നസ്രാണിയുടെ ചരിത്രസാക്ഷരത

നസ്രാണിയുടെ ചരിത്രസാക്ഷരത

ചരിത്രം രേഖപ്പെടുത്തുന്ന കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ കാണിച്ചിടത്തോളം അലംഭാവം മറ്റൊരു ജനതയും ചെയ്തുകാണാനിടയില്ല. ഏറെ പ്രബുദ്ധരും അഭ്യസ്തവിദ്യരുമായ നമ്മള്‍ക്ക് ഈ മേഖലയില്‍ സംഭവിച്ചതു ദുരന്തമാണ് എന്നു വേണം പറയാന്‍. ഇവിടം സന്ദര്‍ശിച്ച വിദേശസഞ്ചാരികളും അവരുടെ ഡയറിക്കുറിപ്പുകളുമൊക്കെയാണു നമ്മുടെ ചരിത്രനിര്‍മ്മിതിയുടെ ആധാരങ്ങളായി മാറിയത്.

നസ്രാണികളുടെ ചരിത്രബോധത്തെക്കുറിച്ചാണ് ഇത്തിരിക്കൂടുതല്‍ വേവലാതി. ചരിത്രബോധം അടുത്ത ജില്ലയില്‍ക്കൂടിപോലും കടന്നുപോകാനനുവദിക്കാത്തവരാണു നമ്മള്‍ നസ്രാണികള്‍. ഏ.ഡി. അറുനൂറുകളില്‍ എന്നഭിമാനിക്കുകയും എന്നാല്‍ 1900-നപ്പുറം ഇന്നു തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഒരിടവക എനിക്കുമുണ്ട്. 1900-ന്‍റെ തുടക്കത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്ന പഴയ മദ്ബഹയും അടുത്തിടെ നാമാവശേഷമാക്കി. പഴയതിനൊന്നും ഇന്നു മാര്‍ക്കറ്റില്ല!

താജ്മഹല്‍ വിവാദങ്ങളില്‍ രാജ്യം ആടിയുലയുകയാണിപ്പോള്‍. താജ്മഹലിനു താഴെ തേജോമഹല്‍ എന്ന ഒരു ക്ഷേത്രാവശിഷ്ടമുണ്ടെന്നുവരെ നിരീക്ഷണങ്ങള്‍ പറയാന്‍ നമുക്കു മടിയില്ല. ലോകത്തിലെ മഹാത്ഭുതങ്ങളിലൊന്നിനു സര്‍ക്കാര്‍ കലണ്ടറില്‍ സ്ഥാനമില്ലെന്നു മാത്രമല്ല, തകര്‍ക്കപ്പെടേണ്ട ചരിത്രമാണിതിന്‍റേത് എന്നു വാദിക്കുകയും ചെയ്യുന്നു, സര്‍ക്കാര്‍. ചരിത്രം ആരെയൊക്കെയോ പൊള്ളിക്കുന്നു. 'മെഴ്സല്‍' നായകന്‍ വിജയ് നസ്രാണിയാണെന്ന ഓര്‍മപ്പെടുത്തലാണു ബിജെപി തമിഴ്നാട് ഘടകത്തിന്‍റെ പ്രശ്നമെങ്കില്‍ ടിപ്പുജയന്തിയാണു ഹെഗ്ഡെയുടെ പ്രശ്നം.

കേരളത്തിലാണെങ്കില്‍ കോണ്‍ഗ്രസ്സുകാരെല്ലാവരും സരിതയുടെ ചാരിത്ര്യപ്രസംഗത്തിന്‍റെ സുവിശേഷ സിഡി ഇറങ്ങുന്നതും നോക്കിയിരിപ്പാണ്. ഒരു പിണറായി വിജയന്‍ മാത്രമുണ്ട് മതേതരത്വം പറഞ്ഞ് ഹിറ്റ്ലിസ്റ്റില്‍ ഒന്നാമതാവാന്‍!

അര്‍ത്തുങ്കല്‍ പള്ളിയുടെ അടിത്തറയും ആശങ്കാകുലമായ നിലനില്പു ഭീഷണിയിലാണ്. രാജ്യം മുഴുവന്‍ അസഹിഷ്ണുത പടര്‍ന്നുപിടിക്കുന്ന കാലത്താണു നസ്രാണി വീണ്ടും അവശേഷിക്കുന്ന ചരിത്രത്തെളിവുകള്‍കൂടിയും നിരുത്തരവാദപരമായി വലിച്ചെറിയുന്നതെന്നോര്‍ക്കണം. പുരാണശില്പകലയും ചുവര്‍ചിത്രങ്ങളുമാണു ക്രൈസ്തവര്‍ക്ക് എത്തിപ്പിടിക്കാവുന്ന ചരിത്രദൂരങ്ങള്‍ എന്നിരിക്കെ ഇതൊക്കെ തകര്‍ത്തു പുതിയ കെട്ടിടനിര്‍മ്മിതികളുടെ പരിഷ്കാരത്തിനായി നസ്രാണി സമൂഹം നെട്ടോട്ടമോടുന്ന കാഴ്ച പരമദയനീയമാണ്.

