പുതിയ ലോകം പുത്തന്‍ പ്രതീക്ഷകള്‍

പുതിയ ലോകം പുത്തന്‍ പ്രതീക്ഷകള്‍

എം.പി. തൃപ്പൂണിത്തുറ

ഓര്‍ക്കാനിഷ്ടപ്പെടാത്ത നാളുകളിലൂടെയാണ് നാമിവിടെ എത്തിനില്‍ക്കുന്നത്. ജീവിതത്തിന്റെ വഴികളെല്ലാം അടഞ്ഞ് ഗതിമുട്ടിയ നാളുകള്‍. കണക്കും കണക്കുകൂട്ടലുകളും തെറ്റിയതു മാത്രല്ല, സ്വാഭാവിക ക്രമങ്ങളെന്നു കരുതിയിരുന്നവയെല്ലാം തകര്‍ക്കപ്പെട്ടു.
പ്രതീക്ഷകളിലാണ് ഭൗതിക ലോകം ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ ആത്മീയലോകം പ്രത്യാശയിലാണ് ജീവിക്കുന്നത്.
വിശ്വാസം പ്രത്യാശയിലേയ്ക്കും പ്രത്യാശ സ്‌നേഹത്തിലേക്കും വളരണം. വിശ്വാസം കാര്യം നടക്കുന്നതില്‍ തളച്ചിടപ്പെട്ടാല്‍ അതിനു വളരാനാകില്ല. അത് ഒരു ചെടിപോലെയാണ്. വളരാനാകില്ലെങ്കില്‍ പിന്നെ അതിന് നിലനില്‍ക്കാനുമാകില്ല. അതു കരിഞ്ഞു പോകും. പ്രതീക്ഷയുടെ സമയപരിധി കഴിയുമ്പോള്‍ പിന്നെ വിശ്വാസത്തിനു മുന്നോട്ടു ചരിക്കാനാകില്ല. പ്രതീക്ഷകള്‍ക്ക് നിശ്ചയിക്കപ്പെട്ട സമയം കഴിയുമ്പോള്‍ അവിടെ വച്ച് നമ്മുടെ വിശ്വാസം ക്ഷയിക്കുകയും നിരാശയിലേക്ക് നാം കൂപ്പുകുത്തുകയും ചെയ്യും.
നാം കാത്തു താലോലിക്കുന്ന പ്രതീക്ഷകള്‍ ഒരു സമയം കഴിയുമ്പോള്‍ പുറപ്പെടുവിക്കുന്നത് വിപരീത ഫലങ്ങളായിരിക്കും. അതുകൊണ്ട് പ്രതീക്ഷകളെ നാം ഉപേക്ഷിച്ചാലോ? അപ്പോഴും ഭൗതിക ലോകത്ത് നമുക്ക് വഴിയടയും. പ്രതീക്ഷകള്‍ നമ്മുടെ ഭാവനാ ലോകമാണ്. അവയിലൂടെയാണ് ഭാവിലോകത്തിലേക്കു നാം പ്രവേശിക്കുക. അവിടെയാണ് പ്രതീക്ഷകളെ പ്രത്യാശയുമായി കൂട്ടിയിണക്കേണ്ടതിന്റെ പ്രാധാന്യം. പ്രതീക്ഷകള്‍ കേവല പ്രതീക്ഷകളാകാതെ പ്രത്യാശയിലേക്കുള്ള ചവിട്ടുപടിയാകണം. ക്രിസ്തുവിലുള്ള വിശ്വാസം നമ്മെ നമുക്കകത്തും പുറത്തും ജീവിക്കാന്‍ പഠിപ്പിക്കും. നമുക്കകത്ത് വസിക്കുന്ന ക്രിസ്തുവില്‍ മനസ്സുറപ്പിക്കണം. ഒപ്പം നമുക്കു പുറത്ത് അപരനിലും. ദൈവത്തിന്റെ അനന്തകാരുണ്യത്തില്‍ വിശ്വസിച്ച് ശരണപ്പെടലാണ് വ്യക്തിപരതയില്‍. ഒപ്പം അപരന് നമ്മെത്തന്നെ സമ്മാനിക്കുന്നതിലൂടെ ദൈവകാരുണ്യത്തിന്റെ അനുഭവമാകലാണ് അപരോന്മുഖതയില്‍. ഇതൊരേസമയം ദൈവാശ്രയവും സ്വയമുപേക്ഷയുമാണ്. അപ്പോള്‍ പ്രതീക്ഷകള്‍ നമ്മുടെ സ്വാര്‍ത്ഥപൂര്‍ത്തിക്കുള്ള തല്ലാതായിത്തീരും. അഥവാ അപരന്റെ പ്രതീക്ഷകളും ദൈവത്തിന്റെ പ്രതീക്ഷകളുമായിരിക്കും നമ്മുടെ ലക്ഷ്യം.

