നീതിക്കുവേണ്ടി സഹിക്കുക

എന്തിനാണ് നാം യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നത്? ഇങ്ങനെ ഒരു ചോദ്യം വന്നാല്‍ എന്തുത്തരം പറയും നമ്മള്‍? പലതരം ഉത്തരം നാം അധരംകൊണ്ട് പറയും. സ്വര്‍ഗം നേടാനെന്ന് ഒരുത്തരം നാം പഠിച്ചുവച്ചിട്ടുണ്ട്. പിന്നെ ആലങ്കാരികമായി രക്ഷ അനുഭവിക്കാനെന്നോ, സത്യത്തില്‍ ചരിക്കാനെന്നോ ഒക്കെ നാം പറയും. പക്ഷേ നമ്മുടെ ജീവിതം നാം പറയാതെ ഒരുത്തരം പറയുന്നുണ്ട്. അത് ജീവിതത്തിലെ അസാധ്യകാര്യങ്ങള്‍ സാധ്യമാക്കുന്നതിനു വേണ്ടിയെന്നാണ്. സങ്കടങ്ങള്‍ മാറിക്കിട്ടാനാണ്. നേട്ടങ്ങളുണ്ടാകാന്‍ വേണ്ടിയാണ്. രണ്ടാമത്തെ ഭാഗമാണ് സത്യസന്ധമായിട്ടുള്ളത്. അതു ശരിയല്ലെന്ന് നമുക്കറിയാം. എങ്കിലും നാം ചുവടുമാറ്റില്ല.

എന്തിനാണ് ക്രിസ്ത്യാനിയായിരിക്കുന്നത്? ക്രിസ്തു എന്തിനാണ് ഭൂമിയില്‍ വന്നതെന്നും എന്താണ് ചെയ്തതെന്നും തിരിച്ചറിഞ്ഞാല്‍ മാത്രമേ, അവിടുത്തെ മൊഴികള്‍ നമുക്ക് പ്രകാശമാവുകയുള്ളൂ.

യേശു ഭൂമിയിലേക്കു വന്നത് സകല മനുഷ്യര്‍ക്കുംവേണ്ടി പകരം മരിക്കാനാണ്. നാമീ ഭൂമിയില്‍ ജീവിക്കുന്നത് ക്രിസ്തുവിന്‍റെ തുടര്‍ച്ചയാകാനും അവിടുത്തെ ദാനമായ രക്ഷയുടെ അനുഭവത്തിലേക്ക് നയിക്കാനും വേണ്ടിയാണ്. അങ്ങനെ തോന്നിയാല്‍ ഉടനെ നാമൊരു കണ്‍വെന്‍ഷന്‍ നടത്തും. അല്ലെങ്കില്‍ ബൈബിള്‍ വിതരണം ചെയ്യും.

യേശുവിന്‍റെ തുടര്‍ച്ചയായ നാം യേശു എന്തു പറഞ്ഞു എന്നതിനെ വ്യാഖ്യാനിക്കാനും ഏറ്റുപറയാനും മിടുക്കന്മാരാണ്. യേശു പറഞ്ഞത് പ്രവര്‍ത്തിക്കാന്‍, അവന്‍ ചെയ്തതിന്‍റെ തുടര്‍ച്ചയാകാന്‍ നാം തീരുമാനിച്ചിട്ടില്ല. അതുകൊണ്ട് അപരനെ നാം മാറ്റി നിര്‍വചിക്കുന്നു. അവിടെ താനൊഴികെയുള്ള എഴുനൂറ്റിതൊണ്ണൂറ്റിയൊന്‍പതുകോടി തൊണ്ണൂറ്റിയൊന്‍പതുലക്ഷത്തിതൊണ്ണൂറ്റിയൊമ്പതിനായിരത്തി തൊള്ളായിരത്തിതൊണ്ണൂറ്റിഒമ്പതു പേരെയും നാം അപരനായി കാണണം. പക്ഷേ, നാമവരെ പുറത്തുനിറുത്തും. രണ്ടും മൂന്നും പേരുള്ള കുടുംബത്തിനകത്തെ അപരനെപ്പോലും അംഗീകരിക്കാന്‍ നമുക്ക് കഴിയുന്നില്ല. പിന്നെ, നാം സഹിച്ചും വിട്ടുവീഴ്ച ചെയ്തും കഴിഞ്ഞുപോവുകയാണ്. അപരനുവേണ്ടി മരിക്കാനല്ല, അവനെ ഭക്ഷിച്ചു തൃപ്തരാകാനാണ് നമ്മുടെ ശ്രമം.

