ചരിത്രകാരനാവാന്‍ എത്ര പ്രായം വേണം?

ചരിത്രത്തെ വ്യക്തമായി നിര്‍ണ്ണയിക്കുകയും സ്വയം ഒരു ചരിത്രമായി മാറുകയും ചെയ്യുന്ന ചിലരുണ്ട്. അവരില്‍ പലരെയും നാം സോഷ്യല്‍സയന്‍സ് പുസ്തകങ്ങളില്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇവരൊക്കെയാണല്ലോ നമ്മുടെ നാടിന്‍റെ ഗതിവിഗതികള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്ന് നാം ചില നേരങ്ങളില്‍ ഓര്‍മ്മിക്കാറുമുണ്ട്.

മനു എസ്. പിള്ള, ഐവറിത്രോണ്‍ എന്ന ഒറ്റപുസ്തകത്തെ ചരിത്രത്തിന്‍റെ ഈടുവെപ്പായി മാറ്റിവെച്ച മനു. ഔപചാരികമായും അല്ലാതെയും നീണ്ട സംവാദങ്ങള്‍ക്കും ചിന്തകളുടെ ജ്വലനങ്ങള്‍ക്കും സാക്ഷിയാവുന്നതിനിടെ ഒന്നു രണ്ടു പഴയ മനകളിലേക്കും മനുവിനൊപ്പം ഒരു യാത്രപോയിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ മനു പോസ്റ്റ് ചെയ്ത ഒരു ചിത്രം മനുവിന്‍റെയും ആ ചിത്രത്തിന്‍റെ ഉടമയുടെയും കേരളചരിത്രത്തിന്‍റെയും ഈടുവെപ്പായി മാറിയ ഒന്നായിരുന്നു. ഹെര്‍ ഹൈനസ് ശ്രീ പത്മനാഭ സേവിനി, വഞ്ചിധര്‍മ്മ വര്‍ദ്ധിനി രാജരാജേശ്വരി മഹാറാണി പൂരാടം തിരുനാള്‍ സേതു ലക്ഷ്മീഭായി. എടുത്തെഴുത്തില്‍ ഒഴിവാക്കാമായിരുന്ന ഈ നീണ്ട വിശേഷണം ബോധപൂര്‍വ്വം തന്നെ ആവര്‍ത്തിച്ചതാണ്. അതിലധികവുമുണ്ട് വിശേഷങ്ങള്‍, എങ്കിലും.

തിരുവിതാംകൂറിന്‍റെ അവസാനത്തെ ഈ മഹാറാണിക്ക് എന്തു സംഭവിച്ചുവെന്ന് അന്വേഷിക്കാന്‍ പോലും കേരളം മെനക്കെട്ടിട്ടില്ല. ഇവരാണ് ഈ നാട്ടിലേക്ക് കാറ്റും വെളിച്ചവും ഒഴുക്കിയത് എന്നുപോലുമറിയാതെ നാമിന്ന് ഇവരെ പുറത്താക്കിയവരുടെ താവഴിയില്‍ ഓരോരുത്തരെയും ഭക്ത്യാദരങ്ങളോടെ പ്രണമിച്ചുകൊണ്ടേയിരിക്കുന്നു.

കേരളത്തെ അടിമുറി പരിവര്‍ത്തനം ചെയ്ത ഇടപെടലുകളെല്ലാം ഇവരുടേതായിരുന്നിട്ടും ഇവരുടെ തന്നെ താവഴിക്കാര്‍ക്കുപോലും ഇവര്‍ ഇന്ന് വിസ്മൃതിയായതെങ്ങനെയെന്നതാണ് മനു എസ്. പിള്ള തന്‍റെ നീണ്ട ഗവേഷണത്തിന്നവസാനം ഐവറിത്രോണ്‍ എന്ന പുസ്തകത്തിലവതരിപ്പിക്കുന്നത്. ഈ പുസ്തകം വായിച്ചെഴുന്നേല്ക്കുമ്പോള്‍ ഉള്ളുനീറ്റുന്ന കുറ്റബോധം കേരളത്തിനുണ്ടാവുന്നത്, ഇവര്‍ക്കായി ഒന്നും തിരികെ നല്കിയില്ലല്ലോ എന്നതിലാണ്. അവര്‍ താമസിച്ചിരുന്ന വീടുകള്‍ കോളജുകളും യൂണിവേഴ്സിറ്റികളുമായി പരിവര്‍ത്തനം ചെയ്യാനായി വിട്ടുനല്കാന്‍ അവര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. രാജചിഹ്നങ്ങളെല്ലാം വിട്ടുപോരുമ്പോള്‍ അവര്‍ കരയുകയല്ല ചെയ്തത് എന്ന് മനു എടുത്തവതരിപ്പിക്കുന്നു; 'അഞ്ചു വയസ്സിലേറ്റ ഉത്തരവാദിത്തത്തില്‍ നിന്ന് ഞാനിതാ ഈ നിമിഷം സ്വതന്ത്രയായിരിക്കുന്നു' എന്നതായിരുന്നു പ്രതികരണം.