ഒറ്റക്കൊരാള്‍ നേടുന്നതൊക്കെ ചെറുതും അല്പായുസ്സുമാണെങ്കില്‍.
എല്ലാവര്‍ക്കും വേണ്ടിയുള്ള നേട്ടങ്ങള്‍ വലുതും മഹത്തരവും
നിത്യവുമായിരിക്കും എന്ന പരമാര്‍ത്ഥം തിരിച്ചറിയുക.


സമയകാലങ്ങളെ അതിജീവിച്ച് നിത്യതയിലാണ് ജീവിതം ലക്ഷ്യം കാണുന്നതെങ്കില്‍ നിശ്ചയമായും താല്ക്കാലികതകളില്‍ ഉടക്കി അതു നിലച്ചു പോകില്ല. വിശ്വാസം ഭൗമികാശ്വാസ മല്ലാതായിത്തീരുന്നതോടെ ജീവിതം അതിന്റെ വളര്‍ച്ചയ്ക്കു തടസ്സമാകുന്ന പ്രതികൂലങ്ങളെയും പ്രലോഭനങ്ങളെയും മറി കടക്കും. ക്രിസ്തുവില്‍ പ്രകടമായി കാണുന്ന രണ്ടു ഭാവങ്ങള്‍ ശ്രദ്ധിക്കൂ. ഒന്ന് പിതാവിലുള്ള ഉറപ്പാണ്. പിതാവ് അകമേയെ ന്നും പിതാവിലാണ് താനെന്നും അവിടുന്ന് ഉറയ്ക്കുന്നു. ഒപ്പം തന്നെ താന്‍ മറ്റുള്ളവര്‍ക്കു വേണ്ടിയെന്നും അവരുടെ വിമോചനമാണ് തന്റെ ലക്ഷ്യമെന്നും വരുന്നു.
അതുകൊണ്ട് പരാജയമെന്ന് ലോകത്തിനു തോന്നാവുന്ന ശപിക്കപ്പെട്ട കുരിശില്‍ മൂന്നാണികളില്‍ തൂങ്ങിക്കിടക്കുമ്പോഴും പിതാവിന്റെ കരങ്ങളില്‍ സ്വയമേല്‍പ്പിക്കാനും മനുഷ്യകുലത്തിന്റെ വിമോചനത്തിനായി ക്ഷമ യാചിക്കാനും അവിടുത്തേക്ക് കഴിയുന്നു. അത് മഹത്വത്തിലേക്കുള്ള പ്രവേശനമായി ക്രിസ്തു അനുഭവിക്കുന്നത് അതുകൊണ്ടാണ്. അതുകൊണ്ടു തന്നെയാണ് അവനെ പിഞ്ചെന്നവര്‍ക്കും മഹത്വീകരണാ നുഭവത്തിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത്.
ഒരുവിധത്തില്‍ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം ദൈവത്തെ പ്രതീക്ഷാപൂരണത്തിനുള്ള കേവല ഉപാധിയാക്കുന്ന ആനുകാലിക വിശ്വാസപ്പിഴവില്‍ നിന്ന് വിമോചിതരായി പുതിയ ചുവടുകള്‍ വയ്ക്കാന്‍ നമക്കു കഴിയേണ്ടതുണ്ടെന്നാണ്.
