കേരളത്തില്‍ സെമിത്തേരികളുടെ ഉത്ഭവം

കേരളത്തില്‍ സെമിത്തേരികളുടെ ഉത്ഭവം

കേരളത്തില്‍ ക്രൈസ്തവ ദേവാലയങ്ങളോടു ചേര്‍ന്നു കാണുന്നതും ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതുമായ സെമിത്തേരികള്‍ പൂജ്യ സ്ഥലങ്ങളായിട്ടാണു കരുതപ്പെടുന്നത്. "ശരീരത്തിന്റെ ഉയര്‍പ്പിലും നിത്യമായ ജീവിതത്തിലും" വിശ്വസിക്കുന്ന ക്രൈസ്തവസമൂഹം ലോകത്തെല്ലായിടത്തും സെമിത്തേരികളെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്തുവരുന്നു. മലയാള ഭാഷയില്‍ ശ്മശാനം (= മൃതദേഹങ്ങള്‍ ശയിക്കുന്ന സ്ഥലം; ശ്മം = മൃതദേഹം) എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന മലയാളീകരിക്കപ്പെട്ട പോര്‍ട്ടുഗീസ് പദമാണ് സെമിത്തേരി അഥവാ സിമിത്തേരി. പഴയ മലയാള പ്രയോഗത്തില്‍ 'ചെമിത്തേരി' എന്നും പറയും. പോര്‍ട്ടുഗീസു ഭാഷയിലെ 'സെമിത്തേരിയോ' എന്ന പദം മലയാളീകരിക്കപ്പെട്ടപ്പോഴാണു സെമിത്തേരിയും സിമിത്തേരിയുമായി മാറിയത്. പതിനേഴാം നൂറ്റാണ്ടുവരെയും സെമിത്തേരി എന്ന പദം നസ്രാണികള്‍ക്കിടയില്‍ ഉപയോഗിച്ചിരുന്നതായി കാണുന്നില്ല. ഉദയംപേരൂര്‍ സൂനഹദോസിന്റെ കാ നോനകളില്‍പോലും ഈ പദം പ്രത്യക്ഷപ്പെടുന്നില്ല. സെമിത്തേരിക്കു പകരം 'റൂശ്മാനിലം' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. 'ആശീര്‍വ്വദിക്കപ്പെട്ട സ്ഥലം' എന്നാണു 'റൂശ്മാനിലം' എന്ന വാക്കിന്റെ അര്‍ത്ഥം. 'റൂശ്മ' എന്നതിന്റെ അര്‍ത്ഥം ആശീര്‍വ്വാദം, പ്രതിഷ്ഠിക്കല്‍, പവിത്രീകരിക്കല്‍ എന്നെല്ലാമാണ്. ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളില്‍ (7-ാം മൌത്വാ, 7-ാം കൂടിവിചാരം, 24, 26 കാനോനകള്‍) 'റൂശ്മാനിലം' എന്ന പദം ആറുപ്രാവശ്യം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സെമിത്തേരി എന്ന പദം ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ല (ഡോ. കുരുക്കൂര്‍, ക്രൈസ്തവ ശബ്ദകോശം, p. 269).
