തുല്യതയും മനുഷ്യാവതാരവും

മിഴിവട്ടത്തിലെ മൊഴിവെട്ടം-2

എം.പി. തൃപ്പൂണിത്തുറ

ജാതി കൊണ്ടും, നിറംകൊണ്ടും രൂപം കൊണ്ടും ലിംഗഭേദം കൊണ്ടും തീര്‍ത്ത തടവുമുറികളിലാണ് നാം. പുറമെ അങ്ങനെയല്ലെന്ന് അതിവിദഗ്ദമായി അഭിനയിക്കുമ്പോഴും ഇതൊരു പുതിയ കാര്യമല്ല. അതുകൊണ്ടാവണം ബന്ധിതര്‍ക്ക് മോചനം നല്‍കാന്‍ വന്നവനാണെന്ന് ക്രിസ്തു പ്രവചനത്തിന്‍റെ സമ്പൂര്‍ണ്ണതയില്‍ നിന്നുകൊണ്ട് വെളിപ്പെടുത്തിയത്.

പുറമേ ഒരു കുഴപ്പവുമില്ലെന്നു പറയുന്നുവെങ്കിലും അകം എത്ര ദുഷിച്ചതെന്ന് നമുക്കറിയാം. പുരോഗമന വാദികളും വിശ്വാസികളുമാണ് നാം. സ്വന്തം ജീവിതത്തിലേക്ക് പ്രവേശിക്കുന്നതു വരെ. അവിടമാകെ വിശ്വാസത്തിനെതിരായ അധമബോധങ്ങളും ഉച്ചനീചത്വങ്ങളും കൊണ്ട് മലീമസമല്ലേ ഇപ്പോഴും? ജാതിമേല്‍ക്കോയ്മയുടെ ചായം പൂശിയ മുഖം നമ്മുടെ ഇടയിലും ഉണ്ടെന്നത് മറച്ചുവയ്ക്കാം. പക്ഷെ മായ്ച്ചുകളയാനാകില്ല. സവര്‍ണ്ണരെന്നും അവര്‍ണ്ണരെന്നുമുള്ള ഭേദവിചാരങ്ങള്‍ നമ്മുടെ ഇടയിലില്ലേ? ചരിത്രപരമായി നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയുടെ കൊമ്പറുത്ത് ക്രിസ്തുവിശ്വാസത്തിന്‍റെ വര്‍ണ്ണം പൂശുമ്പോഴും, വേരറുക്കപ്പെട്ടില്ല എന്ന സത്യത്തെ അവഗണിക്കരുത്. തങ്ങളാണ് ഉന്നതരെന്ന് റീത്തുകള്‍ തമ്മില്‍, അവയ്ക്കകമേ അഞ്ഞൂറ്റി എഴുന്നൂറ്റി ഭേദങ്ങള്‍, രൂപത തിരിച്ച് അഭിമാനബോധങ്ങള്‍, ശുദ്ധരക്തവാദങ്ങള്‍, ഇടവകകള്‍ തമ്മില്‍ പരസ്പരം അഭിമാന തര്‍ക്കങ്ങള്‍ ഒക്കെ, നിലനില്‍ക്കുന്നുണ്ട് ഇപ്പോഴും. അത് തറവാട്ടു മഹിമയായി, കുടുംബപ്പേരായി ഒക്കെ നാം ചുമക്കുന്നുണ്ടിപ്പോഴും. ഒടുവിലത് സ്ത്രീപുരുഷ വിവേചനത്തിന്‍റെ മൂലരൂപത്തിലേക്ക് എത്തിനില്‍ക്കുന്നു. പുറമേയുള്ള ചായം കഴുകിക്കളഞ്ഞാല്‍ ഈ വൈകൃതത്തിന്‍റെ വടുക്കള്‍ നമുക്ക് നമ്മളില്‍തന്നെ കണ്ടെത്താന്‍ പറ്റും.

