വയലാ എന്റെ മാന്യസുഹൃത്ത്

വയലാ എന്റെ മാന്യസുഹൃത്ത്
Published on

ഞാനും ഡോ. വയലാ വാസുദേവന്‍ പിള്ളയും പ്രായം കൊണ്ട്, അന്തരമുണ്ടെങ്കിലും ഞങ്ങളുടെ നാടകരചനാശൈലികള്‍ വ്യത്യസ്തമാണെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. മനസ്സുകൊണ്ടും ആദര്‍ശം കൊണ്ടും സ്വഭാവം കൊണ്ടും ജീവിത വീക്ഷണം കൊണ്ടും ഒട്ടേറെ പൊരുത്തമുള്ളവര്‍. അതിനാല്‍ തന്നെ ഞങ്ങള്‍ അന്വോന്യം സ്‌നേഹിച്ചിരുന്നു, ബഹുമാനിച്ചിരുന്നു.

പ്രായം കണക്കാക്കിയാല്‍ അദ്ദേഹം എന്റെ അനുജന്‍ സ്ഥാനത്താണ്. നാടക പാണ്ഡിത്യം കണക്കിലെടുത്തന്‍ അദ്ദേഹം എനിക്ക് ജ്യേഷ്ഠനാണ്. വിശ്വനാടകവേദിയെക്കുറിച്ചും ലോകനാടകങ്ങളെക്കുറിച്ചും എന്നു വേണ്ട നാടകത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചും ഇത്രയേറെ അറിവും അവഗാഹവുമുള്ള മറ്റൊരു വ്യക്തി മലയാളത്തിലില്ല. നാടകവിഷയങ്ങളില്‍ താന്‍ ആചാര്യനും അതികായനുമായിരുന്നെങ്കിലും അതിന്റേതായ തണ്ടോ തള്ളിച്ചയോ അഹങ്കാരമോ അദ്ദേഹത്തെ തൊട്ടുതീണ്ടിയില്ല.

എന്നാല്‍ ചിലരുണ്ട്. നേരിട്ടു കാണുമ്പോള്‍ പുഞ്ചിരിക്കുകയും പുറത്തു തട്ടുകയും ചെയ്തിട്ടു പുറംതിരിഞ്ഞു നിന്നു പുച്ഛിക്കുകയും പാരപണിയുകയും ചെയ്യുന്നവര്‍. ഒന്നു പറയുകയും മറിച്ചുപ്രവര്‍ത്തിക്കുകയും ചെയ്യുന്ന വേറെ ചിലര്‍. അങ്ങനെ ഇരട്ടമുഖങ്ങളുള്ള ഒരുപാട് 'മാന്യ'ന്മാരുണ്ടല്ലൊ നമ്മുടെ സമൂഹത്തില്‍. അതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തനാണ് വയലാ. പറഞ്ഞതു പ്രവര്‍ത്തിക്കും. പ്രവര്‍ത്തിക്കാന്‍ പറ്റാത്തതു പറയില്ല. ഗാന്ധിയന്‍ ചിന്തയും ദര്‍ശനങ്ങളുമാണ് അദ്ദേഹത്തെ നയിച്ചരുന്നത്. അതിന്റെ മേന്മയും മഹത്ത്വവും അദ്ദേഹത്തിന്റെ ജീവിതത്തിലും സ്വഭാവത്തിലും ഉടനീളം ദര്‍ശിക്കാന്‍ കഴിയും.

പ്രഗത്ഭനായ അധ്യാപകന്‍, മികച്ച പ്രഭാഷകന്‍, നാടകപണ്ഡിതന്‍, കഴിവുള്ള സംഘാടകന്‍ ഇങ്ങനെ പലതരത്തിലും തലത്തിലും അദ്ദേഹം ശോഭിച്ചിരുന്നു.

വയലായെന്ന സമര്‍ത്ഥനായ സംഘാടകന്റെ കഴിവും കരുത്തും ഞാന്‍ മനസ്സിലാക്കിയത് അദ്ദേഹം കോഴിക്കോട് സര്‍വകലാശാലയുടെ കീഴിലുള്ള തൃശ്ശൂരിലെ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഡയറക്ടറും മേധാവിയുമായിരിക്കെ അതിന്റെ രജത ജൂബിലി ആഘോഷിച്ച വേളയിലാണ്. 2003 ജനുവരിയില്‍ മൂന്നു ദിവസം നീണ്ടു നിന്ന വിപുലമായ പരിപാടികളാണ് അവിടെ അരങ്ങേറിയത്.

