നവീകരിക്കപ്പെടുക

വിശ്വാസജീവിതത്തില്‍ നവീകരണം നടത്തിക്കൊണ്ടു മാത്രമേ, നമുക്ക് നിലനില്‍ക്കാനാകൂ. അതു മതാത്മകതയുടെ പുനഃരുദ്ധാരണമല്ല, നവോത്ഥാനമാണ് നമ്മില്‍ നിന്നും ആവശ്യപ്പെടുന്നത്. അതിനാല്‍ നവീകരണ പ്രസ്ഥാനങ്ങളും പ്രവൃത്തികളും സഭാത്മക ജീവിതത്തില്‍ അവശ്യം വേണ്ടതുമാണ്.

പക്ഷേ, നവീകരണമെന്നത് ജീവിതപ്രയോഗവഴിയെ സൂക്ഷ്മമായി പരിശോധിക്കുന്നതോ പരിവര്‍ത്തിപ്പിക്കുന്നതോ ആകുന്നില്ലെങ്കില്‍, അത് ഗുണകരമല്ല. ഭൗതികലോകത്തിന്‍റെ നന്മകള്‍, സൗഖ്യം, മനഃസമാധാനം ഇവയ്ക്ക് തടസ്സമായവ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യുന്നവയാണ് നവീകരണ ശുശ്രൂഷകള്‍ എന്നു കരുതുന്നത് യഥാര്‍ത്ഥത്തില്‍ എത്ര ബാലിശമാണ്.

കുറ്റങ്ങള്‍ക്കും നന്മകള്‍ക്കും ഇടയില്‍ നിര്‍ത്തി ഒരുവനെ വിചാരണ ചെയ്യലല്ല യഥാര്‍ത്ഥത്തില്‍ സംഭവിക്കേണ്ടത്. തെറ്റിനും ശരിക്കുമിടയിലെ ഊഞ്ഞാലാട്ടമായി ജീവിതം മാറുകയും, യഥാര്‍ത്ഥത്തില്‍ നമ്മിലുണ്ടാകേണ്ട മാറ്റങ്ങള്‍ അപ്രസക്തങ്ങളായിത്തീരുകയുമാണ് പലപ്പോഴും. പാപിയെന്ന അധമബോധത്തിലേക്കല്ല പാപിയായ എന്നെ വീണ്ടെടുക്കുകയും ആ വിടുതലിന്‍റെ അനുഭവം കൗദാശികമായി സഭയില്‍ എനിക്കുവേണ്ടി നല്‍കുകയും ചെയ്യുന്ന യേശുവിനോടുള്ള സ്നേഹം ഉള്ളില്‍ വളര്‍ത്തുമ്പോള്‍ മാത്രമേ അനുതാപവും അതു വഴിയുള്ള നവീകരണവും യഥാര്‍ത്ഥ അനുഭവമാകൂ.

വിശ്വാസം ചിന്താമണ്ഡലത്തിനകത്ത് ചുറ്റിക്കളിക്കുന്ന ഒരു ആശയവലയമല്ല. അങ്ങനെ ഒരു ലോകത്തിന്‍റെ സാങ്കല്പിക വ്യക്തിത്വം പ്രാപിക്കാന്‍ കഴിയാത്തതില്‍ തോന്നുന്ന തികച്ചും വ്യാജമായ ഒരു കുറ്റബോധത്തിനകത്ത് ഉഴറിത്തീരുകയല്ല ക്രൈസ്തവജീവിതം. മനുഷ്യന്‍ അവന്‍റെ ജീവിതത്തെയാകെ, ക്രിസ്തുവുമായി ചേര്‍ത്തുവയ്ക്കുകയും ക്രിസ്തുതന്നെയായി അപരന്‍റെ ജീവിതത്തില്‍ പ്രക്രിയാപരമായി ഇടപെടുകയും, അങ്ങനെ താന്‍ താനല്ലാത്ത ഒന്നില്‍ ക്രിസ്തു അനുഭവമായിത്തീരുകയും ചെയ്യുകയാണ് വേണ്ടത്.

