ക്രിസ്തുപരിഭാഷ

ഇന്നിന്‍റെ ജീവിത ചുറ്റുപാടുകള്‍ക്ക് ഗ്രഹിക്കാനാകുംവിധം സത്യദൈവവും നിത്യജീവനും ദൈവവചനവുമായ യേശുക്രിസ്തുവിനെ പരിഭാഷപ്പെടുത്തുകയാണ് നമ്മില്‍ നിക്ഷിപ്തമായ ദൗത്യം. ജീവിതാന്തസിന്‍റെയും ജീവിതാവസ്ഥകളുടെയും വൈവിധ്യങ്ങളും സാധ്യതകളും തിരിച്ചറിഞ്ഞ് അവയ്ക്കുതകും വിധം നാമത് നിര്‍വഹിക്കേണ്ടതുണ്ട്.

ദൈവാവിഷ്കാരത്തിന്‍റെ സമഗ്രതയും ദൈവിക വെളിപാടിന്‍റെ പൂര്‍ണതയുമായ ദൈവവചനത്തിന്‍റെ വിശ്വാസ്യതയെക്കുറിച്ചും, വാസ്തവികതയെക്കുറിച്ചും, സാക്ഷ്യപ്പെടുത്തുകയെന്നതാണ്, വിശ്വാസപ്രഘോഷണത്തിന്‍റെ അര്‍ത്ഥമെന്ന്, തെറ്റിധരിക്കുകയും ധരിപ്പിക്കുകയും ചെയ്യുന്നതാണ് പ്രേഷിതത്വത്തിന്‍റെ വര്‍ത്തമാനകാല പാഠങ്ങള്‍.

അകലെയുള്ള ഒന്നിനെ ചൂണ്ടിക്കാട്ടി നല്‍കുന്ന വിവരണം പോലെയോ, ആശയങ്ങളുടെ അര്‍ത്ഥവ്യാഖ്യാനങ്ങള്‍ കൊണ്ട് ശ്രേഷ്ഠത സ്ഥാപിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ പോലെയോ, ക്രിസ്തുവിനെ ചരിത്രജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് സംക്രമിപ്പിക്കുക സാധ്യമല്ല.

ആശയലോകത്തുനിന്ന്, ആളത്വത്തിലേയ്ക്ക് ദൈവം ഇറങ്ങിവന്നത്, വീണ്ടും ആശയങ്ങളുടെ നിഗൂഢതയില്‍ അപ്രാപ്യനായി ഇരിക്കാനല്ല. വാക്കുകള്‍ക്കകത്ത് വര്‍ണങ്ങള്‍ പൂശിയും പുത്തന്‍ ഭാവതലങ്ങള്‍ സൃഷ്ടിച്ചെടുത്തും യേശുക്രിസ്തുവിനെ ജീവിതാനുഭവങ്ങളുടെ തലത്തില്‍ വെളിപ്പെടുത്താനാവില്ല.

ലോകമെങ്ങും പോയി പ്രഘോഷിക്കാന്‍ അവിടുന്ന് നമ്മെ അയയ്ക്കുമ്പോള്‍, നമ്മുടെ ജീവിതംകൊണ്ട് ക്രിസ്തുവിനെ പരിഭാഷപ്പെടുത്താന്‍ നമുക്ക് കഴിയണം. ആചാരങ്ങള്‍ കൊണ്ടോ ആശയലോകം സ്വരൂപിച്ചെടുക്കുന്ന സമാനതയുടെ ഐക്യബോധത്തില്‍ നിലനില്‍ക്കുന്ന സാമൂഹ്യബന്ധങ്ങള്‍കൊണ്ടോ ദൈവവചനമാകുന്ന ക്രിസ്തുവിനെ ഇന്നിന് ഗ്രഹിക്കുന്നവിധം പരിഭാഷപ്പെടുത്തുക സാധ്യമല്ല.

നമ്മുടെ ജീവിത ചുറ്റുപാടിലെ ഏറ്റവും ദരിദ്രനായ മനുഷ്യനോട്, അവനു മനസിലാകുന്ന ഭാഷയില്‍ എങ്ങനെ ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കും?

ആരാധനാ ക്രമത്തിന്‍റെ വര്‍ണശബളിമയോ വിശുദ്ധജീവിതകഥകളുടെ സുകൃതപരിമളമോ, അസാധ്യങ്ങളെ സാധ്യങ്ങളാക്കുന്ന അത്ഭുതകഥകളുടെ വെള്ളിവെളിച്ചം കൊണ്ടോ അതു സാധ്യമല്ല. ദരിദ്രനായ ഈ മനുഷ്യനും നാമും തമ്മിലുള്ള അന്തരം അവസാനിക്കണം. എല്ലാ പ്രകാരത്തിലും നമ്മില്‍ ഭേദം കല്പിക്കാനാകാത്തവിധം എന്‍റെ കൈവശം അവനേക്കാള്‍ അധികമായുള്ളതെല്ലാം ക്രിസ്തുവില്‍ അവനുവേണ്ടി ഞാന്‍ ഉപേക്ഷിച്ചുനല്‍കണം. സഹോദരനെ സ്നേഹിക്കാന്‍, ആദ്യം അവനും ഞാനും സഹോദരനാകാന്‍ സമഭാവത്തിലേക്കെത്തണം. അതില്‍ കുറഞ്ഞ ഒന്നുകൊണ്ടും ക്രിസ്തു ആരാണെന്ന് അവന് മനസിലാകില്ല.

