മതം ഉത്തരവാദിത്വമാണ്

മതം ഉത്തരവാദിത്വമാണ്

ചെക്ക് ചിന്തകനായ പട്ടോച്ക എഴുതി, "ചരിത്രത്തിനു മുമ്പുള്ള മനുഷ്യന്‍ അനുഭവത്തിന്‍റെ സാധാരണ രാത്രിയും ഇടിമിന്നല്‍പോലെ വെളിച്ചം പൊട്ടിപ്പുറപ്പെടുന്ന രാത്രിയും തമ്മില്‍ വേര്‍തിരിക്കുന്നില്ല." സൂര്യനസ്തമിക്കുമ്പോള്‍ ഉണ്ടാകുന്ന രാത്രിയല്ല ബോധോദയത്തിന്‍റെയും കണ്ടുപിടുത്തത്തിന്‍റെയും വെള്ളിവെളിച്ചം പൊട്ടിപ്പുറപ്പെടുന്ന മനുഷ്യന്‍റെ ആന്തരികതയിലെ അസ്തിത്വരാത്രി.

ചരിത്രത്തെയും ലോകത്തിന്‍റെ ഗതിയെയും വിധിയായി സ്വീകരിച്ചു വിധേയരായി ജീവിക്കുന്നവരാണു ചരിത്രപൂര്‍വ മനുഷ്യര്‍. അവര്‍ ചരിത്രത്തിന്‍റെ വെറും ഇരകളാണ്. ചരിത്രമനുഷ്യന്‍ ബോധപൂര്‍വകമായ തീരുമാനങ്ങളിലൂടെ ജീവിതം സൃഷ്ടിക്കുന്നവരാണ്. അവര്‍ക്കുള്ള പ്രത്യേകത ഉത്തരവാദിത്വബോധമാണ്. ഉത്തരവാദിത്വബോധത്തിലേക്ക് ഉണരുന്നതാണ് രാത്രിയില്‍ നിന്നുള്ള ബോധവത്കരണം. അതാണു നവോത്ഥാനം, ബോധോദയം. അപ്പോള്‍ ചരിത്രം മനുഷ്യന്‍ സൃഷ്ടിക്കുന്നതാണ്.

ചരിത്രപൂര്‍വ മനുഷ്യന്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതു യുദ്ധത്തിലൂടെയായാണ്. ജീവിതത്തിന്‍റെ ബോറടി മാറ്റുന്ന മാര്‍ഗം യുദ്ധമാണ്. യുദ്ധത്തിന്‍റെ തന്നെ മറ്റൊരു മാനമാണു മതം. അതു വലിയ ഉന്മാദത്തിന്‍റെ നടപടികളാണ്, അവ പൈശാചികവുമാകും. അതിനനിവാര്യം ബലിയാണ്. അത് അക്രമത്തിന്‍റെ ഹര്‍ഷോന്മാദപരമായ അനുഷ്ഠാനമാണ്. മതലോകത്തിലേക്കുള്ള വഴി സാവധാനത്തില്‍ ഉത്തരവാദിത്വത്തിലേക്കു പരിണമിക്കുന്നു. അതുകൊണ്ടു ഡറീഡ എഴുതി: "മതം ഉത്തരവാദിത്വമാണ്. അല്ലെങ്കില്‍ മതം പിന്നെ ഒന്നുമല്ല." മതം ഉത്തരവാദിത്വബോധത്തില്‍ നിന്നു വ്യതിചലിക്കുമ്പോള്‍ യുദ്ധത്തിന്‍റെ കൊലവിളിയുമായി മനുഷ്യത്വരഹിതമായ ഉന്മാദത്തിലേക്കു കൂപ്പുകുത്തി ചോരപ്പുഴയൊഴുക്കുന്നു. മാനവികത അപ്പോള്‍ കിരാതാവസ്ഥയിലേക്കു പിന്‍വലിയുന്നു. അവിടെ ദൈവികതയുടെ വില കുറഞ്ഞ കോലങ്ങളും പകരങ്ങളും കണ്ടെത്തപ്പെടുകയാണ്. ആ മതം പൈശാചികതയുടെ ഭീകരസത്വങ്ങളെ പ്രസവിക്കും. ഈ നൂറ്റാണ്ടിലും ജീവിതത്തിന്‍റെ ബോറടിയില്‍ അതു പരിഹരിക്കാന്‍ യുദ്ധങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നുണ്ട്. ശത്രുക്കളെ നിര്‍മിക്കുന്നു. ഇതിന്‍റെയൊക്കെ പി ന്നില്‍ മൂല്യബോധത്തിന്‍റെ അഭാവവും ഉത്തരവാദിത്വബോധത്തോടെ ജീവിതചരിത്രത്തെ നിയന്ത്രിച്ചു നിശ്ചയിക്കാനുള്ള ഇച്ഛയും തീരുമാനവും ഇല്ലാതെ പോകുന്നു. മാത്രമല്ല ഒത്തുവാസത്തിന്‍റെയും സഹവാസത്തിന്‍റെയും സാദ്ധ്യതകള്‍ സര്‍ഗാത്മകമായി സൃഷ്ടിക്കാന്‍ കഴിയാതെ വരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org