എങ്കിലും മഹാരാജാസ്…

എങ്കിലും മഹാരാജാസ്…

മഹാരാജാസ് കോളജ് ഏതൊരു വിദ്യാര്‍ത്ഥിയെയുമെന്നപോലെ എന്‍റെയും വിദ്യാര്‍ത്ഥിക്കാലത്തിന്‍റെ ഒരു മോഹമായിരുന്നു പി.ജി.ക്കു കിട്ടിയ അഡ്മിഷന്‍ കാര്‍ഡ് ഇന്നും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്, ഒരു പൂക്കാതെ പോയ കാലത്തിന്‍റെ ഓര്‍മ്മയില്‍.

അഭിമന്യു എന്‍റെ പഴയ ഒരു കാമ്പസ് കാലത്തെ വീണ്ടുമുണര്‍ത്തി. അന്നുമുണ്ടായിരുന്നു, ഇതുപോലൊരു നേതാവ്. ഇന്നവന്‍ എവിടെയോ ജീവിതത്തിരക്കിലാവും. അഭിമന്യുവിനിന്ന് എന്‍റെ മകനാകാന്‍ പ്രായം. മകനോളം തന്നെ ഒരടുപ്പം. അവന്‍റെ പ്രാണനടര്‍ന്ന വാര്‍ത്തകള്‍ എന്‍റെയും നെഞ്ചു പിളര്‍ത്തുന്നു.

അഭിമന്യുവിനേറ്റത് ഒറ്റക്കുത്താണെങ്കില്‍ മരണശേഷം എത്രയോ കുത്തുകള്‍! അതെന്നെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തിക്കളഞ്ഞു.

അഭിമന്യുവധത്തില്‍ കാമ്പസ് പഠിപ്പു മുടക്കി. പഠിപ്പു മുടക്കാനാവശ്യപ്പെട്ടവര്‍ എന്‍റെ കാമ്പസിലുമെത്തി. വിഷയം ഗൗരവത്തിലെടുത്ത പ്രിന്‍സിപ്പല്‍ ക്ലാസ്സ് വിട്ടിരിക്കുന്നു എന്ന് അനൗണ്‍സ് ചെയ്തു. കോളജിനെയാകെ പ്രകമ്പനം കൊള്ളിക്കുന്ന തുള്ളിച്ചാട്ടമായിരുന്നു പിന്നെ. ഇത് ഏതു സമരത്തിലും ഞാന്‍ കാണാറുണ്ട്. പെണ്‍കുട്ടികള്‍ക്കു രണ്ടു ജയ്വിളി മതി; മതിമറക്കും. ക്ലാസ്സ് വിട്ടല്ലോ; അതിന്‍റെ വിജയാരാവം!

എന്തിനാണു വിട്ടത്? എന്തുകൊണ്ടു പഠിപ്പുമുടക്ക്? അതൊക്കെ ആര്‍ക്കറിയണം? അവിടെയും തീര്‍ന്നില്ല ദുരന്തം. സമരം നയിച്ചു വന്നവര്‍ പെണ്‍കുട്ടികളുടെ വിജയാരവത്തില്‍ മതിമറന്നു ചിരിച്ചുനില്ക്കുന്ന കാഴ്ചയും മനസ്സ് വേദനിപ്പിച്ചു. ഈ തലമുറയ്ക്ക് എന്താണു സംഭവിക്കുന്നത്? എവിടെയാണിവര്‍ക്കു പിഴയ്ക്കുന്നത്?

കാരണങ്ങള്‍ നിരവധിയാണ്. അരാഷ്ട്രീയവാദത്തിന്‍റെ രാജവാഴ്ചയില്‍ പിന്‍വാതില്‍ വഴി കാമ്പസില്‍ കടന്നുകയറിയ വര്‍ഗീയവാദത്തിന്‍റെ വേരുകള്‍ ഇന്നു മണ്ണില്‍ കൂടുതല്‍ ആഴ്ന്നിരിക്കുന്നു. നിലയുറപ്പിക്കാന്‍ കൊലയുടെ വഴി തേടുന്ന പ്രത്യയശാസ്ത്രത്തകര്‍ച്ചകളില്‍ നാടിനൊപ്പം കാമ്പസും വിറങ്ങലിച്ചു നില്ക്കുന്നു.

ഇങ്ങനെ നില്ക്കാനുള്ളതല്ല കാമ്പസ്. തലയും തലച്ചോറുമുണര്‍ത്തി ഉറക്കെ രാജാവു നഗ്നനാണെന്നു വിളിച്ചു പറയേണ്ടവരാണു കാമ്പസ്. 'വര്‍ഗീയത തുലയട്ടെ' എന്നെഴുതിത്തീരുമ്പോഴേക്കും വാര്‍ന്നു തീര്‍ന്ന ചോരയില്‍ നിന്നൂര്‍ജ്ജമുയര്‍ത്തണം കാമ്പസ്. ബഹുസ്വരതയുടെയും സഹവര്‍ത്തിത്വത്തിന്‍റെയും വഴികളിലുണ്ട് ഞങ്ങള്‍ എന്നു കൈചേര്‍ത്തു പറയേണ്ടവരാണു കാമ്പസ്.

പത്മവ്യൂഹത്തില്‍ കുരുക്കി തീര്‍ത്തുകളയുന്നതു യുവതയെയാണെങ്കില്‍ നാടിനു ഭാവിയുണ്ടാകില്ല. നിരന്തരം സംവദിക്കേണ്ട വിഷയത്തിനു നേരെ കണ്ണടച്ച് 'കലാലയ രാഷ്ട്രീയക്കൊല' എന്ന് അടച്ചാക്ഷേപിക്കുന്ന മണ്ടത്തരങ്ങളും നിര്‍ത്തേണ്ടതുണ്ട്. സര്‍ഗാത്മതകള്‍ക്കും സംവാദങ്ങള്‍ക്കും ഉണ്ടായിരുന്ന ഇടം കാമ്പസില്‍ തിരിച്ചെത്തണമെന്നതു നിസ്തര്‍ക്കമാണ്. ഈ ഇടം തിരിച്ചുപിടിക്കാന്‍ കാമ്പസുകളെ വെറുതെ വിടേണ്ടതുണ്ട്. എങ്കിലേ ഭാവിയില്‍ കരുത്തുറ്റ തലമുറയുണ്ടാവുകയുള്ളൂ.

അറം പറ്റിയ പേരാണ് അഭിമന്യു. അവനു പത്മവ്യൂഹം ഭേദിക്കാനേ കഴിഞ്ഞുള്ളൂ. പുറത്തെത്താനുള്ള വഴികള്‍ നമ്മളടച്ചുവച്ചിരിക്കുകയായിരുന്നു. സമാധാനത്തിന്‍റെ തിമിരം ബാധിച്ച ഇരുട്ടോട്ടകള്‍കൊണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org