മാനസാന്തരം എന്ന മാറ്റം

എം.പി. തൃപ്പൂണിത്തുറ

നിലവിലുള്ള പ്രാര്‍ത്ഥനകളെയും ഭക്തമാര്‍ഗങ്ങളെയും വിട്ട് പുതിയവ തേടുകയും രൂപപ്പെടുത്തുകയും മറ്റിടങ്ങളില്‍ നിന്ന് ആചാരങ്ങളും രീതികളും കടമെടുക്കുകയും ചെയ്യുന്നതിന്‍റെ പിന്നിലെ പൊരുളെന്ത്? പുതിയ ഇടങ്ങളും അനുഗ്രഹപ്രദമായ സങ്കേതങ്ങളും തേടുന്നതിന്‍റെ പിന്നിലെ മാനസിക ഘടന എന്ത്? വിശാസിസമൂഹവും അവരെ പരിപാലിക്കാന്‍ നിയോഗിക്കപ്പെട്ടവരും ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട വിഷയമാണിത്.

മാറ്റത്തിനായുള്ള ഒരാന്തരികത്വരയും സ്വയം മാറാതിരിക്കാനുള്ള ജഡത്തിന്‍റെ വാസനയും എല്ലാ മനുഷ്യരിലുമുണ്ട്. വിശ്വാസിയിലും അവിശ്വാസിയിലും. മൂല്യങ്ങള്‍ക്ക് ഒത്ത വിധമാകാനോ നിലനില്‍ക്കുന്നവയെ എതിര്‍ക്കാനോ ഉള്ള സാമാന്യ പ്രവണതയായി സാധാരണ മനുഷ്യനില്‍ പ്രകടമാകുന്ന ഈ ഭാവം, വിശ്വാസിയില്‍ പ്രകടമാകുന്നത് സ്വയം മാറ്റത്തിനുള്ള പ്രേരണയായിട്ടാണ്. നിരന്തരം മാനസാന്തരത്തിനുള്ള ഒരു ഉള്‍വിളിയെ അയാള്‍ നേരിടണം.

എന്‍റെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ, നിങ്ങളും പരിപൂര്‍ണ്ണനായിരിക്കണമെന്ന ക്രിസ്തുവചനം, നമ്മുടെ അപൂര്‍ണതകളെ നമുക്ക് വെളിപ്പെടുത്തിത്തരികയും തിരുത്തലിന്‍റെയും ആത്മാനുതാപത്തിന്‍റെയും വഴിയിലൂടെ നമ്മെ നയിക്കുകയും ചെയ്യും.

മാറണം എന്ന പ്രേരണ ആദ്യമായി നമ്മില്‍ ഉണരുമ്പോള്‍, നാം നമ്മുടെ ദൃഷ്ടി അപരനിലേക്ക് തിരിക്കുകയാണ് പതിവ്. ബാഹ്യത്തെ മാറ്റിത്തീര്‍ക്കാനുള്ള പ്രേരണയായി നാമത് തിരുത്തും. ബാഹ്യലോകത്തിന്‍റെ പോരായ്മകള്‍ കണ്ടെത്താനും കുറവുകള്‍ ചൂണ്ടിക്കാട്ടാനുമുള്ള ഈ ത്വര, യഥാര്‍ത്ഥത്തില്‍ അകമെ വിരിഞ്ഞത് അവനവനു വേണ്ടിയായിരുന്നു എന്നതാണ് പരമാര്‍ത്ഥം.

ആത്മീയ വഴിയില്‍ ആയിരിക്കുകയും, ആന്തരികത ഉണരുകയും ചെയ്യുന്ന വ്യക്തിയിലും മാറ്റത്തിനായുള്ള ആന്തരിക പ്രേരണ, ഏകമുഖമായ ഫലമല്ല പുറപ്പെടുവിക്കുക. അവനവന്‍റെ തന്നെ ബാഹ്യജീവിതത്തിലെ ഏതെങ്കിലും ഒരു പ്രവൃത്തിയുടെ മാറ്റമാകാം ഒരുപക്ഷേ, അതിന്‍റെ ആദ്യഫലം. പ്രകടമായ തിന്മയായി ലോകം വിധിച്ചിട്ടുള്ള ഏതെങ്കിലും ഒരു പ്രവൃത്തിയെ ഉപേക്ഷിച്ച് നമ്മുടേതെന്ന് നാം കരുതുന്ന മാര്‍ഗത്തിലേക്ക് തിരിയുകയാണ് ഇവിടെ മാറ്റമായി കരുതപ്പെടുക.

എന്നാല്‍ ഇതുകൊണ്ട് അവസാനിക്കാത്ത നിരന്തര പ്രേരണയാണ് മാറ്റത്തിനും മാനസാന്തരത്തിനുമായുള്ള ത്വര. അങ്ങനെ അകത്തിന്‍റെ ഈ പ്രേരണ, വീണ്ടും വീണ്ടും തുടരുമ്പോള്‍ സംഭവിക്കേണ്ടത് ഒരു നിരന്തര മാനസാന്തരമാകും.