തനിക്കുള്ള സ്ഥലത്ത്, ഇടമില്ലാത്ത ഒരുവന് അവകാശം കൊടുക്കാന്‍ പറ്റുമോ. ഒരേക്കര്‍ സ്ഥലമുണ്ട്. ചുറ്റിലും കിടക്കാന്‍ ഇടമില്ലാത്ത നൂറ് പേരും. അവരോടൊക്കെ നാം സുവിശേഷം പറയും, കാലിത്തൊഴുത്തില്‍ പിറന്നവനെക്കുറിച്ച് പറയും. എന്തു കാര്യം? നാം പറയുന്ന ക്രിസ്തുവിനെ കേള്‍ക്കുന്നവന്‍ എങ്ങനെ മനസ്സിലാക്കും?

ഒരിക്കല്‍ ഒരു സമര്‍പ്പിതന്‍ പറഞ്ഞു: "ഒരേക്കര്‍ സ്ഥലമുണ്ടായിരുന്നു അവകാശമായിട്ട്. എനിക്കെന്തിനാണ് സ്വത്ത് തന്നത്?"

അത്രയും കേട്ടപ്പോള്‍ ഹൃദയത്തില്‍ കുളിര്‍മഴ വീണു. അദ്ദേഹം ഭാഗ്യവാന്‍ എന്നോര്‍ത്തിട്ടോ എത്ര നല്ല മനുഷ്യന്‍ എന്നോര്‍ത്തിട്ടോ അല്ല. ക്രിസ്തു പ്രവര്‍ത്തിക്കുന്ന ഒരാളുടെ സാമീപ്യം, അത്രയേറെ ഹൃദ്യമായി തോന്നി. അടുത്ത നിമിഷം അദ്ദേഹമത് പൂര്‍ത്തീകരിച്ചു: "പിന്നെ ഞാനത് എന്‍റെ ചേട്ടന്‍റെ മകന് എഴുതിക്കൊടുത്തു."

നാം നമ്മില്‍ നിന്ന് പുറത്തുകടക്കാന്‍ ഇനിയുമെത്ര ദൂരം താണ്ടണം. ഹൃദയത്തിലെ കുളിര് പുകച്ചിലായി മാറി. തല ചായ്ക്കാന്‍ ഇടമില്ലാത്ത ഒരുവനോടാണ് അദ്ദേഹം അതു പറഞ്ഞത്. അവനവനില്‍ കുടുങ്ങി, അവനുള്ളതു ചുമന്ന് കൊതിയും മതിയും വരാത്തവന്‍ ഏതു ക്രിസ്തുവിനെയാണ് വര്‍ത്തമാനകാലത്തോട് പറയുക? അവനവനുള്ളത് അപരനു വേണ്ടിയാകാത്ത കാലത്തോളം വാക്കില്‍ നിന്നും ജീവിതത്തിലേയ്ക്ക് ക്രിസ്തു പ്രവേശിക്കുന്നതെങ്ങനെ?

നാമെത്ര ധ്യാനിച്ചിട്ടും നമ്മുടെ ജീവിതം അപരനുവേണ്ടിയും അപരനെ പ്രതിയും ആകുന്നില്ല. ധ്യാനിച്ച് നല്ലവരാകാന്‍, ഭിക്ഷകൊടുക്കുന്നവരാകാന്‍ മുട്ടിന്മേല്‍ നിന്ന് കൈവിരിച്ച് ലോകത്തിനുവേണ്ടി കരുണ യാചിക്കാനൊക്കെ വിരുതുനേടുകയാണ് നാം.

