കാരുണ്യത്തിന്റെ മുഖം

പഴയ നിയമകാലത്ത്, ദൈവാനുഗ്രഹം സമ്പത്തും ആരോഗ്യവും, സന്താനപുഷ്ടിയും അധികാരവും ഒക്കെയായിരുന്നു. ദൈവത്തിന്റെ ഇഷ്ടത്തിൽ ചരിക്കുന്നവർക്ക് ദൈവം ഭൂമിയിൽ എല്ലാം നൽകുന്നു. അപ്പോൾ ദൈവത്തിന് എതിരായവർക്കോ? എതിരായവർക്കും അനുസരണമില്ലാത്തവർക്കും ദാരിദ്ര്യവും രോഗവും വന്ധ്യതയും അടിമത്തവും ഒക്കെ നൽകുന്നു. ഭൗമികജീവിതം ദുരിതപൂർണമാകുന്നു. ഇത് ക്രിസ്തുവിനുമുമ്പുള്ള എല്ലാ മതവിശ്വാസങ്ങളിലും ഏറിയും കുറഞ്ഞും നമുക്കു കാണാം. അനുഗ്രഹവും ശിക്ഷയും ഭൂമിയിൽവച്ച് നൽകപ്പെടുന്നു എന്ന ഇൗ വിശ്വാസം നിലനിന്നിരുന്ന ആദ്യകാലഘട്ടങ്ങളിൽ, മരണം മനുഷ്യന്റെ അവസാനവുമായിരുന്നു. ജോബിന്റെ കാലം വരെ തുടർന്ന ഇൗ ചിന്താധാരയെ ഇന്നും പിന്തുടരുന്നവരാണ് ദുരിതങ്ങളെ ദൈവശിക്ഷയായി വിശേഷിപ്പിക്കുന്നവർ.

യേശുക്രിസ്തുവിനു മുമ്പ് പ്രവാചകന്മാർ വരാനിരിക്കുന്ന പ്രത്യാശയെയും ക്രിസ്തുവിൽ ലഭിക്കുന്ന രക്ഷയെയും കുറിച്ച് പറഞ്ഞു. അപ്പോഴും പ്രവൃത്തികൾക്ക് അനുസൃതമായി ശിക്ഷയെന്നു തന്നെ പറയപ്പെട്ടു. എന്നാൽ സമയത്തിന്റെ പൂർത്തിയിൽ ക്രിസ്തു ആഗതനായി. അവിടുത്തെ മനുഷ്യാവതാരത്തിലൂടെ, രക്ഷാകരയാഗത്തിലൂടെ മനുഷ്യകുലം നിത്യശിക്ഷയിൽ നിന്ന് വിമോചിക്കപ്പെട്ടു. മരണത്തിനുശേഷം വിധി എന്ന് തീർപ്പാക്കപ്പെട്ടപ്പോഴും രക്ഷ ക്രിസ്തുവിൽ എന്ന വാതിൽ തുറന്നു കിടക്കുന്നു.

ഭൂമിയിൽവച്ച് ശിക്ഷയുണ്ടോ? തീർച്ചയായും ഉണ്ട്. കാലത്തിനടുത്ത ശിക്ഷ. പക്ഷേ, അത് രോഗമോ തകർച്ചയോ അല്ല. "പാപവാസനയാണ്' ആ ശിക്ഷ. പാപത്തോട് ആഭിമുഖ്യമുള്ള ഒരു പ്രേരണയായി നിരന്തരമായി നമ്മെ വേട്ടയാടും. നുണ പറയുന്നവൻ, അത് ഉപേക്ഷിച്ചു കുമ്പസാരിച്ച് പാപമോചനം നേടുമ്പോഴും, വീണ്ടും നുണ പറയാനുള്ള പ്രേരണ തുടരുന്നു എന്നതാണ് ആ ശിക്ഷ. ഇൗ താൽക്കാലിക ശിക്ഷയിൽ നിന്ന് ദണ്ഡവിമോചനങ്ങൾ നമ്മെ മോചിപ്പിക്കും. ഇൗ പാപവാസനകളെ മറികടന്ന, മനുഷ്യത്വത്തിന്റെ സുകൃതപ്രവൃത്തികളായ വിശുദ്ധരുടെ യോഗ്യതകൾ നമുക്കായി തിരുസഭ പകർന്നുനൽകും. നോമ്പിന്റെ നാളുകളിൽ പരിത്യാഗങ്ങളിലൂടെ പ്രാർത്ഥനകളിലൂടെ നിതാന്ത ജാഗ്രതപുലർത്തുമ്പോൾ, ദണ്ഡവിമോചനത്തിന്റെ സുരക്ഷാമാർഗം കൂടുതൽ നമുക്ക് അനുഭവപ്രദമാകും.

