ഞായറാഴ്ച രോഗം

ഞായറാഴ്ച രോഗം

വിക്ട്ര്‍ ഫ്രാങ്കല്‍ എന്ന ഓസ്ട്രേലിയന്‍ മനോരോഗവിദഗ്ദ്ധന്‍ തന്‍റെ ചികിത്സാപദ്ധതിയില്‍ (Logotheraphy) "ഞായറാഴ്ചരോഗ"ത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. ജോലിയില്ലാത്ത ഒഴിവുദിവസമാണല്ലോ ഞായറാഴ്ച. വെറുതെയിരിക്കുന്ന ആ ദിവസം ചിലര്‍ക്കു വലിയ മനക്ലേശത്തിന്‍റെതായി മാറുന്നു. കാരണമുണ്ട്, ഇടദിവസങ്ങളില്‍ തിരക്കുപിടിച്ച പണിയുണ്ട്. എന്നാല്‍ ഞായറാഴ്ച വെറുതെയിരിക്കുന്നു – അതു സ്വയം ചിന്തയ്ക്കു കാരണമാകും. അങ്ങനെ സ്വന്തം ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ജീവിതത്തിന്‍റെ അകം ശൂന്യവും അര്‍ത്ഥരഹിതവുമായി അനുഭവപ്പെടുന്നു. അതു വലിയ ആകുലതയും നിരാശയും സൃഷ്ടിക്കുന്നു. എന്തിനു ജീവിക്കുന്നു എന്നറിയാത്തവന്‍ വല്ലാത്ത ശൂന്യതാബോധത്തില്‍ പീഡിതമാകുന്നു.

ചിലര്‍ പണത്തിനുവേണ്ടി ജീവിക്കാം, മറ്റുചിലര്‍ അധികാരാധിപത്യങ്ങള്‍ ലക്ഷ്യമാക്കിയും ജീവിക്കാം. ഇതെല്ലാം എന്തിനു ജീവിക്കുന്നു എന്ന ചോദ്യത്തിനു കൊടുക്കുന്ന കാരണങ്ങളാണ്. ജീവിതത്തിന്‍റെ അര്‍ത്ഥത്തിന്‍റെ പകരങ്ങളായി ഇങ്ങനെ പലതും വന്നു ചേരാം. പക്ഷേ, സാവധാനം അതെല്ലാം മടുക്കുകയും വല്ലാത്ത ബോറടിയില്‍ ജീവിതം ശൂന്യതയുടെ പിടിയിലാകുകയും ചെയ്യും. വെറുതെ ഇരിക്കുന്ന ഏകാന്തതയില്‍ ഇതു വേട്ടയാടും.

ഒരു ചൂതുകളി മാസ്റ്ററോടു ചോദിച്ചു: "ഏറ്റവും നല്ല നീക്കം എന്താണ്?" "ഏറ്റവും നല്ല നീക്കം എന്നൊന്നില്ല. കളിയുടെ ഒരു മുഹൂര്‍ത്തവും കളിക്കാരന്‍റെ പ്രത്യേകതകളും ആവശ്യപ്പെടുന്ന നീക്കമാണു നടത്തേണ്ടത്. ജീവിതത്തിന്‍റെ അര്‍ത്ഥം എന്നത് ഇങ്ങനെ അമൂര്‍ത്തമായി അന്വേഷിച്ചറിയേണ്ടതല്ല. ഒരു പ്രത്യേക സാഹചര്യത്തില്‍ എന്താണു ചെയ്യേണ്ടതെന്ന് അറിയുന്നതാണിത്. അവിടെ ഓരോ മനുഷ്യനും അവന്‍റേതും അവന്‍റേതു മാത്രവുമായ വിളിയും ദൗത്യവുമുണ്ട്. എന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥം എന്ത് എന്നല്ല ചോദിക്കേണ്ടത്, ഈ സാഹചര്യം എന്നോട് എന്ത് ആവശ്യപ്പെടുന്നു എന്നതാണു പ്രധാനം.

ഒരു ഡോക്ടര്‍ തന്‍റെ പ്രിയ ഭാര്യയുടെ നിര്യാണത്തില്‍ വേദനിച്ചു നിരാശനായി മനോരോഗവിദഗ്ദ്ധനെ സമീപിച്ചു. ഡോക്ടറുടെ വിരഹവേദന വിവരിച്ചു നിരാശ വെളിവാക്കിയപ്പോള്‍ മനോരോഗവിദഗ്ദ്ധന്‍ ചോദിച്ചു: "ഡോക്ടര്‍, താങ്കള്‍ ആദ്യം മരിക്കുകയും താങ്കളുടെ ഭാര്യ ജീവിച്ചിരിക്കുകയും ചെയ്യുന്നു എന്നു വിചാരിക്കുക. അപ്പോള്‍ എന്തായിരിക്കും സംഭവിക്കുക?" "ഹൊ, അതവള്‍ക്ക് അസഹ്യമായിരിക്കും." "ഡോക്ടര്‍, ആ സങ്കടം അവരില്‍ നിന്ന് ഒഴിവാക്കി, നിങ്ങള്‍ ജീവിക്കുന്നു, അവര്‍ക്കുവേണ്ടി വിലപിക്കാന്‍." അയാള്‍ നിശ്ശബ്ദനായി ഇറങ്ങിപ്പോയി. അയാളുടെ അസഹ്യമായ സഹനത്തിന് ആ നിമിഷത്തില്‍ അയാള്‍ അര്‍ത്ഥം കണ്ടെത്തി. അയാളുടെ ഏകാന്തതയും സഹനവും അവര്‍ക്കുവേണ്ടിയുള്ള സ്നേഹത്തിന്‍റെ ത്യാഗമായി അയാള്‍ പരിഗണിച്ചു. ജീവിതത്തിന്‍റെ എല്ലാ വേദനകളും പ്രതിബന്ധങ്ങളും അയാള്‍ക്ക് അര്‍ത്ഥപൂര്‍ണമായി.

ജീവിതത്തിന്‍റെ അകം ശൂന്യവും കയ്പേറിയതുമാകുമ്പോള്‍ അകത്തിന്‍റെ ആഴത്തിലേക്ക് ഇറങ്ങി അര്‍ത്ഥത്തിന്‍റെ നിധി കണ്ടെത്തുക. മനുഷ്യന്‍റെ മൗലികമായ അനിവാര്യത ഒന്നുമാത്രമാണ് – അര്‍ത്ഥത്തിനായുള്ള ദാഹം. അതു വെറുതെ നല്കപ്പെടുകയല്ല; അത് ഉത്തരവാദിത്വമായി കണ്ടെത്തുകയാണ്. എന്തിനു ജീവിക്കണമെന്നറിയുന്നവന് എങ്ങനെയും ജീവിക്കാനാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org