Latest News
|^| Home -> Pangthi -> നിരീക്ഷണങ്ങള്‍ -> അകക്കൊട്ടാരത്തിന്‍റെ കാവല്‍ക്കാരി ദൈവദാസി മദര്‍ മേരി സെലിന്‍

അകക്കൊട്ടാരത്തിന്‍റെ കാവല്‍ക്കാരി ദൈവദാസി മദര്‍ മേരി സെലിന്‍

Sathyadeepam

ഡോ. സി. നോയല്‍ റോസ് സിഎംസി

നമ്മുടെ കാലം ഏറ്റവുമധികം അരക്ഷിതത്വങ്ങളിലൂടെ കടന്നുപോകുന്നു. ജീവിതയാത്രയില്‍ വെളിച്ചം വിതറേണ്ട വഴിവിളക്കുകള്‍ പലതും അണഞ്ഞുപോയിരിക്കുന്നു. ഇത്തരം അരക്ഷിതത്വത്തിന്‍റെ ലോകത്തു യഥാര്‍ത്ഥ സത്യമെന്തെന്നറിയാതെ പകച്ചുനില്ക്കുന്നവരുടെ മുമ്പില്‍ ഉദിച്ചുനില്ക്കുന്ന വിശുദ്ധ നക്ഷത്രങ്ങള്‍ എല്ലാക്കാലത്തുമുണ്ട്. അവര്‍ക്ക് ആത്മീയത, വില്പനച്ചരക്കല്ല, ജീവിതമാണ്. കാലപ്പഴക്കംകൊണ്ടു കറപിടിച്ചു തെളിച്ചമില്ലാതായിപ്പോകുന്ന കണ്ണാടിയോട് ഉപമിക്കുന്നുണ്ട്, മനുഷ്യാത്മാവിനെ തേച്ചു കഴുകി വൃത്തിയാക്കിയില്ലെങ്കില്‍ ആത്മാവാകുന്ന കണ്ണാടിയുടെ നിറം മങ്ങും. ദൈവകിരണങ്ങള്‍ സ്വീകരിക്കാനും പ്രതിഫലിപ്പിക്കാനും കെല്പില്ലാതാകും. അങ്ങനെ സംഭവിക്കാതിരിക്കാനത്രേ ധര്‍മ്മഗുരുക്കന്മാര്‍ അവതരിക്കുന്നത്. കാലദേശങ്ങള്‍ക്കതീതമായ സനാതന സത്യങ്ങള്‍ അവര്‍ ജനത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും.

ദൈവത്തെ മാത്രം പ്രണയിച്ചും മറ്റെല്ലാറ്റിനോടും നിരാസക്തരായും യഥാര്‍ത്ഥ ആത്മീയത എന്താണെന്നു ജീവിതംകൊണ്ട് അവര്‍ സാക്ഷ്യപ്പെടുത്തും. തിരുസഭയില്‍ സന്ന്യാസജീവിതത്തിന്‍റെ ധര്‍മ്മവും അതുതന്നെ. അത്തരത്തിലൊരു വിശുദ്ധ വെളിച്ചത്തിന്‍റെ താരോദയമാണ് 1906 ഡിസംബര്‍ 10-ന് ലോകമെങ്ങും രക്ഷകന്‍റെ തിരുപ്പിറവിക്കായി പ്രാര്‍ത്ഥനയുടെയും സ്നേഹത്തിന്‍റെയും പുല്‍ക്കൂടൊരുക്കി കാത്തിരിക്കുന്ന വ്രതകാലത്തിന്‍റെ വിശുദ്ധദിനങ്ങളിലൊന്നില്‍ അവതരിച്ചത്.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ മൂഴിക്കുളം ഇടവകയില്‍ മള്ളുശ്ശേരി എന്ന ഗ്രാമത്തില്‍, തട്ടാട് പയ്യപ്പിള്ളി കുടുംബത്തില്‍ ഔസേപ്പ്-കൊച്ചുമറിയ ദമ്പതികളുടെ ആറാമത്തെ മകളായിട്ടാണ് അന്നക്കുട്ടി ജനിച്ചത്. മൂന്നാം ക്ലാസ്സുവരെ ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി വിദ്യാലയത്തില്‍ പഠിച്ച അന്നക്കുട്ടി തുടര്‍വിദ്യാഭ്യാസത്തിനുവേണ്ടി കര്‍മലീത്താ സന്യാസിനിമാര്‍ നടത്തുന്ന കറുകുറ്റി സെന്‍റ് ജോസഫ്സ് സ്കൂളില്‍ ചേര്‍ന്നതാണു ജീവിതത്തിന്‍റെ വഴിത്തിരിവായത്. വീടിനടുത്തു സ്കൂളില്ലാത്ത സാഹചര്യത്തില്‍ യാത്രാസൗകര്യങ്ങള്‍ നന്നേ പരിമിതമായിരുന്ന അക്കാലത്തു പെണ്‍കുട്ടികള്‍ക്കു സുരക്ഷിതമായി താമസിച്ചു പഠിക്കുവാനും കൈവേലകള്‍ അഭ്യസിക്കുവാനും സിസ്റ്റേഴ്സ് നടത്തിയിരുന്ന ബോര്‍ഡിങ്ങുകള്‍ വലിയൊരുനുഗ്രഹമായിരുന്നു. ഇത്തരം ബേര്‍ഡിങ്ങുകള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാത്രമല്ല, അവരുടെ മാനസിക, സാമൂഹിക, ആത്മീയ, വ്യക്തിത്വ വളര്‍ ച്ചയിലും അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. അന്നക്കുട്ടിയിലെ വിശുദ്ധ വ്യക്തിത്വത്തിന് ഊടും പാവും നെയ്തത്, കറുകുറ്റി കര്‍മ്മലീത്താ മഠം വക ബോര്‍ഡിങ്ങിലെ വാസവും പരിശീലനവുമായിരുന്നു.