സെമിത്തേരിക്ക് ഇംഗ്ലീഷില്‍ 'സെമിട്രി' എന്നാണു പറയുക. പോര്‍ട്ടുഗീസു ഭാഷയിലെ 'സെമിത്തേരിയോ' എന്ന വാക്കിന്റെ ഉത്ഭവം ഗ്രീക്കു ഭാഷയിലെ 'കൊയ്മെത്തേരിയോണ്‍' (Koimeterion) എന്ന പദത്തില്‍ നിന്നാണ്. ലത്തീന്‍ ഭാഷയില്‍ കൊയ്‌മെത്തേരിയോണ്‍ എന്ന വാക്കിനു 'കൊയെമെത്തെരിയും' (Coemeterium) എന്നാണു പറയുക. ഗ്രീക്കു ഭാഷയിലെ 'ക'കാരം ലത്തീനില്‍ 'ച'കാരമായി മാറി. 'ഒ', 'എ' എന്ന അക്ഷരങ്ങള്‍ ഒന്നുചേര്‍ന്ന് 'ഏ' എന്നായി. അങ്ങനെ ലത്തീനില്‍ 'ചെമെത്തേരിയും' എന്നും ഉച്ചരിക്കപ്പെട്ടു. ലത്തീനിലെ 'ച'കാരം ഇംഗ്ലീഷില്‍ 'സ' ആയി മാറി. 'ത' എന്നതിനു 'റ്റ', 'ട' എന്നൊക്കെ ഉച്ചാരണം വന്നപ്പോള്‍ അതു 'സെമിട്രി' അഥവാ 'സിമിട്രി' ആയിത്തീര്‍ന്നു. 'കൊയ്‌മെത്തെറിയോണ്‍' എന്ന വാക്കിന് 'ഉറങ്ങുന്ന സ്ഥലം' എന്നാണര്‍ത്ഥം. ഗ്രീക്കില്‍ 'കൊയ്മാന്‍' എന്നു പറഞ്ഞാല്‍ ഉറങ്ങുക എന്നര്‍ത്ഥം. സംസ്‌കൃതത്തിലെ 'ശേതേ'എന്ന വാക്കിനും കിടക്കുക/ഉറങ്ങുക എന്നെല്ലാമാണ് അര്‍ത്ഥം (ഡോ. കുരുക്കൂര്‍, pp. 245246).
ശ്മശാനം എന്നു പറയുമ്പോള്‍ പട്ടട, ചുടുകാട്, ശവക്കോട്ട എന്നെല്ലാമാണല്ലോ അര്‍ത്ഥം. മൃതദേഹം ദഹിപ്പിക്കാന്‍ കിടത്തുന്ന സ്ഥലം, മൃതദേഹം ദഹിപ്പിക്കുന്നിടം, മൃതദേഹം മറവുചെയ്യുന്ന സ്ഥലം എന്നെല്ലാമാണു ശ്മശാനമെന്നതുകൊണ്ടു വിവക്ഷിക്കുന്നത്. സ്വാഭാവികമായും മരണഭയം ജനിപ്പിക്കുന്ന, ഭീതിജനകമായ പദപ്രയോഗമാണിത്. മാത്രമല്ല, അസ്വസ്ഥജനകവുമാണ്. ക്രൈസ്തവര്‍ക്കു സെമിത്തേരിയും മൃതസംസ്‌ക്കാരവും ഭീതിജനകമായ കാര്യങ്ങളല്ല. എന്തെന്നാല്‍ ശരീരത്തിന്റെ ഉയര്‍പ്പില്‍ വിശ്വസിക്കുന്ന ക്രൈസ്തവനു മരണം പ്രത്യാശാ പൂര്‍ണ്ണവും നിത്യജീവിതത്തിലേക്കുള്ള തുടക്കവുമാണ്. അതിനാല്‍ സെമിത്തേരി ഒരു വിശ്രമസ്ഥലമാണ്. "സമാധാനത്തില്‍ വിശ്രമം കൊള്ളുന്ന (Rest In Peace) സങ്കേതമാണ്" സെമിത്തേരി. അതിനാലാണ് അതിനെ പട്ടടയായി കാണാതെ പൂജ്യമായി കരുതുന്നത്.
