ശ്രീലങ്കന്‍ രക്തസാക്ഷികള്‍

എം.പി. തൃപ്പൂണിത്തുറ

ശ്രീലങ്കയില്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടത് ലോകശ്രദ്ധ പിടിച്ചുപറ്റുകയും ലോകത്താകമാനം അപലപിക്കപ്പെടുകയുമാണ്. എവിടെയായാലും ആരായാലും മനുഷ്യന്‍ കൊല്ലപ്പെടുന്നതിനെ ചെറുതായി കാണാന്‍ സാധ്യമല്ല. അതിനെതിരെ ശബ്ദമുയര്‍ത്താനും നിലപാടുകള്‍ സ്വീകരിക്കാനും മനുഷ്യന്‍ എന്ന നിലയ്ക്ക് നമുക്ക് ധാര്‍മ്മിക ബാധ്യതയുണ്ട്.

എന്നാല്‍ ക്രൈസ്തവനെ സംബന്ധിച്ച്, അതിന് സാമാന്യതയ്ക്ക് അപ്പുറത്തുള്ള അര്‍ത്ഥവും നിലപാടുമുണ്ട്. ക്രിസ്തുവിന്‍റെ പീഡകളില്‍ പങ്കുചേരാന്‍, മഹത്ത്വത്തിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് ക്രൈസ്തവനെ സംബന്ധിച്ച് രക്തസാക്ഷിത്വം. ആ നിലയ്ക്ക് ശ്രീലങ്കയിലെ രക്തസാക്ഷിത്വത്തെ, ദുഃഖത്തോടെയും പ്രതിഷേധത്തോടെയുമല്ല വിശ്വാസി കാണേണ്ടത്.

ലോകം കൊല്ലുക, നേടുക, എന്നു പറയുമ്പോള്‍ മരിക്കുക, കൊടുക്കുക എന്നാണ് ക്രൈസ്തവ മൂല്യബോധം പഠിപ്പിക്കുക. ക്രിസ്തു തന്‍റെ ശിഷ്യരായ നമ്മോട് പറഞ്ഞത്, നിങ്ങളെ കൊല്ലുന്നവര്‍, ദൈവത്തിന് ബലിയര്‍പ്പിക്കുന്നു എന്ന് കരുതുന്ന സമയം വരുന്നുവെന്നാണ്. തിരുവചനങ്ങള്‍ ഇപ്പോഴും നിറവേറിക്കൊണ്ടിരിക്കുന്നു എന്ന പരമാര്‍ത്ഥമാണ് നമ്മെ ഈ സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്.

അവരുടെ കൊലപാതകത്തില്‍ ലോകത്തിനുണ്ടായ ദുഃഖം നമുക്കുണ്ടാകരുത്. വിശ്വാസത്തിന്‍റെ തലത്തില്‍ മാത്രമല്ല, സാമാന്യയുക്തിയിലും നമുക്ക് ചിന്തിക്കാം. ഇങ്ങനെയല്ലെങ്കിലും അവര്‍ ഈ സമയത്തു മരിക്കാം. അടുത്ത ദിനങ്ങളിലായാലും. എന്തായാലും അവര്‍ മരണമില്ലാത്തവരല്ല. നിശ്ചയമായും മരണം ഉറപ്പാണ്. അത് ഏതു വഴി എപ്പോള്‍ എങ്ങനെ വരുമെന്ന് നമുക്ക് നിശ്ചയമില്ലല്ലോ. കൊലപാതകിയെ സംബന്ധിച്ച് അയാള്‍ ദൈവകല്പനയ്ക്കും ഹിതത്തിനും എതിരായിരിക്കുമ്പോഴും മരിച്ചവരെ സംബന്ധിച്ച് അത് അവര്‍ക്കായി ദൈവത്തിന്‍റെ സമയവും ദൈവമനസ്സുമാണ്.

ഈ കൊലപാതകത്തില്‍ നമുക്കുള്ളതും ഉണ്ടാകേണ്ടതും രണ്ട് സങ്കടങ്ങളാണ്. ഒന്നാമത്തേത് അതു നമ്മളായില്ല എന്നതാണ്. മൗറീഷ്യസിലേക്ക് സുവിശേഷപ്രവര്‍ത്തനത്തിനു പോയി രക്തസാക്ഷികളായ അഞ്ചു പേരെക്കുറിച്ച് വി. ഫ്രാന്‍സിസ് പറയുന്നത് ഭാഗ്യവാന്മാരെന്നാണ്. തെല്ലൊരു അസൂയയോടെ അദ്ദേഹം പറയുന്നു നമ്മള്‍ സഭയുണ്ടാക്കി. പക്ഷേ വിശുദ്ധരായത് അവരാണെന്നാണ്. തുടര്‍ന്ന് ഫ്രാന്‍സിസും ലിയോയും മൗറീഷ്യസിലേക്ക് പോകുന്നുണ്ട്.