സമൂഹത്തില്‍ നിന്ന് വിശ്വാസം സ്വീകരിച്ച സവര്‍ണര്‍ പേരിനൊപ്പം സ്വന്തം ജാതിപ്പഴക്കങ്ങളും അഭിമാനബോധവും ചുമക്കുന്നുണ്ടിപ്പോഴും. ജാതിയില്‍ താഴ്ന്നവര്‍ പഴയ പേര് പറയുവാന്‍ ഇഷ്ടപ്പെടുന്നുമില്ല. അതിനര്‍ത്ഥം ജാതി ഇപ്പോഴും ബന്ധങ്ങള്‍ക്കിടയ്ക്ക് പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു എന്നല്ലേ? ക്രിസ്തുവിലായവന്‍ പുതിയ സൃഷ്ടിയാണ് എന്നത് വിശുദ്ധഗ്രന്ഥത്താളിനകത്ത് വച്ചുപൂട്ടരുത്. ക്രിസ്തുവില്‍ ഒന്നാണെന്ന ബോധം, സകലമനുഷ്യരും ക്രിസ്തുവെന്ന സത്യത്തിലേക്ക് വളരണം.

പണം ഇപ്പോഴും നമ്മുടെ സമൂഹത്തെ വിഭജിക്കുന്നുണ്ട്. മാനസാന്തരപ്പെടാന്‍ ധ്യാനകേന്ദ്രത്തിലെത്തുന്നവന്‍, സമ്പത്തുള്ളവനെങ്കില്‍ അവനുവേണ്ടി ശീതികരിച്ച മുറികള്‍ നാം ഒരുക്കിയിട്ടുണ്ട്. നമ്മുടെ ആശുപത്രികളില്‍, സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും രണ്ടു തട്ടുകള്‍ നാം തയ്യാറാക്കിയിട്ടുണ്ട്. കാശുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വിദ്യാഭ്യാസത്തില്‍ വിവേചനംനിലനിറുത്തുന്നതില്‍ പങ്കില്ലെന്ന് പറയാന്‍ നമുക്കാവുമോ? അവന്‍റെ ഔദാര്യം പറ്റുന്നവനായി ദരിദ്രനെ നിലനിറുത്തുന്നതില്‍ നമുക്കു പങ്കില്ലേ? തിരുസഭയുടെ വിശ്വാസപ്രബോധനങ്ങളില്‍ നിന്ന് തെന്നിമാറിയല്ലേ നാമൊക്കെ യാത്ര ചെയ്യുന്നത്?

തുല്യതയും സാമൂഹ്യനീതിയും സംവാദങ്ങളിലും സമരമുഖങ്ങളിലും തീപടര്‍ത്തുമ്പോഴും അത് ജീവിതത്തിന്‍റെ പടിക്കു പുറത്തുതന്നെ എന്നത് ഒരു യാഥാര്‍ത്ഥ്യമായി ശേഷിക്കുന്നു. ചര്‍ച്ച ചെയ്തും ചവച്ചുതുപ്പിയും ഇന്നും എല്ലുനുറുങ്ങുന്നത് മനുഷ്യന്‍റേതുതന്നെയാണ്. നമ്മുടെ സാമൂഹിക ചുറ്റുപാടുകള്‍, കടമ്പകള്‍ ഏറെ കടന്നിട്ടുണ്ട്. അതു കാണാതെ പോവുകയല്ല. എന്നാല്‍ കുടത്തിനകത്ത് ഒളിപ്പിക്കപ്പെട്ട ഉച്ചനീചത്വങ്ങള്‍ പുറമേ പൂശുന്ന വെള്ളകൊണ്ട്, എത്ര സുന്ദരമാക്കിയാലും ലഘൂകരിക്കപ്പെടില്ലതന്നെ.

മാനവസമുദായം എന്ന ഒന്നേ നിലവിലുള്ളു എന്ന് ഉറപ്പിക്കാന്‍ നാം നടത്തുന്ന ശ്രമങ്ങളുടെ പരാജിതമുഖം വെളിപ്പെടുന്നത് നമ്മുടെ ജീവിതചുറ്റുപാടുകളില്‍ തന്നെയാണ്. അറിവിന്‍റെയും ആലോചനയുടെയും കയറ്റിറക്കങ്ങള്‍ എത്തിപ്പെടാത്ത ജീവിതത്തിന്‍റെ സാധാരണത്വത്തെ നാം സൗകര്യപൂര്‍വ്വം അവഗണിക്കുകയാണ്.

