ആത്മാക്കളുടെ ലോകം

'മരിച്ചുപോയവരെ ഓര്‍ക്കുക' എന്ന ഒരു ചെറിയ ലക്ഷ്യമല്ല ആത്മാക്കളെ അനുസ്മരിക്കുന്നതിലൂടെ നാം ചെയ്യുക. ഈ ഭൂമിയിലെ ജീവിതത്തിന് അര്‍ത്ഥമെന്ത് എന്ന മനുഷ്യന്‍റെ ഉത്ഭവം മുതലേയുള്ള ചോദ്യത്തിന് അത് ഉത്തരം പറയുകയാണ്. ആചാരത്തിന്‍റെ അനുഷ്ഠാനത്തിലൂടെ അത് ജീവിതത്തിന്‍റെ ഭാഗമാവുകയാണ്.

ഉണ്ടും ഉറങ്ങിയും അധ്വാനിച്ചും ആഘോഷിച്ചും നാം എങ്ങോട്ടാണ് പോവുക? ഇതിന്‍റെയൊക്കെ അന്ത്യം എന്ത് എന്ന വ്യക്തവും സുദൃഢവുമായ ഒരു വിശ്വാസ ലക്ഷ്യബോധം നഷ്ടമാകുന്നിടത്ത് ജീവിതം തിന്മ നിറഞ്ഞതായി മാറും എന്നതിനേക്കാള്‍ വ്യര്‍ത്ഥവും ചലനരഹിതവും ആയിത്തീരും എന്നതാണ് പ്രധാനം. അതിനാല്‍ ഒരു നിയോഗത്തിന്‍റെയും അയയ്ക്കപ്പെടലിന്‍റെയും വഴി എത്തിച്ചേരുന്ന ഒരന്ത്യത്തില്‍, അദൃശ്യലോകത്തേയ്ക്ക് നിത്യതയിലേക്ക് നാം പ്രവേശിക്കുമെന്ന ഓര്‍മ്മപ്പെടുത്തല്‍ ക്രൈസ്തവ ധാര്‍മ്മികത മുന്നോട്ടുവയ്ക്കുന്നു.

ദൃശ്യപരതയുടെ നശ്വരലോകം അദൃശ്യതയിലെ അനശ്വരതയിലേയ്ക്ക് പ്രവേശിക്കുമെന്നും, ജീവിതം അവസാനിക്കുകയല്ല അവസ്ഥാ പരിണാമത്തിലേയ്ക്ക് പ്രവേശിക്കുകയുമാണെന്ന് നാം വിശ്വസിക്കുന്നില്ലെങ്കില്‍, നമ്മുടെ അധ്വാനം അര്‍ത്ഥരഹിതമാകും. ഭൗമികതയില്‍ നിന്ന് വേര്‍പിരിഞ്ഞവര്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുമ്പോള്‍, അദൃശ്യലോകം വാസ്തവികമാണ് എന്ന സത്യത്തെ, നാം വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുകയാണ്.

ലോകത്ത് പല മതങ്ങളില്‍ പല രീതികളില്‍ മരണാനന്തര ക്രിയകളും പരേതാത്മാക്കള്‍ക്കുവേണ്ടിയുള്ള കര്‍മ്മങ്ങളും അനുഷ്ഠിക്കപ്പെടുന്നുണ്ട്. അതില്‍ നിന്നു വിഭിന്നമായി എന്താണ് നമ്മുടെ സംസ്കാരകര്‍മ്മത്തിന്‍റെയും മരിച്ചുപോയവരുടെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടേയും വ്യതിരക്തത?

ആത്മാവ് നിത്യതയിലേക്ക് വിളിക്കപ്പെടുന്ന വ്യക്തിയുടെ ശരീരം, മുളയ്ക്കാനുള്ള, വിത്തായി കരുതുകയും, അവസാന കാഹളം മുഴങ്ങുമ്പോള്‍ അന്ത്യവിധിക്കായി ഉയര്‍ക്കാനുള്ള അനശ്വരശരീരത്തെ പുറപ്പെടുവിക്കുന്ന ധാന്യമണിയായി നാം കാണുകയും ചെയ്യുന്നു.

കൊറീന്ത്യര്‍ക്കുള്ള ലേഖനത്തില്‍ വി. ശ്ലീഹ അതു പറയുന്നുണ്ട്. ഇപ്രകാരം തന്നെയാണ് മരിച്ചവരുടെ പുനരുത്ഥാനവും. നശ്വരതയില്‍ വിതയ്ക്കപ്പെടുന്നു. അനശ്വരതയില്‍ ഉയര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്ക്കപ്പെടുന്നു. മഹിമയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. ബലഹീനതയില്‍ വിതയ്ക്കപ്പെടുന്നു. ശക്തിയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. വിതയ്ക്കപ്പെടുന്നത് ഭൗതീകശരീരം. പുനര്‍ജ്ജീവിക്കുന്നത് ആത്മീയശരീരം.

ഈ ഒരു ബോധ്യം നമ്മുടെ ജീവിതത്തിലേയ്ക്ക് ഇഴചേര്‍ക്കാന്‍, മരണാനന്തര ശുശ്രൂഷകളും മരിച്ചവരുടെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളും കാരണമാകുന്നുണ്ട്. മറുഭാഗത്ത് നമ്മോടൊപ്പം ജീവിച്ച ഒരാളാണ് നമ്മുടെ അനുഭവതലത്തില്‍ നിന്ന് ഓര്‍മ്മയുടെ പടവുകളിലേയ്ക്ക് നീങ്ങുന്നത്.