രണ്ടാമത്തെ സങ്കടം നിത്യനാശം അവകാശമാക്കുന്ന കൊലപാതകത്വരയ്ക്ക് അടിമപ്പെട്ടവരുടെ ആത്മാവിനെ സംബന്ധിച്ചാണ്. ശ്രീലങ്കന്‍ രക്തസാക്ഷികള്‍ക്കുവേണ്ടി ഇനി പ്രാര്‍ത്ഥിക്കേണ്ടതില്ല. അവരുടെ മാധ്യസ്ഥ്യവും സഹായവും നമ്മുടെ വിശ്വാസവഴിയെ തീക്ഷ്ണമാക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഇനി സംഭവിക്കേണ്ടത്. നമുക്ക് ഇല്ലാത്തത് ക്രിസ്തുവിനോടൊപ്പം സഹിക്കാനുള്ള ബലമാണല്ലോ.

വേറെ കുറേപ്പേര്‍, ശ്രീലങ്കന്‍ രക്തസാക്ഷികളുടെ വേദനിക്കുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു. രക്തസാക്ഷികള്‍ ക്രിസ്തുവില്‍ സമ്മാനിതരായി. അവരുടെ പ്രിയപ്പെട്ടവരോ മറിയത്തെപ്പോലെ, ശിഷ്യരെപ്പോലെ ആ സഹനങ്ങളില്‍ പങ്കുകാരായി. ആ സഹനാത്മാക്കളുടെ സമീപത്ത് ക്രിസ്തു അനുഭവമാകുന്നതുപോലെ ക്രിസ്തു സമീപസ്ഥരായ ആരുണ്ട് നമ്മില്‍?

നാം പ്രാര്‍ത്ഥിക്കുന്നത് കൊലപാതകംമൂലം നിത്യനരകാഗ്നിക്ക് വിധിക്കപ്പെടാന്‍ ഇടയുള്ളവര്‍ക്കുവേണ്ടിയാണ്. അവരുടെ അജ്ഞത ക്ഷമിക്കണമേ എന്ന് പ്രാര്‍ത്ഥിക്കാവുന്ന കരുണയുടെയും അനുകമ്പയുടെയും ക്രിസ്തുസ്നേഹം നമ്മില്‍ നിന്ന് ഒഴുകണം.

എന്തുകൊണ്ടാണ് മരിച്ചവരെ ഓര്‍ത്ത് നാം വിലപിക്കുന്നത്? സഹിക്കുന്നവരെ ഓര്‍ത്ത് കരയുന്നത്? മരണവും സഹനവും നമുക്ക് ഭയമായതുകൊണ്ട്. സഹനങ്ങളെ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് ക്രിസ്തുവുമായി എന്തു ബന്ധം?

സാധാരണ മരണത്തെ ഭയപ്പെടുകയും അതില്‍ നിന്ന് രക്ഷപ്പെടാന്‍ സമസ്ത കഴിവുകളും ഉപയോഗിച്ച് ശ്രമിക്കുകയും, അതില്‍ പിഴവു പറ്റാതിരിക്കാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുകയും ചെയ്യുകയാണ് നാം.

മരണം ക്രിസ്തുവിലേക്കുള്ള പ്രവേശനത്തിന്‍റെ സമ്പൂര്‍ണതയാണ്. രക്തസാക്ഷിത്വമാകട്ടെ, അത് മഹത്ത്വത്തിന്‍റെ മാര്‍ഗമാണ്. ശ്രീലങ്കന്‍ രക്തസാക്ഷികള്‍ ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞാല്‍, നാമും ആ രക്തസാക്ഷിത്വത്തെ കാത്തിരിക്കുന്നു എന്നാണര്‍ത്ഥം. ഓടിയൊളിക്കലുകളുടെയും സുരക്ഷിതത്വം തേടലുകളുടെയും വഴിയടയ്ക്കണം. ക്രിസ്തുവിനോടൊപ്പം മരിക്കാന്‍ ഇറങ്ങണം. പ്രതിഷേധമില്ലാതെ, എതിര്‍പ്പില്ലാതെ. അങ്ങനെ ജീവിതത്തെ കാണുന്ന വിശ്വാസത്തിന്‍റെ പ്രകാശം നമ്മുടെ ജീവിതത്തെ എത്രത്തോളം പുല്‍കുന്നുണ്ട് എന്ന് ശ്രദ്ധിക്കുന്നത് നന്ന്.

രക്തസാക്ഷികള്‍ക്ക് സ്മാരകം പണിതും അവരുടെ പേരില്‍ നേര്‍ച്ചസദ്യകള്‍ നടത്തിയും അവരുടെ ചിത്രങ്ങള്‍ക്ക് പൂമാലയിട്ടും തീര്‍ത്തുകളയരുത് ഉള്ളിലുണരുന്ന ആത്മാവിന്‍റെ പ്രേരണകളെ. ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി മരിക്കാനുള്ള പ്രചോദനവും ബലവും ശ്രീലങ്കന്‍ രക്തസാക്ഷികളുടെ സ്മരണ നമ്മില്‍ ഉണര്‍ത്തട്ടെ എന്ന് ആഗ്രഹിക്കാം, പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org