അപരത്വം ഏറ്റവുമധികം തെറ്റായി ഉപയോഗിക്കപ്പെടുകയാണ് നമ്മുടെ വിശ്വാസജീവിത സാഹചര്യത്തില്‍. താനല്ലാത്ത എല്ലാവര്‍ക്കും വേണ്ടിയായിത്തീരുക എന്നതിന്‍റെ പ്രായോഗികതയെ നാം സംശയിക്കുന്നു. അതൊക്കെ നടപ്പുള്ളതാണോയെന്ന് നാം ചോദിക്കുന്നു. എന്നിട്ട് അവനവന് ആവശ്യമുള്ള ഒരു ചുറ്റുവട്ടത്തെ ആ പരിധിയില്‍ നിലനിര്‍ത്തുന്നു. സഹോദരന്‍ എന്നു പറയാന്‍, നമുക്ക് വീടിന്‍റെ ചുവരിനകത്ത് ഉള്ളയാളാകണം. അല്പംകൂടി കയ്യയച്ചു വിട്ടാല്‍ സഹോദരങ്ങള്‍, ബന്ധുമിത്രാദികള്‍, ഇടവക, സഭ… പിന്നെ? കുറച്ചുപകാരികളും സഹായികളും… പക്ഷേ ഇവിടെപ്പോലും നാമവര്‍ക്കു പകരമോ ഭക്ഷണമോ അല്ലെന്നതാണ് പരമാര്‍ത്ഥം.

അപ്പോള്‍ ലോകത്തുള്ള സകലര്‍ക്കും പകരമാകാന്‍ നമുക്കു കഴിയില്ലേ? കഴിയും. അതിന് ലോകം ചുറ്റണ്ട. എണ്ണൂറ് കോടിയെ ഓര്‍ത്ത് കരയണ്ട. വളരെ എളുപ്പമാണത്. സ്വന്തം ഇഷ്ടങ്ങളെ ഉപേക്ഷിക്കുക. ഉപേക്ഷവഴി നാം 800 കോടിക്കും ബന്ധുവാകും.

അവന്‍റെ കഷ്ടതയില്‍ പങ്കുചേരണമെന്നാണ് വചനം. അതൊക്കെ നടപ്പില്ലാത്ത കാര്യമെന്നാണ് നമ്മുടെ ചിന്ത. പിന്നെ പ്രതീകാത്മകമായി നാം അനാഥാലയത്തില്‍ പോയി അവര്‍ക്ക് ഭക്ഷണം കൊടുക്കും. അവരോടൊപ്പം കുറേനേരം ചിരിക്കും, കളിക്കും. അവരെതിര്‍ത്തൊന്നും പറയില്ല.

യഥാര്‍ത്ഥത്തില്‍ അവരെ വീടിനു പുറത്താക്കിയവരാണ് കാണാന്‍ ചെല്ലുന്നത്. അത് ഒരുതരം പരിഹാസമല്ലേ? ആരുമില്ലാതായിപ്പോകുന്നവരെ ഭവനത്തില്‍ സ്വീകരിക്കാനാണ് ക്രിസ്തു പറഞ്ഞത്. പിന്നെ നമുക്ക് ബുദ്ധിയുള്ളതുകൊണ്ട് അനാഥാലയത്തിനു പേരിട്ടപ്പോള്‍ നാം സ്നേഹഭവനമെന്നോ, ആശ്വാസഭവനമെന്നോ പേരിട്ടു. അപ്പോള്‍ ഭവനത്തിലാണല്ലോ.

