പുണ്യയാത്ര

മിഴിവട്ടത്തിലെ മൊഴിവെട്ടം – 15

എം.പി. തൃപ്പൂണിത്തുറ

ക്രിസ്തു ജീവിതവഴിയാണ് എന്ന് തിരിച്ചറിഞ്ഞ് ആ വഴിയെ യാത്ര ചെയ്യുന്നവരാണ് നമ്മള്‍. ഈ ലോകത്തിന്‍റെ നശ്വരതയും വരാനിരിക്കുന്ന രാജ്യത്തിന്‍റെ നിത്യതയും നിരന്തരമായി അറിയുന്നവരും ലോകത്തെ അത് ഓര്‍മ്മപ്പെടുത്തുന്നവരും. അഥവാ അങ്ങനെ ആകേണ്ടവര്‍.
സത്യബോധത്തിനകത്ത് മനസ്സും മനഃസാക്ഷിയും ഉറപ്പിക്കപ്പെട്ടവരാണ് നമ്മള്‍. ക്രിസ്തുവിന്‍റെ കണ്ണുകളിലൂടെ ലോകത്തെ കാണേണ്ടവര്‍. പക്ഷേ, ഇപ്പോള്‍ കണ്ണടച്ച് ക്രിസ്തുവിനെ ഒരു മായാദര്‍ശനത്തില്‍ ഒതുക്കാനാണ് നമ്മുടെ പരിശ്രമങ്ങള്‍. എന്നാല്‍ ഒരു ശ്രമവും കൂടാതെ സ്വാഭാവികമായി അപരനില്‍ ക്രിസ്തുവിനെ കാണാമെന്നിരിക്കെ, ക്രിസ്തുവിനെ മായാദര്‍ശനത്തില്‍ കണ്ടെത്താമെന്ന വഞ്ചനയില്‍ നാം പെട്ടുപോയിരിക്കുന്നു. അതിനായുള്ള നൂതന മാര്‍ഗങ്ങള്‍ തേടുന്ന തിരക്കിലാണ് നാം.

ക്രിസ്തുമാര്‍ഗത്തില്‍ ചരിക്കുന്നവരും ക്രിസ്തു ഉള്ളില്‍ വസിക്കുന്നവരുമാണ് നാം. ഈ അറിവ് അതിന്‍റെ കേവലത്വത്തില്‍ നിന്ന് പ്രായോഗിക ജീവിതവഴിയിലേക്ക് പ്രവേശിക്കുന്നില്ല. ക്രിസ്തുവില്‍ എന്നു പറയുകയും വിശ്വാസത്തിന്‍റെ ആഘോഷമായ കൗദാശിക അര്‍പ്പണത്തില്‍ പങ്കുചേരുകയും ചെയ്യുന്ന നാം, ജീവിതത്തിന്‍റെ പ്രയോഗവഴിയില്‍ ക്രിസ്തുവിന്‍റെ സജീവതയെ അംഗീകരിക്കുമോ?

നാമിപ്പോഴും യേശുവിനെ തേടുന്നു. യേശുവിന്‍റെ അടയാളങ്ങള്‍ക്കായി ശഠിക്കുന്നു. അത് തങ്ങളില്‍ തന്നെ സംഭവിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിനെ കണ്ടുമുട്ടിയാല്‍ ഉടനെ മരിച്ച് സ്വര്‍ഗ്ഗത്തിലേയ്ക്ക് പ്രവേശിക്കും എന്നു കരുതിയാല്‍ അങ്ങനെ ഒരിടത്ത് യേശുവുണ്ട് എന്നു പറഞ്ഞാല്‍ എത്ര പേര്‍ യേശുവിനെ കാണാനായി ഓടും?
അപ്പോള്‍ യേശുവിനെ മറയാക്കി നാം തേടുന്നത് നമ്മുടെ ഭൗതികാഗ്രഹങ്ങളുടെ നിറവേറലാണ്. ആത്മീയ ലക്ഷ്യമല്ല നാമിപ്പോഴും ഈ വഴിയില്‍ ചുമക്കുന്നത്, നമ്മുടെ ഭൗതികസ്നേഹമാണ്.

