പ്രതിഷേധ നാടകം

പ്രതിഷേധ നാടകം
Published on
വിമര്‍ശനകള്‍ സഭയെ നശിപ്പിക്കുകയോ പീഡനങ്ങള്‍ സഭയെ ഇല്ലായ്മ ചെയ്യുകയോ അല്ല, മറിച്ച് അത് സഭയെ നവീകരിക്കുകയും ആധുനികമാക്കുകയും, തെറ്റുതിരുത്താനും ക്രിസ്തുവിനെ പ്രയോഗവല്‍ക്കരിക്കാനുള്ള കരുത്ത് പകരുകയുമാണ് ചെയ്തിട്ടുള്ളത്.

അന്ധവിശ്വാസത്തിന്റെ ആനുകാലിക മുഖം അസഹിഷ്ണുതയുടേതു കൂടിയാണ്. വിമര്‍ശിക്കപ്പെട്ടുകൂടാ എന്ന സ്വയം പ്രഖ്യാപിത നിലപാട് പുലര്‍ത്തുന്ന സമൂഹമോ വ്യക്തിയോ ആകട്ടെ കെട്ടിക്കിടക്കുന്ന ജലാശയം പോലെ മലീമസമാകും. നിരന്തരം ആന്തരികമായും ബാഹ്യമായും വിമര്‍ശനങ്ങളെ നേരിടുമ്പോള്‍ മാത്രമെ, ആത്മവിമര്‍ശനത്തിന്റെയും വിശുദ്ധീകരണത്തിന്റെയും പ്രതിഫലാന്വേഷണമില്ലാത്ത ആത്മീയതയുടേയും പ്രകാശം പരത്തുന്നവരായി മാറാന്‍ നമുക്കു കഴിയൂ.

യേശു രോഗികളെ സുഖപ്പെടുത്തിയപ്പോള്‍ അവന് സുബോധമില്ലെന്നും, പ്രബോധിപ്പിച്ചപ്പോള്‍ ഇവന്‍ ആ തച്ചന്റെ മകനല്ലേ എന്നും, പിശാചുക്കളെ ബഹിഷ്‌കരിച്ചപ്പോള്‍ പിശാചുബാധിതനെന്നും, നിലനിന്ന ആചാരങ്ങളെ വിമര്‍ശിച്ചപ്പോള്‍ ചുങ്കക്കാരുടെയും പാപികളുടെയും സുഹൃത്തെന്നും, നിയമ നിഷേധകനെന്നും നിരവധിയായ വിമര്‍ശനങ്ങള്‍ യേശുവിനെതിരെ ഉയര്‍ന്നു. കുരിശുമരണംവരെയെത്തിയിട്ടും അതിനെതിരെ തിരിയുകയല്ല, സഹനത്തിന്റെ വഴിയെ രക്ഷയുടേതാക്കി ഉയര്‍ത്തുകയാണ് ക്രിസ്തു.

ആനുകാലിക വിശ്വാസ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന അതിക്രമങ്ങള്‍ രാജ്യത്താകമാനം അരങ്ങു തകര്‍ക്കുകയാണ്. മതപരിവര്‍ത്തനം നടത്തുന്നു എന്ന പേരില്‍ ക്രൈസ്തവരെ പീഡിപ്പിക്കുന്ന വര്‍ഗീയ ഭരണകൂടത്തിന്റെ പ്രവൃത്തികളെ വിമര്‍ശനത്തിന് വിധേയമാക്കുന്നതിനു പകരം ന്യൂനപക്ഷങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന സംഘപരിവാര്‍ തന്ത്രത്തില്‍ കുടുങ്ങിയ ഒരു വിഭാഗം യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുകയും സിനിമയുടെ പേരിനെച്ചൊല്ലിയും, ഒരാള്‍ ബൈബിള്‍ കത്തിച്ചതിനെതിരെയും, രാജ്യത്തെ ഒരു നിയമ സംവിധാനത്തിനും ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത ലൗ ജിഹാദിന്റെ പേരിലും ഇരവാദവുമായി സംഘപരിവാറിന്റെ കുഴലൂത്തുകാരായി മാറിയിരിക്കുകയാണ്.

