Latest News
|^| Home -> Pangthi -> പലവിചാരം -> ലോക്ക്ഡൗണ്‍ മലയാളിക്ക് ഉപകാരപ്പെട്ടുവോ?

ലോക്ക്ഡൗണ്‍ മലയാളിക്ക് ഉപകാരപ്പെട്ടുവോ?

ലിറ്റി ചാക്കോ

ലോക്ക്ഡൗണ്‍ കേരളത്തിന്‍റേത് വിജയകരമായ ഒരു മാതൃകയാണെന്ന് അഭിമാനിക്കുന്നതിനിടെ വാട്സാപ്പിലൂടെ കടന്നുപോയ ഒരു ട്രോള്‍, ചിന്തിപ്പിക്കുന്നതായിരുന്നു. ‘എങ്ങനെ ലോക്ക്ഡൗണില്‍ ഇരിക്കണമെന്ന് മലയാളിയെ ആരും പഠിപ്പിക്കേണ്ടതില്ല, മലയാളി എത്ര ഹര്‍ത്താലു കണ്ടതാ’ എന്നതായിരുന്നു ആ ട്രോള്‍. വെറുതെ ചിരിച്ചൊഴിവാക്കാന്‍ പറ്റിയ ഒന്നായിരുന്നില്ല അതെന്നു തോന്നി. ഓരോ ഹര്‍ത്താലുകള്‍ക്കും പിറകേ ചിക്കന്‍ കടകള്‍ സജീവമാകുന്നത് പോലെ നാം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കാലിയാക്കി വീടുകളിലെത്തിച്ചു. കുടുംബത്തോടൊപ്പം ആസ്വദിച്ചു, വിശേഷങ്ങള്‍ പങ്കുവെച്ചു. ചിലര്‍ പഴയ കൂട്ടുകാരെ കണ്ടെത്തി. കളികള്‍ ഓര്‍മ്മിച്ചു. എല്ലാവരും ഇന്‍റര്‍നെറ്റ് ആസ്വദിച്ചു.

ഇതിനിടെ കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം വൈകീട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ കണ്ടു, പ്രതിപക്ഷ നേതാവിനെ കളിയാക്കി, പിന്നെ സ്പ്രിംഗ്ലര്‍ വിവാദങ്ങളും കൊഴുപ്പിച്ചു ഭംഗിയാക്കി. ഈ സാലറി ചലഞ്ചിനോട് എന്നത്തേയും പോലെ ഇപ്പോഴും ജീവനക്കാരുടെ വോട്ടിനു വേണ്ടി രാഷ്ട്രീയക്കളികള്‍ കൂട്ടി. ഏപ്രിലില്‍ കൊടുക്കാനുള്ള ശമ്പളം ബിവറേജസും ലോട്ടറിയും വഴി ഖജനാവില്‍ എത്താഞ്ഞിട്ടാവണം, ധനകാര്യവകുപ്പ് മുന്‍കൂര്‍ ജാമ്യം തേടി. സര്‍ക്കാരാകട്ടെ, മദ്യം കിട്ടാതെ മരിക്കുന്നവരോട് ഏറെ സഹതാപം പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായി, ഡോക്ടര്‍മാര്‍ക്ക് വൈദ്യവും പറഞ്ഞു കൊടുത്തു.

ആകസ്മികമായാണ് ലോക്ക്ഡൗണിലേക്ക് നാട് പോയത് എന്നത് ശരിയാണ്. പണിസാധനങ്ങളൊന്നും എടുക്കാതെ വന്ന ആശാരിയോട് പണിതുടങ്ങിക്കോളൂ എന്ന് പറയുന്നത് ശരിയല്ലല്ലോ എന്നും പറയാം. എല്ലാം ശരിതന്നെ. എങ്കിലും, ലോക്ക്ഡൗണ്‍ കാലത്ത് മലയാളി പ്രൊഡക്ടീവ് ആയിരുന്നുവോ? വര്‍ക്ക് അറ്റ് ഹോം എന്ന ആശയം സത്യത്തില്‍ നടപ്പിലായോ? കോവിഡ് 19 എന്ന കുഞ്ഞന്‍ വൈറസ് നമ്മെ പലതും പഠിപ്പിച്ചകൂട്ടത്തില്‍ ഇത് നന്നായി പഠിക്കുവാന്‍ കഴിഞ്ഞുവോ എന്നതില്‍ സന്ദേഹമുണ്ടിപ്പോഴും. ഒരു കാര്യം ഉറപ്പാണ്. കുടുംബാന്തരീക്ഷങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. വീട്ടില്‍ വരാന്‍ ഭാഗ്യമുണ്ടായവര്‍ക്ക് അതിനു കഴിഞ്ഞു എന്നാശ്വസിക്കാം. എന്നാല്‍, ഈ അന്തരീക്ഷത്തിനൊന്നും മറികടക്കാന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നാം വഴുതിവീഴുന്നത് മെല്ലെയായതിനാല്‍ തിരിച്ചറിയാത്തതാണ്.

അതിഥി തൊഴിലാളികള്‍ കേരളത്തില്‍ ഏല്പിച്ച ആഘാതം നാം അനുഭവിക്കുവാന്‍ പോകുന്നതേയുള്ളു. സ്വന്തം രാജ്യമെന്ന് ഒരു ദൈവത്തിന്‍റെ നാടിനും ഒരാളിനെയും ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്ന് നാം ഇപ്പോള്‍ മനസ്സിലാക്കുന്നു. ലോക്ക്ഡൗണിനു ശേഷം ഒരു കൂട്ട പലായനം നടന്നാലും അത്ഭുതപ്പെടാനില്ല. അങ്ങനെ വന്നാല്‍ നാം തുറന്നു വയ്ക്കുന്ന ഹോട്ടലുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും കൃഷിയിടങ്ങളിലും ആര് പണിയെടുക്കും എന്നതൊരു ചോദ്യമാണ്. നമുക്കറിയുമോ ഇവിടെയൊക്കെ പണിയെടുക്കുവാന്‍?

സ്വയം പര്യാപ്തമാകണമെന്ന വലിയ പാഠപുസ്തകം തുറന്നു വെച്ചിട്ടാണ് കൊറോണക്കുഞ്ഞു പടിയിറങ്ങുന്നത്. പ്രകടമായ അരങ്ങുകളില്‍ മാത്രം കുഴപ്പങ്ങള്‍ കണ്ടെത്തുന്ന നമുക്ക് വരാന്‍ പോകുന്ന വലിയ ദുരന്തത്തിന്‍റെ മുഖത്തുനിന്നും കരുത്തോടെ പട നയിക്കാന്‍ കഴിയുമോ?

കണ്ടുതന്നെ അറിയണം.

Leave a Comment

*
*