മൂത്ത മകളെ ദൈവത്തിനായി സമര്‍പ്പിച്ച (സി. ജെര്‍ത്രൂദ്) മാതാപിതാക്കള്‍ക്ക്, ഒരു കര്‍മ്മലീത്താ സന്യാസിനിയാകുവാനുള്ള ഇളയ മകളുടെ അഗ്രഹം അംഗീകരിക്കുക എളുപ്പമായിരുന്നില്ല. എങ്കിലും മകളുടെ കണ്ണീരിന്‍റെയും പ്രാര്‍ത്ഥനയുടെയും ദൃഢനിശ്ചയത്തിന്‍റെയും മുമ്പില്‍ അവര്‍ക്കു തലകുനിക്കേണ്ടി വന്നു. അക്കാലത്തെ പതിവനുസരിച്ചു രണ്ടു വര്‍ഷം സന്യാസപരിശീലനത്തിനുശേഷം 1928 മേയ് 29-ാം തീയതി സി. മേരി സെലിന്‍ എന്ന പേരില്‍ സഭാവസ്ത്രം സ്വീകരിച്ചു, 1933 ജൂണ്‍ 1-ാം തീയതി വ്രതസമര്‍പ്പണത്തിലൂടെ യേശുവിന്‍റെ സ്വന്തമായിത്തീര്‍ന്നു.

സന്യാസജീവിതത്തിന്‍റെ സിംഹഭാഗവും സി. സെലിന്‍ വ്യത്യസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗമായി എന്നതു ശ്രദ്ധേയമാണ്. സ്ഥാപനങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും നിഷിദ്ധമല്ലെന്നും ദൈവസ്നേഹത്തിലും കൃത്യമായ ബോദ്ധ്യങ്ങളുടെ വെളിച്ചത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ അനേകായിരങ്ങള്‍ക്കു ജീവിതവിജയത്തിലേക്കും ദൈവാനുഭവത്തിലേക്കുമുള്ള ഊര്‍ജ്ജമാകുമെന്നുമുള്ളതിന് ഉത്തമോദാഹരണമാണു നീണ്ട 31 വര്‍ഷങ്ങള്‍ അദ്ധ്യാപനരംഗത്തും സ്ഥാപനമേലധികാരിയായും ചെലവഴിച്ച സി. സെലിന്‍റെ ജീവിതം.

