നോമ്പുകാല ചിന്തകള്‍

ഡോ. സി. സിബി cmc
സുപ്പീരിയര്‍ ജനറല്‍

ആത്മീയവിപ്ലവകാഹളവുമായി ഇതാ വീണ്ടും എത്തിയിരിക്കുന്നു വലിയ നോമ്പിന്‍റെ പുണ്യദിനങ്ങള്‍. "വെള്ളി ഉലയില്‍ ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ഉപവിഷ്ടനാകും… അവിടുന്ന് അവരെ സ്വര്‍ണവും വെള്ളിയും എന്നപോലെ ശുദ്ധീകരിക്കും" (മലാക്കി 3:3-4). ആത്മനിയന്താവില്‍ നിന്ന് പരിചിന്തനത്തിനായി ലഭിച്ച ഈ വചനങ്ങളുടെ അര്‍ത്ഥം നന്നായി ഗ്രഹിക്കാനാഗ്രഹിച്ച ജൂനിയര്‍ സിസ്റ്റര്‍ ഒരു സില്‍വര്‍ സ്മിത്തിന്‍റെ അടുത്തെത്തി. കാര്യങ്ങള്‍ നന്നായി നിരീക്ഷിച്ചതിനുശേഷം ജിജ്ഞാസയോടെ അയാളോട് തിരക്കി, "ഈ ചൂളക്കരികില്‍ എപ്പോഴും ഇരിക്കണമല്ലെ?" "അതുവേണം" അയ്യാള്‍ പറഞ്ഞു, "എങ്കില്‍ മാത്രമെ വെള്ളി ശുദ്ധമാകുമ്പോള്‍ ഉടനെ തന്നെ ചൂളയില്‍നിന്ന് എടുക്കാനാകൂ." സിസ്റ്ററിന്‍റെ അടുത്ത ചോദ്യം പെട്ടെന്നായിരുന്നു. "വെള്ളി പാകമായെന്ന് എങ്ങനെയാണറിയുക?" "അത് വളരെ എളുപ്പം. എന്‍റെ മുഖം വെള്ളിയില്‍ നന്നായി തെളിഞ്ഞുകണ്ടാല്‍ അത് പാകമായിരിക്കും" അയാള്‍ പറഞ്ഞു. ആ ഉത്തരം സിസ്റ്ററിന്‍റെ കണ്ണുതുറപ്പിച്ചു. നോമ്പിലേക്ക് പ്രവേശിച്ചിരിക്കുന്ന നമ്മുടെയും ഉള്‍ക്കണ്ണുകള്‍ തുറക്കാനുള്ള താക്കോലുണ്ടതില്‍.

ഒരു ക്രിസ്ത്യാനി യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യാനിയാകുന്നത് ക്രിസ്തുമുഖം ആ വ്യക്തിയിലൂടെ പ്രതിഫലിക്കുമ്പോഴാണ്. ക്രിസ്തുവിന്‍റെ ഈ ഭൂമിയിലെ ആയുസ്സ് 33 വര്‍ഷമായി ചുരുങ്ങിപോയതിന്‍റെ പ്രധാനകാരണം അവന്‍ പിതാവിന്‍റെ മുഖം വ്യക്തമായി പ്രതിഫലിപ്പിച്ചുവെന്നതുതന്നെ. 'താങ്കള്‍ ക്രിസ്തുവാണോ' എന്ന് വിരലേല്‍ എണ്ണാവുന്ന ക്രൈസ്തവരോടെ ലോകം ഇതുവരെ ചോദിച്ചിട്ടുള്ളൂ. അതില്‍ ഒരു ഫ്രാന്‍സിസ്സ് അസ്സീസിയും, ഒരു മദര്‍ തെരേസയും ഒരു ജോണ്‍ പോള്‍ രണ്ടാമനുമെല്ലാം ഉള്‍പ്പെടുന്നു. ലോകത്തില്‍ ക്രിസ്തുമതത്തിന്‍റെ അപജയത്തിന്‍റെ പ്രധാനകാരണം ഈ ചോദ്യം നമ്മോട് ചോദിക്കുവാന്‍ ആര്‍ക്കും തോന്നുന്നില്ല എന്നതുതന്നെയല്ലെ? അത് ക്രൈസ്തവരുടെ മുഖത്തുനോക്കി പറയാനുള്ള ചങ്കൂറ്റം ഗാന്ധിജിയെപ്പോലുള്ളവര്‍ കാണിച്ചിട്ടുമുണ്ട്. വിശുദ്ധ നോമ്പിലൂടെ തിരുസഭ നമ്മെ ക്ഷണിക്കുകയാണ്, ഒരു ആത്മപരിശോധനയ്ക്ക്. എന്തുകൊണ്ടാണ് എന്നില്‍ ക്രിസ്തുമുഖം പ്രതിഫലിക്കാത്തത്?