എന്തേ കുറച്ചുപേര്‍ ഇല്ലാത്തവരായി? നമുക്കുള്ളവ നാം പങ്കുവയ്ക്കാതിരുന്നതുകൊണ്ട്. നാം നേടാനോടിയത് നമുക്കുവേണ്ടിയാണ്. അപരനുവേണ്ടിയല്ല. അങ്ങനെ പുറത്താക്കപ്പെട്ട അനേകര്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നവരുണ്ട്. അവരുടെ പ്രവൃത്തിയെ കുറച്ചുകാണുകയല്ല. പക്ഷേ, ഒരാള്‍ ഇല്ലാത്തവനാകുന്നത്, അവനായി ദൈവം നിനക്കു നല്‍കിയത്, അവനു കൊടുക്കാതെ നീ സ്വന്തമാക്കിയതുകൊണ്ടാണെന്ന പരമാര്‍ത്ഥം മറച്ചുവയ്ക്കപ്പെടുന്നു.

സാഹോദര്യമെന്നതിനെ ഒരിത്തിരിവട്ടം വരച്ച് അതിനകത്ത് തിന്നും കുടിച്ചും കഴിഞ്ഞുപോകുമ്പോള്‍, പുറത്തായിപ്പോയവന്‍റെ കണ്ണുനീര്‍ നമുക്കു ചുറ്റും നിറയുന്നത് നാം കാണാതെ പോകുന്നു. പിരിവിട്ട് ഇടവകാതിര്‍ത്തിയിലെ ഒരുവന് ഒരു വീട് പണിതു കൊടുക്കുന്നതിന്‍റെ പുണ്യം കൊണ്ട് സത്യത്തിന്‍റെ വെളിച്ചത്തെ നമുക്ക് തടഞ്ഞുവയ്ക്കാനാകില്ല.

ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന ഭരണകൂടത്തിന്‍റെ പ്രവൃത്തികളെ കണ്ടില്ലെന്നു നാം നടിക്കുമ്പോഴും നമ്മുടെ സഹോദരങ്ങള്‍ പുറത്താണ്. ദേശീയ പൗരത്വനിയമത്തിന്‍റെ ഭേദഗതിയും പൗരത്വപട്ടികയും നമ്മെ ബാധിക്കില്ലല്ലോ എന്നാണ് നമ്മുടെ ചിന്ത. പക്ഷേ, എല്ലാവരെയും സഹോദരരായി കാണുന്നുവെങ്കില്‍, ഇന്ത്യയുടെ മതനിരപേക്ഷ നിലപാട് തകര്‍ക്കുന്നതിനെ അപലപിക്കാതിരിക്കുന്നതെങ്ങനെ? നമുക്കെതിരെയുള്ള അനീതികളെ സഹനമായി സ്വീകരിക്കുകയും നീതി നിഷേധിക്കുന്നവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുക എന്നത്, ദരിദ്രനോട് പക്ഷം ചേരുക എന്നത്, ക്രൈസ്തവന്‍റെ ധാര്‍മ്മിക കടമയല്ലേ?

നാം നമ്മെക്കുറിച്ചുതന്നെ ചിന്തിക്കണം. വിമര്‍ശനപരമായി. നാം അപരനെക്കുറിച്ച് ചിന്തിക്കണം അനുകമ്പയോടെ. എല്ലാവര്‍ക്കും വേണ്ടി, സ്വന്തം മുതുക് കാട്ടിക്കൊടുത്ത ഒരുവന്‍റെ മനോബലം നമുക്ക് കവചമാകട്ടെ.

martheenos@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org