കുറച്ചുകൂടി മധുരമുള്ളൊരാള്‍

കുറച്ചുകൂടി മധുരമുള്ളൊരാള്‍

സജീവ് പാറേക്കാട്ടില്‍

ഒരു ആദര്‍ശത്തില്‍ വിശ്വസിക്കുകയും അതിനനുസരിച്ചു ജീവിക്കാതിരിക്കുകയും ചെയ്യുന്നത് ഏറ്റവും വലിയ നെറികേടാണ്."
-മഹാത്മാഗാന്ധി

അങ്ങനെയെങ്കില്‍ കാലങ്ങളായി ആ നെറികേടു സംഘാതമായി തുടര്‍ന്നുകൊണ്ടിരിക്കുന്നവരുടെ പേരെന്താണ്? ഖേദകരമെങ്കിലും സത്യസന്ധമായ ഉത്തരം 'ക്രിസ്ത്യാനികള്‍' എന്നാണ്. നെറ്റി ചുളിക്കാനും മറ്റുള്ളവരിലേക്കു വിരല്‍ ചൂണ്ടാനും വരട്ടെ. "നാം വിളിച്ചപേക്ഷിക്കുമ്പോഴാക്കെ നമ്മുടെ ദൈവമായ കര്‍ത്താവ് നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്?" (നിയ. 4:7) എന്ന പഴയനിയമ വാക്യവും 'അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല' (മത്താ. 13:17) എന്ന ക്രിസ്തു വചനവും നമ്മുടെ ശ്രേഷ്ഠതയെ വെളിപ്പെടുത്തുന്നുണ്ടല്ലോ.

തീര്‍ത്ഥാടനം: തീര്‍ത്ഥം എന്നാല്‍ ജലം. തീര്‍ത്ഥയാത്ര എന്നാല്‍ തീര്‍ത്ഥസ്നാനത്തിനായുള്ള നടപ്പ് എന്നും പുണ്യസ്ഥലത്തേക്കുള്ള യാത്ര എന്നും അര്‍ത്ഥങ്ങളുണ്ട്. നോമ്പില്‍ വിശേഷാല്‍ തീര്‍ത്ഥയാത്രകള്‍ നടത്തുന്നവരാണു നാം. നല്ലതുതന്നെ. എന്നാല്‍ തീര്‍ത്ഥയാത്രകളുടെ മുന്‍ഗണനകളില്‍ രണ്ടുതരം മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. "your only need is to find yourself, everything else can be googled' എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അങ്ങനെയെങ്കില്‍ തന്നിലേക്കുള്ള തീര്‍ത്ഥയാത്രകളുടേതാകണം ഓരോ നോമ്പുകാലവും. ഇത്ര അമൂല്യമായ നിധി ഒളിഞ്ഞിരിക്കുന്ന ഉള്ളിലേക്ക്, ഇത്രമേല്‍ സുഗന്ധം മറഞ്ഞിരിക്കുന്ന ഉള്ളത്തിലേക്ക് ഒരു തീര്‍ത്ഥാടനം.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കേരളത്തില്‍ ജീവനൊടുക്കിയത് 12,988 പേരാണെന്ന ഞെട്ടിക്കുന്ന വിവരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തി. ഇതില്‍ 4178 പേരും കുടുംബപ്രശ്നങ്ങള്‍ മൂലമാണ് ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് ആത്മഹത്യാനിരക്ക് കൂടുന്നതിന്‍റെ മുഖ്യകാരണം വിഷാദരോഗമാണെന്നും വെളിപ്പെടുത്തപ്പെട്ടു. അങ്ങനെയെങ്കില്‍ അയല്‍ പക്കങ്ങളിലേക്കും കുടുംബങ്ങളിലേക്കുമുള്ള തീര്‍ത്ഥാടനങ്ങള്‍ ഇനിയും വൈകരുത്.