ജ്ഞാനോദയം മുന്നോട്ടുവച്ച സങ്കല്‍പ്പങ്ങളില്‍ ഏറ്റം ശ്രദ്ധേയമായ ഒന്നായിരുന്നു, മനുഷ്യനാണ് മാനദണ്ഡമെന്നത്. ആരാണ് മനുഷ്യനെന്ന ചോദ്യത്തിന് മുന്നില്‍ ജ്ഞാനോദയത്തിനും ഉത്തരം മുട്ടി. മനുഷ്യന്‍ എന്ന സംസ്കൃത വാക്കിന്, മനുവിന്‍റെ വംശജാതര്‍ എന്ന പരിമിതത്വമായിരുന്നു പൂര്‍വ്വകാലമതബോധത്തിന്‍റെ ഉത്തരം. ബാക്കിയെല്ലാം നീച ജന്മങ്ങള്‍. ദൈവത്തിന്‍റെ ജനമായ ഇസ്രായേല്‍, കാനാന്‍കാരെ നായ്ക്കളോട് ഉപമിച്ചു.

ആരാണ് മനുഷ്യന്‍ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് മനുഷ്യകുലം. അപരത്വത്തെ ഒറ്റവാക്കില്‍ ക്രിസ്തുവാണെന്ന് പറയാന്‍ കഴിഞ്ഞാല്‍ സകല വിഭജനങ്ങളും അതോടെ അവസാനിക്കും.

വി. പൗലോസ് കൊളോസുകാരോട് പറയുന്നു, ഇവിടെ യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ പരിഛേദിതനെന്നോ അപരിഛേദിതനെന്നോ അപരിഷ്കൃതനെന്നോ സിഥിയനെന്നോ വ്യത്യാസമില്ല. ക്രിസ്തു എല്ലാമാണ് എല്ലാവരിലുമാണ് (കൊളോ. 3:11)

സകലജനത്തിന്‍റേയും രക്ഷ എന്നത് സകലരെയും ഉള്‍ക്കൊള്ളുന്നവനായി ക്രിസ്തുവിനെ തിരിച്ചറിയുന്നതിലാണ്. ഒരുവനെപ്പോലും പുറത്തുനിറുത്താതെ, പ്രപഞ്ചോല്‍പ്പത്തി മുതല്‍ അവസാനത്തെ മനുഷ്യന്‍ വരെ ക്രിസ്തുവില്‍ ഒന്നെന്നറിയുക. ഈ അറിവിന്‍റെ അനുഭവതലമാണ് ക്രിസ്തുജനനത്തില്‍.

പുറമേ, ആധുനികരെന്നും വിശ്വാസികളെന്നും നാം ഭാവിക്കുമ്പോഴും, നമ്മുടെ കുടുംബാന്തരീക്ഷത്തില്‍ ക്രിസ്തു വിഭജിതനാണ്. അവിടെ പണമുള്ളവന്‍ അധികാരിയാകുന്നു. അധികാരം അടിച്ചമര്‍ത്തലിന്‍റെ ശക്തിയാകുന്നു. പുരുഷന്‍ അധിപനാകാനല്ല, ക്രിസ്തുവാകുന്ന ശിരസാകാനാണ് വിളിക്കപ്പെടുന്നത്. തലയാകണം എന്നതുകൊണ്ട് ഉയര്‍ന്നുനില്‍ക്കാന്‍ വിളിക്കപ്പെടുന്നു എന്നല്ല മനസിലാക്കേണ്ടത്. ദൈവഹിതം പറയുന്നവനാകണം. അല്ലെങ്കില്‍ ക്രിസ്തുബോധം ആലോചനയാക്കുന്നവന്‍ ആകണമെന്നാണ് തിരിച്ചറിയേണ്ടത്. അപരനില്‍ തെളിയുന്നത് താന്‍തന്നെയെന്നു കാണാനും ക്രിസ്തുവെന്ന് തിരിച്ചറിഞ്ഞ് നെഞ്ചോടു ചേര്‍ക്കാനും കഴിയുന്നില്ലെങ്കില്‍ മനുഷ്യാവതാര രഹസ്യത്തില്‍ നാം വിശ്വസിക്കുന്നില്ല എന്നുവേണം കരുതാന്‍. എവിടെ ആരുടെ അഭിമാനം തകര്‍ക്കപ്പെടുന്നുവോ ക്രിസ്തുവിലുള്ള തുല്യത ആര്‍ക്ക് നിഷേധിക്കപ്പെടുന്നുവോ അവിടെ നിഷേധിക്കുന്നത് മനുഷ്യാവതാരത്തെയാണ്. ക്രിസ്തുവിനെ തന്നെയാണ്. ആഗമനകാലത്തില്‍ മാത്രമല്ല നിത്യതയോളം നമ്മെ ഗ്രസിക്കേണ്ട ഒരു ആലോചനയാണിത്.

– martheenose@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org