‍ മാത്രമാണ് 107 വയസ്സുവരെ ജീവിച്ചു 2020-ല്‍ അന്തരിച്ചത്. ബാക്കിയെല്ലാവരും കാലയവനികയ്ക്കുള്ളില്‍ മുമ്പേ മറഞ്ഞുപോയി.

അന്നു സിനിമാ തിയേറ്ററുകളില്‍ നാടകം നടത്തിയിരുന്നതു ശനിയാഴ്ചകളില്‍ രാത്രി 9.30 നാണ്. നാടകം ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ വെള്ളിയാഴ്ചയോടെ സിനിമ നിര്‍ത്തിവയ്ക്കും. ശനിയാഴ്ച മാത്രം സിനിമ ഉണ്ടാവില്ല. കാരണം വെള്ളിയാഴ്ചയിലെ സിനിമാശാല ശനിയാഴ്ചയിലെ നാടകശാലയായി മാറണം. അങ്ങനെ ഇരിപ്പിടങ്ങള്‍ പാകപ്പെടുത്തിയശേഷമാണ് നാടകം അരങ്ങേറുക.

നാടകത്തിന്റെ അന്നത്തെ ടിക്കറ്റു നിരക്കുകള്‍ ഇങ്ങനെയാണ് - ഒന്നാം ക്ലാസു കസേര 5 രൂപ, രണ്ടാം ക്ലാസു കസേര 3 രൂപ, ബെഞ്ച് ഒന്നര രൂപ, തറ അര രൂപ അതായത് ഇന്നത്തെ അമ്പതുപൈസ.

നാടകങ്ങളുടെ ഇക്കാലത്തെ ദൈര്‍ഘ്യം രണ്ടോ രണ്ടരയോ മണിക്കൂറാണെങ്കില്‍ അന്നത്തെ സംഗീത നാടകങ്ങള്‍ നാലഞ്ചു മണിക്കൂറുണ്ടാവും. നാടകം തീരുമ്പോള്‍ ഏകദേശം പുലര്‍ച്ചെ മൂന്നു മണിയാവും.

നാടകങ്ങളുടെ ഇക്കാലത്തെ ദൈര്‍ഘ്യം രണ്ടോ രണ്ടരയോ മണിക്കൂറാണെങ്കില്‍ അന്നത്തെ സംഗീത നാടകങ്ങള്‍ നാലഞ്ചു മണിക്കൂറുണ്ടാവും. നാടകം തീരുമ്പോള്‍ ഏകദേശം പുലര്‍ച്ചെ മൂന്നു മണിയാവും. പരിസര പ്രദേശങ്ങളില്‍ നിന്നു വന്നവര്‍ തിരിച്ചു വീട്ടിലെത്തുമ്പോള്‍ നേരം പുലരും. പിറ്റേന്നു ഞായറാഴ്ചയായതിനാല്‍ ഉറക്കമൊഴിച്ചതിന്റ ക്ഷീണം തീര്‍ക്കാന്‍ സൗകര്യവുമായി.

സ്റ്റേജില്‍ ഇന്നത്തെപ്പോലെ കട്ട്-ഔട്ടുകളോ സെറ്റിങ്ങ്‌സോ ഇല്ല. പകരം രംഗപശ്ചാത്തലങ്ങള്‍ക്കു അനുയോജ്യമായ വിവിധതരം കര്‍ട്ടനുകളാണ് ഉപയോഗിക്കുക.

നാടകം ആരംഭിക്കുന്നതിനുമുമ്പ് സ്റ്റേജിന്റെ ഒരു അറ്റത്ത് പ്രേക്ഷകരെ അഭിമുഖീകരിച്ചുകൊണ്ടു ഒരു ചവിട്ടു ഹാര്‍മ്മോണിയവുമായി ഹാര്‍മ്മോണിസ്റ്റും അടുത്തായി മൃദംഗക്കാരനും ഇരിക്കുന്നുണ്ടാവും. ഹര്‍മ്മോണിസ്റ്റു നന്നായി പാടുന്ന ഒരു ഭാഗവതരായിരിക്കും. അയാള്‍ ഒരു കീര്‍ത്തനം ആലപിക്കും. കുറഞ്ഞതു അരമണിക്കൂറെടുക്കും അതു തീരാന്‍. അതു തീര്‍ന്നാല്‍ ഉടനെ നാടകം ആരംഭിക്കും.

അന്നത്തെ നായകനടന്മാര്‍ ശാസ്ത്രീയമായി സംഗീതമഭ്യസിച്ചവരായിരിക്കും. കര്‍ട്ടന്‍ ഉയര്‍ന്നാല്‍ നമ്മുടെ നായകന്‍ പാടിക്കൊണ്ടു പ്രവേശിക്കുകയായി. കഥയുമായി യാതൊരു ബന്ധവുമില്ലെങ്കിലും ശാസ്ത്രീയ സംഗീതം പൊടിപൊടിക്കും. ഇവിടെ ഒരു വിരോധാഭാസവും സംഭവിക്കും. നായകനടന്‍ രാഗാലാപം നടത്തുന്നതോടൊപ്പം, കഥാപാത്രമല്ലാത്ത ഹാര്‍മ്മോണിസ്റ്റും ഏറ്റുപാടുന്നു.

മറ്റൊരു പ്രത്യേകത! അന്നത്തെ നാടകങ്ങള്‍ക്ക് ഇന്നത്തെപ്പോലെ മൈക്ക് ഉണ്ടായിരുന്നില്ല. ഏറ്റവും പുറകിലിരിക്കുന്ന തറ ടിക്കറ്റുകാരനും വ്യക്തമായി കേള്‍ക്കത്തക്കവിധം തൊണ്ട പൊട്ടുമാറുച്ചത്തില്‍ പാടണമായിരുന്നു. സര്‍വശക്തിയും ഉപയോഗിച്ചു സംഭാഷണം നടത്തണമായിരുന്നു. കാമുകീകാമുകന്മാര്‍ തമ്മിലുള്ള രഹസ്യം പറച്ചില്‍പോലും ഉച്ചത്തില്‍ വേണമായിരുന്നു. കേട്ടില്ലെങ്കില്‍ ജനം കൂവും. ഇതൊക്കെയായിരുന്നു അന്നത്തെ അവസ്ഥ. പുതിയ തലമുറയ്ക്ക് ഇതെല്ലാം കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org