അവരുടെ കര്‍മ്മഫലങ്ങളെല്ലാം അന്നും ഇന്നും ഏറ്റുവാങ്ങുന്നവര്‍ നമ്മളാണ്. അതിന്‍റെ ക്രെഡിറ്റുകള്‍ മുഴുവനും അവരെ ആട്ടിപ്പായിച്ചവരും സ്വീകരിച്ചുകൊണ്ടേയിരിക്കുന്നു. മനുവിന്‍റെ പുസ്തകം കാണിച്ചുതരുന്ന കഥയ്ക്ക് തെളിവുകളും അതേപുസ്തകം തന്നെ നല്കുന്നുണ്ട്. ഒരു സന്ദേഹത്തിനുമിടയില്ലാത്ത വിധം ഒരു ജീവിതം ചരിത്രത്തെളിവുകളിലൂടെ കേരളത്തിനു മുന്നില്‍ നിവര്‍ന്നു കിടക്കുന്നു.

രാജകുടുംബാംഗങ്ങളോടും നമ്പൂതിരി സമുദായത്തോടും കേരളത്തിന് ഇന്നും ഒരു പ്രതിഷേധമുണ്ട്. പക്ഷെ, അതേ ആധികാരികതയില്‍ അവരുടെ കര്‍മ്മങ്ങളുടെ ഫലങ്ങള്‍ അവഗണിച്ചുകളയുന്നത് അവരോടു ചെയ്യുന്ന പാതകമായിരിക്കും. തമിഴ്നാട്ടിലെവിടെയോ അവരുടെ പേരിലുള്ള ഒരു ഹയര്‍ സെക്കണ്ടറി സ്കൂളല്ലാതെ ചരിത്രത്തിന്‍റെ നാള്‍വഴികളിലെവിടെയും അവരുടേതായ ഒരടയാളവും അവശേഷിപ്പിക്കുന്നില്ല.

മാധവനെന്നൊരാളുണ്ട്. സംഗമഗ്രാമമാധവന്‍ എന്നാണു മുഴുവന്‍ പേര്. ഇയാള്‍ കൂട്ടിക്കിഴിച്ച കണക്കുകളിലാണ് നാമിപ്പോഴും നിത്യവൃത്തി നടത്തുന്നതെന്നുപോലും നമുക്കിന്നറിവില്ല. ഗ്ലോബല്‍ തലത്തില്‍ കാല്‍ക്കുലസ് എന്ന അടിത്തറ ഗണിതത്തിനു നല്കുന്നത് മാധവന്‍റെ സിദ്ധാന്തങ്ങളാണ്. ജന്മനാടായ ഇരിങ്ങാലക്കുട ഇന്നുമിയാളുടെ പേര് തെറ്റാതെയുച്ചരിക്കാന്‍ പോലും പഠിച്ചിട്ടില്ല. ഗണിതശാസ്ത്രം, ബിരുദബിരുദാനന്തര തലത്തിലെല്ലാം പഠിച്ചിറങ്ങുന്ന നമ്മുടെ പ്രതിഭകള്‍ പഠനകാലയളവിലെവിടെയും ഇയാളെ കണ്ടുമുട്ടുന്നതുപോലുമില്ല!