കൂടെപ്പാര്‍ക്കുന്ന കുരിശുകള്‍: നോമ്പുകാലത്തു ക്രിസ്തുവിന്‍റെ പാടുപീഡകളെ ധ്യാനിക്കുന്നതു നല്ലതാണ്. അതു പക്ഷേ, എളുപ്പമാണ്. താരതമ്യേന പ്രയാസമേറിയതെങ്കിലും കൂടുതല്‍ ഫലപ്രദമായതു നമ്മുടെ കൂടെ ജീവിക്കുന്ന 'കുരിശുകളെ' ധ്യാനിക്കുന്നതാണ്. കാലമേറെയായിട്ടും ഇനിയും പരസ്പരം 'മനസ്സില്‍ ആയിട്ടില്ലാത്ത' ജീവിത പങ്കാളികള്‍, ഏറെ പ്രാര്‍ത്ഥിച്ചിട്ടും മാറ്റമില്ലാതെ തുടരുന്ന ഭര്‍ത്താവ്, ശുഭപ്രതീക്ഷകള്‍ക്കു സാദ്ധ്യതയില്ലാത്തവിധം വളരുന്ന മക്കള്‍, സ്വന്തം ബലഹീനതകളാല്‍ നമ്മുടെ ബലം പരീക്ഷിക്കുന്ന പ്രിയപ്പെട്ടവര്‍, സ്വന്തം ആന്തരികമുറിവുകളാല്‍ എപ്പോഴും മറ്റുള്ളവരെ മുറിപ്പെടുത്തുന്നവര്‍, ഇവരെല്ലാമാണു നമ്മുടെ ജീവിതത്തെ 'ഗാഗുല്‍ത്താ' ആയി ഉയര്‍ത്തുന്നത്. ചൊറിയാന്‍ നോക്കിയിരിക്കുന്ന മേലധികാരി, പാര പണിയുന്ന സഹപ്രവര്‍ത്തകര്‍, അസൂയാലുക്കളായ അയല്‍ക്കാര്‍, സ്വാര്‍ത്ഥരായ സുഹൃത്തുക്കള്‍ എന്നിങ്ങനെ കുരിശുകളുടെ പട്ടിക വിപുലീകരിക്കാവുന്നതാണ്. പ്രാര്‍ത്ഥിക്കാന്‍ എളുപ്പമാണ്. സഹിക്കലാണു ക്ലേശകരം. അഥവാ സഹിച്ച്, ക്ഷമിച്ചു പ്രാര്‍ത്ഥിക്കുന്നതാണു ശ്രമകരം. അതുകൊണ്ടല്ലേ 'പിതാവേ അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല' എന്ന യേശുവചനം നമ്മുടെ സ്വന്തമാകാത്തത്. 'ദൈവനാമത്തില്‍ ക്ഷമിക്കുന്നു' എന്ന വാക്കുകള്‍ എപ്പോഴും 'വൈറല്‍' ആകുന്നതും അതുകൊണ്ടാണല്ലോ. ഗ്ലാഡിസ് സ്റ്റെയിന്‍സ് മുതല്‍ സി. റാണി മരിയയുടെ മാതാപിതാക്കളും സഹോദരിയും ഒടുവില്‍ സേവ്യര്‍ തേലക്കാട്ടച്ചന്‍റെ വൃദ്ധമാതാവും വരെ നമ്മെ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തല്ലോ.

തോട്ടം: വേദപുസ്തകത്തില്‍ നിറഞ്ഞുനില്ക്കുന്ന സ്മൃതിസുഗന്ധമാര്‍ന്ന പദമാണു തോട്ടം. തോട്ടത്തെക്കുറിച്ചും ഫലങ്ങളെക്കുറിച്ചും ക്രിസ്തു വാചാലനാകുന്നുണ്ട്. ഒരു തോട്ടത്തിന്‍റെ സമൃദ്ധിയിലും തണുപ്പിലും നിന്നാണല്ലോ ചുട്ടുപൊള്ളുന്ന ഈ ജീവിതത്തിലേക്കു നാം നിപതിച്ചത്. 'ഹൊ, എന്തൊരു ചൂട്' എന്നതു വേനല്‍ കടുക്കുമ്പോഴാണു കൂടുതലായി കേള്‍ക്കുന്നതെങ്കിലും നമ്മുടെ ജീവിതവും മരുഭൂമി സമാനമായി പൊള്ളുകയും പൊള്ളിക്കുകയും ചെയ്യുകയാണ്. വല്ലാതെ പൊള്ളിയതുകൊണ്ടാകുമോ ചിലര്‍ മറ്റുള്ളവരെ വല്ലാതെ പൊള്ളിക്കുന്നത്? ചില സൂര്യാഘാതങ്ങള്‍ തൊലിപ്പുറത്തല്ല, ഹൃദയത്തിലാണു നിത്യമായ അടയാളങ്ങള്‍ അവശേഷിപ്പിക്കുന്നത്. ആദ്യ ആദത്തിന്‍റെ അനുസരണക്കേടാണു പറുദീസ നഷ്ടപ്പെടുത്തിയത്. സാരമില്ല, ഏദനില്‍ പിഴച്ചത് കാല്‍വരിയില്‍ ക്രിസ്തു വീണ്ടെടുത്തു. ആയതിനാല്‍ നോമ്പില്‍ ഉള്ളിലുണരേണ്ട ലളിതമായ ഒരു പ്രാര്‍ത്ഥന ഇതാണ്: 'ദൈവമേ, കുറേക്കൂടി മധുരമുള്ള പഴങ്ങളും കുളിരേകുന്ന കാറ്റും ആശ്വാസമേകുന്ന തണലും നല്കുന്ന തോട്ടമായി എന്‍റെ ജീവിതത്തെ മാറ്റണമേ. ഞാന്‍ കുറച്ചുകൂടി മധുരമുള്ള ഒരു മനുഷ്യനായി മാറട്ടെ! ആമ്മേന്‍."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org