Latest News
|^| Home -> Pangthi -> പലവിചാരം -> ഓണമുണ്ടാവട്ടെ ഓരോ സമയവും

ഓണമുണ്ടാവട്ടെ ഓരോ സമയവും

Sathyadeepam

ലിറ്റി ചാക്കോ

ഒരോണമുണ്ട് ഓര്‍മ്മയില്‍. ഇരുപത്തഞ്ചു വര്‍ഷം മുമ്പത്തെ ഓരോണം. അന്ന് കാടുകുറ്റിപ്പള്ളിയില്‍ നിന്നും കുറച്ചുപേര്‍ ജോര്‍ജ് കുഴീപ്പറമ്പിലച്ചനൊപ്പം ഒരു വിനോദയാത്രയിലായിരുന്നു. തിരുവോണം കൊട്ടിക്കയറുന്ന നേരത്ത് ഞങ്ങളപ്പോള്‍ മലക്കപ്പാറയിലെ ഒരു കാട്ടുപാതയിലായിരുന്നു.
ഓണമല്ലെ. മലയാളിക്കാണോ ദേശകാലഭേദങ്ങള്‍! വിജനമായ കാട്ടിലൊരിടത്ത് വണ്ടിയൊതുക്കി കോടമഞ്ഞിറങ്ങിക്കളിക്കുന്ന വഴിയില്‍ ഞങ്ങള്‍ വട്ടമിട്ടു. ഒരു തിരുവാതിരക്കളി മുഴുവന്‍ കളിച്ചുതീര്‍ക്കുമ്പോള്‍ ലോയിയുടെ മുഖത്തൊരു വിജയിയുടെ തിളക്കമുണ്ടായിരുന്നു.
ഓണമങ്ങനെയാണ്. എവിടെയിരുന്നും എപ്പോഴും നമ്മളെ ഉള്ളത്തില്‍ ഊയലാട്ടും. പക്ഷെ, കഴിഞ്ഞ മൂന്നു ഓണങ്ങളില്‍ മലയാളമൊന്നു കുലുങ്ങുന്നുണ്ട്, ഓണാനുഭവങ്ങളില്‍. ഒരു വലിയ പ്രളയം. പിന്നെ ചെറുത്. അതിനുശേഷം ഇപ്പോഴിതാ കൊറോണവും!
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കാമ്പസിനോടു ചേര്‍ന്നാണെന്റെ ഓണം. അനുഭവിച്ചു മാത്രമറിയേണ്ട വികാരമാണത്. കസവിന്റെ പൊന്‍പുഴകളില്‍ കാമ്പസ് മുങ്ങിക്കുളിക്കുന്ന കാലം. ഉറിയടി മേളങ്ങള്‍. വടംവലി വീമ്പുകള്‍. പൂവിതള്‍ തീര്‍ക്കുന്ന വര്‍ണ്ണമഴകളും പൂപ്പാട്ടുകളുടെ താളവൈവിധ്യങ്ങളുമായി മാവേലിത്തമ്പുരാന്റെ എഴന്നള്ളത്ത്. കാമ്പസിലെ ആരവങ്ങളുടെയും ആഘോഷങ്ങളുടെയും തിമര്‍പ്പുകള്‍ എന്ന് ഒരു കാലത്തും എഴുതിത്തള്ളാനാവുകയില്ല ഇതൊന്നും എന്ന് ഈ കൊറോണക്കാലം പഠിപ്പിക്കുന്നു. NCC ക്യാമ്പുകളിലും മെഗാതിരുവാതിരകളില്‍ അലിഞ്ഞു വീഴുന്നത് പാരമ്പര്യത്തുടര്‍ച്ചകളാണെന്ന് തിരിച്ചറിയുന്നു, അതുണ്ടാവണം. എത്രയാഴത്തിലുണ്ടാവണമെന്ന് ഓണ്‍ലൈനോണങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.
ഒരുപാടു കാലം കൊണ്ടു പഠിച്ചു തീരേണ്ട പുസ്തകമാണ് കൊറോണപ്പുസ്തകം. ഏടുകള്‍ മറിക്കുന്തോറും പുതിയവ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ചില ആനിമേറ്റഡ് കാര്‍ട്ടൂണു കള്‍ പോലെ. നമ്മുടെ സംസ്‌കാരം കൂടിയാണു നമ്മള്‍ എന്നത് ഒരു ചെറിയ തിരിച്ചറിവല്ല. ഇന്ന് എത്ര പെട്ടെന്നു നമ്മള്‍ തകര്‍ന്നു പോകുന്നു! ലോക്ക്ഡൗണില്‍ കുരുങ്ങിക്കിടക്കുന്ന നേരങ്ങളില്‍ എത്രവേഗം മലയാളി പതറിപ്പോകുന്നു!
അതുകൊണ്ടാണു പറയുന്നത്, ഇതുവരെ ജീവിച്ചുതീര്‍ത്ത ജീവിതമാണു നാം എന്ന ഐഡന്റിറ്റി. നാം കൈമാറി വാങ്ങിയ സംസ്‌കൃതിയിലാണ് നമ്മുടെ ആത്മാവു പതിഞ്ഞു കിടക്കുന്നത്. ഈ പാരമ്പര്യത്തുടര്‍ച്ചകള്‍ തുടര്‍ന്നും ഉണ്ടാവേണ്ടതുണ്ട്. അതില്‍ പുതുമ കലര്‍ന്നോട്ടെ; പ്രശ്‌നമില്ല. കൊണ്ടും കൊടുത്തും പകര്‍ന്നുമൊക്കെ നേടിയെടുത്ത നമ്മുടെ സംസ്‌കൃതിയുടെ ഏതു ഘടകത്തിലും അതു കാണും. ഭാഷയിലാവട്ടെ, ഭക്ഷണത്തിലാവട്ടെ, ആത്മീയതയില്‍ പോലും ഈ ബ്ലെന്‍ഡുകള്‍ കാണാം. അതുണ്ടാവണം. നാം മരിച്ചിട്ടില്ലെന്നതിന്റെ തെളിവാണിത്.
അതുതന്നെയാണ് ഓണ്‍ലൈന്‍ ഓണങ്ങളിലും കണ്ടത്. ഇതുവരെ ചെയ്തു വന്നതൊന്നും ഇനി പറ്റില്ലല്ലോ എന്നല്ല കാമ്പസുകള്‍ ചിന്തിച്ചത്. നമ്മളിപ്പോള്‍ ഇങ്ങനെയാണോ? എന്നാല്‍ ഇങ്ങനെതന്നെ ഓണമാവാം എന്ന വെല്ലുവിളിയില്‍ കാലം പരാജയപ്പെട്ടു. വൈറസ് കീഴടങ്ങി. ആര്‍പ്പുവിളികളെയും നിറമേളങ്ങളെയും തിരികെ കൊണ്ടുവരാന്‍ തകര്‍ത്തുത്സാഹിച്ച ഓരോ കാമ്പസിനും നമസ്‌കാരം. കാരണം ഇന്നു കാമ്പസായി ഒന്നിച്ചു ഘോഷിച്ച ഈ നേരങ്ങളാവും നാളെ ഒറ്റയായിപ്പോവുന്ന നേരങ്ങളില്‍ നിങ്ങള്‍ക്കു മുതല്‍ക്കൂട്ട്. ഓണമുണരണം, ഊതിവിടര്‍ത്തിയതെങ്കിലും ആ പൂവിതളുകളില്‍….

Leave a Comment

*
*