മരണശേഷം അക്രൈസ്തവര്‍, പ്രത്യേകിച്ചും ഹിന്ദുക്കളും മറ്റും, മൃതദേഹത്തെ സ്പര്‍ശിക്കുന്നത് അശുദ്ധ പ്രവൃത്തിയായി കരുതുകയും മൃതദേഹത്തില്‍നിന്നും നിശ്ചിത അകലം പാലിക്കുകയും ചെയ്യുന്നു. യഹൂദരും റോമാക്കാരും, ഹൈന്ദവരുമെല്ലാം ഇപ്രകാരം ചിന്തിക്കുന്നവരാണ്. എന്നാല്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം മൃതദേഹം പൂജ്യമായി സംസ്‌ക്കരിക്കപ്പെടേണ്ട ഒന്നാണ്. അക്കാര്യം മൃതസംസ്‌ക്കാര ശുശ്രൂഷ പ്രാര്‍ത്ഥനകളിലും പ്ര കടമാണ്. ഉദാഹരണമായി സീറോ മലബാര്‍ ആരാധനാക്രമത്തില്‍ മൃതദേഹസംസ്‌ക്കാര പ്രാര്‍ത്ഥനകളില്‍ കുഴി വെഞ്ചരിച്ചുകൊണ്ടു പുരോഹിതന്‍ ചൊല്ലുന്ന പ്രാര്‍ത്ഥനയില്‍ പറയുന്നു : "മാമ്മോദീസായാല്‍ മുദ്രിതവും പരിശുദ്ധ കുര്‍ബാനയില്‍ പരിപുഷ്ടവും വിശുദ്ധ തൈലത്താല്‍ അഭിഷിക്തവുമായ ഈ ശരീരത്തിനു നിന്റെ രണ്ടാമത്തെ ആഗമനം വരെ വിശ്രമം നല്‌കേണ്ട ഈ കബറിടം വി ശുദ്ധീകരിക്കേണമെ." കൂദാശകളാല്‍ വിശുദ്ധമാക്കപ്പെട്ട ശരീരമെന്ന അര്‍ത്ഥത്തിലാണു ക്രൈസ്തവര്‍ മൃതദേഹത്തെ പൂജ്യമായി അടക്കം ചെയ്യുന്നത്.

ഇന്നു കാണുന്ന സെമിത്തേരികളെല്ലാം തന്നെ പത്തൊമ്പതാം
നൂറ്റാണ്ടിലും അതിനുശേഷവും സ്ഥാപിതമായവയാണെന്നു
തെളിയുന്നു. അതായത്, കേരളത്തില്‍ സെമിത്തേരിയില്‍
മൃതദേഹസംസ്‌ക്കാരം നടത്തുക എന്ന ആചാരത്തിനു
രണ്ടു നൂറ്റാണ്ടു പഴക്കം മാത്രമേയുള്ളൂ എന്നു സാരം.


പാശ്ചാത്യസഭയില്‍ പ്രത്യേകിച്ചും റോമില്‍ ക്രൈസ്തവരെ ആദിമ നൂറ്റാണ്ടുകളില്‍ അടക്കിയിരുന്ന ഭൂഗര്‍ഭ ശവകുടീരങ്ങളെ 'കാറ്റക്യൂംപ്‌സ്' എന്നാണല്ലോ വിളിക്കുന്നത്. രക്തസാക്ഷികളുടെ ശവകുടീരങ്ങള്‍ക്കു സമീപം അടക്കപ്പെടുന്നത് ഒരു ഭാഗ്യമായിട്ടാണു ക്രൈസ്തവര്‍ കരുതിയിരുന്നത്. നാലാം നൂറ്റാണ്ടില്‍ സഭയ്ക്കു സ്വാതന്ത്ര്യം ലഭിക്കുകയും വലിയ ബസിലിക്കകള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തതോടെ രക്തസാക്ഷികളുടെ ഭൗതീകാവശിഷ്ടങ്ങള്‍ ബസിലിക്കകളിലേക്കു മാറ്റി സ്ഥാപിച്ചു. അതോടൊപ്പം പള്ളികളുടെ പരിസരങ്ങളിലും ഭിത്തികള്‍ക്കു ചുറ്റും മൃതദേഹ സംസ്‌ക്കാരം നടത്താന്‍ തുടങ്ങി. ഒമ്പതാം നൂറ്റാണ്ടായപ്പോഴേക്കും ദേവാലയങ്ങള്‍ക്കുള്ളിലും മൃതദേഹ സംസ്‌ക്കാരം തുടങ്ങി (ഡോ. ജോര്‍ജ്ജ് കുരുക്കൂര്‍, p. 245).
