മാനസാന്തരം

മാനസാന്തരപ്പെടുക എന്നത് പല നിലയ്ക്കാണ് ഇപ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നത്. നിലവില്‍ വിശ്വാസസമൂഹം മാനസാന്തരത്തിനു കല്പിച്ചുനല്‍കുന്ന സങ്കല്പങ്ങളെ മൂന്നു തരത്തില്‍ നമുക്ക് കാണാം. പൊതുസമൂഹത്തിന്‍റെ വീക്ഷണത്തില്‍ അത് ഒരാളുടെ ആചാരബദ്ധമായ ഭക്തജീവിതമാണ്.

ഒരാള്‍ ഭക്തജീവിതത്തിലേക്കു തിരിയുമ്പോള്‍, അയാള്‍ മാനസാന്തരപ്പെട്ടതായി നാം ധരിക്കുന്നു. വിശ്വാസസമൂഹം പൊതുവില്‍ അനുഷ്ഠിക്കുന്ന ആചാരാനുഷ്ഠാനങ്ങളിലും ഭക്തകൃത്യങ്ങളിലും സജീവമായി പങ്കെടുക്കുന്ന ഒരാളെ മാനസാന്തരപ്പെട്ട ഒരാളായി നാം വിലയിരുത്തുന്നു. കഴുത്തില്‍ കൊന്തയിടുകയും ബാഹ്യാടയാളങ്ങള്‍ ധരിക്കുന്നതും മാനസാന്തരത്തിന്‍റെ അടയാളങ്ങളായി ധരിക്കുന്നു.

ജീവിതത്തില്‍ കാര്യമായ പരിവര്‍ത്തനാത്മകമായ ചലനമൊന്നും ഇല്ലാതെ, നിരന്തരമായി ദേവാലയത്തില്‍ പോകുന്നതും നവനാളുകളില്‍ പങ്കെടുക്കുന്നതും ധ്യാനശുശ്രൂഷകളുടെ ഭാഗമായി മാറുന്നതും മാനസാന്തരത്തിന്‍റെ ഫലങ്ങളായി തെറ്റിദ്ധരിക്കപ്പെടുകയാണ്. തങ്ങളുടെ അനുഷ്ഠാനരീതികള്‍ പിന്‍പറ്റാത്തവര്‍, അവിശ്വാസികളും മാനസാന്തരപ്പെടേണ്ടവരും എന്ന ധാരണയെ അളവുകോലാക്കുന്ന സമീപനമാണിവിടെ.

വ്യക്തിക്കുണ്ടാകുന്ന ജീവിതപരിവര്‍ത്തനം കാര്യമായ ഒന്നായി ഇവിടെ പരിഗണിക്കപ്പെടുന്നില്ല. വിശ്വാസത്തെ ജീവിതത്തിനു പുറത്ത് കേവലാചാരങ്ങളില്‍ നിര്‍ത്തുന്നതിന്‍റെ ഫലമാണ് ഈ തെറ്റായ ചിന്ത. അതുകൊണ്ട് നമ്മുടെ ആചാരക്രമങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നവര്‍ക്കെല്ലാം 'മാനസാന്തരം' ഉണ്ടാകാന്‍ നാം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

എന്നാല്‍ വ്യക്തിജീവിതത്തിലും അയാളുടെ ബന്ധത്തിലും മാനസാന്തരം വ്യാഖ്യാനിക്കപ്പെടുന്നത് അയാളുടെ സ്വഭാവവുമായി ബന്ധപ്പെട്ടാണ്. സാമൂഹ്യമായ നല്ല മനുഷ്യനെക്കുറിച്ച് നാം വച്ചുപുലര്‍ത്തുന്ന അതിരുകള്‍ക്കകത്ത് ഒരാള്‍ ജീവിക്കുന്നതിനെയാണ് അവിടെ മാനസാന്തരമായി കാണുക. സദാചാരത്തിനു വിധേയപ്പെട്ടും ബലഹീനതകളെ നീക്കിയും, ഒരാള്‍ നല്ലവനാകുന്നതിനെയാണ്, സ്വഭാവശുദ്ധിയുണ്ടാകുന്നതിനെയാണ് ഇവിടെ മാനസാന്തരമായി കണക്കാക്കുക.

അതുകൊണ്ട് നമ്മുടെ വീട്ടിലും കൂട്ടത്തിലുമുള്ളവരുടെ മാനസാന്തരത്തിനായി എന്ന് കരുതി നാം പ്രാര്‍ത്ഥിക്കുന്നത്, അയാളുടെ മദ്യം അഥവാ ലഹരി ഉപയോഗങ്ങള്‍ മാറണം. അയാള്‍ സമൂഹത്തിന്‍റെയും നമ്മുടെയും ഇഷ്ടത്തിനായി മാറണം. അപ്പോള്‍ അയാള്‍ക്ക് മാനസാന്തരമായി. തങ്ങള്‍ക്കുള്ളവ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള മനസുണ്ടാകണമേ എന്ന് ആരും പ്രാര്‍ത്ഥിച്ചു കണ്ടിട്ടില്ല. ദൈവദാനമായ സമ്പത്ത് ധൂര്‍ത്തടിച്ചുകളയാതെ സൂക്ഷിച്ചുവയ്ക്കാന്‍ മനസ്സ് നല്‍കണമേ എന്ന പ്രാര്‍ത്ഥനയ്ക്ക് ഒരു കുറവുമില്ലതാനും.