ഭാവിപദ്ധതികള്‍ വിഭാവനം ചെയ്തും അവയുടെ ശുഭസാക്ഷാത്കാരം പ്രതീക്ഷിച്ചും മുന്നോട്ടു പോകാനുറയ്ക്കുമ്പോള്‍ വിശ്വാസം അടിസ്ഥാന നിലപാടും സ്‌നേഹം ലക്ഷ്യവുമായി മാറണം. പിന്നിട്ട വഴികളില്‍ വീഴ്ചകളും പതര്‍ച്ചകളും ഉണ്ടായത് തിരിച്ചറിവുകളിലേക്ക് നാം നടക്കാന്‍ വേണ്ടിയാണ്. അവയില്‍ നിന്ന് മുഖം തിരിക്കാതെ, അവയില്‍ വന്ന പിഴവുകളെ വിശകലനം ചെയ്ത് നാം മുന്നോട്ടു നടക്കണം. ഒരു പക്ഷെ, ഭൗമിക പരാജയങ്ങള്‍ ഉന്നതമായ വിജയങ്ങളായിരിക്കാം.
ഒറ്റക്കൊരാള്‍ നേടുന്നതൊക്കെ ചെറുതും അല്പായുസ്സുമാണെങ്കില്‍. എല്ലാവര്‍ക്കും വേണ്ടിയുള്ള നേട്ടങ്ങള്‍ വലുതും മഹത്തരവും നിത്യവുമായിരിക്കും എന്ന പരമാര്‍ത്ഥം തിരിച്ചറിയുന്നതില്‍ നിന്നു വേണം പുതുവര്‍ഷ പ്രതീക്ഷകളെ മെനഞ്ഞെടുക്കാന്‍.
ഒരു പുതിയ കാലത്തേക്കും പുതിയ ലോകത്തേക്കും പ്രവേ ശിക്കുകയാണ് നാം. പഴയതിലേക്കുള്ള തിരികെ നടപ്പുകള്‍ പ്രായമായ ഒരാള്‍ കുട്ടിക്കുപ്പായം ധരിക്കുന്നതു പോലെ ഭോഷത്ത മാണ്. പഴയതു പോലെ ഒരു ലോകമോ പഴയതിന്റെ ചര്യാക്രമത്തില്‍ ഒരു കാലമോ ഇനി സാധ്യമല്ല. ലോകം അതിന്റെ അ സ്ഥിരത അനുഭവങ്ങള്‍ കൊണ്ട് ഇതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. കാഴ്ചയ്ക്ക് ഗോചരമല്ലാത്ത ഒരു ചെറിയ അണുവിന്റെ കടന്നുപോകലില്‍ വിറച്ചും വിളറിയും നില്ക്കുകയാണ് ലോകം. നിലനില്പ് അവകാശപ്പെടാവുന്നതൊന്നും ലോകത്തില്ലെ ന്ന് ഇത്രത്തോളം മാനവരാശിക്ക് മുന്നില്‍ വെളിപ്പെട്ടൊരു കാലം നമ്മുടെയോ നമ്മുടെ പൂര്‍വ്വീകരുടെയോ ഓര്‍മ്മയില്‍ ഇ ല്ലെന്നു തന്നെ പറയാം. ഈ കെടുതിയില്‍ നിന്ന് വിമോചനത്തി നായുള്ള യാചനാ പ്രാര്‍ത്ഥനകള്‍ ലോകത്താകമാനം ഉയരു ന്നതു നാം കണ്ടതാണ്. അവിടെയൊരിടത്തു പോലും ഇനി ഞങ്ങള്‍ പഴയതു പോലെ സ്വാര്‍ത്ഥരാകില്ല എന്ന പ്രഖ്യാപനം നമ്മള്‍ കേട്ടില്ല. മഹാഭൂരിപക്ഷത്തിന്റെ സുസ്ഥിതിയാണ് തങ്ങളുടെ പ്രതീക്ഷയെന്ന് നാം കേട്ടില്ല. സാഹോദര്യത്തിന്റെ ഇഴയടു പ്പമുള്ള ഒരു ജീവിതത്തിനു വേണ്ടിയുള്ള ചുവടുവയ്പുകള്‍ കണ്ടില്ല. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീ തിക്കുവേണ്ടിയുള്ള പ്രതീക്ഷകളെക്കുറിച്ച് ആരും പാടിയില്ല.
