ഉദ്ദിഷ്ടകാര്യസാധ്യം

എം.പി. തൃപ്പൂണിത്തുറ

കണ്ണുതുറന്നൊന്ന് ചുറ്റിലും നോക്കിയാല്‍, കാഴ്ചകള്‍ക്കു പിറകില്‍ മറഞ്ഞിരിക്കുന്നതു പലതും പുറമേ കാണുന്നതിന് നേര്‍വിപരീതമായിരിക്കും. സാംസ്കാരികരെന്ന് പുറമെ ചാര്‍ത്തുന്ന അംഗവസ്ത്രത്തിനകത്ത് തികച്ചും പ്രാകൃതമായ നിലപാടുകള്‍ നാം ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ബാഹ്യമായി നല്ലവര്‍ എന്ന് കാണപ്പെടുന്ന നമ്മുടെ അകമെ നാം നിലനിറുത്തുന്ന ക്രിസ്തു വിരുദ്ധമായ മനോഭാവങ്ങള്‍ വിശ്വാസാചാരങ്ങളുടെ മതില്‍ക്കെട്ടിനകത്ത് സുരക്ഷിതമായി വിരാജിക്കുന്നു.

പുറമെനിന്ന് നോക്കിയാല്‍ എത്ര നില്ല വിശ്വാസികളാണ് നാം. മറ്റ് മതങ്ങളിലുള്ളവര്‍ നമ്മുടെ ആചാരബദ്ധവും അടയാള സമൃദ്ധവുമായ ജീവിതശൈലി കണ്ട് അങ്ങനെ ധരിച്ചുവശാകും. നാമും വളരെയധികം ആശ്വസിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട് നമ്മുടെ നന്മകളെ. മറ്റ് മതങ്ങളുമായി നമ്മെ താരതമ്യം ചെയ്തു നാം നല്ലവരെന്ന് നടിക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ നമ്മുടേത് ക്രിസ്തുമതമാണോ? ക്രിസ്തുതന്നെയും മതത്തിനകത്ത് ആചാരത്തിന്‍റെ മതിലുകള്‍ തകര്‍ത്ത്, വിശ്വാസികളുടെ കൂട്ടായ്മ സ്ഥാപിക്കുകയാണ്. സഭ വിശ്വാസികളുടെ കൂട്ടായ്മയാണ്. മതത്തിന്‍റെ അടയാഭരണങ്ങള്‍ കാലക്രമത്തില്‍ ചാര്‍ത്തപ്പെടുമ്പോഴും, ക്രിസ്തുവിന്‍റെ ശരീരമായ കത്തോലിക്കാ തിരുസഭയ്ക്ക് അതിന്‍റെ ധാര്‍മ്മിക നിലപാടിലോ, ജീവിതദര്‍ശനത്തിലോ ആരാധനാക്രമ പാരമ്പര്യത്തിലോ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

തിരുസഭയെ സഭാ ദര്‍ശനങ്ങളില്‍ നിന്ന് താഴെയിറക്കി, ലോകത്തിന്‍റെ കാഴ്ചപ്പാടുകളിലേയ്ക്കും മതങ്ങളുടെ സാമാന്യതയിലേയ്ക്കും വലിച്ചിഴക്കാനുള്ള ശ്രമങ്ങള്‍ കാലാകാലങ്ങളില്‍ നടക്കുന്നുണ്ട്. ഒരു മതത്തിന്‍റെ പുടവ ചാര്‍ത്തിയാല്‍, സകല മതങ്ങള്‍ക്കും അതീതമായ ക്രിസ്തുവില്‍ സകലമനുഷ്യരും ഒന്നെന്ന, ദൈവികപദ്ധതിയെ തകിടം മറിക്കാമെന്ന്, ലോകം വ്യാമോഹിക്കുന്നു.

അതിന് നിലനില്‍ക്കുന്ന മതാചാരങ്ങളെ പകര്‍ത്തിയെടുക്കുന്ന ഒരു രീതിശാസ്ത്രം, നാമറിയാതെ നാമിന്ന് പിന്‍പറ്റുന്നുണ്ട്. ക്രൈസ്തവ ധര്‍മ്മത്തിന്‍റെ അടിസ്ഥാനശിലയില്‍ നിന്ന് അടര്‍ത്തിമാറ്റി, കടല്‍ത്തീരത്ത് മണലില്‍ നാമൊരു ഗോപുരം പണിതീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണിപ്പോള്‍.

ധനം ഐശ്വര്യത്തിന്‍റെ ലക്ഷണമായി കരുതുന്നവയാണ് ഭൂരിപക്ഷം മതങ്ങളും. യഹൂദമതം, അബ്രഹാമിന്‍റെ സമ്പത്ത് ദൈവാനുഗ്രഹമാണെന്ന് ധരിച്ചിരുന്നു. ദാവീദിനും സോളമനും സമ്പത്തും അധികാരവും ഉണ്ടായിരുന്നത് ദൈവാനുഗ്രഹത്തിന്‍റെ ഐശ്വര്യത്തിന്‍റെ അടയാളമായി കരുതിയിരുന്നു. ഭാരതത്തിലെ മതപാരമ്പര്യങ്ങളില്‍ ദേവതാ സങ്കല്‍പങ്ങളില്‍ ലക്ഷ്മി, ധനലക്ഷ്മി തുടങ്ങി സമ്പത്തിന്‍റെ ഐശ്വര്യസിദ്ധിയിലൂന്നിയ വിശ്വാസ പാരമ്പര്യങ്ങള്‍ നിലനില്‍ക്കുന്നു.