ഞാനീ രണ്ടുപേരിലും കണ്ടെത്തുന്നത് ഒരേ സമാനതയാണ്. ചരിത്രത്തെ നിര്‍ണ്ണയിച്ച രണ്ടുപേര്‍. എന്നാല്‍ ചരിത്രത്തിലെവിടെയും ഓരടയാളമാകാതെ പോയവര്‍. നമ്മുടെ ചരിത്രപഠനങ്ങള്‍ എങ്ങോട്ടേക്കാണു നമ്മെ വലിച്ചുകൊണ്ടുപോകുന്നത്? 'Process of history' നൂതനമായ താളത്തിലും ഭാവത്തിലും യൂറോപ്പില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അതിന്‍റെ കണ്ണഞ്ചിപ്പോകുന്ന വെളിച്ചത്തില്‍ കണ്ണടച്ചിരുട്ടാക്കുകയല്ല കേരളം ചെയ്യേണ്ടത്. കണ്‍തുറന്ന്, ഈ കാഴ്ച കാണാന്‍ കൃഷ്ണമണികളെയും ഉള്‍ക്കണ്ണിനെയും പാകപ്പെടുത്തുകയാണ്.

അക്കാദമികമായ വളര്‍ച്ച കേരളത്തിന്‍റെ ചരിത്രനിര്‍മ്മിതിയില്‍ ഇനിയും എത്തിച്ചേരേണ്ടതുണ്ട്. സാങ്കേതിക വിദ്യയെയും അറിവിന്‍റെ നൂതനത്വങ്ങളെയും ഉള്‍ക്കൊള്ളാനും കരിക്കുലത്തിന്‍റെ ഭാഗമാക്കാനും ഈ വിഷയം ഇനിയും തയ്യാറാവാന്‍ സമയമെടുക്കുന്നത് കാലത്തോടു ചെയ്യുന്ന അപരാധമാണ്. പഴഞ്ചന്‍ കണ്ണടയ്ക്കുള്ളില്‍ നിന്ന് കാഴ്ച മാറ്റിപ്പിടിച്ചാലല്ലാതെ ഈ വിഷയത്തെ മറ്റൊരാള്‍ക്കുപോലും രക്ഷിച്ചെടുക്കാന്‍ കഴിയുകയില്ലെന്ന പരമാര്‍ത്ഥം തിരിച്ചറിയാന്‍ വൈകരുത്.

ബിഗ് ഡേറ്റായും മെഷീന്‍ ലേണിംഗുമെല്ലാം ഈ കരിക്കുലത്തിന്‍റെ ഭാഗമാകണമെന്ന യു.ജി.സി. നിര്‍ദ്ദേശത്തോട്, ചരിത്രവും കംപ്യൂട്ടര്‍ സയന്‍സും തമ്മിലുള്ള വ്യത്യാസം പോലുമറിയാത്തവരാണ് അവിടെയുള്ളതെന്ന് ചിറികോട്ടുകയാണ് കേരളം ചെയ്തത്. ഹിസ്റ്ററിക്കാരെന്തിന് ചരിത്രം പഠിക്കണമെന്ന അതീവ നിഷ്ക്കളങ്കമായ ഒരു ചോദ്യവും കൂടെ അതിനോടു ചേര്‍ത്തുവയ്ക്കാന്‍ പ്രബുദ്ധ കേരളം മറന്നില്ല.

പറഞ്ഞുവന്നത്, റാണി സേതുലക്ഷ്മീബായിയും സംഗമഗ്രാമമാധവനുമൊക്കെ നമ്മുടെ വികലമായ വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ ഇരകളാണെന്നു തന്നെയാണ്. നമ്മുടെ കംഫര്‍ട്ട്സോണില്‍ നിന്നു പുറത്തുകടക്കാന്‍ തയ്യാറാവാതെ നട്ടാല്‍ പൊടിക്കാത്ത 'രാഷ്ട്രീയമീമാംസ'കള്‍ കേരളത്തിലെ ക്ലാസ് മുറികള്‍, ആധുനിക സാങ്കേതിക വിദ്യയുടെ ടൂളുകള്‍ പരിചയിച്ച 'മനുവിനെപ്പോലെയുള്ള പ്രതിഭകളെ നോക്കി പല്ലിളിക്കുമ്പോള്‍ സ്വയം ഇളിഭ്യരാവുകയാണെന്നത് ദയനീയമായ കാഴ്ചതന്നെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org