ഇത്തരം ഒരു പശ്ചാത്തലത്തിലാണ് കക്കുകളി എന്ന നാടകം രംഗപ്രവേശം ചെയ്യുന്നത്. ഫ്രാന്‍സിസ് നെറോണയുടെ കഥയെ ആസ്പദമാക്കി രംഗത്തിറങ്ങിയ നാടകാവിഷ്‌കാരത്തെ സ്വീകരിക്കുകയോ തള്ളുകയോ വിമര്‍ശിക്കുകയോ ചെയ്യാം.

പക്ഷേ, അത് കത്തോലിക്കാ സഭയുടെയും സന്യാസിനികളുടെയും മാന്യതയെ ഹനിക്കുന്നതാണ് എന്ന വാദം തികച്ചും പരിഹാസ്യമാണ്. മുമ്പൊരിക്കല്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവിനെതിരെ ഉയര്‍ന്ന സമരത്തിനും ഇതുമായി സാമ്യമുണ്ട്. കസന്‍ദ്‌സാക്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനത്തിന്റെ നാടകാവിഷ്‌കാരത്തെ എതിര്‍ത്തില്ല എന്നത് കക്കുകളിയുടെ കാര്യത്തിലും തുടരുകയാണ്.

ഈ വിമര്‍ശനത്തിന്റെ ശരിതെറ്റുകളെക്കുറിച്ചു ചിന്തിക്കുന്നതിനുമുമ്പ് ക്രൈസ്തവ വിശ്വാസവും സന്യാസ പൗരോഹിത്യവും വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുന്നത് പുത്തരിയല്ലെന്ന് തിരിച്ചറിയുക.

ലോക കലാരംഗത്തെ ആകമാനം പരിശോധിച്ചാല്‍ നൂറിലധികം വിഖ്യാതമായ വിമര്‍ശനങ്ങള്‍ ചല ചിത്രങ്ങളും നാടകങ്ങളും രചനകളുമായി നമുക്ക് കാണാനാകും.

1959-ല്‍ പുറത്തിറങ്ങിയ ഫ്രെഡ് സിനെമാറ്റ 'ദി നണ്‍സ് സ്റ്റോറി', 1963-ല്‍ ഓട്ടോ പ്രൊമിഞ്ചര്‍ അവതരിപ്പിച്ച 'ദി കാര്‍ഡിനല്‍', 1972-ല്‍ പുറത്തിറങ്ങിയ 'ദി കാന്റര്‍ബറി ടയില്‍സ്', 1976-ല്‍ പുറത്തിറങ്ങിയ 'ക്യാരി', 1983-ല്‍ പുറത്തിറങ്ങിയ 'മീനിംഗ് ഓഫ് ലൈഫ്', 1984-ല്‍ പുറത്തിറങ്ങിയ 'ഫൂട്ട് ലൂസ്', 1986-ലെ 'ദി നെയിം ഓഫ് ദി റോസ്', 1988-ല്‍ 'ആഗ്‌നസ് ഓഫ് ഗോഡ്', 'ലാസ്റ്റ് ടെംപ്‌ടേഷന്‍ ഓഫ് ക്രൈസ്റ്റ്', 1993-ല്‍ പുറത്തിറങ്ങിയ 'ദി ബോയ്‌സ് ഓഫ് സെന്റ് വിന്‍സന്റ്', 1995-ല്‍ പുറത്തിറക്കിയ 'പ്രീസ്റ്റ്', 1999-ല്‍ പുറത്തിറങ്ങിയ 'ഡോഗ്മ', 2002-ലെ 'ദി മാഗ്ദ ലൈന്‍ സിസ്റ്റേഴ്‌സ്', 2006-ലെ 'ജീസസ് ക്യാംപ്' 2008-ലെ 'ഡൗട്ട്', 2015-ലെ 'സ്‌പോട്ട് ലൈറ്റ്', 2016-ലെ സൈലന്‍സ്, 2019-ലെ 'ഗ്രേസ് ഓഫ് ഡ്യൂ', 'ദി ടു പോപ്‌സ്' എന്നിങ്ങനെയും ഇനിയും പരാമര്‍ശവിധേയമാക്കാത്ത നൂറുകണക്കിന് പോണ്‍ വീഡിയോകളെക്കാള്‍ മോശമായി പൗരോഹിത്യത്തെയും സന്യാസത്തെയും പ്രതി പാദിക്കുന്നതുമായ ചലച്ചിത്രങ്ങളും കലാരൂപങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.