ലോകത്തിന്റെ അസ്ഥിര ഭാവം സമയത്തിന്റെ അനുസ്യൂത ഭാവം ഒക്കെ, അമ്പരപ്പല്ല നമ്മില്‍ ജനിപ്പിക്കേണ്ടത്. അത് ഒരു സ്ഥിരഭാവമാര്‍ന്ന ദൈവരാജ്യത്തെയും സമയത്തില്‍ നിന്നു സ്വതന്ത്രമായ ഒരു നിത്യതയെയും നമ്മുടെ ബോധതലത്തിലേക്ക് കൊണ്ടു വരണം. അവിടെ നാമായി നമുക്കു നിലനില്‍ക്കാനാകില്ല. നാം നില്‍ക്കുന്നത് ഒറ്റയ്ക്കാണെങ്കിലും നിലനില്‍ക്കുന്നത് ദൈവത്വത്തിലും അപരത്വത്തിലുമാണ്.
പഴയതൊന്നിനെ മാറാപ്പിലാക്കി പുതിയ ഒന്നിലേക്ക് ചുവടുവയ്ക്കലല്ല നാം ലക്ഷ്യം വയ്‌ക്കേണ്ടത്. പഴയ ജീവിതത്തില്‍ നാം നഷ്ടപ്പെടുത്തിയ ആത്മബോധത്തെയും അപരബോധത്തെയും വീണ്ടെടുക്കുകയാണ് വേണ്ടത്. അത് കേവലമായി സാധിക്കാവുന്ന ഒരു കാര്യമല്ല. വിശ്വാസം മുഖേനെ ക്രിസ്തുവിനെ ധരിച്ചു കൊണ്ടല്ലാതെ നമുക്കത് സാധ്യമല്ല. സ്വകാര്യമായ അഭിലാഷങ്ങള്‍ നമ്മുടെ പ്രതീക്ഷകളായി മാറും വിധം മോഹം കൊണ്ട് അന്ധരായിത്തീരരുത് നമ്മള്‍.
ലോകം നേടാനായി ഓടുമ്പോള്‍ നാം കൊടുക്കാനായി ക്രിസ്തുവില്‍ മനസ്സാകണം. ലോകം എതിര്‍പ്പിന്റെ രീതിശാസ്ത്രം കൊണ്ട് മതിലുകള്‍ പണിയുമ്പോള്‍ നാം സ്‌നേഹത്തിന്റെ പ്രവാഹം കൊണ്ട് അതിനെ മറികടക്കണം.
കമ്പോളങ്ങള്‍ക്കും ശതകോടീശ്വരന്മാരായ മഹാപ്രതാപികള്‍ക്കും വേണ്ടി ഭരണകൂടം നാടു വാഴുമ്പോള്‍ നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങള്‍ ഇനിയും കൊല്ലപ്പെടും. കര്‍ഷകര്‍ നിയമത്തിന്റെ കുരിശുകളില്‍ ഏറ്റപ്പെടും. പിറന്നുവീണ മണ്ണില്‍നിന്നും ശത കോടികള്‍ ആട്ടിയോടിക്കപ്പെടുകയോ തുറങ്കിലടയ്ക്കപ്പെടുകയോ ചെയ്യും. നമ്മുടെ പ്രതീക്ഷകളില്‍ അര്‍ദ്ധനഗ്നരും അരപ്പട്ടി ണിക്കാരുമായ തൊഴിലാളി സമൂഹത്തിന്റെ ഇല്ലായ്മകള്‍ക്കും വല്ലായ്മകള്‍ക്കും അവര്‍ നേരിടുന്ന അനീതികള്‍ക്കുമെതിരായ സ്വപ്നങ്ങള്‍ ഇല്ലെങ്കില്‍ ക്രിസ്തുവില്‍ നിന്ന് ഏറെ അകലെയാണു നാം.
പ്രത്യാശയായ ക്രിസ്തുവില്‍ പുതിയ ലോകത്തിനും പുതിയ പ്രഭാതത്തിനുമായി നമുക്കു സ്വപ്നം കാണാം. സകല മനുഷ്യര്‍ക്കും വേണ്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org