ക്രിസ്തു, സമ്പത്തും ദൈവരാജ്യവും തമ്മിലുള്ള ബന്ധത്തെ പുനര്‍ നിര്‍ണയിക്കുന്നു. ദരിദ്രരെ നിങ്ങള്‍ ഭാഗ്യവാന്മാരെന്ന് അവിടുന്ന് വിളിക്കുകയും സ്വര്‍ഗരാജ്യത്തിന് നിങ്ങള്‍ അവകാശികളെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. ധനവാന് ദൈവരാജ്യപ്രവേശനം ദുഷ്ക്കരമെന്ന് പഠിപ്പിക്കുന്ന ക്രിസ്തു പാഠത്തില്‍ ധനികന്‍റെ വിഭവസമൃദ്ധമായ മേശ തലകീഴ് മറിയുന്നു. ലാസര്‍ ദൈവസന്നിധിയിലും ധനവാന്‍ നരകത്തീയിലും. ഇപ്രകാരം സമ്പത്തിന്‍റെ നശ്വരതയെക്കുറിച്ച് വ്യക്തമായി പഠിപ്പിക്കുകയും തനിക്കുള്ളതു വിറ്റ് ദരിദ്രര്‍ക്ക് കൊടുത്തിട്ട്, തന്നെ അനുഗമിക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ അനുയായികളായി, നിലനില്‍ക്കുന്ന മതസങ്കല്‍പങ്ങളെ അതിജീവിച്ച് ലോകത്തിനു വെളിച്ചമാകേണ്ട നമ്മള്‍, സമ്പത്തിനെ ദൈവാനുഗ്രഹമായി പ്രതിഷ്ഠിക്കാനുള്ള ഗൂഢശ്രമത്തിന്‍റെ ഭാഗമായി മാറുകയാണ് വീണ്ടും. ക്രിസ്തുവില്‍ തകര്‍ക്കപ്പെട്ട മതാചാരങ്ങളിലൂടെ മനുഷ്യനെ വിഭജിക്കാനും ദൈവത്തെ അകലെ ആകാശത്തെ കാണാമറയത്ത് ഒതുക്കി നിറുത്താനും നാം ശ്രമിക്കുന്നു.

വര്‍ഷാരംഭത്തിന്‍റെ ശുശ്രൂഷകള്‍ക്കകത്ത്, ഈ ആധുനികവല്‍ക്കരിക്കപ്പെട്ട മതബോധം സൂത്രത്തില്‍ തിരുകിക്കയറ്റിയ ഒരാചാരം, ആരെയും അലോസരപ്പെടുത്താതെ ഈ വര്‍ഷവും തുടര്‍ന്നു. 'കാണിക്ക' എന്ന പേരില്‍ ആശീര്‍വദിച്ച നാണയം വിശ്വാസികള്‍ക്ക് നല്‍കുന്ന ഒരാചാരക്രമം ശീലമാക്കപ്പെടുകയാണ്. പണത്തെ ആശീര്‍വദിക്കാനാകുമോ? എന്താണ് അതിന്‍റെ പിന്നിലെ വിശ്വാസം! അത് ഭവനത്തില്‍ കൊണ്ടുവച്ചാല്‍ പണംവരും എന്ന ലളിതമായ ഒരന്ധവിശ്വാസം തന്നെയല്ലേ? ഒന്നാം തീയതിയായിട്ട്, മിഠായി വാങ്ങാനല്ലല്ലോ 'കാണിക്ക' കൊടുക്കുന്നത്. മാത്രമല്ല, കാണിക്ക ദൈവത്തിനു സമര്‍പ്പിക്കേണ്ടതല്ലേ? ഇപ്രകാരം പണം ഉപയോഗമല്ലാതെ പൂജ്യവസ്തുവായി വീട്ടില്‍ വയ്ക്കുന്നത്, നിയമപരമായി സാധുവാണോ? ഇങ്ങനെ പണം വീട്ടില്‍ വയ്ക്കുന്നതുകൊണ്ട് ഐശ്വര്യമുണ്ടാകുമെന്ന് തിരുസഭ പഠിപ്പിക്കുന്നുണ്ടോ?