മാറ്റം ആഗ്രഹിക്കാത്ത, ജഡത്തിന്‍റെ വാസനയാകട്ടെ, ഈ പ്രേരണയെ എതിര്‍ത്തുകൊണ്ടേയിരിക്കും. ലോകാരൂപിയോട് ചേര്‍ന്ന്, അത് പ്രതിരോധമുയര്‍ത്തും. മറ്റുള്ളവരുമായി ഒത്തുനോക്കി നാം എത്രയോ മെച്ചപ്പെട്ടവര്‍ എന്ന് കരുതി വശാകാനും അത് ഇടയാക്കും.

വീണ്ടും വീണ്ടും ദൈവാത്മ പ്രേരിതമായി അകത്ത് പ്രകാശം പരക്കുമ്പോള്‍, അതിനെ നേരിടാന്‍ നമ്മിലെ ജഡികതയും ലോകാരൂപിയും പൈശാചിക തിന്മകളും ചേര്‍ന്ന് വിശുദ്ധ പ്രലോഭനങ്ങള്‍ നമ്മില്‍ സൃഷ്ടിക്കും. അതിഭക്തിയുടെയും അന്ധമായ ആത്മീയതയുടെയും വഴിയാണത്. നാം മാനസാന്തരത്തിലും പുണ്യവഴിയിലും പുരോഗമിച്ചു എന്ന തെറ്റിദ്ധാരണ ജനിപ്പിക്കലാണത്. അവിടെ നമ്മുടെ ശ്രദ്ധ ഒരിക്കലും അകത്തേയ്ക്ക് തിരിയാതിരിക്കാന്‍ ഒരുക്കപ്പെടുന്ന കെണിയാണ്, ആത്മീയ യാത്രയിലെ സാഹചര്യങ്ങളെ മാറ്റാനുള്ള പ്രേരണ.

പ്രാര്‍ത്ഥനകള്‍ മാറ്റുക, പ്രാര്‍ത്ഥനാ രീതികള്‍ സ്വയം പരിഷ്കരിക്കുക. പുതിയ ആചാരാനുഷ്ഠാനങ്ങള്‍ സ്വയം രൂപപ്പെടുത്തുക. തുടങ്ങിയവ അങ്ങനെയുള്ള പ്രലോഭനങ്ങളാണോ എന്ന് പരിശോധിക്കണം. നിലനില്ക്കുന്ന പ്രാര്‍ത്ഥനകളെ സ്വന്തം ഇഷ്ടത്തിന് പരിഷ്കരിച്ച്, അത് ദൈവത്തിന്‍റെ അരുളപ്പാടാണ് എന്ന് സ്വയം ധരിച്ചുവശാകും. അത് സാധാരണക്കാരനും ശുശ്രൂഷകനും സംഭവിക്കാം. സഭയില്‍ ഒരു പ്രാര്‍ത്ഥനയോ ആചാരമോ രൂപപ്പെടുന്നത് അനേകവര്‍ഷത്തെ പഠനങ്ങളിലൂടെയും ആത്മനിവേശനങ്ങളിലൂടെയുമാണ്. വ്യക്തിഗതങ്ങളായി തോന്നുന്നവ പ്രയോഗിക്കാനുള്ള ഇടമല്ല, തിരുസഭ.

വിശുദ്ധാത്മാക്കളുടെ ജീവിതം വഴി തെളിയിക്കപ്പെട്ട ജീവിത മാര്‍ഗങ്ങളും, നിരന്തരമായ പഠനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും രൂപം പ്രാപിച്ച പ്രാര്‍ത്ഥനകളുമാണ് തിരുസഭ നമുക്കായി നല്‍കിയിട്ടുള്ളത്. പ്രാര്‍ത്ഥനകളോ, പ്രാര്‍ത്ഥനാ കേന്ദ്രങ്ങളോ, തീര്‍ത്ഥാടന കേന്ദ്രങ്ങളോ മാറി, മാറി പ്രയോഗിച്ച്, അകത്തെരിയുന്ന മാറ്റത്തിനായുള്ള ഉള്‍വെളിച്ചം കെടുത്തരുത്. പള്ളി മാറിക്കയറിയല്ല, ആളുമാറി പള്ളിയില്‍ കയറിയാണ് മാറ്റം തുടരേണ്ടത്. പള്ളിയല്ല മാറേണ്ടത് മനസ്സാണ്.

പ്രാര്‍ത്ഥനകള്‍ മാറ്റാനും ആചാരങ്ങള്‍ രൂപപ്പെടുത്താനും ഈ കേന്ദ്രത്തിലാണ് ശക്തി എന്ന് പറയാനും തുടങ്ങുമ്പോള്‍, മാനസാന്തരത്തിന്‍റെ പാത നാം അടയ്ക്കുകയാണ്. ഇടവകയാണ് നമ്മുടെ ആത്മിയകേന്ദ്രം. തീര്‍ത്ഥാടനം ജീവിതമാകുന്ന തീര്‍ത്ഥാടനത്തിന്‍റെ അനുഭവതലം മാത്രമാണ്. ഇടവക ദേവാലയത്തിലെ ബലിപീഠവും, അവിടെ നമുക്കായി, തിരുസഭ ജീവിതാര്‍പ്പണത്തിനായി നിറുത്തിയിട്ടുള്ള പുരോഹിതനും മതി, നമ്മുടെ ആത്മീയ ജീവിതത്തിന്. ഓട്ടം നിര്‍ത്തി, അവിടേയ്ക്ക് തിരിയാന്‍ ശ്രദ്ധിക്കാം നമുക്ക്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org