കേരളത്തില്‍ പൊതുശ്മശാനങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല. അതിന് ഒരു നൂറ്റാണ്ടില്‍ താഴെ ചരിത്രമേയുള്ളൂ. എന്നാല്‍ ആധുനിക സങ്കല്പത്തിലുള്ള പൊതുശ്മശാനങ്ങള്‍ ഉണ്ടാകുന്നതിനും ഏറെക്കാലം മുമ്പുവരെ ചുടലക്കാടുകള്‍ ഉണ്ടായിരുന്നു. പല താണ ജാതിക്കാരും മൃതദേഹങ്ങള്‍ അവിടെകൊണ്ടുപോയി ദഹിപ്പിക്കുകയോ സംസ്‌ക്കരിക്കുകയോ ചെയ്തിരുന്നു. എന്നാല്‍ സവര്‍ണ്ണരായ ഹൈന്ദവര്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ ചുടലക്കാടുകളെ ആശ്രയിച്ചിരുന്നില്ല. മറിച്ചു വീട്ടുവളപ്പില്‍ തന്നെ മൃദേഹം ദഹിപ്പിക്കുകയോ മറവുചെയ്യുകയോ ചെയ്തുവന്നു. ആധുനിക ശ്മശാനങ്ങള്‍ അഥവാ ക്രിമിറ്റോറിയം വന്നതോടെ വീട്ടുവളപ്പില്‍ മൃതദേഹം ദഹിപ്പിക്കുകയോ സംസ്‌ക്കരിക്കുകയോ ചെയ്യുന്ന രീതി മിക്കയിടങ്ങളിലും അവസാനിപ്പിച്ചു എന്നുതന്നെ പറയാം.
കേരളത്തിലെ ക്രൈസ്തവസമൂഹം, പ്രത്യേകിച്ചും നസ്രാണികള്‍ പതിനെട്ടാം നൂറ്റാണ്ടുവരെ, മൃതദേഹസംസ്‌ക്കാരം നടത്തിയിരുന്നത് ഹൈന്ദവരെ അനുകരിച്ചു വീട്ടുവളപ്പില്‍ തന്നെയായിരുന്നു. എന്നാല്‍ ഹൈന്ദവരെപ്പോലെ മൃതദേഹം ഒരിക്കലും ദഹിപ്പിച്ചിരുന്നില്ല. എന്തെന്നാല്‍ ശരീരത്തിന്റെ ഉയിര്‍പ്പില്‍ വിശ്വസിക്കുന്ന ക്രൈസ്തവര്‍ മൃതദേഹത്തെ പുനരുദ്ധാനത്തിന്റെ പ്രതീക്ഷയോടെ സംസ്‌ക്കരിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇന്നത്തേതു പോലുള്ള ഒരു മൃതസംസ്‌ക്കാര ശുശ്രൂഷ പതിനേഴാം നൂറ്റാണ്ടുവരെ ഉണ്ടായിരുന്നില്ല എന്നു കരുതണം. എന്തെന്നാല്‍ പട്ടക്കാരന്റെ (വൈദികന്റെ) സാന്നിധ്യവും പ്രാര്‍ത്ഥനയും പോലുമില്ലാതെ, വെഞ്ചരിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ ശവസംസ്‌ക്കാരം നടത്തുന്നതിനെക്കുറിച്ചു ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളില്‍ എഴുതിയിട്ടുണ്ട്. ആകയാല്‍ വിശ്വാസികളുടെ മൃതദേഹങ്ങള്‍ പള്ളിയില്‍ കൊണ്ടുവന്നു വെഞ്ചരിച്ച സ്ഥലത്തു മാത്രമേ അടക്കാവൂ എന്നും വൈദികന്‍ കൂടെ ഉണ്ടായിരിക്കണമെന്നും ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോന അനുശാസിക്കുന്നു.