മമ്മൂട്ടിയുമായി ഞാന്‍ സംസാരിച്ച കൂട്ടത്തില്‍ അദ്ദേഹം ലോ കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ 'മണല്‍ക്കാട്' നാടകത്തില്‍ ഒരു പ്രധാന റോള്‍ അഭിനയി ച്ചിട്ടുണ്ടെന്നും മാത്രമല്ല ആ നാടകം 'അറി യാത്ത വീഥികള്‍' എന്ന പേരില്‍ കെ എസ് സേതുമാധവന്റെ സംവിധാനത്തില്‍ സെ ഞ്ചുറി ഫിലിംസ് ചലച്ചിത്രമാക്കിയപ്പോള്‍ അതിലും താന്‍ അഭിനയിച്ചെന്നും അനുസ്മരിച്ചു.

ജൂബിലിയാഘോഷം വിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചത് മലയാളത്തിന്റെ മഹാനടനായ പത്മശ്രീ മമ്മൂട്ടി. മമ്മൂട്ടി വിളക്കു കൊളുത്തിയ ഉദ്ഘാടന സമ്മേളനത്തില്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കാന്‍ ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. ജൂബിലിയാഘോഷം വമ്പിച്ച വിജയമാക്കിത്തീര്‍ത്തതിന്റെ പിന്നില്‍ ഡോ. വയലായുടെ വിദഗ്ദ്ധ നേതൃത്വവും സംഘാടക സാമാര്‍ത്ഥ്യവുമാണ് നിഴലിച്ചു കണ്ടത്.

അന്ന് അടുത്തിരുന്നു മമ്മൂട്ടിയുമായി ഞാന്‍ സംസാരിച്ച കൂട്ടത്തില്‍ അദ്ദേഹം ലോ കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ 'മണല്‍ക്കാട്' നാടകത്തില്‍ ഒരു പ്രധാനറോള്‍ അഭിനയിച്ചിട്ടുണ്ടെന്നും മാത്രമല്ല ആ നാടകം 'അറിയാത്ത വീഥികള്‍' എന്ന പേരില്‍ കെ എസ് സേതുമാധവന്റെ സംവിധാനത്തില്‍ സെഞ്ചുറി ഫിലിംസ് ചലച്ചിത്രമാക്കിയപ്പോള്‍ അതിലും താന്‍ അഭിനയിച്ചെന്നും അനുസ്മരിച്ചു. വര്‍ഷങ്ങള്‍ അനേകം കഴിഞ്ഞിട്ടും എല്ലാം കൃത്യമായി ഓര്‍മ്മവച്ച് അദ്ദേഹം പറഞ്ഞതു എന്നില്‍ ആശ്ചര്യവും ആനന്ദവും ഉളവാക്കി.

നാടകവിഷയങ്ങളെക്കുറിച്ചുള്ള വയലായുടെ ക്ലാസുകളും പ്രഭാഷണങ്ങളും ശ്രോതാക്കള്‍ക്കൊരു വിരുന്നായിരുന്നു. ഞാന്‍ കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായിരിക്കെ കേരളത്തിന്റെ വിവിധ മേഖലകളില്‍ നടത്തിയ നാടക ശില്പശാലയിലും ചെന്നൈയില്‍ നടത്തിയ നാടക സെമിനാറിലിലും അദ്ദേഹത്തെ പങ്കെടുപ്പിച്ചിരുന്നു.

വയലായുടെ സമ്പൂര്‍ണ്ണ നാടകങ്ങളുടെ സമാഹാരം 2008-ല്‍ ഡോ. സുകുമാര്‍ അഴീക്കോട് പ്രകാശനം ചെയ്തപ്പോള്‍ അത് ഏറ്റു വാങ്ങാന്‍ ഭാഗ്യമുണ്ടായത് എനിക്കാണ്. വയലാ അതിനായി എന്നെ നിയോഗിക്കുകയായിരുന്നു.

ഖേദപൂര്‍വം പറയട്ടെ. ജീവിത നാടകവേദിയില്‍ നിന്നു 2011-ല്‍ അറുപത്താറാം വയസ്സില്‍ അദ്ദേഹം വിട പറഞ്ഞെങ്കിലും എന്റെ മനസ്സിന്റെ കോണില്‍ വയലാ എന്ന വലിയ മനുഷ്യന്‍ - ഉത്തമനായ സുഹൃത്ത് ഒരു സജീവ സാന്നിധ്യമായി ഇന്നും തിളങ്ങി നില്‍ക്കുന്നു. ആ ദീപ്തസ്മരണയ്ക്കു മുമ്പില്‍ എന്റെ പ്രണാമം.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org