ദൈവമുണ്ടോ ഈ കെടുകാലത്ത് ?

പോലീസുകാരും മനുഷ്യരാണ്. കൊറോണയെ പേടിക്കുകയും കൊറോണ പിടിക്കാന്‍ സാദ്ധ്യതയും ഉള്ള കൂട്ടര്‍. അടിയന്തിരാവസ്ഥയ്ക്കു സമാനമായ സാമൂഹികസാഹചര്യം നേരിടേണ്ടി വന്നപ്പോള്‍ സ്വാഭാവികമായും അവരെ ഭരണസംവിധാനം ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ നാം, പ്രബുദ്ധമലയാളി, എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്! ആരെങ്കിലും റോഡിലിറങ്ങുന്നുണ്ടോ എന്ന് നോക്കാനായി എന്നും രാവിലെ റോഡിലേക്കിറങ്ങുന്നത് ആയിരങ്ങളാണ് എന്നത് എന്തൊരു ഗതികേടാണ്!

രണ്ടു മൂന്നു ദിവസം മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ഷെയര്‍ ചെയ്യപ്പെട്ട ഒരു പത്രക്കട്ടിംഗ് ഉണ്ടായിരുന്നു. India, Let us copy Kerala  എന്ന വാര്‍ത്ത. അഹങ്കാരത്തോടെയും അഭിമാനത്തോടെയും ഷെയര്‍ ചെയ്തു നമ്മള്‍.

നമ്മള്‍ വേറെ ലെവലാണെന്നു രാജ്യത്തും ലോകത്തും മേനി നടിച്ചാല്‍ മാത്രം മതിയോ? സാമൂഹിക അകലം പാലിച്ചാല്‍ മാത്രം രക്ഷപ്പെടാവുന്ന അതില്‍ മാത്രം പ്രതീക്ഷയുള്ള ഒരവസ്ഥയില്‍ സ്വയം തയ്യാറാവേണ്ടിയിരുന്ന ഒരു ലോക്ക് ഡൗണില്‍ പോലീസിന്‍റെ ക്ഷമ പരീക്ഷിക്കാന്‍ മാത്രം റോഡിലിറങ്ങുന്ന നമ്മളുടെ പ്രബുദ്ധത എന്താണ്? എന്നിട്ടു പോലീസ് പെരുമാറിയതിന് സംസ്കാരശൂന്യമെന്ന കുറ്റപ്പെടുത്തല്‍ മലയാളിക്ക് ചേര്‍ന്നതാണോ?

വെയിലത്തും ചൂടത്തും വെള്ളം പോലുമില്ലാതെ രോഗഭീതിയില്‍ പണിയെടുക്കുന്നവനു ചിലപ്പോള്‍ അത്രയൊന്നും സാംസ്കാരിക, ഭാഷാശുദ്ധിയില്‍ സംസാരിക്കാന്‍ ആയില്ലെന്നു വരും. ഒരു കിലോ പഴത്തിന്‍റെയും സവാളയുടെയും എല്ലാം 'അത്യാവശ്യങ്ങള്‍' ഒരുപക്ഷെ അവരെ നിയന്ത്രണം വിടാന്‍ പ്രേരിപ്പിച്ചേക്കാം. കാരണം അവര്‍ക്ക് അതുവഴി പോകുന്ന രോഗികളെയും ആവശ്യ സര്‍വ്വീസുകാരെയും പരിഗണിക്കേണ്ടതുണ്ട്. നമുക്കാ സമയം സവാള അത്യാവശ്യമാകുന്നത് അവര്‍ക്കത്ര ദഹിക്കണമെന്നില്ല. അതുകൊണ്ടാണ് ഏത്തമിടീക്കുവാന്‍ അവര്‍ ഒരുമ്പെടുന്നത്. നിനക്കാവശ്യമുള്ളവ ഞാന്‍ വാങ്ങിത്തരാമെടാ എന്ന് കയര്‍ക്കുന്നത്. ഓര്‍ക്കണം; ഈ ഉന്നതോദ്യോഗസ്ഥരൊന്നും അപ്പോള്‍ ശീതീകരിച്ച മുറിയിലായിരുന്നില്ല.