ആദ്യമെ പറഞ്ഞ ഈ രണ്ട് തലങ്ങളിലും മാനസാന്തരപ്പെടുന്നവരുടെ ജീവിതത്തില്‍ ചലനങ്ങളുണ്ടാകാം മാനസാന്തരത്തിന്‍റെ പാര്‍ശ്വഫലങ്ങളായി അവ കാണപ്പെട്ടേക്കാം. എന്നാല്‍ മാനസാന്തരം ഇതിനെല്ലാം പുറത്തുനില്‍ക്കുന്നു. അത് സ്വഭാവശുദ്ധിക്കും സദാചാര പാലനത്തിനും വേണ്ടിയുള്ളതോ, ആചാരത്തിലേക്കു തിരികെ നടക്കാനുള്ളതോ അല്ല. ആത്മസ്വരൂപനായ ക്രിസ്തുവുമായി ഒരാള്‍ നേരിടുന്ന അകലം തിരിച്ചറിഞ്ഞ് തിരികെ നടക്കുന്നതാണത്. അത് ഒരു ദിവസം കൊണ്ട് നടക്കേണ്ട കാര്യമല്ല. ഒരു ജീവിതത്തില്‍ മുഴുവന്‍ അനുതാപമാകുന്ന അകച്ചൂടില്‍ ക്രിസ്തുവായി ഉരുകി പരിണമിക്കലാണത്.

ലോകം പരമപ്രധാനം എന്നു കരുതിയുള്ള ജീവിതത്തില്‍നിന്ന് സ്വര്‍ഗ്ഗമെന്ന ലക്ഷ്യത്തിലേക്ക്, സമ്പത്ത് പരമലക്ഷ്യമെന്ന സാമാന്യതയില്‍നിന്ന് ക്രിസ്തുവിന്‍റെ ദാരിദ്ര്യത്തിലേക്ക്, ലോകസുഖങ്ങളില്‍ നിന്ന് ക്രിസ്തുവിന്‍റെ പീഡകളിലേക്കൊക്കെ തിരികെ നടക്കുന്നതാണത്. താനായിരിക്കുന്നതില്‍നിന്ന്, തന്‍റെ ആദ്യ സ്വരൂപത്തിലേക്ക് തിരികെ നടക്കുന്നതാണത്. അത് ബാഹ്യമായ ഒന്നല്ല. നിരന്തരത നഷ്ടമായാല്‍ പഴയതിലേക്ക് തിരികെ പോകാനിടയുള്ള ആന്തരികമായ ഒരു സംഘര്‍ഷത്തിന്‍റെ ബഹിര്‍സ്ഫുരണമാണത്.

ഭക്തജീവിതവും ആചാരവും മുറതെറ്റാതനുഷ്ഠിച്ച ഫരിസേയനോട് ക്രിസ്തു പറഞ്ഞത്, മാനസാന്തരപ്പെടണമെന്നാണ്. അതിനാല്‍ ആചാരപാലനത്തിന്‍റെ വഴി മാനസാന്തരത്തിന്‍റേതാകണമെന്ന് നിര്‍ബന്ധമില്ല. നല്ലവനായി സ്വയം പരിഗണിച്ച യുവാവിനോട്, നിനക്കുള്ളത് വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക എന്നാണ് അവിടുന്ന് പറഞ്ഞത്. അവിടെയും മാനസാന്തരം ഒരാളുടെ 'നല്ലവനെന്ന' സ്ഥിതിയല്ല.

സ്വയം നഷ്ടമായും അപരനെ കരുതുന്ന, ജീവാര്‍പ്പണത്തിന്‍റെ വഴിയിലേക്ക് എത്ര ദൂരമെന്ന് തിരിച്ചറിഞ്ഞ്, സ്വയമുപേക്ഷകളുടെ വഴിയിലൂടെ തിരികെ നടക്കുന്നതാണ് മാനസാന്തരം. മോനിക്ക അഗസ്റ്റിനുവേണ്ടി പ്രാര്‍ത്ഥിച്ചത്, അവന്‍ ആത്മബോധമുള്ളവനായി ക്രിസ്തുവിലേക്ക് തിരിയാനാണ്. നമ്മുടെ ഇഷ്ടത്തിനും നല്ലവന്‍ സങ്കല്പത്തിനും അനുസരിച്ച് അപരന്‍ മാറിത്തീരാനുള്ള പ്രാര്‍ത്ഥനകള്‍ അവസാനിപ്പിച്ച്, ക്രിസ്തുവിനെ അനുഭവിക്കാനും അനുസരിക്കാനും അനുഗമിക്കാനും നമ്മെ ബലപ്പെടുത്തണമേ എന്നു പ്രാര്‍ത്ഥിക്കാം. മാനുഷികതയുടെ പരിമിതികളെ വിട്ടകന്നല്ല അതിനകത്ത് ക്രിസ്തുവിന്‍റെ അളവില്ലാത്ത സ്നേഹത്തെ ആഞ്ഞുപുല്‍കാന്‍ നമുക്കിടയാകട്ടെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org