അസഹിഷ്ണുതയാണു കൊടി കുത്തി വാഴുന്നത്. ചരിത്രമാണവരുടെ പ്രധാന പ്രശ്നം. മതം എന്ന ആയുധത്തില്‍ സ്വാര്‍ത്ഥനേട്ടങ്ങളുണ്ടാക്കുന്ന ബിജെപിയുടെ ഒരു പ്രധാന ടാര്‍ജറ്റായി ക്രിസ്ത്യാനി മാറിക്കഴിഞ്ഞു. ഞങ്ങളൊക്കെ റോമീന്നു വന്നവരാണെന്ന മട്ടില്‍ നസ്രാണിയും കുറ്റബോധത്തിലാണ്! ചരിത്രമറിയാത്ത തലമുറ.

അടുക്കളയിലും ഓഫീസിലും തിണ്ണ നിരങ്ങുന്ന ഫാസിസം തങ്ങള്‍ക്കെതിരായി നാവുകളരിയുകയാണ്. എതിര്‍ക്കുന്ന ഹൃദയങ്ങളിലേക്ക് നിറയൊഴിക്കുകയാണ്. കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷുമൊന്നും അവസാനത്തേതല്ല. പരസ്യമായി അസഹിഷ്ണുതയുടെ പ്രസ്താവനകള്‍ നടത്തുന്നതില്‍ നേതാക്കള്‍ക്ക് ഒരു മടിയുമില്ല. വിജയ്യുടെ ഐഡി പ്രൂഫിന്‍റെ ചിത്രം ട്വിറ്റ് ചെയ്ത് ബിജെപി നേതാവ് രാജ എഴുതിയത് 'truth is bitter' എന്നാണ്. അയാള്‍ ക്രിസ്ത്യാനിയാണെന്നതാണ് ആ കയ്പേറിയ സത്യം!

നിലനില്പിനെങ്കിലും ചരിത്രപഠനം ഇന്ന് അനിവാര്യതയാണ്. ചരിത്രപഠനം എന്നാല്‍ പൈതൃകസ്വത്വത്തെക്കുറിച്ചുള്ള പഠനം തന്നെയാണ്. അല്ലാതെ മൂന്നു തലമുറയ്ക്കു പിന്നീടു തോമാശ്ലീഹായിലേക്ക് ഏണിവച്ചു കേറുന്ന പൊങ്ങച്ച പ്രസ്താവനകളല്ല. പഴമയുടെ യാഥാര്‍ത്ഥ്യത്തില്‍ അഭിമാനിക്കുന്ന ഒരവസ്ഥയാണത്.

താഴേക്കാട്ട് ശാസനത്തിലെ പ്രമാണിമാരായ രണ്ടു പേരുടെ പേരു ചാത്തന്‍ വടുകന്‍, ഇരവികൊത്തന്‍ എന്നാണ്. രവി ഗോവര്‍ദ്ധന്‍ എന്നൊക്കെ വ്യാഖ്യാനിക്കാവുന്ന ഈ കച്ചവടപ്രമാണിമാര്‍ നമ്മുടെ പൂര്‍വികരാണ്. എത്ര മനോഹരമായി നാടിന്‍റെ ഉള്‍ക്കാമ്പിലേക്കവര്‍ സമരസപ്പെട്ടു! ഇന്നു സാഹചര്യങ്ങള്‍ മാറിപ്പോയിരിക്കുന്നു. ഉദയംപേരൂര്‍ സൂനഹദോസ് തൊട്ട് ഇവയൊക്കെ പാശ്ചാത്യസംജ്ഞകളായി രൂപാന്തരപ്പെട്ടു.

പി.കെ. പാറക്കടവിന്‍റെ വാസ്കോ ഡ ഗാമ തിരിച്ചുപോകുന്നു എന്ന കഥ ഒന്നുകൂടിയൊന്നു വായിക്കണം – നിലനില്പിനു തനിമയിലേക്കു തിരിച്ചുപോകണം എന്ന് ആഹ്വാനം ചെയ്യുന്ന കഥയാണത്. കെഎഫ്സിയെ കപ്പയും ചമ്മന്തിയുംകൊണ്ടും കോളയെ സംഭാരംകൊണ്ടും പ്രതിരോധിക്കുന്ന സമരം.

നമുക്കൊരിക്കല്‍കൂടി വായിക്കാം- എന്നിട്ട് നമ്മളും ഈ നാട്ടുകാരാണെന്ന് ആത്മാഭിമാനമുള്ളവരാകാം. അല്ലെങ്കില്‍ അടുത്ത ടിക്കറ്റ് റോമിലേക്കൊരെണ്ണം എടുത്തുവയ്ക്കേണ്ടി വരും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org