മിഴിയുരുക്കങ്ങളാണു പ്രാര്‍ത്ഥന

മിഴിയുരുക്കങ്ങളാണു പ്രാര്‍ത്ഥന
Published on

കരിങ്കല്ലില്‍ പടര്‍ന്നൊരു തണുപ്പ്, വായുവിലും ചുമരിലും നിറയുന്ന ശീതളിത… കാലത്തിന്‍റെ ഒരു പഴക്കം… ചില പഴയ അമ്പലങ്ങളിലുണ്ടിത്. വടക്കുന്നാഥനെപ്പോലെ.

പണ്ടൊക്കെ പള്ളികളിലുമുണ്ടായിരുന്നു. തറയോടു തൊട്ടു നെറ്റി ചേര്‍ക്കുമ്പോള്‍ പതിയെ കവിളുകൂടിയൊന്നുചേര്‍ക്കും – ബാല്യത്തിന്‍റെ ചില കുസൃതിയില്‍. അതൊരു സുഖമാണ്.

വീടിന്‍റെ നീളന്‍ വരാന്തയില്‍ ചാരുകസേരയിലിരുന്നു തിണ്ണയുടെ തണുപ്പില്‍ കൈ ചേര്‍ക്കുന്നപോലെ.

നീളന്‍ വരാന്തയും കാറ്റും ചാരുകസേരയും ഇളംതിണ്ണകളും ഇന്നു മലയാളിയുടെ ഗൃഹാതുരമായ സ്വപ്നങ്ങളിലൊന്നു മാത്രമാണ്. ചില ആരാധനാലയങ്ങളും ഇതുപോലെ സ്വപ്നങ്ങളാകുന്നു. ഒരു കാലത്തു സ്വപ്നം പോലെ തോന്നിച്ചിരുന്നവ ഇന്ന് സ്വപ്നത്തിലെങ്കിലും എന്നു വഴിമാറുന്നു.

എണ്‍പതുകളിലോ മറ്റോ ആണു തലശ്ശേരിയിലൊരു പള്ളി സന്ദര്‍ശിച്ചത് ഇന്നും ഓര്‍മ്മയില്‍ പച്ചകെടാതെയുണ്ടത്. കടലിനോടു ചേര്‍ന്നു ചൂളമരക്കാടുകള്‍ക്കിടയില്‍ പരന്നുകിടക്കുന്ന ഒരു സെമിത്തേരിയുണ്ടതിന്. കാഞ്ഞൂരിലെ പഴയ പള്ളിയുടെ ചുവരിലെ പടയോട്ടചിത്രവും സജീവമായൊരോര്‍മ്മയാണ്. ഇടപ്പള്ളി പള്ളിയുടെ മെഴുകു പടര്‍ന്ന തറകള്‍ക്കൊന്നും പകരം വയ്ക്കാന്‍ ലുലുമാള്‍ കഴിഞ്ഞാല്‍ സന്ദര്‍ശനപ്പട്ടികയില്‍ ചേര്‍ത്തുവച്ച പുത്തന്‍പള്ളി പോരാ.

ലുലു മാളിനൊടൊരിഷ്ടം തീര്‍ച്ചയായുമുണ്ട്. കാലത്തിന്‍റെ ആവശ്യതകളോടു പ്രതികരിക്കുന്ന ആധുനികന്‍റെ മനസ്സ് എല്ലാവര്‍ക്കും കാണും. എന്തോ ആരാധനാലയങ്ങളോടതു നടപ്പാവുന്നില്ല.

അഭയശിലകളുടെ തണലും തണുപ്പുമൊന്നും പകരാന്‍ പുതിയ നിര്‍മിതികള്‍ക്കാവുന്നില്ല. തീപ്പെട്ടിക്കോല്‍ പോലെ കൈകാലുകള്‍ വരച്ചിടുന്ന മനുഷ്യരൂപത്തിന് ഒരു കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മയും ഗൃഹാതുരതയും നല്കാനാവുമെങ്കില്‍ അക്രിലിക്കുകളും ഡിജിറ്റല്‍ പെയിന്‍റുമില്ലാത്ത കാലത്തെ ചുവര്‍ചിത്രങ്ങള്‍ക്കുമാകും.

അമ്പലപ്രാവുകളുടെയും പള്ളിപ്രാവുകളുടെയും കുറുകലുകള്‍ ഒരു സംഗീതം തന്നെയാണെന്നു പറയാന്‍ പക്ഷിനിരീക്ഷകര്‍ വേണമെന്നില്ല. ഉയരവും വീതിയുമാണു ഗരിമയെന്ന് ഇടക്കാലത്തുവച്ച് ആരാണോ നസ്രാണികളോടു പറഞ്ഞുകൊടുത്തത്! കേടുപാടുകളില്ലാത്ത പള്ളികള്‍ ഈയൊരു കാരണത്തിന്‍റെ പേരിലാണു പുനര്‍നിര്‍മ്മിക്കപ്പെടുന്നത്. വിശ്വാസികളുടെ എണ്ണം കൂടുകയും കുടുംബത്തിലെ എണ്ണം കുറയുകയും ചെയ്യുന്ന കണക്കുകളിലെ വിരോധാഭാസവും ചിലേടത്തു കാരണങ്ങളാണ്.

