“മൃദുഭാവെ ദൃഢകർമ്മെ’

“മൃദുഭാവെ ദൃഢകർമ്മെ’

പറന്നുയർന്ന പൊടിപ്പരപ്പിൽ മുഖവും മുടിയും വരെ മുങ്ങിനിവരുമ്പോഴും പുഞ്ചിരിക്കാനായിരുന്നു അവർക്കു നിർദ്ദേശം. കടുത്ത വെയിലിൽ ഉരുകിയൊലിക്കുമ്പോഴും ഇനിയും കരങ്ങൾ നീളട്ടെയെന്നും.

പ്രണാമം!

പരിഭവങ്ങളും പരാതികളും പുറത്തെടുക്കാതെ പുഞ്ചിരിച്ചുകൊണ്ടു സേവനനിരതരായി കലാകൗമാരത്തിനു സുരക്ഷാവലയം തീർത്തതിനു കേരളാ പൊലീസിന് അഭിവാദ്യങ്ങൾ!

മൃദുഭാവെ ദൃഢകർമ്മെ!

പൊലീസിനെ അഭിനന്ദിക്കാൻ ആരും മെനക്കെടാറില്ല. അഥവാ ആരെങ്കിലും മെനക്കെട്ടാൽ അവരെ അനുവദിക്കാറുമില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇവർക്കൊപ്പം ജോലി ചെയ്യാൻ ഒരു അപൂർവാവസരം ലഭിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്.

ഏറെ നാഴികക്കല്ലുകൾ പിന്നിട്ട് ചരിത്രത്തിലിടം പിടിച്ച യുനെസ്കോയുടെ പൈതൃകപട്ടികയിലേക്കു കയറാൻ തയ്യാറായി നില്പാണു കലോത്സവം. സംഘാടനത്തിന്റെ മികവുകൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു ഇൗ പരിപാടി. ഗ്രീൻ പ്രോട്ടോക്കോളും പുതുക്കിയ കലോത്സവ മാനുവെലുമെല്ലാം നീണ്ട കയ്യടി നേടി. തൃശൂരിന്റെ സാംസ്കാരികപ്പെരുമ വിളിച്ചോതിയ കലോത്സവ നടത്തിപ്പിനെ വിമർശിക്കാൻ അവസരം കിട്ടാതെ മാധ്യമങ്ങൾ. അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ഇതര സംസ്ഥാനങ്ങളിൽനിന്ന് ആളുകൾ ഒഴുകിയെത്തി. വ്യക്തമായ ആസൂത്രണവും ആവിഷ്കാരവുമായിരുന്നു പൊലീസ് തൃശൂരിൽ ചെയ്തത്. പിഴവുകളില്ലാത്ത, പഴുതുകളടച്ച ആസൂത്രണം വിജയം കണ്ടു. എന്നാൽ ഇൗ സംരംഭത്തിൽ പൊലീസിനു വേണ്ട അഭിനന്ദനം കിട്ടിയോ എന്ന ചിന്തയിൽ മലയാള മാധ്യമങ്ങൾ തല കുനിക്കേണ്ടി വരും. നല്ല വാർത്തകൾക്കിടം കുറയുന്ന സമകാലിക സമൂഹത്തിൽ ഇതു നിരന്തരമൊരു ഒാർമ്മപ്പെടുത്തലുമായിരിക്കും.

അവർക്കതിൽ പരാതിയുണ്ടെന്നും തോന്നിയില്ല. കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന സംഗതികളുടെ ആവർത്തനം എന്നതിനപ്പുറത്ത് അവർക്കിതിൽ ഒരു പുതുമയുമില്ല. ഒരുപാടു നന്മകൾകൊണ്ടു പൊലീസിനെ ആത്മാർത്ഥമായി അഭിനന്ദിക്കാൻ തോന്നുന്നു.

തങ്ങളെ സഹായിക്കാൻ എത്തിച്ചേർന്നിരിക്കുന്നതു വിദ്യാർത്ഥികളാണെന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു. ഒാരോ കുട്ടിയും തിരിച്ചുവന്ന് അവരുടെ കരുതലും സ്നേഹവും പറയുമ്പോൾ ഉൗരും പേരുമറിയാത്ത ആ ഉദ്യോഗസ്ഥരോടു തോന്നിയതു ബഹുമാനം മാത്രം. ഇൗ കുട്ടികളെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം കൂടി ഡ്യൂട്ടിക്കിടയിൽ അവർ ഏറ്റെടുത്തു ചെയ്തിരിക്കുന്നു!

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമർപ്പണവും ത്യാഗവും വിലമതിക്കാനാവാത്തതാണ്. കാഴ്ചയില്ലെങ്കിലേ കണ്ണിനെക്കുറിച്ചോർക്കേണ്ടതുള്ളുവല്ലോ. അതുപോലെ പാളിച്ചയുണ്ടെങ്കിലേ സുരക്ഷയെക്കുറിച്ചും ആരെങ്കിലും ഒാർമ്മിക്കൂ. ഒാർമ്മിക്കപ്പെടാൻ വേണ്ടി സുരക്ഷയിൽ വെള്ളം ചേർക്കാൻ ഇൗ ഒാഫീസേഴ്സ് തയ്യാറായില്ല. പരസ്പരം മത്സരിച്ചു പേരെടുക്കാനോ താവിക്കാനോ ഒരാൾപോലും ശ്രമിച്ചില്ല. ഞാൻ കണ്ടത് അന്തസ്സിന്റെയും പ്രൗഢിയുടെയും ഉയർന്ന വ്യക്തിത്വങ്ങളെ മാത്രം. ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകരോടു തീർച്ചയായും ഏറെ ബഹുമാനത്തോടെയാണിവർ സദാ പെരുമാറിയത്.

