സാക്ഷ്യത്തിന്‍റെ മുഖങ്ങള്‍

മിഴിവട്ടത്തിലെ മൊഴിവെട്ടം – 11

എം.പി. തൃപ്പൂണിത്തുറ

വളരെ ലളിതമാണ് ക്രൈസ്തവധാര്‍മ്മികത. ക്രിസ്തു അടിസ്ഥാന ജീവിതനിലപാടാവുകയാണ് അതിന്‍റെ കാതല്‍. അതില്‍ അല്പംപോലും നിഗൂഢതയോ അവ്യക്തതയോ ഇല്ല. വ്യാഖ്യാനങ്ങള്‍ക്കോ വിശദീകരണങ്ങള്‍ക്കോ അതിനാല്‍ത്തന്നെ പ്രസക്തിയുമില്ല.

ഇങ്ങനെ പറയുമ്പോഴും അതൊരു എളുപ്പ മാര്‍ഗമാണ് എന്ന് തെറ്റിദ്ധരിക്കരുത്. പറയുന്നതുപോലെ എളുപ്പമല്ല നിവര്‍ത്തിയാകല്‍. ദൈവകൃപയാല്‍ മാത്രമേ ക്രൈസ്തവ ധാര്‍മ്മികജീവിതം സാധ്യമാകൂ.

ബാഹ്യാചാരങ്ങളും അനുഷ്ഠാനങ്ങളും പറയുന്നത് ക്രൈസ്തവ ധാര്‍മ്മികതയെ സംബന്ധിച്ചാണെങ്കിലും പ്രയോഗമാനത്തില്‍ അത് നിരന്തരം അകലം അനുഭവിക്കുന്നു. വിശ്വസിക്കുന്ന ധാര്‍മ്മികമൂല്യങ്ങളെ ആചാരം വഴി നാം ബോധമണ്ഡലത്തില്‍ നിലനിര്‍ത്തുന്നു എന്നേയുള്ളൂ. അവയില്‍ കുടുങ്ങിപ്പോകുമ്പോള്‍ ജീവിതത്തില്‍ അടിസ്ഥാന നിലപാടായി നിലനിര്‍ത്തേണ്ട ക്രൈസ്തവമൂല്യങ്ങള്‍ പിന്തള്ളപ്പെട്ടേക്കാം.

അറിഞ്ഞതിനെ വിശ്വസിച്ച്, വിശ്വസിച്ചതിനെ അനുഭവിച്ച്, അനുഭവിച്ചതിനെ തിരിച്ചറിഞ്ഞ് പിഞ്ചെല്ലുകയാണ് വിശ്വാസജീവിതത്തില്‍. അറിഞ്ഞത് തെറ്റിപ്പോയാല്‍ വിശ്വസിച്ചത് പൂര്‍ണ്ണഹൃദയത്തോടെ അല്ലാതെ വന്നാല്‍ തിരിച്ചറിവുകളില്‍ പാളിച്ച ഉണ്ടാകാം. അത് ക്രിസ്തുവിനെ അനുഗമിക്കുന്നതില്‍ നിന്ന് നമ്മെ വഴി തെറ്റിക്കാം. വിശ്വാസമെന്നും ജീവിതമെന്നുമുള്ള രണ്ട് പദങ്ങള്‍ തമ്മില്‍ ചേര്‍ത്തെഴുതുന്നത്ര ലാഘവത്വം പോരാ അതിന്‍റെ അര്‍ത്ഥത്തിലേക്ക് പ്രവേശിക്കാന്‍.

ഒരാള്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിനു പല കാരണങ്ങളുണ്ടാകാം. അതൊരുപക്ഷേ, തന്‍റെ ആഗ്രഹങ്ങള്‍ സാധിച്ചുതരുന്നതിനെക്കുറിച്ചാകാം. തന്‍റെ ദുരിതങ്ങള്‍ നീക്കിത്തരുന്നവനെന്നും സര്‍വശക്തനെന്നും നാമവനെ പാടിപുകഴ്ത്തിയേക്കാം. ഇത് ക്രിസ്തുവിനെക്കുറിച്ചുള്ള അറിവോ അറിവും ജ്ഞാനവുമായ ക്രിസ്തുവിന്‍റെ മുഖമോ അല്ല. നാമവനെ വരച്ചുചേര്‍ത്ത രീതിയും ഭാവവും മാത്രം. തന്‍റെ ജീവിതത്തില്‍ താന്‍ ചെയ്ത അത്ഭുതങ്ങള്‍ക്ക് സാക്ഷിയാകാനല്ല, ക്രിസ്തു ശിഷ്യന്മാരെ വിളിച്ചത്. നിങ്ങള്‍ ഇവയ്ക്ക് സാക്ഷികളായിരിക്കും എന്ന് അവിടുന്ന് പറഞ്ഞത് തന്‍റെ പീഡകളെയും സഹനങ്ങളെയും മരണത്തെയും ഉത്ഥാനത്തെയും കുറിച്ചാണ്. നമ്മുടെ ജീവിതസഹനങ്ങളിലും നാമനുഭവിക്കുന്ന കഷ്ടതകളിലും അപമാനങ്ങളിലും ക്രിസ്തുവിന്‍റെ മുഖം തെളിഞ്ഞുകിട്ടുമ്പോഴാണ് നമുക്ക് സാക്ഷിയാകാന്‍ കഴിയുക. ജീവിതത്തിലേക്ക് ക്രിസ്തുവിനെ നിവേശിപ്പിക്കുമ്പോഴും ക്രിസ്തുവില്‍ ജീവിതത്തെ അര്‍പ്പിക്കുമ്പോഴും നമ്മുടെ ജീവിതം ക്രൈസ്തവ സാക്ഷ്യമായിത്തീരും.