മാര്‍ത്തോമ്മാ നസ്രാണികള്‍ എന്തുകൊണ്ടാണു മൃതദേഹം പള്ളിയില്‍ കൊണ്ടുവന്നു പള്ളിക്കു ചുറ്റുമായി വെഞ്ചരിച്ച സ്ഥലത്ത് അടക്കാതെയിരുന്നത് എന്ന പ്രസക്തമായ ഒരു ചോദ്യമുണ്ട്. ബഹു. കുരുക്കൂറച്ചന്‍ അതിനെക്കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടിരിക്കുന്നു : "പള്ളികളിലേക്കുള്ള ദൂരം, വഴികളുടെ അഭാവം, വസൂരി, കോളറ, മലമ്പനി മുതലായവകൊണ്ടുള്ള കൂട്ടമരണം എന്നിവയും വൈദികരുടെയും പളളികളുടെയും അഭാവവും ദൗര്‍ബല്യവും ആണ് അതിന്റെ കാരണം. ഇതുമൂലമാണു പള്ളികളില്ലാത്ത പലനാടുകളിലും കുഴിമാടപ്പള്ളികളും കുഴിമാടങ്ങളും ഉണ്ടായത്. അന്നു മൃതശരീരം ദേവാലയങ്ങളിലേക്കു കൊണ്ടുപോവുക ആസാധ്യമായിരുന്നു. ഹൈന്ദവര്‍ മൃതശരീരങ്ങള്‍ ക്ഷേത്രപരിസരത്തേക്കു കൊണ്ടുപോകാറില്ല. യഹൂദരും അങ്ങനെ ചെയ്യുന്നില്ല. യേശുക്രിസ്തുവിനെ സംസ്‌ക്കരിച്ചത് ഗാഗുള്‍ത്തായ്ക്കടുത്തു കണ്ട ഒരു പുതിയ കല്ലറയിലാണല്ലോ. ഈ പരമ്പരാഗത പതിവ് നസ്രാണികളിലും സ്വാധീനം ചെലുത്തിയിരുന്നുവെന്നു വിചാരിക്കുന്നതില്‍ തെറ്റില്ല. ക്രൈസ്തവ കുടുംബങ്ങള്‍ക്കു സ്വന്തം സെമിത്തേരി ഉണ്ടായിരുന്നു എന്ന് 18-ാം നൂറ്റാണ്ടില്‍ വിദേശിയര്‍ എഴുതിയിട്ടുണ്ട്. ഏതായാലും ഉദയംപേരൂര്‍ സൂനഹദോസിനു മുമ്പ് ഇന്നത്തേതുപോലെ സെമിത്തേരിയോ സെമിത്തേരിയില്‍ അടക്കണമെന്ന നിയമമോ ഉണ്ടായിരുന്നില്ല. വൈദികരെ കൂടാതെ മൃതസംസ്‌ക്കാരം നടത്തുമ്പോള്‍ ഒരു ആ ബുന്‍ദ്‌വശ്മയ്യ (സ്വര്‍ഗ്ഗസ്ഥനായ)യും ചൊല്ലി "മണ്ണില്‍ നിന്നെടുത്തു മണ്ണിലേക്കു മടങ്ങും" എന്നുച്ചരിച്ചുകൊണ്ടു മണ്ണുനുള്ളി ഇട്ടിരുന്നു എന്ന് പരമ്പരാഗതമായി പറഞ്ഞുവരുന്നു. കുഴിമാടങ്ങളില്‍ കുരിശ് സ്ഥാപിക്കുകയും വിളക്കുവയ്ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പല കുടുംബങ്ങളുടെയും കുഴിമാടങ്ങളും കുരിശും പില്ക്കാലത്തു പൊതുപള്ളികളായി തീര്‍ന്നു" (വണ്ടമറ്റം, മാറിക, പാഴൂര്‍, കോട്ടൂര്‍ കുരിശ് മുതലായവ) (ഡോ. കുരുക്കൂര്‍, p. 247).
