സ്വര്‍ഗത്തിലേക്ക്

മിഴിവട്ടത്തിലെ മൊഴിവെട്ടം – 16

എം.പി. തൃപ്പൂണിത്തുറ

സ്വര്‍ഗം ലക്ഷ്യമാക്കിയും പുണ്യം ചുവടാക്കിയുമുള്ള ഒരു ജീവിതക്രമത്തിന്‍റെ ലോകം ക്രമേണ ചുരുങ്ങിവരികയാണ്. വിശ്വാസജീവിതം ലോകം ലക്ഷ്യമാക്കിയും പുണ്യം ആചാരത്തിലൊതുക്കിയും വിപരീതദിശയില്‍ ചരിക്കുന്നു. പുറമേനിന്ന് നോക്കുമ്പോള്‍, പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണവും പ്രാര്‍ത്ഥനയുടെ വൈവിധ്യവും വര്‍ദ്ധിച്ചിട്ടുണ്ട്. പക്ഷേ, അവയെല്ലാം ലക്ഷ്യമിടുന്നത് സ്വര്‍ഗപ്രവേശനമാണോ? അവയെല്ലാം ചുവടുറപ്പിക്കുന്നത് പ്രായോഗിക ക്രൈസ്തവ മൂല്യങ്ങളിലാണോ?

നമ്മുടെ സ്വര്‍ഗം കേവലാശ്വാസമായും പ്രതീക്ഷമാത്രമായും ചുരുങ്ങിപ്പോകുന്നിടത്താണ് ഉത്ഥിതന്‍റെ സ്വര്‍ഗാരോഹണം നമ്മെ വീണ്ടും തിരികെ വിളിക്കുന്നത്. നമുക്ക് ഒരു തിരികെപ്പോക്ക് അനിവാര്യമായിട്ടുണ്ട്. നഷ്ടപ്പെട്ട പറുദീസ അവിടുന്ന് തിരികെത്തരികയാണ്. സ്വര്‍ഗം ആശയമല്ല, അതൊരു യാഥാര്‍ത്ഥ്യമാണ്.

ദൈവം ആശയങ്ങളുടെ ലോകത്തുനിന്ന് ആളത്വത്തിലേക്ക് പ്രവേശിക്കുകയാണ് യേശുക്രിസ്തുവില്‍. അത് നാം ആത്മത്വത്തിലേക്ക് പ്രവേശിക്കാനുള്ള പാതയൊരുക്കാന്‍ വേണ്ടിയാണ്. ദൈവം ആത്മസ്വരൂപമെന്ന പഴയ ബോധ്യത്തെ, ആത്മാവും സത്യവുമായി പൂര്‍ത്തീകരിച്ചവന്‍. അവന്‍ വീണ്ടും സ്വര്‍ഗത്തിലേക്ക് പ്രവേശിച്ചത് തന്നോടൊപ്പം തന്‍റെ ശരീരമായ നമ്മെയും അവിടേക്ക് പ്രവേശിപ്പിക്കാനാണ്.

പക്ഷേ, നാമതെത്ര ബോധ്യത്തോടെയാണ് ക്രിസ്തുവിനെ നമ്മുടെ മാര്‍ഗമായും നമ്മുടെ ശിരസ്സായും സ്വീകരിക്കുന്നത്? അവന്‍ വഴിയാകുമ്പോള്‍ നമ്മുടെ ജീവിതത്തിന് ഒഴുകാന്‍ വേറെ പാത ഇല്ലാതെ വരണം. ക്രിസ്തുവാകുന്ന പാത സ്വര്‍ഗസ്ഥനായ പിതാവിലേക്കാണ്. ക്രിസ്തുവിലൂടെയുള്ള യാത്ര പൂര്‍ണതയിലേക്കാണ്. അത് ക്രിസ്തുവിന്‍റെ മഹത്ത്വത്തില്‍ നമ്മെ പങ്കുകാരാക്കുന്നു. അങ്ങനെ ഒരു യാത്രയായി നാം ജീവിതത്തെ കരുതിയിട്ടുണ്ടോ?

അവിടെ സ്വന്തം ഇഷ്ടങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും സ്ഥാനമില്ല. അവ നിലനിര്‍ത്താനും നേടാനും വേണ്ടി നാം ശ്രമിക്കുമ്പോള്‍ നാം എതിര്‍ദിശയിലാണ് ചരിക്കുക. എന്നിട്ടോ ഈ കേവലതയ്ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ ആദ്ധ്യാത്മിക ചുവടുകളായി നാം തെറ്റിദ്ധരിക്കുന്നു. സ്വര്‍ഗോന്മുഖമാകേണ്ട ഒരുവഴി ലോകത്തിലേക്ക് നാം തിരിച്ചുവിടുന്നു. പ്രപഞ്ചത്തിന്‍റെ മൂലഭൂതങ്ങള്‍ക്ക് മരിച്ചു കഴിഞ്ഞിരിക്കുകയാല്‍ ഇനിയും ലോകത്തിന്‍റേത് എന്ന മട്ടില്‍ നാം ജീവിച്ചു കൂടാത്തതാണ്.