അപരന് ഭക്ഷണമാകാനും വസ്ത്രമാകാനും, അവന്‍റെ ജീവിതത്തിന് ഇടമേകാനും പ്രയോഗവഴിയില്‍ കഴിയാതെ പോകുന്നത് ഉപേക്ഷ വഴിയുള്ള പാപമാണ്. കുമ്പസാരത്തില്‍ പാപമോചനം ലഭിക്കും. പക്ഷേ, എങ്ങനെ കുമ്പസാരിക്കും? കുമ്പസാരിക്കണമെങ്കില്‍ പാപമോര്‍ക്കണം. അനുതപിക്കണം. ഉപേക്ഷിക്കണം. ഏറ്റുപറയണം. ഹൃദയം സങ്കടപ്പെട്ടിട്ട് കാര്യമില്ല. ആ പാപം ഉപേക്ഷിക്കണം. അല്ലാതെ, അതെങ്ങനെയാണ് ഏറ്റുപറച്ചിലാകുക. അതെങ്ങനെയാണ് ജീവിത പ്രക്രിയയായി മാറുക? അതുകൊണ്ട്, അവയൊക്കെ മാറ്റിവച്ച്, തെറ്റിനും ശരിക്കുമിടയ്ക്ക് പാമ്പും കോവണിയും കളിക്കുന്നവരായി നാം മാറിയിരിക്കുന്നു.

ലോകം മുഴുവന്‍ തെറ്റ്. നമ്മളാണ് ശരി. ശരീരം തെറ്റ്. ആത്മാവ് ശരി. തെറ്റിനും ശരിക്കുമിടയില്‍ ആടി ഉലയുകയല്ല വേണ്ടത്. പ്രബോധനം മുഴുവന്‍ തെറ്റുചെയ്യരുത്. ശരിയേ ചെയ്യാവൂ എന്ന്. ജീവിതം മുഴുവനും തെറ്റില്‍. എന്തുകൊണ്ട്? എന്തുകൊണ്ട് ഇച്ഛിക്കുന്ന നന്മയേക്കാള്‍ ഇച്ഛിക്കാത്ത തിന്മ ചെയ്യുന്നു?

വി. പൗലോസ് അതു പറയുന്നുണ്ട്. നന്മ ഇച്ഛിക്കാന്‍ എനിക്കു കഴിയും. പ്രവൃത്തിക്കാന്‍ കഴിയുന്നില്ല. അതിനുള്ള മോചനം ക്രിസ്തുവിലാണെന്ന് ശ്ലീഹ പറയുന്നു. തെറ്റുകളെക്കുറിച്ചുള്ള കുറ്റപ്പെടുത്തല്‍ കേട്ട്, കരഞ്ഞു തളരുന്നതല്ല മാനസാന്തരം. ക്രിസ്തുവിലേക്ക് തിരികെ നടക്കുന്നതാണത്. ലോകത്തെക്കളേറെ ക്രിസ്തുവിനെ സ്നേഹിക്കലാണത്. തെറ്റിനും ശരിക്കുമിടയില്‍ സ്നേഹത്തില്‍, അകച്ചൂടോടെ ക്രിസ്തുവിലേക്ക് ചേര്‍ന്നുനില്‍ക്കലാണ് നമുക്ക് ആവശ്യം. ആ സ്നേഹത്തിന്‍റെ തീക്ഷ്ണതയില്‍ പറ്റിപ്പോയ വീഴ്ചകളുടെ വഴി ഉപേക്ഷിച്ച് ക്രിസ്തുവിനെ ഏറ്റുപറയുന്നതും ക്രിസ്തുവിനോട് ഏറ്റുപറയുന്നതാണ് കുമ്പസാരം.

ക്രിസ്തു സ്നേഹത്തിലേയ്ക്ക് തിരികെ നടന്നുകൊണ്ടേയിരിക്കലാണ് നവോത്ഥാനം. നമുക്കുവേണ്ടത് സ്നേഹത്തിന്‍റെ ജീവിതമാണ് പങ്കുവയ്പിന്‍റെ ജീവിതമാണ്. നവീകൃതമായ ജീവിതം വിശ്വാസത്തിന്‍റെ ആചാരത്തിലേയ്ക്കല്ല. വിശ്വാസത്തിന്‍റെ മൂല്യ ബോധത്തിലേയ്ക്കാണ് നമ്മെ വഴിനടത്തുക.

martheenos@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org