വിമര്‍ശനകള്‍ സഭയെ നശിപ്പിക്കുകയോ പീഡനങ്ങള്‍ സഭയെ ഇല്ലായ്മ ചെയ്യുകയോ അല്ല, മറിച്ച് അത് സഭയെ നവീകരിക്കുകയും ആധുനികമാക്കുകയും, തെറ്റുതിരുത്താനും ക്രിസ്തുവിനെ പ്രയോഗവല്‍ക്കരിക്കാനുള്ള കരുത്ത് പകരുകയുമാണ് ചെയ്തിട്ടുള്ളത്.

ഒരു നാടകം കണ്ടാല്‍ ഉരുകിത്തീരുന്നത്രയേ വിശ്വാസമുള്ളുവെങ്കില്‍ ആ വിശ്വാസം ക്രിസ്തു വിരുദ്ധമാണ്. ചഞ്ചലിപ്പുള്ളതാണ്. അത് തെറിച്ചു പോകാനുള്ള മൂക്ക് മാത്രമാണ്.

സന്യാസികളെക്കുറിച്ചും പൗരോഹിത്യത്തെ സംബന്ധിച്ചും വികലവും അപൂര്‍ണ്ണവുമായ പല കാഴ്ചപ്പാടുകളും പൊതുസമൂഹത്തില്‍ നിലനില്ക്കുന്നുണ്ട്.

സന്യസിക്കാനായി ഒരു വ്യക്തി തീരുമാനമെടുക്കുന്നത് ജീവിക്കാന്‍ നിവൃത്തിയില്ലാതെ വരുമ്പോഴാണ് എന്ന ധാരണ ചിലര്‍ക്കുണ്ട്. അതേപോലെ ബ്രഹ്മചര്യവും കന്യാവ്രതവും സ്വീകരിച്ചവരുടെ ഇടയില്‍ സംഭവിക്കുന്ന വീഴ്ചകളുടെ കഥകള്‍ സമൂഹത്തില്‍ നമുക്ക് കണ്ടെത്താനുമാകും. ചൂണ്ടിക്കാണിക്കാന്‍ വിരലില്‍ എണ്ണാവുന്ന സംഭവങ്ങള്‍ ഇങ്ങനെ സന്യാസത്തിലേക്ക് കടന്നതിന്റേയും സന്യാസത്തിലുണ്ടായ വീഴ്ചയുടെയുമായി ഉണ്ടാകാം. ലക്ഷക്കണക്കിന് വ്യക്തികളില്‍ അത് ഒട്ടുമേ അതിശയമല്ല. എന്നാല്‍ അതല്ല വിമര്‍ശനത്തിന്റെ കാതലായ കാരണം. ലോക താല്പര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് സന്യാസത്തിലേക്ക് തിരിയുന്നതിന്റെ മനോഭാവം മനസ്സിലാകില്ല.

തങ്ങളുടെ മനോഭാവത്തില്‍ നിന്ന് സന്യാസത്തെ കാണുമ്പോള്‍ അവര്‍ക്ക് തോന്നുന്നതും ഒപ്പം ഒറ്റപ്പെട്ടതെങ്കിലും സന്യാസത്തിനകത്ത് സംഭവിക്കുന്ന പിഴവുകളും ചേര്‍ത്ത് മെനയുന്ന കഥകളും കലാരൂപങ്ങളും ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തുന്നവയായിരിക്കും.