ജീവിതം ഒരേ അര്‍ത്ഥത്തിലും അനുഭവത്തിലുമല്ലല്ലോ. അതിനാല്‍ നിരവധിയായ വീഴ്ചകളും കോട്ടങ്ങളും നമുക്കും നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും സംഭവിക്കാം. അങ്ങനെ നമ്മുടെ ജീവിതപ്പരിസരത്ത് ജീവിച്ച ഒരാള്‍ക്ക് സംഭവിച്ച വീഴ്ചകള്‍ അയാളേക്കാള്‍ കൂടുതല്‍ കണ്ടതും അനുഭവിച്ചതും നമ്മളായിരിക്കും. ഒരുപക്ഷേ, അദ്ദേഹം തെറ്റു ചെയ്യാത്തപ്പോള്‍പോലും നാമങ്ങനെ തെറ്റിദ്ധരിക്കുകയോ, അദ്ദേഹത്തെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടുണ്ടാകാം.

അതിനാല്‍ മരിച്ച വിശ്വാസിയായ മിത്രത്തിന് സ്വര്‍ഗ്ഗം അവകാശമാകുമോ എന്ന സംശയം ബാക്കിനില്‍ക്കും. ഇവിടെ അറിയാവുന്ന കുറവുകള്‍ക്കൊക്കെ പരിഹാരം ചെയ്യാനും പ്രാര്‍ത്ഥിക്കാനും ഇനി, മരിച്ചയാള്‍ക്ക് കഴിയില്ല, പ്രിയപ്പെട്ടവരായ നമുക്കേ കഴിയൂ. അങ്ങനെ പ്രാര്‍ത്ഥിക്കുമ്പോള്‍ അയാളുടെ ആത്മാവിന് മോചനം ലഭിക്കുകയും, അയാളെ നമ്മുടെ ബോധ്യങ്ങള്‍കൊണ്ട് നാം കെട്ടിയിടുന്നതിലൂടെ നാമനുഭവിക്കുന്ന അസ്വാതന്ത്ര്യം അവസാനിക്കുകയും ചെയ്യും.

ഇങ്ങനെ പ്രയോഗിക മാര്‍ഗത്തില്‍ അനശ്വരതയെ കൂട്ടിവിളക്കുകയും ഭൗതിക ആത്മിക ലോകങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന മതിലുകള്‍ പൊളിക്കുകയുമാണ് ആത്മാക്കളുടെ ഓര്‍മ്മ ആചരിക്കുന്നതിലൂടെ നാം ചെയ്യുക. നമ്മുടെ സാമൂഹ്യചുറ്റുപാടില്‍ മരണ ത്തെയും, മരണമടഞ്ഞവരെയും സംബന്ധിച്ച് നിലനില്‍ക്കുന്ന നിരവധിയായ തെറ്റിദ്ധാരണകള്‍ക്കും അബദ്ധങ്ങള്‍ക്കും വ്യക്തവും സത്യസന്ധവുമായ വിശ്വാസ മറുപടിയും സാക്ഷ്യവുമാണ് നമ്മുടെ ആചരണങ്ങള്‍. മരിച്ചവര്‍ അലയുമെന്നും പുനര്‍ജന്മത്തിലൂടെ വീണ്ടും അവതരിക്കുമെന്നും അങ്ങനെ അലയുന്ന ആത്മാക്കള്‍ ജീവിക്കുന്നവരെ ഉപദ്രവിക്കുമെന്നും വിശ്വസിക്കുന്ന മനുഷ്യരുടെ ഇടയില്‍ മരണം നിത്യതയുടെ കവാടമാണെന്നും അവര്‍ ദൈവസന്നിധിയില്‍ ശാന്തിയില്‍ വസിക്കുന്നുവെന്നും നാം പ്രഘോഷിക്കുകയാണ്.

ഇങ്ങനെ പറയുമ്പോഴും ദൈവവചനവും വിശ്വാസപ്രബോധനവും നല്‍കുന്ന പ്രകാശത്തെ മറയ്ക്കുന്ന നിരവധിയായ അന്ധപ്രബോധനങ്ങള്‍ ചുറ്റുവട്ടത്ത് മുഴങ്ങുന്നുണ്ട്. പ്രത്യേകിച്ചും അലയുന്ന ആത്മാക്കളെ സംബന്ധിച്ച ചിന്തകള്‍, ശുദ്ധീകരണാത്മാക്കളുടെ സഹനം കുടുംബത്തകര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്ന അബദ്ധങ്ങള്‍, മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരില്‍ പ്രവേശിക്കുമെന്ന ഭീഷണികള്‍ ഒക്കെ മുഴക്കുന്നത് കത്തോലിക്ക വിശ്വാസ പ്രബോധകരായി സ്വയം അവതരിപ്പിക്കുന്നവരാകുമ്പോള്‍ അത് കൂടുതല്‍ അപകടകരവും അപലപനീയവുമാകുന്നു. അതിനാല്‍ ആത്മാക്കളുടെ ഓര്‍മ്മ, ആത്മാക്കളെക്കുറിച്ചുള്ള സഭാ ബോധ്യങ്ങളിലേയ്ക്ക് പ്രവേശിക്കാനുള്ള അവസരം കൂടിയാകുന്നത് നന്ന്.

martheenos@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org