വൈറസ് ബാധ ഉയർത്തിയ ദുരിതങ്ങൾ ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളെയും അത് സ്പർശിച്ചിട്ടുണ്ട്. എല്ലായിടത്തും മനുഷ്യന്റെ ജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്. അത് മനുഷ്യന്റെ ജീവിതവീഴ്ചകൾക്കുള്ള ശിക്ഷയോ, ശുദ്ധീകരണമാർഗമോ ദൈവത്തിലേയ്ക്ക് തിരിയാനുള്ള ആഹ്വാനമോ ആണോ? പാപം മൂലമാണോ ഇൗ വ്യാധി?

ഏതായാലും പാപം മൂലമല്ല. പാപം മൂലം നാം അനുഭവിക്കേണ്ട ശിക്ഷ ക്രിസ്തുശരീരത്തിൽ ഏറ്റുവാങ്ങി. അവൻ കുരിശിൽ തറയ്ക്കപ്പെട്ടപ്പോൾ അതു സംഭവിച്ചു. പിന്നെയും രോഗമുണ്ടല്ലോ? ശിക്ഷയും രക്ഷയും ക്രിസ്തുവിൽ നിത്യതയുമായി ബന്ധപ്പെട്ട ഒരു കാര്യമായി മാറി. ഇനിമേൽ രോഗമോ തകർച്ചയോ ശിക്ഷയല്ല.

നമ്മെ അടിച്ച് നേരെയാക്കാൻ ദൈവം കരുതിയിട്ടില്ല. അങ്ങനെയെങ്കിൽ മനുഷ്യാവതാരവും പീഡാസഹനവും കുരിശുമരണവും ആവശ്യമില്ല. നമ്മുടേതുപോലെ സങ്കുചിതമായ മനസ്സാണ് ദൈവത്തിന്റേത് എന്നു കരുതുകയുമരുത്. ദൈവത്തിന്റെ അനന്തകരുണയും സ്നേഹവുമാണ് ക്രിസ്തുവിൽ വെളിപ്പെട്ടത്.

ദൈവത്തിന്റെ വിളിയാണോ രോഗം? ക്രിസ്തുവിനു മുമ്പ് പ്രവാചകന്മാർ ദുരന്തങ്ങൾ വരുമെന്ന ഒാർമ്മപ്പെടുത്തലിലൂടെ മാനസാന്തരത്തിലേയ്ക്ക് മനുഷ്യനെ വിളിച്ചിരുന്നു. യോനാപ്രവാചകന്റെ പുസ്തകം നിനവെ നിവാസികളെ ഒരു ദുരന്തം വരുമെന്ന ഒാർമ്മപ്പെടുത്തലിലൂടെ തിരികെ മാനസാന്തരത്തിലേയ്ക്ക് വിളിക്കുന്ന യോനാ പ്രവാചകനെക്കുറിച്ച് പറയുന്നു.

പ്രവചനങ്ങളുടെയും നിയമത്തിന്റെയും പൂർത്തീകരണമായ ക്രിസ്തു, മാനസാന്തരത്തിലേക്ക് വിളിച്ചത് തന്റെ ജീവാർപ്പണം വഴിയാണ്. തന്റെ കുരിശുമരണത്തിന്റെ ശക്തിയാലാണ് അവിടുന്ന് നമ്മെ വീണ്ടെടുത്തത്. ഉപദേശകരോ നേതാക്കന്മാരോ ആയിട്ടല്ല അവിടുന്ന് തന്റെ അപ്പസ്തോലരെ അയച്ചത്. പാദം കഴുകുന്ന ദാസന്മാരായിട്ടാണ്. പാപം കഴുകുന്ന ജീവാർപ്പകരായാണ്. ഇന്ന് പൊതുവിൽ ക്രിസ്ത്യാനികളെയും, പ്രത്യേകമായി ശുശ്രൂഷാ പൗരോഹിത്യത്തിലുള്ളവരെയും വിളിച്ചിട്ടുള്ളത് ഇൗ ദാസ്യവൃത്തിക്കായാണ്.

അപ്പോൾ പിന്നെ എന്താണ് ഇൗ രോഗത്തിന്റെ ഹേതു? അത് തികച്ചും ലളിതമാണ്. മനുഷ്യൻ നശ്വരനാണ്. പല പ്രകാരങ്ങളിൽ ക്ഷയിക്കുന്ന ഒരു ലോകത്തുനിന്ന് അക്ഷയവും ഒളിമങ്ങാത്തതുമായ ഒരു ലോകത്തേയ്ക്കുള്ള യാത്രയിലാണ് നാം. ഇൗ രോഗം പിശാചിന്റെ കളിയല്ല. ശിക്ഷയുമല്ല. തികച്ചും സ്വാഭാവികമായ നശ്വരപ്രകൃതിനേരിടുന്ന പ്രതികൂലമാണിത്. നാമിതിനെ നേരിട്ടേ മതിയാവൂ.