മേലുദ്യോഗസ്ഥനോടുള്ള പ്രശ്നങ്ങളൊന്നും ഇവിടെയാരും പുറത്തു കാണിച്ചില്ല. ദിവസങ്ങളും മാസങ്ങളും നീണ്ട ആസൂത്രണങ്ങളുടെ ക്ഷീണത്തിൽ ഇടയ്ക്കെപ്പോഴോ ഉറങ്ങിപ്പോയ മേലുദ്യോഗസ്ഥന്റെ ചിത്രമെടുക്കാൻ അവർ ആരെയും അനുവദിച്ചില്ല! കോയമ്പത്തൂരിൽ നിന്നോ മറ്റോ വന്ന ഒരു മനുഷ്യൻ "ആരാണു പൊലീസ് ചീഫ്' എന്ന് അന്വേഷിച്ചു വന്ന് അഭിനന്ദിച്ചപ്പോൾ അതിൽ അമിതാഹ്ലാദവും അവിടെ കണ്ടില്ല. മാത്രമോ? സന്തോഷംകൊണ്ടു മതിമറന്ന എൻസിസി കേഡറ്റുകൾ പൊലീസിന് അഭിവാദ്യമർപ്പിച്ച് ഒരു ഫ്ളാഷ്മോബിനു തയ്യാറായി വന്നു. അതിനനുമതി ചോദിച്ചപ്പോൾ കിട്ടിയ മറുപടി "എന്തിനാണു ടീച്ചർ, അനാവശ്യമായ ഒാരോന്നിനുവേണ്ടി മെനക്കെടുന്നത്? ഒഴിവാക്കാം' എന്നാണ്.

ബിഗ് ബിഗ് സല്യൂട്ട്!

നിങ്ങളും മനുഷ്യരാണെന്നു ചിലപ്പോൾ കേരളം ഒാർമ്മിക്കാറില്ല. നിരന്തരം കല്ലെറിയാൻ ചിലരെ നമുക്കു സ്ഥിരം ആവശ്യമുണ്ട്. അവരിലൊരു കൂട്ടർ പൊലീസ്തന്നെയാവട്ടെ എന്നതാണല്ലോ നമ്മുടെ മാധ്യമധാർമ്മികത.

ഒരിക്കൽ പൊലീസിനു ക്ലാസ്സെടുക്കുന്ന അവസരത്തിൽ ഒരു സുഹൃത്തു ചോദിച്ച ചോദ്യം ഇന്നും മനസ്സിൽ വിങ്ങുന്നുണ്ട്; ""ടീച്ചർ, പൊലീസിൽ അംഗങ്ങൾക്കുള്ളിൽ നിറയുന്ന അസംതൃപ്തിക്കു പരിഹാരമായി എന്തെങ്കിലും മാർഗങ്ങൾ നിർദ്ദേശിക്കാമോ?"

എന്തെല്ലാമോ പറഞ്ഞ്, ചർച്ച ചെയ്തു എന്നതല്ലാതെ വേരിലേക്കു ചെന്നു പരിഹാരം നിർദ്ദേശിക്കാൻ എനിക്കായിട്ടില്ല എന്നറിയാം. പരിഹരിക്കപ്പെടേണ്ടതു നിങ്ങളുടെ മാത്രം കുറവുകളല്ല. എല്ലാം മഞ്ഞയായി കാണുന്ന സാമൂഹികധാരണകൾ കൂടിയാണു തിരുത്തപ്പെടേണ്ടത്.

ഭാര്യയെ നഷ്ടപ്പെട്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ ജോലിയിൽ ആഴ്ന്നിറങ്ങിയ എന്റെ പ്രിയ സുഹൃത്തും ഇവിടെയുണ്ട്. നിരന്തരം ദാഹജലം നല്കി ആത്മാർത്ഥമായി പ്രവർത്തിച്ച പൊലീസ് കൗണ്ടറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. എല്ലാവരും ഏറെ നന്ദിയർഹിക്കുന്നു.

തിരികെ പോരാൻ നേരം പാലക്കാട്ടുനിന്നും ഡ്യൂട്ടിക്കെത്തിയ ഒരു പൊലീസുദ്യോഗസ്ഥൻ കുട്ടികളോടു സ്നേഹവാത്സല്യങ്ങളോടെ പറഞ്ഞു: ""ഇനി പൂരത്തിനു കാണാം."

ഇതോർത്തെടുക്കവേ ഒരു എൻസിസി കേഡറ്റ് പറഞ്ഞു, ""ഞാനും ഒരു പൊലീസാവും." ഇൗയൊരു നേട്ടം പൊലീസിന്റേതാണ്. അവരുടേതു മാത്രം. ഇവരോടു സഹകരിക്കാൻ അവസരമുണ്ടായതിനു സർവേശ്വരനു നന്ദി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org