എന്‍റെ രോഗം മാറി. എനിക്ക് വീടു കിട്ടി… എനിക്ക് കുഞ്ഞുങ്ങളുണ്ടായി എന്നിങ്ങനെ ഭൗതികവും എനിക്ക് ദര്‍ശനം കിട്ടി കര്‍ത്താവ് എന്നോട് സംസാരിച്ചു ഇപ്രകാരം ആത്മീയമെന്ന ലേബലിലുള്ള സാക്ഷ്യപ്പെടുത്തലുകളും യഥാര്‍ത്ഥത്തില്‍ തിരുവചനത്തിനും സത്യവിശ്വാസത്തിനും എതിരായ സാക്ഷ്യങ്ങളല്ലേ? വിശ്വാസി തന്‍റെ ജീവിതത്തെ ക്രിസ്തുവില്‍ കണ്ടുമുട്ടുകയും ജീവിതത്തില്‍ ക്രിസ്തുവിന്‍റെ മുഖം പ്രകാശിപ്പിക്കുകയും ചെയ്യുമ്പോഴല്ലേ അതു സാക്ഷ്യമാവുക?

ഇന്നു നാം കേള്‍ക്കുന്ന സാക്ഷ്യാനുഭവങ്ങള്‍, കേവലം കാര്യസാധ്യത്തിന്‍റേതാണ്. അവ വിശ്വാസിയെ എങ്ങനെ മാറ്റിത്തീര്‍ക്കുന്നു എന്ന് ജീവി തം കൊണ്ടാണ് സാക്ഷ്യങ്ങള്‍ ഉണ്ടാകേണ്ടത്.

ഒത്തിരി കടബാധ്യതകളിലായി വീട് വില്ക്കേണ്ടിവന്ന് ഒടുവില്‍ നാടുവിട്ട ഒരാളെ അടുത്തയിടെ കണ്ടുമുട്ടി. തന്‍റെ ജീവിതത്തില്‍ ദൈവം അത്ഭുതം പ്രവര്‍ത്തിച്ചു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുകയാണ്. "എന്‍റെ കടങ്ങള്‍ അറിയുന്നവനെ അങ്ങയെ ഞാന്‍ സ്മരിക്കുന്നു" എന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു. കടംവീട്ടി. വീട് സ്വന്തമായി. അപ്പോള്‍ പഴയ വീട് വാങ്ങാന്‍ ആഗ്രഹം വന്നു. അതിനു ശ്രമിച്ചു. പ്രാര്‍ത്ഥന തുടര്‍ന്നു. ഇപ്പോള്‍ തനിക്ക് രണ്ട് വീടുണ്ട്. കര്‍ത്താവ് വലിയവന്‍. ഇതാണ് അദ്ദേഹത്തിന്‍റെ സാക്ഷ്യം.

അദ്ദേഹം ക്രിസ്തുവിനെ അറിഞ്ഞതില്‍ പിഴവു പറ്റിയോ? ഭൗതികനേട്ടങ്ങള്‍ നല്‍കുന്ന സര്‍വശക്തനായ ഒരു മൂര്‍ത്തിയാണോ അദ്ദേഹത്തിന്‍റെ യേശു? യഥാര്‍ത്ഥത്തില്‍ രണ്ടുള്ളവന്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ എന്ന സ്നാപകന്‍റെ ആഹ്വാനം പോലും അദ്ദേഹത്തിന്‍റെ അരികില്‍ എത്തിയിട്ടില്ല. പിന്നെങ്ങനെ നിനക്കുള്ളതു വിറ്റ് ദരിദ്രര്‍ക്ക് കൊടുത്ത് എന്നെ അനുഗമിക്കൂ എന്ന് യേശുവചനം അദ്ദേഹത്തെ സ്പര്‍ശിക്കും.

നേട്ടങ്ങളില്‍ ദൈവത്തെ കാണുന്ന ആത്മീയത ഇന്ന് പ്രചാരം നേടുകയാണ്. ദൈവം ഇഷ്ടനിവൃത്തിക്കുള്ള ഉപാധിയായി തരംതാഴ്ത്തപ്പെടുന്നു. ക്രിസ്തുവിലേക്ക് നോക്കുക. പിതാവിന്‍റെ ഹിതം നിറവേറ്റാന്‍ നഷ്ടങ്ങള്‍ മാത്രമാണ് ക്രിസ്തുവിന് ഭൂമിയില്‍. പീഡകള്‍ മാത്രമാണ് കൈമുതല്‍. കുരിശിലെ മരണത്തോളം പിതാവിനെയും പിതാവിന്‍റെ ഹിതത്തെ പ്രതി നമ്മെയും സ്നേഹിച്ച ഒരുവനെ അനുഗമിക്കാന്‍ നാമും നിലപാടു മാറ്റേണ്ടതില്ലേ? അതല്ലേ അവിടുന്നാഗ്രഹിക്കുന്ന മാനസാന്തരം?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org