ഒരു സ്ത്രീയും പുരുഷനും പരസ്പരം ആകര്‍ഷിക്കപ്പെടുന്നതും സൗന്ദര്യത്തെ അനുഭവിക്കുന്നതും തികച്ചും വ്യക്തിപരമായിട്ടാണ്. പ്രണയാനുഭവങ്ങളും പ്രണയ സങ്കല്പങ്ങളും വ്യക്തിപരമായിരിക്കുന്നതു പോലെ വിരക്തിയുടെയും ജീവാര്‍പ്പണത്തിന്റെയും അനുഭവതലവും വ്യതിരിക്തമായിരിക്കും. ഭക്ഷണമായാലും നിറങ്ങളായാലും അഭിരുചികളായാലും അങ്ങനെ തന്നെ. ചായ കുടിക്കുന്നവര്‍ കാപ്പി കുടിക്കുന്നവരുടെ സ്വഭാവത്തെ വിമര്‍ശിക്കുന്നതു പോലാണത്. പൗരോഹിത്യത്തിലും സന്യാസത്തിലും എടുക്കുന്ന വ്രതത്തിനെതിരായ പ്രലോഭനം നിരന്തരമുണ്ടാകുന്നുണ്ട്. വിവാഹിതരിലും ദമ്പതിമാര്‍ക്കുമിടയില്‍ തങ്ങളുടെ പങ്കാളിയെക്കുറിച്ചുള്ള ഇഷ്ടക്കേടുകളും, ദാമ്പത്യത്തിനു പുറത്ത് ഇഷ്ടങ്ങളും ഉണ്ടാകുന്നുണ്ട്. അത്തരത്തിലുള്ള ചിന്തകളും മനോഭാവങ്ങളും തെറ്റായ പ്രവൃത്തികളിലേക്ക് നീങ്ങുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ എത്ര വേണമെങ്കിലും ഇന്നിന്റെ പരിസരത്ത് നമുക്ക് കാണാനാകും.

എന്നാല്‍ വിമര്‍ശനങ്ങള്‍ നമ്മെത്തന്നെ പരിശോധിക്കാനുള്ള ഒരു ഉപാധിയാണ്. വിമര്‍ശനങ്ങള്‍ കാണുമ്പോള്‍ നാം അസ്വസ്ഥരാകുന്നത് സ്വയം ഉപേക്ഷയുടെ വഴിയില്‍ നമ്മുടെ കാലിടറുന്നു എന്ന് തെളിയിക്കുകയാണ്.

സന്യാസം തങ്ങളെ ക്രിസ്തുവില്‍ ഭരമേല്‍പ്പിക്കുന്ന പണിയാണ്. അതത്ര എളുപ്പമുള്ള ഒരു കാര്യമല്ല. വി. പൗലോസ് പറയുന്നതു പോലെ അവകാശമായതൊക്കെ ഉച്ചിഷ്ടം പോലെ കരുതുകയാണ് സന്യാസത്തിന്റെ അകപ്പൊരുള്‍.

ഞങ്ങള്‍ നന്മയല്ലേ ചെയ്യുന്നുള്ളൂ. ഞങ്ങളെ ആക്ഷേപിക്കുന്നത് എന്തിനാണ് എന്ന ചോദ്യം നീതീകരണത്തിന്റേതാണ്. അങ്ങനെ പ്രതിരോധം തീര്‍ക്കുന്നതും പ്രതിഷേധിക്കുന്നതും ക്ഷമയ്ക്ക് അതിരുണ്ടെന്ന് വാദിക്കുന്നതും സന്യാസത്തിന്റെ അടിസ്ഥാന ഭാവങ്ങള്‍ക്ക് വിരുദ്ധമാണ്.

സന്യാസത്തിലെ സ്വയാര്‍പ്പണം ആരാധനയുടെ ഉന്നതമായ നിലയാണ്. അങ്ങനെ ആരാധനയായി അര്‍പ്പിക്കപ്പെട്ടത് മനുഷ്യന്‍ എന്ന നിലയ്ക്കുള്ള അവകാശങ്ങളെ നിഷേധിച്ചിട്ടാണ്.

പ്രതികരിക്കുന്ന സന്യാസി സ്വയം അവഹേളിക്കുകയാണ്. താന്‍ ക്രിസ്ത്യാനിയോ സന്യാസിയോ അല്ലെന്ന പ്രഖ്യാപനമാണത്. പീഡകളേറ്റവരും രക്തം ചിന്തിയവരുമായ കന്യകകളെയും രക്തസാക്ഷികളെയും തള്ളിപ്പറയുകയാണ് അവര്‍.

കക്കുകളി സന്യാസത്തെക്കുറിച്ച് അവതരിപ്പിക്കുന്ന ആശയ രൂപത്തെ എതിര്‍ക്കേണ്ടത് കരുത്തുറ്റ സന്യാസത്തിന്റെ അക്ഷോഭ്യമായ ഹൃദയം കൊണ്ടാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org