നാം അവനോട് പറയുന്നു, നിനക്കുവേണ്ടി ക്രൂശിതനായ ഒരുവനുണ്ട് എന്ന്. അത് കേള്‍വിക്ക് ഇമ്പകരമായ ഒന്നായി അവന്‍ സ്വീകരിക്കും. പക്ഷെ, ക്രിസ്തുയാഗത്തിന്‍റെ അഗ്നി അവനെ സ്പര്‍ശിക്കുന്നില്ല. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോറ്റിയ ഒരുവനെക്കുറിച്ച് നാം പറയുമ്പോള്‍ വിസ്മയകരമായ ഒരത്ഭുത പ്രവൃത്തിയുടെ മായാലോകം അവന്‍റെ മുന്‍പില്‍ വിടരുന്നുണ്ട്. പക്ഷെ, തന്നെത്തന്നെ മുറിച്ചുവിളമ്പിയ ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കാന്‍, വാക്കുകളില്‍ ചാലിക്കുന്ന വൈകാരിക ഭംഗിപോരാ. അത് അവന്‍റെ വിശപ്പില്‍, നമ്മുടെ ജീവിതം മുറിച്ചു വിളമ്പി മാത്രമേ നമുക്ക് പകരാനാകൂ.

അപരന്‍റെ ജീവിതത്തിന് നാനാ പ്രകാരങ്ങളില്‍ ഉള്ള ഇല്ലായ്മകളിലേയ്ക്ക് നാം നമ്മെ പകരുമ്പോള്‍ മാത്രമേ, അപരന്‍ ക്രിസ്തുവിനെ കണ്ടുമുട്ടൂ. വിശക്കുന്നവനു മുന്നില്‍ അപ്പമാകാത്ത നമുക്ക് ക്രിസ്തുവിനെ അനുഭവമാക്കിക്കൊടുക്കാന്‍ കഴിയില്ല. അപരന്‍റെ പരിമിതികള്‍ക്ക് പകരമാകാന്‍ സ്വയം അര്‍പ്പിക്കാത്ത കാലത്തോളം ക്രിസ്തുവിനെക്കുറിച്ചു നാം പാടുന്ന മഹിമ കീര്‍ത്തനങ്ങള്‍, എത്ര കാവ്യസുന്ദരങ്ങളായാലും ഗുണകരമല്ല.

വീടില്ലാത്തവനോട് നാം ക്രിസ്തുവിനും തലചായ്ക്കാന്‍ ഇടമില്ലായിരുന്നു എന്നു പറയുന്നു. പക്ഷെ, നമ്മുടെ വീടിന്‍റെ ഘനമുള്ള ഭിത്തികളും ഉയര്‍ന്ന മതിലുകളും ക്രിസ്തുവിനെ മറച്ചുകളയുന്നു. നമ്മുടെ വസതി അവനു നല്‍കാത്ത കാലത്തോളം ഈ അവനും ക്രിസ്തുവും നമുക്ക് അന്യമായ തുടരുന്നു.

മതബോധവും ആചാരപാലനവും തീര്‍ക്കുന്ന കെട്ടുകള്‍ പൊളിക്കുന്ന ക്രിസ്തുവിനെയും സാഹോദര്യത്തിന്‍റെ ബന്ധത്തില്‍ വെളിപ്പെടുന്ന ക്രിസ്തുവിനെ ജീവിതം കൊണ്ട് അടയാളപ്പെടുത്തുന്ന തിരുസഭയെയും നമ്മുടെ ജീവിത വ്യാമോഹങ്ങള്‍കൊണ്ട് മറച്ചുവച്ച്, നാമവതരിപ്പിക്കുന്നത് വ്യാജക്രിസ്തുവിനെയാണ്.

അതുകൊണ്ട് അപരനെ പുറന്തള്ളുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന 'മതത്തിന്‍റെ' മൗലികതാബോധം ക്രിസ്തുസ്നേഹത്തിന്‍റെ വെളിച്ചത്തില്‍ നീക്കിക്കളഞ്ഞേ മതിയാകൂ. കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും നിലനില്‍ക്കുന്ന അസമത്വങ്ങള്‍ ക്രിസ്തുരാഹിത്യത്തിന്‍റെ ചിത്രമാണ് മുന്നിലുയര്‍ത്തുന്നത്.

പരിഭാഷ സുന്ദരമാകുന്നതും അനുഭവമാകുന്നതും വാക്കുകളുടെ പദാനുതര്‍ജ്ജമകൊണ്ടല്ല. മൂലകൃതിയുടെ ഹൃദയത്തിലും, അനുവാചകന്‍റെ ഹൃദയത്തിലും തൊടുന്ന വിരലായി മാറുന്നതാണ് പരിഭാഷ. അത് വാക്കുകളെ ജീവിതംകൊണ്ട് മറികടക്കുന്നതിന്‍റെ അനുഭവലോകമാണ്.

മനുഷ്യനായി അവതരിച്ച് നമ്മുടെ പാപങ്ങള്‍ക്കുപകരമായി കുരിശില്‍ മരിച്ച ഒരുവനെക്കുറിച്ച് നാം നടത്തുന്ന വര്‍ണനയോ പകര്‍ത്തെഴുത്തോ ക്രിസ്തു അനുഭവത്തിന്‍റെ സജീവത പകരില്ല. അത്തരം ശ്രമങ്ങള്‍, ആശയപരമായ ബന്ധതയിലുറപ്പിച്ച ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിച്ചേക്കാം. പക്ഷെ അവ പരിചയപ്പെടുത്തുന്നത് ചരിത്രത്തിലും ജീവിതത്തിലും ഇടപെടുന്ന ദൈവപുത്രനെയല്ല. അവനെ പരിചയപ്പെടുത്താന്‍ സ്വന്തം ജീവിതം ക്രിസ്തു അനുരൂപമാക്കുകയെന്ന വഴിയെ ആകെയുള്ളൂ. നാമോരോരുത്തരുമാണ് ക്രിസ്തുവിന്‍റെ പരിഭാഷകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org