സൗഹൃദങ്ങളുടെ ആകാശച്ചെരിവുകള്‍

സൗഹൃദങ്ങളുടെ ആകാശച്ചെരിവുകള്‍

എന്നെ അതിശയിപ്പിച്ചിട്ടുള്ള ഒരു സ്ത്രീയുണ്ട്. കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ അതിജീവിച്ച് ഒരു കൂസലുമില്ലാതെ സ്വന്തം ലക്ഷ്യത്തിലേക്കു ജീവിതം തുഴഞ്ഞടുപ്പിച്ച ഒരു സ്ത്രീ. അവരെയെനിക്ക് ഇനിയും മുഴുവനായി മനസ്സിലായിട്ടില്ല.

1800-കളുടെ അവസാനകാലത്തു പുത്തന്‍ചിറയെന്ന കുഗ്രാമത്തില്‍ ജനിച്ച അവളുടെ പേരാണു ത്രേസ്യ. അടുക്കളയ്ക്കപ്പുറത്തൊരു ലോകം പെണ്ണിന് അപ്രാപ്യമായിരുന്ന കാലം. ദിവസേന പള്ളിവരെയൊന്നു പോകാമെന്നതാണ് അവളുടെ സ്വാതന്ത്ര്യത്തിന്‍റെയൊരു വിശാലത. സാമൂഹികവും സാംസ്കാരികവും എന്നു വേണ്ട ധാര്‍മികമായും അധഃപതിക്കപ്പെട്ടു പോയിരുന്നൊരു കാലം.

അസാമാന്യമായ ചങ്കൂറ്റത്തോടെ ഒരു പെണ്ണു നിലവിലെ സാമൂഹിക വ്യവസ്ഥിതികളെ വെല്ലുവിളിച്ചു. നാടു മുഴുവന്‍ കരക്കന്യാസ്ത്രീയെന്നു വിളിച്ചു പരിഹസിച്ചപ്പോഴും സഭാനേതൃത്വം മുടക്കു കല്പന കൊടുത്തു തളര്‍ത്താന്‍ ശ്രമിച്ചപ്പോഴും അവള്‍ തളര്‍ന്നില്ല. കാരണം അവളുടെ ആശങ്കകളിലും ആത്മവിശ്വാസങ്ങളിലും താങ്ങാവാന്‍ ദൈവം ഒരാളെ കൊടുത്തിരുന്നു.

ചെയ്യുന്ന കാര്യങ്ങളില്‍ ആത്മവിശ്വാസമുണ്ടാവുക. നിരന്തരം ചെയ്യാനുള്ള ചങ്കൂറ്റം നേടുക. ദൈവം എന്ന അറിവിനു മുന്നില്‍ മറ്റെന്തിനെയും മാറ്റിനിര്‍ത്തുക. എങ്കിലും വിനയവും വിധേയത്വും കൈവിടാതെയുമിരിക്കുക. ഏറെ സങ്കീര്‍ണമായ ഈ വൈരുദ്ധ്യങ്ങളെ ഇവര്‍ കൂട്ടിയോജിപ്പിച്ചത് ആഴമേറിയ ഒരു ആത്മീയ സൗഹൃദത്തിന്‍റെ പിന്‍ബലത്തിലായിരുനനു.

ഏറെ വിസ്മയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന ഒരു സൗഹൃദമാണിവരുടേത്. കാലവും കാഴ്ചപ്പാടുകളും ഏറെ പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടും ഈ ആത്മബന്ധത്തില്‍ വിള്ളല്‍ വീണിരുന്നില്ല. താന്‍ നേരിട്ട ഇഹവും പരവുമായ വെല്ലുവിളികളിലെല്ലാം അവളാശ്രയിച്ച തണലായിരുന്നു വിതയത്തിലച്ചന്‍.