മാത്രമല്ല നാം യേശുക്രിസ്തുവിലെങ്കില്‍, പിന്നെന്തിനാണ് ദൈവാന്വേഷണത്തിന്‍റെ പാതകള്‍? വഴിയായ ക്രിസ്തുവിലാണ് നാമെന്ന ബോധം നിലനിര്‍ത്താനുള്ളവയാണ് നമ്മുടെ തീര്‍ത്ഥയാത്രകള്‍ പോലും. പഴയനിയമ ജനതയാണ് ദൈവത്തെ തേടി ജറുസലേമിലേയ്ക്ക് യാത്ര ചെയ്തിരുന്നത്. നമ്മുടെ യാത്ര പുതിയ ജറുസലേമായ നിത്യതയിലേയ്ക്കാണ്. അനേഷണാത്മക ദൈവികതയല്ലല്ലോ നമ്മുടേത്.

നമ്മുടെ നാട്ടില്‍ തീര്‍ത്ഥയാത്രകള്‍ സര്‍വസാധാരണമായി. പുണ്യസ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ അതില്‍ത്തന്നെ ഒന്നുമല്ലെന്നു നമുക്കറിയാം. ജീവിതം ഒരു യാത്രയാണെന്ന് ഓര്‍മിക്കാനും 'നമുക്കിവിടെ നിലനില്ക്കുന്ന പട്ടണങ്ങളി'ല്ലെന്ന് തിരിച്ചറിയാനും ഇത്തരം യാത്രകള്‍ പ്രയോജനപ്പെടുമെങ്കില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
അനേകര്‍ പട്ടിണി കിടക്കുകയും വസ്ത്രമില്ലാതലയുകയും ചെയ്യുന്ന, മരുന്നു കിട്ടാതെ രോഗികള്‍ മരിക്കുന്ന നാട്ടില്‍ നിന്നാണ് ദൈവത്തെ കാണാനും ദൈവാനുഭവം തേടിയും നാം യാത്ര പുറപ്പെടുന്നത്. ജീവിതയാത്രയില്‍ നാം കണ്ടുമുട്ടുന്ന പാവപ്പെട്ടവരില്‍ ദൈവത്തെ ദര്‍ശിച്ച് അവരുടെ സങ്കടങ്ങളില്‍ തണലാകുമ്പോഴാണു യാത്രകള്‍ യഥാര്‍ത്ഥത്തില്‍ പുണ്യയാത്രകളാകുന്നത്.

എന്‍റെ കയ്യിലെ പണം പുണ്യയാത്രകള്‍ക്ക് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ് എന്നു ചിന്തിക്കുന്നവരുണ്ട്. നിന്‍റെ കയ്യില്‍ സമ്പത്ത് ദൈവം തന്നിട്ടുള്ളത്, നിന്‍റേതായി കരുതുമ്പോഴാണ് ഇങ്ങനെ ചിന്ത വരിക. നമ്മുടെ കയ്യില്‍ ദൈവമേല്പിക്കുന്ന സമ്പത്ത് നമ്മുടേതു മല്ല, നമുക്കുവേണ്ടിയുമല്ല. അത് മറ്റുള്ളവര്‍ക്കുവേണ്ടി ഉപയോഗിക്കാനുള്ള കരം അഥവാ കാര്യസ്ഥന്‍ മാത്രമാണ് നമ്മള്‍. അപ്പോള്‍ മറ്റുള്ളവര്‍ക്ക് വിശപ്പിനായി തന്ന പണം കൊണ്ടാണ് നീ ഉലകം ചുറ്റി ദൈവത്തെ തേടുന്നത്. നീ തേടുന്നത് ക്രിസ്തുവിനെയല്ല, നിന്‍റെ സന്തോഷം മാത്രമാണ്. നിന്‍റെ ആഗ്രഹത്തിന്‍റെ പിറകെയാണ് നിന്‍റെ യാത്ര!

തൊട്ടരുകില്‍ നില്‍ക്കുന്നവനില്‍ കാണാത്ത യേശുവിനെതേടി നമ്മുടെ യാത്രകള്‍ എവിടേയ്ക്കാണ്? സ്വന്തം സുഖകാമനകളെ ദൈവദര്‍ശനമായി വ്യാഖ്യാനിക്കുന്ന അബദ്ധത്തില്‍ നിന്ന് മോചനം വേണ്ടേ? അപരന് എത്ര ദാനം കൊടുക്കണം. അത്യാവശ്യമുള്ളത്. പിന്നെ ആവശ്യമുള്ളത്, പിന്നെ നിനക്കുള്ളതും അവനില്ലാത്തതും എന്തെന്നു നോക്കി അത്രത്തോളം. അപ്പോള്‍ ജീവിതം തീര്‍ത്ഥാടനമാകും. ഓരോ ചുവടിലും ക്രിസ്തുദര്‍ശനം സാധ്യമാകും. നമ്മുടെ ജീവിതം പുണ്യയാത്രയാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org