ദൈവം തന്നിട്ടുള്ള അറിവും കഴിവും നാം പ്രയോഗിക്കണം. ജീവിതത്തിന് ക്രമീകരണങ്ങൾ വരുത്തണം. മനുഷ്യപ്രയത്നം ദൈവപദ്ധതിയുടെ ഭാഗംതന്നെയാണ്. അധ്വാനത്തിലൂടെ മാനവപുരോഗതി കൈവരിക്കണമെന്നത് ദൈവികലക്ഷ്യമാണ്. അതിനാൽ മാനുഷികശ്രമങ്ങൾ അർത്ഥപൂർണ്ണമാണ്.

കൊറോണയ്ക്കെതിരെ പ്രാർത്ഥിക്കണമോ? അങ്ങനെ എതിരായി ഒരു പ്രാർത്ഥനയുണ്ടോ? ഒന്നും എതിരാകുന്നത് പ്രാർത്ഥനയല്ല. പ്രാർത്ഥന വേണം. വിവേകമുണരാൻ, ദൈവാശ്രയം ഏറ്റുപറയാൻ, ഭയത്തിൽനിന്ന് വിടുതൽ പ്രാപിക്കാൻ, ക്രിസ്തു കാൽവരി കുരിശിൽ നടത്തിയ ജീവാർപ്പണം നൽകിയ സൗഖ്യം അനുഭവിക്കാൻ. ഒപ്പം രോഗത്താൽ ക്ലേശിക്കുന്നവർ, സഹിക്കുന്നവർ ഭാരം വഹിക്കുന്നവർ എന്നിവർക്കുവേണ്ടി പ്രാർത്ഥിക്കണം. അവർ സുഖം പ്രാപിക്കാൻ. കെടുതികളെ അതിജീവിക്കാൻ. രോഗവ്യാപനം തടയാൻ ഒക്കെ പ്രാർത്ഥിക്കണം.

ദുരന്തമുണ്ട്. അതൊരു യാഥാർത്ഥ്യമാണ്. പ്രാർത്ഥിക്കണം. അത് ഭയരഹിതമായി വിവേകത്തോടെ ഉണർന്നിരിക്കാനാണ്. അപരനോടുള്ള സ്നേഹം ക്രിസ്തുവിൽ പ്ര കടമാകാനാണ്. ഇനി അതിനേക്കാൾ അടിയന്തര കടമ, ക്രിസ്തുവിന്റെ കരുണാർദ്രമായ സ്നേഹം വെളിപ്പെടുന്ന ശുശ്രൂഷയ്ക്കായി നാം ഇറങ്ങുക എന്നതാണ്. ദുരന്തങ്ങൾ, ദൈവത്തിന്റെ കാരുണ്യം നമ്മിലൂടെ അപരൻ അനുഭവിക്കാനുള്ള അവസരമാണ്. അനന്തകാരുണ്യവും സ്നേഹസ്പർശവും ലോകം അനുഭവിക്കാൻ നമ്മെ ദൈവകരങ്ങളിൽ അർപ്പിക്കുകയാണ് ആവശ്യം. അതാണ് മാംസം ധരിക്കുന്ന പ്രാർത്ഥന.

നമുക്ക് ക്രിസ്തുവിന്റെ മുഖ ഛായയുണ്ടോ? കണ്ണാടിയിൽ നോക്കിയാൽ അതു കാണാൻ കഴിയില്ല. രോഗിയുടെയും പീഡിതരുടെയും മുറിവിൽ തൈലം പുരട്ടുമ്പോൾ, സഹിക്കുന്നവർക്കുവേണ്ടി നാം നമ്മെ വിട്ടുകൊടുക്കുമ്പോൾ, ഇൗ അടിയന്തര ഘട്ടത്തിൽ വേദനിക്കുന്നവരിൽ ക്രിസ്തുവിനെ നാം ദർശിക്കുമ്പോൾ, നമ്മുടെ മുഖഭാവം ക്രിസ്തുവിന്റേതാകും. ഏകമാർഗമായ ക്രിസ്തുവിനെ ഇൗ ദുരന്തവും ലോകത്തിനു വെളിപ്പെടുത്തണം. നമ്മുടെ സ്നേഹ കാരുണ്യം വഴി. അവിടുന്ന് ഇൗ കാലയളവിൽ നമ്മോടു പറയുന്നതും മറ്റൊന്നല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org