ഏതു മുടന്തന്‍ ന്യായങ്ങളുടെ പേരിലും നീതീകരിക്കപ്പെടാനാവാത്ത ചില വസ്തുതകളുണ്ട്. ഉണ്മ കെട്ട കാലത്തു ദേവാലയവും കെട്ടിടമായി മാറിയിരിക്കുന്നു. കൊരട്ടിമുത്തിയും വിളിച്ചാല്‍ വിളി കേള്‍ക്കുന്ന പുണ്യവാനുമൊക്കെയായിരുന്നു ഒരു കാലത്ത് പ്രസക്തിയെങ്കില്‍, പ്രതിഷ്ഠയേക്കാള്‍ അമ്പലം വലുതായിരിക്കുന്നു. തിരുനാളുകളില്‍ മുഖപടം വച്ചിറക്കുന്ന സപ്ലിമെന്‍റുകള്‍ക്കാണിന്നു മത്സരം. വെടിക്കെട്ടിന്‍റെ നൂതനത്വരകള്‍ക്കും ചമയങ്ങള്‍ക്കുമാണു പ്രസക്തി. പ്രദക്ഷിണങ്ങളില്‍ 'ആളുമാ ഡോളുമാ' യും നാസിക് ഡോളും ആധിപത്യം പുലര്‍ത്തിയപ്പോള്‍ പെരുന്നാള്‍ ആരുടേതാണെന്നുപോലും തിരിച്ചറിയാതായിത്തുടങ്ങി.

അമ്പുപെരുന്നാളിന്‍റെയൊരു മാര്‍ക്കറ്റ് വില്യം-മേഗര്‍ കല്യാണവിപണിയെയും കടത്തിവെട്ടും. കുടിവെച്ച മാതാവിന്‍റെ പെരുന്നാളാണു വലുത്, അമ്പു പെരുന്നാളല്ലെന്നു പറഞ്ഞു വന്ന വികാരിയച്ചന്‍ പറന്നുപോയ വഴി പോലും കാണാന്‍ കഴിഞ്ഞിട്ടില്ലിപ്പോഴും.

ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കുമപ്പുറത്താണ് ആത്മീയത. ഓരോരുത്തരിലും അതിന് ഏറ്റക്കുറച്ചിലുകളുണ്ടാകും. വടക്കുന്നാഥനില്‍ തൂണുചാരിയിരുന്ന് ഉറക്കെ നാമം ചൊല്ലുന്ന വൃദ്ധനും സര്‍വജ്ഞപീഠത്തിനപ്പുറത്തെ തറയില്‍ കാറ്റേറ്റ് കണ്ണടച്ചിരിക്കുന്ന സന്യാസിക്കും രീതിയിലേ മാറ്റമുള്ളൂ. മനസ്സിലൊരാളേയുള്ളൂ; ഈശ്വരന്‍. എല്ലാവരും പ്രെയിസ് ദി ലോര്‍ഡ് ഉറക്കെ വിളിച്ചു കയ്യടിച്ചു നൃത്തം ചെയ്യേണ്ടതില്ല. ചിലരെങ്കിലും മിഴിയടച്ചു സ്വസ്ഥരായിരിക്കാന്‍ താത്പര്യപ്പെടുന്നവരാകും, ബോബിയച്ചനെയും വായിച്ച്. എന്‍റെ ആത്മീയത ഓളങ്ങളില്ലാത്ത നദിയാണ്. ആരവങ്ങളില്ലാത്ത നിശ്ശബ്ദതയും.

പുറത്തേക്കൊരടയാളം വച്ച് ഒരുപ ക്ഷേ യേശുവിനെ വെളിപ്പെടുത്തുന്നതില്‍ ഞാനൊരു പരാജയമായിരിക്കാം. എന്നുവച്ച്, ആത്മീയതയുടെ അനുഭവങ്ങളില്‍ നിന്നും ഒരുപാടു ദൂരെയാണു ഞാനെന്നു തലതല്ലിക്കരയുന്നവരോട് അല്ലെന്ന് അലമുറയിടാനും തയ്യാറല്ല.

വൈയക്തികമായൊരു അനുഭൂതിതന്നെയാണു പ്രാര്‍ത്ഥന. മറ്റേതൊരു നിര്‍വൃതിയും പോലെ ഒന്ന്. ഒരു മെഴുതിരിവെട്ടത്തിലുരുകിയൊഴുകാന്‍ മനസ്സൊരുങ്ങുന്നിടത്തോളം ഒരാര്‍പ്പുവിളികള്‍ക്കും ആത്മാവിനെ ചെന്നു തെടാനാവില്ലെന്നതാണ് എന്‍റെ മതം. അതിനു ചില പഴംപാട്ടുകള്‍ മതിയാകും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org