കണ്‍വെന്‍ഷന്‍ മാമാങ്കങ്ങള്‍

മിഴിവട്ടത്തിലെ മൊഴിവെട്ടം-6

എം.പി. തൃപ്പൂണിത്തുറ

നാമിപ്പോഴും മാമാങ്കങ്ങളുടെ പിറകെയാണ്. ഒരുവശത്ത് തിരുനാള്‍ മഹാമഹങ്ങള്‍. മറുവശത്ത് കണ്‍വെന്‍ഷന്‍ മാമാങ്കങ്ങള്‍. ലക്ഷങ്ങള്‍ ചിലവഴിച്ച് കൂറ്റന്‍ പന്തലുകളും കമാനങ്ങളുമുയര്‍ത്തി നാം പറയുന്നതാകട്ടെ, ദരിദ്രരെ അറിയിക്കാനുള്ള സദ്വാര്‍ത്തയും. ആരെ ലക്ഷ്യം വച്ചാണ് ഈ പ്രഘോഷണ വേദികള്‍? അത് സഭയ്ക്കു പുറത്തുള്ളവരെ ലക്ഷ്യം വെച്ചാണെങ്കില്‍ ഈ ശ്രമം പാഴാണെന്ന് നിശ്ചയം. സഭയ്ക്കു പുറത്തുള്ള എത്രപേരുടെ പങ്കാളിത്തം, എത്രപേരുടെ മാനസാന്തരം ഈ കണ്‍വെന്‍ഷന്‍ ഉറപ്പാക്കുന്നുണ്ട്? സഭയ്ക്ക് അകത്താണെങ്കില്‍ അതിന് സഭയ്ക്ക് ഇങ്ങനെ ഒരു വഴി വേണമോ തന്‍റെ ജനത്തോട് സംസാരിക്കാന്‍? എത്ര പിരിഞ്ഞു, എത്ര ചെലവാക്കി, എത്ര തിരക്കുണ്ടായി ഇവയാണ് ഈ ആഘോഷങ്ങളുടെ വിജയത്തിന്‍റെ അടയാളങ്ങളായി ഇന്ന് എണ്ണപ്പെടുന്നത്.

ദരിദ്രരോട് സൗജന്യമായി പ്രഘോഷിക്കപ്പെടേണ്ടതാണ് തിരുവചനം. അത് ദൈവത്തിന്‍റെ വചനവും പ്രവചനങ്ങളുടെ പൂര്‍ത്തീകരണവുമായ യേശു ക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യമാണ്. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് പകരപ്പെടേണ്ടത്. സുവിശേഷം പ്രസംഗിക്കപ്പെടുകയും പ്രഘോഷിക്കപ്പെടുകയും വേണം. പക്ഷെ ഇന്നു നാം കാണുന്ന ഈ ആഘോഷങ്ങള്‍ക്ക് പരമസത്യമായ വചനാര്‍ച്ചനയുമായി എന്തു ബന്ധമുണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

എന്തിനുവേണ്ടിയാണ് ഇങ്ങനെ വചനവേദികള്‍ ഉയരുന്നത്? വചനശ്രവണം വഴിയാണ് വിശ്വാസം ഉടലെടുക്കുന്നത് എന്നത് സത്യമാണ്. പേരിന് ഈ വചനം ഉപയോഗിക്കുമെങ്കിലും ശ്ലീഹ അതു പറയുന്ന കാലഘട്ടത്തിലെ വചനഘോഷണവുമായി ഇന്നത്തെ രീതികള്‍ക്കോ, ഇന്നത്തെ ചരിത്ര പശ്ചാത്തലത്തിനോ ഒരു ബന്ധമില്ലെന്നോര്‍ക്കുക.

കത്തോലിക്കാ തിരുസഭയ്ക്ക് നവസുവിശേഷവല്‍ക്കരണത്തിനായാലും പുനര്‍ സുവിശേഷവല്‍ക്കരണത്തിനായാലും നിയതമായ മാര്‍ഗ്ഗങ്ങളും രീതികളുമുണ്ട്. ഒരുകാലത്ത് അവ മാത്രം പോര എന്ന ബോധമുണ്ടായപ്പോള്‍, സവിശേഷമായ പ്രഘോഷണവേദികള്‍ ഉണ്ടായത്, നന്മയായിത്തന്നെ കാണുന്നു. എന്നാല്‍ അതു ഒരു തഴക്കമായി നാം ചുമക്കേണ്ടതുണ്ടോ?

തിരുസഭയുടെ ഘടനയ്ക്കകത്ത് വിശ്വാസപരിശീലനം, സുവിശേഷ ശ്രവണം, അതിന്‍റെ പ്രയോഗം എന്നിവ, ഇടവകസമൂഹം, കൂദാശകള്‍, ജീവിതം എന്നിവയാല്‍ ക്രമീകൃതമായ മാര്‍ഗ്ഗങ്ങളും കാലാനുസൃതമായ വചനധ്യാനം, ആത്മീയനവീകരണം, ആരാധനാക്രമം ഇവ ഉള്‍ച്ചേര്‍ന്ന രീതികളും ഉണ്ട്. അതിനാല്‍ ആന്തരീകമായ ഒരു നവീകരണത്തിന് ഒരു പൊതുവേദിയെ ആശ്രയിക്കേണ്ട ആവശ്യം തിരുസഭയ്ക്കില്ല.