ചൂളയിലെ ചൂടിനോട് ചേര്‍ന്നിരിക്കുന്നതിനനുസരിച്ചെ വെള്ളി പാകപ്പെടൂവെന്നതുപോലെ, ദൈവത്തോടുള്ള ചേര്‍മ്മയെ ക്രിസ്ത്യാനിയെ രൂപാന്തരപ്പെടുത്തൂ. ദ്രുതഗതിയില്‍ സഞ്ചരിക്കുന്ന ധൃതിയുടെ ഈ ലോകത്ത്, അന്യംനിന്ന് പോകുകയാണ് യഥാര്‍ത്ഥ ദൈവബന്ധം; ആന്തരീകതയുമായുള്ള സംഭാഷണം. ദൈവശാസ്ത്രജ്ഞനായ കാള്‍ റാനര്‍ അത് ഇങ്ങനെ കുറിച്ചു: "നാളത്തെ ക്രിസ്ത്യാനി യോഗിയായിരിക്കും. അല്ലെങ്കില്‍ അയ്യാള്‍ ഒന്നുമായിരിക്കില്ല." ബെനഡിക്റ്റ് പാപ്പ അതിനെ മറ്റൊരു രൂപത്തിലാക്കി: "നാം ആത്മീയത ഉള്‍ക്കൊള്ളാന്‍ പഠിച്ചില്ലെങ്കില്‍, മൗനത്തിന്‍റെ വാല്മീകത്തിലിരുന്ന് ആന്തരീകത അനുഭവിക്കുവാന്‍ തയ്യാറായില്ലെങ്കില്‍, വീര്‍പ്പുമുട്ടി മരിച്ചുപോകും. സ്വന്തം ജീവിതത്തിന്‍റെ ആഴത്തിലേക്ക് വിശ്വാസം ആഴ്ന്നിറങ്ങുന്നത് ധ്യാനത്തിലൂടെയുള്ള ഈ ആന്തരവല്ക്കരണത്തിലൂടെയാണ്. അങ്ങനെയാണ് വിശ്വാസത്തിന്‍റെ ആഴം പിന്താങ്ങപ്പെടുന്നതും പ്രകാശിതമാകുന്നതും."

ദൈവത്തെ നമ്മിലൂടെ പ്രതിഫലിപ്പിക്കുവാന്‍ നാം ചെയ്യേണ്ട മറ്റൊരു കാര്യം ദൈവസ്വഭാവം തന്നെയായ സ്നേഹം അഭ്യസിക്കുക എന്നതാണ്. വിശുദ്ധ അഗസ്റ്റിന്‍റെ വാക്കുകളില്‍: "അഹത്തെ ത്യജിക്കുന്ന ദൈവസ്നേഹം." നമ്മില്‍നിന്ന് യഥാര്‍ത്ഥത്തില്‍ ദൈവം എന്താണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് ബെനഡിക്റ്റ് പാപ്പായുടെ ഉത്തരം വളരെ ലളിതമായിരുന്നു: "നാം സ്നേഹിക്കുന്നവരായിരിക്കണം. അപ്പോള്‍ മാത്രമെ നാം അവന്‍റെ ഛായയാകൂ." ജോണ്‍ ക്രിസോസ്റ്റോം പറയുന്നു: "മറ്റൊരാളാല്‍ സ്നേഹിക്കപ്പെടാന്‍ കാത്തുനില്ക്കരുത്. അങ്ങോട്ട് കയറിച്ചെന്ന് തുടങ്ങി വയ്ക്കുക." യഥാര്‍ത്ഥ സ്നേഹത്തില്‍ സഹനത്തിന്‍റെ സാഹസമുണ്ട്. അത് അങ്ങോട്ട് ചെല്ലലാണ്. കുടുംബങ്ങളിലും സമൂഹങ്ങളിലും ജോലിചെയ്യുന്നിടങ്ങളിലും കണ്ടുമുട്ടുന്നവരുടെയിടയിലും ഇത്തരം സ്നേഹം പ്രാവര്‍ത്തികമാക്കാനായാല്‍ തീര്‍ച്ചയായും നാം മറ്റൊരു ക്രി സ്തുവാകും. ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുകയെന്ന നമ്മുടെ ക്രൈസ്തവസാക്ഷ്യത്തിനേറ്റ മങ്ങലുകളെ വിവേചിച്ചറിഞ്ഞ് നീക്കേണ്ടത് നീക്കി, കൂട്ടിച്ചേര്‍ക്കേണ്ടത് കൂട്ടിച്ചേര്‍ത്ത്, ഈ നോമ്പുകാലം ഫലദായകമാക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org