ശുദ്ധജീവിതങ്ങള്‍

കാലം ചില മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ചിലത് നിര്‍ബന്ധിതവുമാകും. പക്ഷേ അനിവാര്യമാണു മാറ്റങ്ങള്‍. നവോത്ഥാന കാലത്തുനിന്നും കേരളത്തെ പിന്നോട്ടടിച്ചു കൊണ്ടാണ് ഇന്ന് മതസംവിധാനങ്ങള്‍ മുന്നോട്ടു പോകുന്നത്. അകക്കാമ്പില്ലാത്ത ആചാരങ്ങള്‍ ചരിത്രത്തെ നോക്കുകുത്തിയാക്കുന്നു. ചരിത്രം തൊട്ടടുത്ത തലമുറയ്ക്കു തന്നെ അതിശയകരമായ ഒന്നായി മാറുന്നു. കാരണം, കഴിഞ്ഞ തലമുറയുടെ സ്വാതന്ത്ര്യവും വിശാലതയും ഇന്നത്തെ തലമുറയ്ക്കില്ല. നാളെയത് കൂടുതല്‍ ഇടുങ്ങിയ വഴിയായും തീരുമെന്നതില്‍ സംശയമില്ല.

വസ്ത്രങ്ങളിലും ജീവിത സൗകര്യങ്ങളിലും നാം പുലര്‍ത്തുന്ന ആധുനികത ഇന്നു വീക്ഷണങ്ങളിലും ആശയങ്ങളിലുമില്ല. പുരോഗമനാശയങ്ങളും നവോത്ഥാനവും തലകീഴ് മറിയും വിധം, ന്യൂജെന്‍ എന്നറിയപ്പെടുന്ന പുതു തലമുറ പഴഞ്ചനാണ്. സോഷ്യല്‍ മീഡിയയും ട്രോളുകളും നാടുവാഴുന്ന കാലമാണല്ലോ ഇത്. രണ്ടറ്റങ്ങളിലാണ് ഇവര്‍ നിലകൊള്ളുന്നത്. ഒരു കൂട്ടര്‍ പാരമ്പര്യവാദികളും (അവരാണ് ഭൂരിപക്ഷം) മറ്റുള്ള ചെറിയ ശതമാനം ആവിഷ്കാരസ്വാതന്ത്ര്യത്തിലൂടെ അരാജകത്വം മോഹിക്കുന്നവരും.

വരുന്ന തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ശബരിമല വിധിയെ തെരുവില്‍ കൈകാര്യം ചെയ്യുകയാണ് ഇന്ന് രാഷ്ട്രീയം ചെയ്യുന്നത്. ഒന്നോര്‍ത്താല്‍ നന്ന്. അയിത്തവും തീണ്ടലും സതിയുമുള്‍പ്പടെയുള്ള ആചാരങ്ങള്‍ നിയമം കൊണ്ടു തിരുത്തിയപ്പോഴും 'അന്തസ്സുള്ളവര്‍ ഇതിനൊന്നും വഴങ്ങില്ല' എന്ന ആക്രോശങ്ങള്‍ നാം കേട്ടതാണ്. എന്നി ട്ടെന്തായി? എത്ര 'അന്തസ്സുള്ള' ഭാര്യമാര്‍ ഇന്ന് സതി അനുഷ്ഠിക്കുന്നുണ്ട്? എത്ര വഴികളില്‍ ഞങ്ങള്‍ക്കു സഞ്ചാരം വേണ്ടെന്ന് അവര്‍ണ്ണവിഭാഗം വാശി പിടിക്കുന്നുണ്ട്?

കാലം അങ്ങനെയാണ്. ചിലതു സൗകര്യപൂര്‍വ്വം മറന്നുകളയും. 'പുതുവഴി നീ വെട്ടുന്നാകില്‍ പലതുണ്ടേ ദുരിതങ്ങള്‍' എന്നു പേടിപ്പിച്ചു നോക്കും. എന്നിട്ടും പേടിക്കാത്തവരെ പാഠപുസ്തകങ്ങളില്‍ കയറ്റി വയ്ക്കും. പിന്നീടുള്ള കാലം അവരുടേതാണ്. ഗാന്ധിയും വിവേകാനന്ദനും ഗുരുവും എല്ലാമായി മാറാനുള്ളവരുടെ കാലം.

ആര്‍ജ്ജവം എന്നൊരു വാക്കു കൊണ്ട് മുഖ്യമന്ത്രിയെ അടയാളപ്പെടുത്താന്‍ തോന്നുന്നു. സമ്മര്‍ദ്ദങ്ങള്‍ വേണ്ടുവോളമുണ്ടെങ്കിലും ചരിത്രത്തിനു കറുപ്പടയാളപ്പെടുത്താന്‍ താന്‍ നിന്നു കൊടുക്കില്ലെന്ന കാര്‍ക്കശ്യത്തിലാണ് ഇന്ന് സമൂഹനീതിയുടെ പ്രത്യാശയും ഭാവിയും. 'എക്കാലവും ഞാന്‍ അശുദ്ധയായിരിക്കണം എന്നു തീരുമാനമുള്ളതുപോലെ' എന്നു പെണ്ണു ചിന്തിക്കുന്ന കാലം എന്നു വരുമോ ആവോ?

മാനവികതയുടെ മഹത്ത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണഘടന തയ്യാറാകുമ്പോഴൊക്കെ ജഡ്ജിക്ക് തലയ്ക്കു വെളിവില്ലേ എന്നു ചോദിക്കാനുള്ള സ്വാതന്ത്ര്യം കൂടിയും പൗരന് നല്‍കുന്നുണ്ട് നമ്മുടെ നിയമവ്യവസ്ഥിതി എന്നും മറക്കരുത്. കോടതിയുടെ തീരുമാനത്തെ സ്വയം വിധിക്കുന്ന ഉത്തരവുകള്‍ കൊണ്ടു പ്രതിരോധിക്കാന്‍ ജനപ്രതിനിധികളും സമരപ്രമാണികളും തീരുമാനിക്കുന്നേടത്താണ് ജനാധിപത്യം പരാജയപ്പെടുന്നത്. നിയമത്തെ നിയമം കൊണ്ടല്ലാതെ പൂഞ്ഞാര്‍ ശൈലിയില്‍ നേരിട്ടാല്‍ ആ നാട്ടിലെ വോട്ടറോടു സഹതപിക്കാനേ കഴിയൂ.

ആദരണീയനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ വാക്കുകള്‍ കടമെടുക്കട്ടെ: ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ മാതൃത്വം കുറ്റകരമാണ്. അമ്മയും നന്മയും പാടാന്‍ ഇവിടെ ജീവന്‍ ഉണരുന്നത് സ്ത്രീയുടെ ആര്‍ത്തവചക്രത്തിലാണ്. ജീവന്‍റെ തുടിപ്പിനു വേദിയാകുന്ന ഈ പ്രക്രിയയെ ആചാരവുമായി ഒരു ബന്ധമില്ലാതിരുന്നിട്ടും അശുദ്ധം എന്നു വിളിച്ചു കൂട്ടുനില്ക്കാന്‍ നസ്രാണിയെയും പ്രേരിപ്പിക്കുന്നത് വനിതാ പൗരോഹിത്യത്തിന്‍റെ കാര്യത്തിലും ഇത്തരം ഇടപെടലുകള്‍ ഉണ്ടായേക്കാം എന്നു പേടിച്ചിട്ടാണോ? കന്യാസ്ത്രീ സമരം കെട്ടടങ്ങിയിട്ടില്ലല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org