ഉദയംപേരൂര്‍ സൂനഹദോസിനു പിന്നാലെ 1603-ല്‍ ഫ്രാന്‍സിസ് റോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ അങ്കമാലി സൂനഹദോസിന്റെ (റോസിന്റെ കാനോനകള്‍) "പത്താം സാഹാ"യിലും സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിനെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ ഈ രണ്ടു സൂനഹദോസുകള്‍ക്കുശേഷവും "സെമിത്തേരി" എന്നത് ഒരു യാഥാര്‍ത്ഥ്യമായില്ല എന്നു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാളാഗമത്തില്‍ നിന്നും വ്യക്തമാകുന്നു. വരാപ്പുഴ വികാരിയാത്തിലെ വികാരി അപ്പസ്‌തോലിക്കയായിരുന്ന ബിഷപ്പ് മിലേസിയൂസ് പ്രേദര്‍ഗാഷ് (Milesius Prenderþ gash, 1821-1828) പളളി സന്ദര്‍ശനത്തിനു പോയതിനെക്കുറിച്ചു പ്രതിപാദിക്കുന്നിടത്തു വി. ചാവറയച്ചന്‍ എഴുതുന്നു: "എന്നാല്‍ ഇപ്പൊള്‍ ചെയ്യുന്ന വണ്ണമുള്ള ക്രമത്തൊടും ഫലത്തൊടും കൂടെ ചെയ്തില്ല എംകിലും പള്ളികളില്‍ നടന്ന സിമത്തെറി വെണമെന്നും ആയതില്‍ ചവം അടക്കണമെന്നും കുമ്പസാരക്കൂടു ഉണ്ടാക്കണമെന്നും കൊംപ്രിയ ഉണ്ടാക്കണമെന്നും ഇങ്ങനെയുള്ള ചട്ടം ഈ ദെഹം (ബിഷപ്പ് മിലേസിയൂസ് പ്രേദര്‍ഗാഷ്) കല്പിച്ചു. അതിനു മുന്‍പള്ളികളില്‍ പ്രത്യെകം സുറിയാനിപള്ളികളില്‍ ദര്‍ശനവക കൊംപ്രിരിയ എന്നുള്ള ക്രമം ഉണ്ടായിട്ടില്ല. അപ്രകാരം മറ്റ രണ്ട കൂട്ടം ളത്തീന്‍ പള്ളകളിലും യില്ലാഞ്ഞു" (മാന്നാനം നാളാഗമം, ഒന്നാം വാല്യം, നാലാം പുസ്തകം, p. 11). ബിഷപ്പ് മിലേസിയൂസ് പ്രേദര്‍ഗാഷ് എന്നു പേരായ വരാപ്പുഴ വികാരിയപ്പസ്‌തോലിക്കാ അദ്ദേഹത്തിന്റെ പള്ളി സന്ദര്‍ശനവേളയില്‍ പള്ളികളില്‍ സെമിത്തേരിയും കുമ്പസാരക്കൂടും ദര്‍ശനസമൂഹവും ഉണ്ടായിരിക്കണമെന്നു കല്പിച്ചു എന്നും അതിനു മുമ്പു സെമിത്തേരിയും കുമ്പസാരക്കൂടും ലത്തീന്‍ പള്ളികളിലും ഉണ്ടായിരുന്നില്ലെന്നുമാണല്ലോ വിശുദ്ധ ചാവറയച്ചന്‍ എഴുതിയിരിക്കുക. അങ്ങനെയെങ്കില്‍ നസ്രാണി പള്ളികളിലും ലത്തീന്‍ പള്ളികളിലും ഇന്നു കാണുന്ന സെമിത്തേരികളെല്ലാം തന്നെ പത്തൊമ്പതാം നൂറ്റാണ്ടിലും അതിനുശേഷവും സ്ഥാപിതമായവയാണെന്നു തെളിയുന്നു. അതായത് കേരളത്തില്‍ സെമിത്തേരിയില്‍ മൃതദേഹസംസ്‌ക്കാരം നടത്തുക എന്ന ആചാരത്തിനു രണ്ടു നൂറ്റാണ്ടു പഴക്കം മാത്രമേയുള്ളൂ എന്നു സാരം. കേരളത്തില്‍ ചില ലത്തീന്‍ രൂപതകളില്‍ ഇപ്പോഴും വീട്ടുവളപ്പില്‍ തന്നെയാണു മൃതദേഹം സംസ്‌ക്കരിക്കുന്നതെന്ന വസ്തുതയും വിസ്മരിക്കരുത്.

അനുചിന്തനം: മരണാനന്തര ജീവിതത്തിലും ശരീരത്തിന്റെ ഉയിര്‍പ്പിലും വിശ്വസിക്കുന്ന ക്രൈസ്തവര്‍ക്കു സെമിത്തേരി പൂര്‍വ്വികരെ അടക്കിയിരിക്കുന്ന വെറുമൊരു ശ്മശാനമല്ല; മറിച്ചു, ക്രൈസ്തവ വിശ്വാസത്തിന്റെയും നിത്യജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകം കൂടിയാണ്. അതിനാല്‍ സെമിത്തേരിയെ ഉത്ഥാനസദനമായി ക്രൈസ്തവര്‍ കാണുകയും പൂജ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org