നോമ്പുകാല ചിന്തകള്‍

സിസ്റ്റര്‍ ഡോണ CPS
സുപ്പീരിയര്‍ ജനറല്‍,
പ്രേഷിതാരാം സിസ്റ്റേഴ്സ്

"ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും." ഇപ്പോള്‍ എന്‍റെ കണ്ണുകള്‍ അങ്ങയെ കാണുന്നു എന്നു ജോബിനെപ്പോലെ നമുക്കു പറയാന്‍ സാധിക്കണം. അമിതമായ ധനമോഹത്തിന്‍റെയും ദുരാഗ്രഹത്തിന്‍റെയും വശ്യതയില്‍ കണ്ണിന്‍റെ കാഴ്ച മങ്ങിപ്പോകാത്തവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കാണു യേശുവിനെ കാണുവാന്‍ ഭാഗ്യമെന്നാണു മലയിലെ പ്രസംഗത്തില്‍ യേശുനാഥന്‍ പറയുന്നത്.

കാഴ്ച മങ്ങിയ നയനങ്ങള്‍ നിര്‍ജ്ജീവങ്ങളാണ്. ജീവിതത്തിന്‍റെ നിസ്സംഗതയാണ് അവിടെ പ്രകടമാകുന്നത്. ജീവിതസാക്ഷ്യവും വിശ്വാസവും സജീവമെന്ന് ഉറച്ചു മുന്നേറുമ്പോള്‍പോലും വിടര്‍ന്ന കണ്ണുകള്‍ക്കു മുന്നിലൂടെ കടന്നുപോകുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുമ്പില്‍ അന്ധമാകുകയാണ്. മനുഷ്യന്‍ സ്വയം അടയാളങ്ങളും അത്ഭുതങ്ങളും സാക്ഷ്യങ്ങളും ആഘോഷിച്ചു നട്ടം തിരിയുമ്പോള്‍ മുന്നിലുള്ള പ്രകടമായ വസ്തുതകള്‍ക്കു നേരെ മനുഷ്യന്‍ മനഃപൂര്‍വം കണ്ണടച്ചു പിടിക്കുന്നു.

വി. ലൂക്കാ സുവിശേഷകന്‍ പറയുന്നുണ്ട്: "നിങ്ങള്‍ കാണുന്നവ കാണുന്ന കണ്ണുകള്‍ ഭാഗ്യമുള്ളവ. എന്തെന്നാല്‍ ഞാന്‍ പറയുന്നു അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചുവെങ്കിലും കണ്ടില്ല. നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചുവെങ്കിലും കേട്ടില്ല." ഈ ഭാ ഗ്യങ്ങളെല്ലാം മനുഷ്യകുലത്തിനു നേടിത്തരാന്‍ ദൈവം അനാദിയിലെ തീരുമാനിച്ചിരുന്നു. ഏശയ്യ പ്രവാചകന്‍റെ പുസ്തകം 53-ാം അദ്ധ്യായം മുഴുവന്‍ മനുഷ്യരക്ഷയ്ക്കുവേണ്ടി ക്ഷതമേല്ക്കുന്ന ഒരു സഹനപുത്രന്‍റെ രൂപം നല്കുന്നതാണ്. 11-ാം വാക്യം പറയുന്നു: "അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്‍റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്സ് പ്രാപിക്കുകയും ചെയ്യും." പാപപരിഹാരബലിയായ ക്രിസ്തു അനേകരുടെ പാപങ്ങള്‍ക്കുവേണ്ടി ഇന്നും പരിഹാരം അനുഷ്ഠിക്കുന്നു, ബലിയായി തീരുന്നു. പീഡാസഹന-മരണ-ഉത്ഥാനരഹസ്യങ്ങള്‍ ചിന്തിച്ച്, ധ്യാനിച്ച് പരിവര്‍ത്തനത്തിനും മാനസാന്തരത്തിനും സ്വയം വിധേയരാകാനും അനേകരെ വിധേയരാക്കാനും തപസ്സുകാലം വീണ്ടും നമ്മെ ഓര്‍മപ്പെടുത്തുന്നു.

ക്രിസ്തുവിന്‍റെ അനുയായികളെ പീഡിപ്പിക്കുന്നതില്‍ മുന്നിട്ടുനിന്ന സാവൂളിനെ, ക്രിസ്തുവിനെ പ്രഘോഷിക്കുന്നതില്‍ തീക്ഷ്ണമതിയായ പൗലോസാക്കി മാറ്റിയതുപോലുള്ള മാനസാന്തരങ്ങള്‍ നമുക്കുണ്ടാകണം. എല്ലാ വര്‍ഷവും വലിയ നോമ്പിലേക്കു നാം പ്രവേശിക്കുമ്പോള്‍ വി. മത്തായിയുടെ സുവിശേഷം 4:1-11 വാക്യങ്ങള്‍ വായിച്ച്, ധ്യാനിച്ച്, മരുഭൂമിയില്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടിട്ടും ആത്മീയചൈതന്യത്താല്‍ നിറഞ്ഞു ദൈവാരാധനയില്‍ ലയിച്ച പുത്രന്‍ തമ്പുരാന്‍ ഈ കാലയളവില്‍ നമുക്കു പ്രചോദനവും ശക്തിയും ചൈതന്യവുമായി നിലകൊള്ളട്ടെ.

കൊച്ചു കുഞ്ഞില്‍നിന്നു പോലും എത്രയെത്ര പാഠങ്ങള്‍ സ്വീകരിക്കാനുണ്ട്. എന്നാല്‍ സകലരെയും വിലയിരുത്തിയും വിലതാഴ്ത്തി ചിന്തിച്ചും നന്മയിലേക്കുള്ള അവസരങ്ങളെ കൈവിടുമ്പോള്‍ നഷ്ടം എനിക്കു മാത്രം. സകലതും വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടുകള്‍ ത്യജിച്ച്, ശുശ്രൂഷ ചെയ്തു ചെറിയവരായി നമുക്കു ജീവിക്കാം. കാരണം ഒരു നൂറു വര്‍ഷം മുമ്പ് നീ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നീയുണ്ട്. ഇനിയും ഒരു നൂറു വര്‍ഷങ്ങള്‍ക്കുശേഷം നീ ഉണ്ടായിരിക്കില്ല, ആയതിനാല്‍ അല്പകാലം മാത്രമുള്ള നിന്‍റെ ഈ ജീവിതത്തിനിടയില്‍ നല്ല ദൈവത്തെ പ്രതി, പാടുള്ള നന്മ ചെയ്യാന്‍ പരിശ്രമിക്കാനുള്ള കൊച്ചുപറമ്പില്‍ അച്ചന്‍റെ ദിവ്യസൂക്തം നമുക്കു പ്രചോദനമാകട്ടെ. നന്മ ചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും മടുപ്പു തോന്നാതിരിക്കട്ടെ എന്ന വചനഭാഗം ധ്യാനവിഷയമാക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org