തിരുസഭയില്‍നിന്ന് അകന്നു പോയവര്‍ക്ക്, അവരെ നവീകരിക്കുന്ന കൗദാശീക ജീവിതമോ ആരാധനാക്രമമോ നിയതവും കാലോചിതവുമായ വചന ധ്യാന രീതികളോ ഇല്ലാതെ പോവുകയും അവരുടെ സമ്മേളന വേദികള്‍ ആചാരരഹിതമായ ശുഷ്ക്കത നേരിടുകയും ചെയ്തപ്പോള്‍ രൂപംകൊണ്ടവയാണ് കണ്‍വെന്‍ഷനുകള്‍. കേള്‍ക്കുക എന്നത് ഒരു തഴക്കമായി ശേഷിക്കുകയും തങ്ങളുടെ വിശ്വാസത്തിന്‍റെ അടയാളമായി ഇത്തരം വേദികളെ ചുമക്കുകയും ചെയ്യുകയാണവര്‍

ഇനി ഈ കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുന്നവരെ സംബന്ധിച്ചും അവരുടെ മനോഭാവത്തെ സംബന്ധിച്ചും ചിന്തിക്കണം. ആത്മീയ നവീകരണത്തിനായിട്ടാണോ ഈ ജനം ഒന്നിച്ചുകൂടുന്നത്? ആരെയാണ് നാം പ്രഘോഷണവേദിയില്‍ തിരയുന്നത്.

സുവിശേഷത്തില്‍ തന്നെക്കുറിച്ച് ആളുകള്‍ എന്താണ് പറയുന്നതെന്ന് യേശു ചോദിക്കുന്നുണ്ട് (മര്‍ക്കോ. 8:27). അന്ന് ശിഷ്യന്മാര്‍ പറഞ്ഞ ഉത്തരം ഇന്നും പ്രസക്തമാണ്. കണ്‍വെന്‍ഷന്‍ പന്തലുകളില്‍ ചിലര്‍ തിരയുന്നത് സ്നാപകന്‍റെ തീക്ഷ്ണതയെയാണ്. തീപ്പൊരു പാറുന്ന പ്രസംഗങ്ങള്‍. അതങ്ങനെ കേട്ടിരിക്കാന്‍ ഒരു സുഖമുണ്ട്. വേറെ ചിലര്‍ തേടുന്നത് ഏലിയായെയാണ്. ഏലിയായെപ്പോലെ അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുന്നവനെ. പ്രഭാഷക വചനങ്ങളില്‍ അതുണ്ടല്ലോ. ഏലിയാ അത്ഭുത പ്രവൃത്തികളില്‍ നീ എത്ര മഹത്വമുള്ളവന്‍. അത്തരം പ്രവൃത്തികളുടെ പേരില്‍ അഭിമാനിക്കാന്‍ കഴിയുന്നവന്‍ മറ്റാരുണ്ട്? (പ്രഭാ. 48:4). വേറെ ചിലര്‍ പ്രവാചക വചസുകളെ തേടുന്നു.

ആരും ക്രിസ്തുവിനെ തിരയുന്നില്ല. യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനെ തിരയേണ്ടതില്ലല്ലോ. അവന്‍ തിരുസഭാഗാത്രത്തില്‍ മുഴുവന്‍ മൗതീകാനുഭവമായി കൂടെയുണ്ട്. ആരാധനാക്രമത്തിന്‍റെ അര്‍പ്പണവേദിയില്‍ അവനുണ്ട്. കൂദാശകളുടെ അടയാളങ്ങളിലൂടെ അവന്‍ നിരന്തരം നമുക്ക് വെളിപ്പെടുന്നു. നമ്മുടെ ജീവിതത്തിന്‍റെ കഷ്ടതകളിലും ക്ലേശങ്ങളിലും രോഗത്തിലും ഭാരത്തിലും ബലിയുടെ ശക്തിയായി അവനുണ്ട്. അവന്‍ ഉള്ളിലുള്ളത് ഉണരാന്‍ തിരുവചന ധ്യാനമുണ്ട്. തമ്മില്‍ തൊട്ടറിയാന്‍ തിരുസഭാ കൂട്ടായ്മയാകുന്ന ശരീരത്തിലെ ജീവിതമുണ്ട്. നിത്യേനെ തിരുസഭയില്‍ വചനം മുറിച്ചു വിളമ്പിയിട്ടും വിശുദ്ധ ജീവിത മാതൃകകള്‍ മുന്നിലുണ്ടായിട്ടും, ക്രൈസ്തവ ജീവിതരീതികള്‍ പരിശീലിപ്പിക്കപ്പെട്ടിട്ടും, തത്ത്വം പ്രയോഗത്തിലാകുമ്പോള്‍ ഉണ്ടാകുന്ന വീഴ്ചകള്‍ക്ക് പരിഹാരമായ കൗദാശീക അര്‍പ്പണവേദികളും വിശുദ്ധീകരണവും ഉണ്ടായിട്ടും, നാം കണ്‍വെന്‍ഷന്‍ മാമാങ്കങ്ങളില്‍ തേടുന്നതെന്താണ്?

ദൈവജനം ഒന്നിച്ചുകൂടുന്നതും വചനം ധ്യാനിക്കുന്നതും അരുതാത്ത പ്രവൃത്തിയാണന്നല്ല. അത് ഇടവക സമൂഹത്തിനകത്ത് വേണ്ടുവോളം ഉണ്ടല്ലോ. ആധുനിക സങ്കേതങ്ങളും കഴിവുകളും സുവിശേഷ പ്രഘോഷണത്തില്‍ ഉപയോഗിക്കപ്പെടുകയും വേണം. അതിനോടൊപ്പവും അതിനുമുമ്പും, മേല്‍പ്പറഞ്ഞ ഒരു ചിന്ത നമ്മില്‍ ഉണ്ടാകേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org