അതെ. അതിരുവിട്ട അപവാദങ്ങളുടെ കടന്നാക്രമണങ്ങളിലൊന്നും വീണുപോകാതെ ദൈവം ചേര്‍ത്തുവച്ച ഈ ആത്മസുഹൃത്തുക്കള്‍ വിശുദ്ധ പദവിക്കരികിലും സൗഹൃദം വേര്‍പെടുത്തുന്നില്ല. അത്രമേല്‍ നിഷ്കളങ്കവും ആത്മാര്‍ത്ഥവുമായി മറിയം ത്രേസ്യ വിതയത്തിലച്ചനെഴുതിയ കത്തുകളും സങ്കീര്‍ണമായ ആത്മീയസംഭാഷണങ്ങളും ഇന്നു ദൈവശാസ്ത്രത്തിന്‍റെ മെത്തഡോളജിവച്ചു പഠിച്ചുകൊണ്ടിരിക്കുന്നു, ലോകം.

അതിജീവനത്തിന്‍റെ വഴികളില്‍ അവള്‍ കുറിച്ചതൊക്കെയും ഇന്നു സൂക്തങ്ങളായി മാറിത്തീര്‍ന്നിരിക്കുന്നു. ആധുനികതയുംട സംഘര്‍ഷങ്ങളില്‍ ഈ സംഘര്‍ഷങ്ങള്‍ ആശ്വാസമഴകളായി പൊയ്തുകൊണ്ടിരിക്കുന്നു.

മറ്റേതൊരു വിശുദ്ധനെയും വിശുദ്ധയെയുംകാള്‍, സാമൂഹിക വിപ്ലവരംഗത്തു ജീവിതം സമര്‍പ്പിച്ച കര്‍മണ്യത്തിന്‍റെ ഈ സൂര്യശോഭകളെ മനസ്സ് നമിച്ചാദരിക്കുന്നു.

അല്ലെങ്കിലും സൗഹൃദങ്ങള്‍ അങ്ങനെയാണ്. സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും വരുമ്പോള്‍ അരികിലുണ്ടാകാതെയും സമാശ്വസിപ്പിക്കാന്‍ സൗഹൃദങ്ങള്‍ക്കു കഴിയും. എങ്കിലും ആധുനികതയുടെ അത്യന്തം സൗകര്യങ്ങളിലിരിക്കുമ്പോഴും ആണും പെണ്ണും തിരിച്ചല്ലാതെ ഇതു നോക്കി വിലയിരുത്താന്‍ പ്രബുദ്ധ കേരളത്തിനും കഴിയുന്നില്ലെന്ന ലജ്ജാകരമായ അവസ്ഥയുണ്ട്. അരുതുകള്‍ മാത്രം പ്രതീക്ഷിക്കേണ്ടുന്ന അപകടമേഖലയായി സ്ത്രീ-പുരുഷ സൗഹൃദങ്ങളെ ഇപ്പോഴും വേലികെട്ടി തിരിക്കുന്നവരുണ്ട്.

നമുക്കെന്തിനാണ് 'ആണ്‍പൂവും പെണ്‍പൂവും വേറെ' എന്നു ചോദിച്ചതു കവി മധുസൂദനന്‍ നായരാണ്. സ്ത്രീയും പുരുഷനും തമ്മില്‍ തുല്യതയും ലീഡും അവകാശപ്പെട്ടു നടത്തുന്ന സമരങ്ങളെല്ലാം തോല്പിക്കുന്നതു മനുഷ്യനെയാണ്; മാനവികതയെയാണ്.

വരുന്നുണ്ട്, ഒരു തലമുറ.

സ്വാതന്ത്ര്യത്തിന്‍റെ കാറ്റില്‍ ഇഷ്ടങ്ങള്‍ക്കൊത്ത് പറക്കാന്‍ കൊതിക്കുന്ന ഒന്ന്.

മൂല്യങ്ങളുടെയും സ്നേഹബന്ധങ്ങളുടെയും ചരടില്‍ കോര്‍ത്തിണക്കി സമൂഹത്തിന് ഉപകരിക്കുന്ന നന്മയാവാന്‍ അവരെ കാത്തുവയ്ക്കേണ്ടതു നമ്മളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org