സ്വര്‍ഗത്തിലേക്ക് തിരികെ പോകേണ്ടതുണ്ട് എന്ന ഒരു വിചാരം ഒരു പ്രതീക്ഷയല്ല. ഒരു യാഥാര്‍ത്ഥ്യത്തെ അനുസ്മരിക്കലാണ്. ജീവിതത്തിന്‍റെ ഓരോ ചുവടിലും അത് നമ്മുടെ ഹൃദയത്തെയും ചിന്തകളെയും ഭരിക്കണം.

ആത്മീയജീവിതത്തെ, ഒരു കേവല സങ്കല്പമായി ഒതുക്കാനുള്ള പ്രവണത, ഇപ്പോള്‍ തുടങ്ങിയതല്ല. മണ്ണാശകള്‍ നമ്മെ വലയം ചെയ്യുന്നത് സൃഷ്ടിയുടെ ആരംഭംമുതലേ ഉള്ളതുതന്നെയാണ്. ആ വീഴ്ചയെ പരിഹരിക്കാന്‍ തന്ന കല്പനകളും പ്രവാചക സന്ദേശങ്ങളും നമുക്ക് സ്വീകരിക്കാനായില്ല. ഒടുവില്‍ ദൈവം തന്‍റെ വാഗ്ദാനം പൂര്‍ത്തീകരിച്ചുകൊണ്ട് സ്വപുത്രനെ അയച്ചു. കഥകളൊക്കെ നമുക്കറിയാം. അത് നമ്മെ തിരികെ കൊണ്ടുപോകാനാണ് എന്നിടത്ത് എത്തുമ്പോഴാണ് വഴിപിരിച്ചില്‍. അവിടെ നമുക്ക് കാലിടറുന്നു.

യേശുക്രിസ്തുവില്‍ നിവര്‍ത്തിയാക്കപ്പെട്ട രക്ഷയുടെ സമ്പൂര്‍ണത ജീവിതത്തിന്‍റെ ഇത്തിരിവട്ടത്തിനകത്ത് ഒതുക്കാനുള്ളതല്ല. ഭൂമിയില്‍ കരുതിവയ്ക്കാനും ഭൂമിയെ കരുതി ജീവിക്കാനുമുള്ള പ്രലോഭനങ്ങളെ തിരിച്ചറിയേണ്ടതുണ്ട് നാം. നാളെയെ കരുതി നാം നേടിവയ്ക്കുന്നതൊക്കെ സത്യത്തെ സ്വീകരിക്കാന്‍ കഴിയാതെ പോകുന്നതുകൊണ്ടാണ്. വിശ്വാസത്തിന്‍റെ ഈ പിഴവ്, ജീവിതത്തിന്‍റെ വഴിയെയും ചുവടു വയ്പിനെയും സാരമായി ബാധിച്ചിട്ടുണ്ട്.

ആധുനികലോകത്തിന്‍റെ സുഖേച്ഛയും, സുരക്ഷിതത്വം തേടിയുള്ള പരക്കം പാച്ചിലുകളും ഒന്ന് സമാധാനപൂര്‍വം ജീവിതത്തിന്‍റെ പൊരുളിലേക്ക് പ്രവേശിക്കാന്‍ തടസം നില്‍ക്കുകയാണ്. ഈ തിരക്കുകള്‍ നമ്മെ സത്യത്തില്‍ നിന്ന് അകറ്റിയിരിക്കുന്നു. ഇപ്പോള്‍ സകല പ്രതീക്ഷയും കൈവിട്ടാല്‍ മാത്രമേ മരണത്തെക്കുറിച്ചുപോലും ചിന്തിക്കൂ എന്ന നിലവന്നിരിക്കുന്നു. അപ്പോള്‍ പോലും മരണാനന്തരം നമുക്ക് ഒരു ലോകമുണ്ടെന്ന ബോധ്യത്തിലല്ല, മരണത്തില്‍ നിന്നും വിടുവിക്കണമെ എന്നാണ് നമ്മുടെ പ്രാര്‍ത്ഥന. അങ്ങനെ ചിരംജീവിയായിരിക്കാന്‍ വരം തരണമേയെന്ന് നാം പ്രാര്‍ത്ഥിക്കുന്നു.

കയറിയ വാഹനത്തില്‍നിന്ന് ഇറങ്ങാത്ത മനുഷ്യനായി നാം മാറുകയാണ്. നമുക്കിറങ്ങേണ്ടിടം നമ്മുടെ കണ്ണിന്‍റെ മറയ്ക്ക് അപ്പുറമുണ്ട്. ഇന്ദ്രിയപരതയുടെ മറകള്‍ നീങ്ങിയാല്‍ ആ പ്രകാശം നമ്മുടെ മുന്നില്‍ തുറക്കപ്പെടും. ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിനെ മറികടക്കാനുള്ള കുറുക്കുവഴികളല്ല. സൂത്രവിദ്യകളുമല്ല. അതിലേയ്ക്ക് എത്തിച്ചേരാനുള്ള മാര്‍ഗം മാത്രമാണ്. അതു തിരിച്ചറിഞ്ഞും സ്വര്‍ഗ്ഗസ്ഥിതരാകാനുള്ള ദൈവവിളിയെ ഹൃദയത്തില്‍ ധ്യാനിച്ചും ജീവിതത്തിന്‍റെ ചുവടുകള്‍ വയ്ക്കാന്‍ സ്വര്‍ഗ്ഗാരോഹണം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. നമുക്ക് ക്രിസ്തുവില്‍ മുന്നേറാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org