‘ദിവ്യനാഥനോടുള്ള ആത്മൈക്യം എത്ര ദൃഢതരമോ അത്രയോ ഫലദായകമായിരിക്കും ആദ്ധ്യാത്മികജീവിതത്തില്‍ ഒരു സന്യാസിയുടെ ബാഹ്യപ്രവര്‍ത്തനങ്ങള്‍’ എന്ന് സി. സെലിന്‍ വിശ്വസിച്ചു. 1963 മുതല്‍ 1974 വരെ ഏകീകരിക്കപ്പെട്ട കേരള കര്‍മലീത്താ സന്യാസിനീസമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറലായിരുന്ന മദര്‍ സെലിന്‍, സഭയ്ക്കും സമൂഹത്തിനും പ്രത്യേകിച്ചു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ക്ഷേമകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കക്കാരിയായിരുന്നു.

കര്‍മലചൈതന്യം അതിന്‍റെ ആഴത്തില്‍ ജീവിച്ചുകൊണ്ടു കഠിനമായ താപസികതയിലും പ്രായശ്ചിത്തത്തിലും മനനത്തിലും ഏകാന്തതയിലും ജീവിക്കാന്‍ കഴിയുന്ന ഒരു മിണ്ടാമഠം(Cloistered Convent) അമ്മയുടെ സ്വപ്നമായിരുന്നു. കറുകുറ്റിയിലെ സാന്‍ജോ ഭവന്‍ ഈ സ്വപ്നത്തിന്‍റെ സാക്ഷാത്കാരമാണ്. 31 വര്‍ഷത്തെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കും 11 വര്‍ഷത്തെ സഭാഭരണത്തിനുംശേഷം ലൗകികമായ എല്ലാ ബന്ധങ്ങളില്‍നിന്നും മുക്തി നേടി, ആത്മാവിന്‍റെ അകക്കൊട്ടാരത്തില്‍ വസിക്കുന്ന ദിവ്യാതിഥിയുടെ കാവല്‍ക്കാരിയായി, ആത്മാവാകുന്ന പൊന്‍വിളക്കിനെ സ്നേഹനാളത്താല്‍ പ്രകാശമാനമാക്കി. ആ ദിവ്യ പ്രകാശത്തില്‍ സാന്‍ജോ ഭവനിലെത്തിയ അനേകായിരങ്ങള്‍ ശാന്തിയുടെ സ്വാസ്ഥ്യമനുഭവിച്ചു.

ഏറ്റവും സ്വച്ഛവും സുന്ദരവുമായ ആ ജീവിതം പരിസരങ്ങളെയെല്ലാം അനുഗ്രഹപ്രവാഹത്താല്‍ ജീവസ്സുറ്റതാക്കിക്കൊണ്ട്, ദിവ്യസ്നേഹസാഗരത്തിലേക്ക് ഒഴുകിമറഞ്ഞു, 1993 ഏപ്രില്‍ 23-ന് പ്രാണവല്ലഭനെ മാത്രം കാണാന്‍ ആശിച്ച കണ്ണുകള്‍ ഈ ലോകത്തിനു നേരെ എന്നേയ്ക്കുമായി അടഞ്ഞു. “പരിശുദ്ധ ത്രിത്വമേ, എന്‍റെ ഭാഗ്യമേ….” എന്ന് ഇടമുറിയാതെ ഉരുവിട്ടുകൊണ്ടിരുന്ന നാവ് നിശ്ചലമായി. ഇനിയത് സ്വര്‍ഗീയവൃന്ദത്തോടു ചേര്‍ന്നു സ്വര്‍ഗീയഗീതങ്ങള്‍ ആലപിക്കും.

മദര്‍ മേരി സെലിന്‍റെ ജീവിതവിശുദ്ധിയുടെ ഔദ്യോഗിക സ്ഥിരീകരണത്തിന്‍റെ വഴികള്‍ പ്രോദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞു. 2018 ഏപ്രില്‍ 9-ാംതീയതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിന്‍റെയും മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പിതാവിന്‍റെയും സാന്നിദ്ധ്യത്തില്‍ രൂപതാതല നാമകരണ നടപടികള്‍ക്കു തുടക്കം കുറിച്ചു. ദൈവദാസി മദര്‍ മേരി സെലിന്‍റെ പ്രാര്‍ത്ഥനയും മാദ്ധ്യസ്ഥ്യവും കേരളസഭയ്ക്ക് അനുഗ്രഹമായി തീരട്ടെ…

Leave a Comment

*
*