ഞാന്‍ എന്ന കഥ

ഞാന്‍ എന്ന കഥ

ധാരാളം അത്ഭുതങ്ങള്‍ പ്രപഞ്ചത്തിലുണ്ട്, എന്നാല്‍ മനുഷ്യനോളം അത്ഭുതകരമായി മറ്റെന്തുണ്ട്? അത്ഭുതകരം എന്നതുകൊണ്ട് ആശ്ചര്യജനകം എന്നു മാത്രമല്ല അര്‍ത്ഥം. മനുഷ്യന്‍ ദുരന്തവും ഭീകരതയും മഹത്ത്വവുമായി മാറാം. ഞാന്‍ എന്ന മനുഷ്യന്‍ ജനിച്ചു ജീവിച്ചുപോകുകയല്ല. ഞാന്‍ എന്‍റെ ആയുസ്സിന്‍റെ നീളമുള്ള പരിപാടിയാണ്, പദ്ധതിയാണ്, സരണിയാണ്. ഈ സരണി എന്ന ഒഴുക്ക് ഏതിലെ, എങ്ങനെ, എന്ന് ആര്‍ക്കു പറയാനാകും? ഒഴുകി ഞാന്‍ ആയിത്തീരുകയാണ്.
ധാരാളം വിധികള്‍ എന്‍റെ മേല്‍ ചുറ്റുപാടില്‍ നിന്നു വന്നുചേരുന്നു. ആകാശവും ഭൂമിയും മനുഷ്യനും എനിക്കു വിധികള്‍ തീര്‍ക്കുന്നു. ബലികളും ബലിമൃഗങ്ങളും നിശ്ശബ്ദമായി വിധികള്‍ക്കു വിധേയപ്പെടുക. അപ്പോള്‍ ഞാന്‍ മനുഷ്യനാകുമോ? മനുഷ്യന്‍ വിധികളുമായി സംഘട്ടനത്തിലാണ്. എല്ലാ വിധികളെയും തട്ടിത്തെറിപ്പിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, ഒരു വിധിയില്‍ നിന്നു മാത്രം രക്ഷപ്പെടാനാവില്ല. എല്ലാ കൗശലങ്ങളും ബുദ്ധിയുടെ ചതുരുപയോഗവും അവിടെ പരാജയപ്പെടുന്നു – മരണം.
വിധികളുമായുള്ള പോരാട്ടം ദുരന്തങ്ങളും സങ്കടങ്ങളും സഹനങ്ങളും വിജയവും എല്ലാം ഉണ്ടാകാം. ഞാന്‍ എന്‍റെ കഥ കാവ്യാത്മകമായി കല്പിക്കുകയും അതിലേക്ക് എന്നെത്തന്നെ സ്വയം ശാസിക്കുകയുമാണ്. എന്‍റെ ആയിത്തീരല്‍ എന്‍റെ കഥ ഞാന്‍ എന്‍റെ ചരിത്രമായി ജീവിക്കുന്നു, എഴുതുന്നു. തന്‍റെ കഥ ധാര്‍മികമായി ഞാന്‍ ലക്ഷ്യമാക്കി നടക്കുന്നു, നടത്തുന്നു. "എനിക്കു സാധിക്കും" എന്ന പ്രാകൃത വികാരവും ആവേശവും എന്നെ ലക്ഷ്യത്തിലേക്കു നടത്തുന്നു. അങ്ങനെ എന്‍റെ ചരിത്രം ഞാന്‍ പണിയുകയാണ്, അഥവാ എന്‍റെ ചരിത്രം കണ്ടുപിടിക്കുകയാണ്.
സൃഷ്ടിക്കുക എന്നതിനേക്കാള്‍ കണ്ടുപിടിക്കുക എന്നതു ഞാന്‍ ഇഷ്ടപ്പെടുന്നു. കാരണം എന്‍റെ ഞാനായിത്തീരലില്‍ ഞാന്‍ മാത്രമല്ല എന്നിലെ ഞാനല്ലാത്ത ശബ്ദവും സാന്നിദ്ധ്യവുമുണ്ട്. ആയിത്തീരല്‍ എന്‍റെ അഹത്തിന്‍റെ സ്വകാര്യ ആയിത്തീരലാക്കാം, അകത്തെ ശബ്ദത്തെ അവഗണിച്ച്, പക്ഷേ, അതിനെ പിന്തുടരുമ്പോള്‍ ഞാന്‍ ആയിത്തീരുന്നത് ആ ശബ്ദത്തിന്‍റെ പ്രേരണ പ്രകാരമാകും. അതും എന്‍റെ പദ്ധതിയും കല്പനയുമാകും. അപ്പോള്‍ ഞാന്‍ എന്നെ സൃഷ്ടിക്കുന്നു എന്നാല്‍, ഞാന്‍ ഞാനായി സൃഷ്ടിക്കപ്പെടുന്നു എന്നാണു പറയാനാകുക.
എന്‍റെ സ്വാതന്ത്ര്യമെന്നതു ജീവിതവഴി തുറക്കലും അതിലൂടെ നടക്കലുമാണ്. എന്നിലെ ഞാനല്ലാത്തവന്‍ എന്നെ വഴിനടത്തുകയുമാണ്. എന്‍റെ ലക്ഷ്യബോധത്തിലേക്കുള്ള പ്രയാണത്തില്‍ സന്തോഷവും ദുഃഖവും പ്രതിധ്വനിക്കും. അവിടെ പരാജയവും വിജയവും സംഭവിക്കും. എല്ലാം ഞാന്‍ ആയിത്തീരലിന്‍റെ വഴിയിലെ കടന്നുപോകുന്ന വികാരങ്ങള്‍ മാത്രം. എത്തിച്ചേരുന്നതു മരണത്തിലാണ്; മരണത്തിലേക്കു നടന്ന് എത്തുന്നു. മരണമാണു ജീവിതത്തിന്‍റെ മുദ്ര. വെറുതെ മനുഷ്യന്‍ ചാവരുത്, മഹത്ത്വപൂര്‍ണമായി മരിക്കണം – മരിക്കുന്നത് ഒരു കഥയുടെ അവസാനം മാത്രമാണ്. കഥാവശേഷകനാകുകയാണു ഞാന്‍. ഇവിടെ അവശേഷിക്കുന്നതു ഞാന്‍ എന്ന കഥയാണ്. ആ കഥയാണു വീരോചിതവും മഹത്ത്വപൂര്‍ണവുമാകേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org