ഈ സമയം പോലീസുകാരേക്കാള്‍, ദൈവത്തെപ്പോലെ പഴികേട്ട ഒരാള്‍ ഇല്ലെന്നു തോന്നുന്നു. കൊറോണയില്‍ ഒറ്റപ്പെട്ടു പോയ ദൈവം എന്ന അവസ്ഥ മുന്നോട്ടു വയ്ക്കുന്ന ചില സൂചനകളും കാണാതെ പോകരുത്. നമുക്കിപ്പോള്‍ ഏകാന്തതകള്‍ അസഹ്യമായിത്തുടങ്ങിയിരിക്കുന്നു. പ്രാര്‍ത്ഥനകളില്‍ പോലും. സ്ഥിരം പള്ളിയിലും ധ്യാനകേന്ദ്രങ്ങളിലും ആള്‍ക്കൂട്ടത്തിനൊപ്പം മാത്രം സഞ്ചരിച്ച് ശീലിച്ചവരാണ് നാം. അതില്‍ മടുത്ത ഒരു വലിയ വിഭാഗമുണ്ടെന്നാണ് ഈ ദൈവനിഷേധം നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. ധ്യാനമെന്നാല്‍ പതിനായിരം വാട്ട്സ് ശബ്ദമാണെന്നും റോക്കിംഗ് ഇഫക്ടാണെന്നും പഠിപ്പിച്ച ആധുനികശൈലികള്‍ കരുത്തുറ്റ ഒരു പ്രാര്‍ത്ഥനാ പാരമ്പര്യത്തെയും ലളിതമായ ജീവിതശൈലികളെയും മറന്നുപോയിത്തുടങ്ങിയിരിക്കുന്നു. ചെറിയ പിഴവുകള്‍ക്ക് പോലും വലിയ ശിക്ഷകള്‍ തരുന്നവനാണ് തമ്പുരാന്‍ എന്ന മട്ടിലുള്ള പ്രബോധനങ്ങള്‍ക്കാണ് ഇന്ന് മാര്‍ക്കറ്റുള്ളത്. ഓട്ടിസമുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ദൈവകോപമാണെന്ന പ്രചാരണങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങിക്കൊണ്ട് പ്രചാരവേല ചെയ്തവരോടുള്ള പ്രതിഷേധമാണ് സത്യത്തില്‍ ദൈവനിഷേധമായി മാറിപ്പോയത്. സ്ഥാപനകേന്ദ്രീകൃതമായ നിയന്ത്രണങ്ങള്‍ താങ്ങാവുന്നതിലും അപ്പുറമായി മാറിപ്പോയിരിക്കുന്നു എന്ന് ഇപ്പോഴെങ്കിലും സഭ ചിന്തിക്കാന്‍ തയ്യാറാവണം.

നോക്കൂ, ഒരു നോമ്പുകാലവും ദുഃഖവെള്ളിയും നിശ്ശബ്ദമായി കടന്നുപോകുന്നത് ആത്മശോധനയ്ക്ക് ആവശ്യം പോലെ സമയം തന്നു കൊണ്ടാണ്. ഏതു കഷ്ടതയിലും കരുതലോടെ കാവല്‍ നില്‍ക്കുന്നവനും തെറ്റിപ്പോയവനെ നിരുപാധികം തിരിച്ചുവിളിക്കുന്നവനും അവനായി വിരുന്നൊരുക്കുന്നവനുമായ ദൈവത്തെ സമൂഹത്തിനൊന്നുകൂടി പരിചയപ്പെടുത്തേണ്ടി വരും. കാരണം, അവര്‍ക്കിന്നു കൂടുതല്‍ പരിചയം ധ്യാന കേന്ദ്രങ്ങളിലെ ക്രുദ്ധനും പ്രതികാരദാഹിയുമായ ദൈവത്തെയാണ്.

നിശ്ശബ്ദനായി കുരിശില്‍ പിടഞ്ഞ, ഒരു നോട്ടത്തിലും നിശ്ശബ്ദതയിലും കൂടെയുണ്ടെന്നുറപ്പ് തന്ന ഒരുവന്‍ പുതിയ നിയമത്തിലുണ്ട്. മൗനം കൊണ്ട് വാചാലത തീര്‍ത്തവന്‍. അവനാണ് ഇത്തവണ ആരവങ്ങളില്ലാതെ ഓരോ ഉറച്ച വിശ്വാസങ്ങളിലും വീണ്ടും ഉയിര്‍ക്കുന്നത്. കൊറോണക്കാലം സമ്മാനിച്ച പുതിയ ആത്മീയതയില്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org