ഏറെ വിചിത്രമാണ് നമ്മുടെ ശീലങ്ങള്‍. നമ്മുടെയുള്ളില്‍ അഴുകിത്തുടങ്ങിയ പഴയ മതബോധങ്ങളും ആചാരക്രമങ്ങളും വമിപ്പിക്കുന്ന ദുര്‍ഗന്ധമാണിതെന്ന് തിരിച്ചറിയണം. എന്തോ ഒരു നല്ല കാര്യം ചെയ്തുവെന്നാണ് ഇപ്രകാരം ചെയ്ത ദേവാലയാധികാരികള്‍ ധരിച്ചിട്ടുള്ളത്. ഇത് ഈ ഒരു ചെറിയ നാണയത്തില്‍ ഒതുങ്ങുന്നില്ല. ഇതിന്‍റെ നാനാപ്രകാരമുള്ള കടന്നുകയറ്റങ്ങള്‍ വിശ്വാസജീവിതത്തെയും ആരാധനാക്രമത്തെയും ബാധിച്ചിട്ടുള്ളത് കാണാതിരുന്നുകൂടാ.

നമ്മുടെ കൗദാശീകാഘോഷങ്ങള്‍ വിശ്വാസത്തിന്‍റെ ആഘോഷങ്ങളാണ്. ആരാധനാക്രമത്തിലൂടെ നമ്മുടെ വിശ്വാസജീവിതത്തെ, നാം നവീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. അങ്ങനെ മതസങ്കല്‍പങ്ങളില്‍ ദേവപ്രീതിക്കായി ദൈവത്തെ പൂജിക്കുന്ന പതിവുകള്‍ക്ക് വിപരീതമായി നാം നമ്മുടെ ജീവിതം സമര്‍പ്പിച്ച് ദൈവത്തെ ആരാധിക്കും. ദൈവത്തെ പ്രീതിപ്പെടുത്തി, ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങുകയാണ് ആ വിശ്വാസങ്ങളുടെ സാമാന്യത. നാമാകട്ടെ, നമ്മെ കര്‍ത്താവിന് കാഴ്ചയായി ക്രിസ്തുവിന്‍റെ സമര്‍പ്പണത്തോട് ചേര്‍ത്ത് അര്‍പ്പിക്കുക. പ്രത്യേകിച്ചും മാമോദീസ വഴിയായി നാം നടത്തിയ സമര്‍പ്പണത്തിന്‍റെ ആഘോഷപൂര്‍ണമായ അര്‍പ്പണം നടക്കുന്ന വേദിയാണ് പരിശുദ്ധ കുര്‍ബാന. മതവിശ്വാസികളുടെ ആരാധന ഭാവമല്ല ആചാരരൂപവുമല്ല പരിശുദ്ധ കുര്‍ബാന. ഇങ്ങനെ സ്വയാര്‍പ്പണത്തിന്‍റെ വേദിയായ കുര്‍ബാനയില്‍ നാം മരിച്ചു പോയ പ്രിയരെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കും. ലോകത്തെ മുഴുവന്‍ ഓര്‍ത്ത് അവര്‍ക്കു പകരം സ്വയം അര്‍പ്പിക്കും. രോഗികള്‍ക്കും തടവുകാര്‍ക്കും നമ്മോട് പ്രാര്‍ത്ഥനാ സഹായം ചോദിച്ചിട്ടുള്ളവര്‍ക്കും ഒക്കെ വേണ്ടി നമ്മുടെ ജീവിതം കാഴ്ചയായി അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും.

കൃതജ്ഞതാബലിയാണ് കുര്‍ബാന. അതിന്‍റെ മറപറ്റി ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ ആദ്യം നാം പ്രയോഗിച്ചു. പിന്നെ കുര്‍ബാനയര്‍പ്പണത്തിന് ഉദ്ദിഷ്ടകാര്യം നിയോഗമായി മാറി. രോഗം മാറാനും സ്ഥലക്കച്ചവടം നടക്കാനും കുര്‍ബാനചൊല്ലിക്കുന്നവരായി മാറുന്നു. ഉദ്ദിഷ്ടകാര്യം സാധിക്കുക എന്നത് അങ്ങേയറ്റം ക്രിസ്തുവിരുദ്ധവും വിശ്വാസത്തിനെതിരുമായ ചിന്തയാണ്. എന്‍റെ ഹിതമല്ല, നിന്‍റെ ഹിതം നടക്കണം എന്ന ക്രിസ്തുഭാവത്തെ അത് നീക്കുകയാണ്. ഉദ്ദിഷ്ടകാര്യസാധ്യത്തിനുള്ള പ്രാര്‍ത്ഥന, തടസങ്ങള്‍ നീങ്ങാനുള്ള പ്രാര്‍ത്ഥന, ഇവയൊക്കെ മറ്റു മതപാരമ്പര്യങ്ങളില്‍നിന്ന് കടമെടുത്ത് നാം നമ്മുടെ വിശ്വാസത്തിനെതിരായി പ്രയോഗിക്കുന്നു. അങ്ങനെ വന്നാല്‍ അതിനോടു ചേര്‍ന്ന് അവരെല്ലാം ഉപയോഗിക്കുന്ന മറ്റൊന്ന് ബാക്കിയിരിപ്പുണ്ട്. ശത്രുസംഹാരപൂജ. ശത്രുസംഹാരത്തിനായി ക്രിസ്തുവിന്‍റെ യാഗം അര്‍പ്പിക്കുന്നതിലേക്ക് നാം ചുവടുവയ്ക്കുകയാണോ? ഗൗരവപൂര്‍വ്വമായി ചിന്തിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org